ലോകം മുഴുവൻ മിഷണറിമാരെ അയക്കുക എന്ന ലക്ഷ്യത്തിൽ ചർച്ച് ഓഫ് ഇംഗ്ലണ്ട് 1701 ൽ സൊസൈറ്റി ഫോർ ദ പ്രൊപ്പഗേഷൻ ഓഫ് ഗോസ്പൽ എന്ന സംഘടന ഉണ്ടാക്കി. അവരുടെ ആപ്തവാക്യം “കടന്നു വന്ന് ഞങ്ങളെ സഹായിക്കുക” എന്ന അർത്ഥത്തിൽ ലത്തീനിൽ transiens adiuva nos  എന്നായിരുന്നു. ഒന്നാം നൂറ്റാണ്ടു മുതൽ സുവിശേഷത്തിന്റെ സ്ഥാനപതികൾക്കുളള വിളിയായിരുന്നു ഇത്. കാരണം യേശുവിന്റെ അനുയായികൾ ലോകത്തിന് അനിവാര്യമായിരുന്ന യേശുവിന്റെ സ്നേഹവും ക്ഷമയും പകർന്ന് നല്കുന്നവരായിരുന്നു.

“കടന്നു വന്ന് ഞങ്ങളെ സഹായിക്കുക” എന്നത് അപ്പ.പ്ര 16 ലെ ” മക്കെദോന്യ വിളി (Macedonian call)” യിൽ നിന്ന് ഉണ്ടായതാണ്. പൗലോസും ടീമും ഏഷ്യാമൈനറിന്റെ (തുർക്കി) പടിഞ്ഞാറെ തീരത്തുള്ള ത്രോവാസിൽ എത്തിച്ചേർന്നു (വാ.8). അവിടെ വെച്ച് “പൗലോസ് രാത്രിയിൽ മക്കെദോന്യക്കാരനായൊരു പുരുഷൻ അരികെ നിന്നു: നീ മക്കെദോന്യക്ക് കടന്ന് വന്ന് ഞങ്ങളെ സഹായിക്കുക എന്ന് തന്നോട് അപേക്ഷിക്കുന്നതായി ഒരു ദർശനം കണ്ടു”(വാ.9). ഈ ദർശനം കണ്ട പൗലോസും കൂട്ടാളികളും “ഉടനെ മക്കെദോന്യക്ക് പുറപ്പെടുവാൻ ശ്രമിച്ചു”(വാ.10). ആ വിളി അതീവ പ്രാധാന്യമുള്ളതെന്ന് അവർ മനസ്സിലാക്കി.

എല്ലാവരെയും കടല് കടന്ന് പോകാൻ വിളിക്കുന്നുണ്ടാകില്ല, എന്നാൽ അങ്ങനെ വിളി കിട്ടിയവരെ നമുക്ക് പ്രാർത്ഥന കൊണ്ടും ധനം കൊണ്ടും സഹായിക്കാനാകും. നമുക്കോരോരുത്തർക്കും, നമ്മുടെ റൂമിലോ, തെരുവിലോ, സമൂഹത്തിലോ ഉള്ളവരോട് യേശുവിന്റെ സുവിശേഷം പറയാൻ കഴിയും. ആളുകളുടെ ഏറ്റവും ആവശ്യമായ സഹായം – യേശുവിന്റെ നാമത്തിലുള്ള പാപക്ഷമയുടെ സന്ദേശം – എത്തിച്ചു നല്കാൻ അവരുടെ അടുക്കലേക്ക് പോകുവാൻ ദൈവം ശക്തിപ്പെടുത്തുന്നതിനായി നമുക്ക് പ്രാർത്ഥിക്കാം.