വലിയ സാമ്പത്തിക മാന്ദ്യത്തിന്റെ കാലത്ത് അമേരിക്കയിൽ ഡസ്റ്റ് ബൗൾ എന്ന കൊടുങ്കാറ്റ് നാശം വിതച്ചു. കൻസാസിലെ ഹയാവാതയിൽ താമസിച്ചിരുന്ന ജോൺ മിൽബൺ ഡേവിസ് എന്ന സമ്പന്നൻ ഈ സമയത്ത് തന്റെ പ്രസിദ്ധിക്കുവേണ്ടി എന്ത് ചെയ്യണം എന്ന് ആലോചിച്ചു.  സ്വയം അദ്ധ്വാനിച്ചു കോടീശ്വരൻ ആയ ഇയാൾക്ക് മക്കൾ പോലും ഇല്ലായിരുന്നു. ഇയാൾക്ക് വേണമെങ്കിൽ സമ്പത്ത് എന്തെങ്കിലും സാമൂഹ്യ നന്മക്ക് നല്കുകയോ അല്ലെങ്കിൽ സാമ്പത്തിക പുരോഗതിക്കായി ചെലവിടുകയോ ചെയ്യാമായിരുന്നു. അതിന് പകരം അയാൾ വലിയ തുക ചെലവഴിച്ച് തന്റെയും മരിച്ചുപോയ ഭാര്യയുടെയും വലുപ്പമുള്ള പതിനൊന്ന് പ്രതിമകൾ നിർമ്മിച്ച് അവിടുത്തെ സെമിത്തേരിയിൽ സ്ഥാപിക്കുകയാണ് ചെയ്തത്.

ഒരു ആശുപത്രി പണിയാനോ അല്ലെങ്കിൽ  എന്തെങ്കിലും പൊതു നന്മക്ക് ഉതകുന്ന നീന്തൽകുളമോ പാർക്കോ മറ്റോ നിർമ്മിക്കാനോ ആ നാട്ടുകാർ അയാളോട് ആവശ്യപ്പെട്ടിരുന്നു. പക്ഷെ അയാൾ അതൊന്നും ചെവിക്കൊണ്ടില്ല. “കൻസാസിലുള്ളവർ എന്നെ വെറുക്കുമായിരിക്കും. പക്ഷെ എന്റെ പണം എനിക്കിഷ്ടമുള്ളതുപോലെ ഞാൻ ചെലഴിക്കും” എന്നാണ് പത്രപ്രവർത്തകനായ ഏർണി പൈലിനോട് ഡേവിസ് പറഞ്ഞത്.

ആ കാലത്തെ ഏറ്റവും ധനവാനായിരുന്ന സോളമൻ എഴുതിയത്, “ദ്രവ്യപ്രിയന് ദ്രവ്യം കിട്ടിയിട്ടും ഐശ്വര്യപ്രിയന് ആദായം കിട്ടിയിട്ടും തൃപ്തി വരുന്നില്ല. വസ്തുവക പെരുകുമ്പോൾ അതുകൊണ്ട് ഉപജീവിക്കുന്നവരും പെരുകുന്നു”(സഭാ.5:10,11) എന്നാണ്. സമ്പത്തിന്റെ ദുരുപയോഗത്തെക്കുറിച്ച് സോളമൻ സൂഷ്മനിരീക്ഷണം തന്നെ നടത്തിയിട്ടുണ്ട്.

അപ്പൊസ്തലനായ പൗലോസും ദ്രവ്യാഗ്രഹത്തിന്റെ ദോഷം മനസ്സിലാക്കുകയും ജീവിതം യേശുവിനോടുള്ള അനുസരണത്തിനായി നിക്ഷേപിക്കുകയും ചെയ്തു. റോമിലെ ജയിലിൽ വധശിക്ഷ കാത്ത് കിടക്കുമ്പോൾ വിജയശ്രീലാളിതനായി അദ്ദേഹം എഴുതി: “ഞാനോ ഇപ്പോൾത്തന്നെ പാനീയയാഗമായി ഒഴിക്കപ്പെടുന്നു; … ഞാൻ .. ഓട്ടം തികച്ചു , വിശ്വാസം കാത്തു”(2തിമൊ.4:6,7).

നാം കല്ലിൽ കൊത്തിവെക്കുന്നതോ നമുക്കായി സമ്പാദിച്ച് വെക്കുന്നതോ ഒന്നുമല്ല ശാശ്വതമായത്. മറ്റുള്ളവരോടും, എങ്ങനെ സ്നേഹിക്കണം എന്ന് നമ്മെ പഠിപ്പിച്ച കർത്താവിനോടും, ഉള്ള സ്നേഹത്താൽ നാം നല്കുന്നത് മാത്രമാണ് ശാശ്വതമായത്.