ദൈവം വഴിത്തിരിവിൽ
ചില ദിവസങ്ങൾ അസുഖം ബാധിച്ച്, പനി കൂടിയപ്പോൾ എന്റെ ഭർത്താവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ദിവസങ്ങൾ കഴിഞ്ഞപ്പോൾ അദ്ദേഹത്തിന്റെ നില മെച്ചപ്പെട്ടു, പക്ഷേ ഡിസ്ചാർജ് ചെയ്യാൻ പറ്റിയ ആരോഗ്യം ഇല്ലായിരുന്നു. ഞാൻ എന്റെ ഭർത്താവിനൊപ്പം താമസിക്കണമോ, എന്റെ ഒരു പ്രധാന ഔദ്യോഗിക യാത്ര പൂർത്തിയാക്കണമോ എന്നുള്ള ആശയക്കുഴപ്പത്തിലായി. കുഴപ്പം ഒന്നും ഉണ്ടാകുകയില്ലെന്ന് എന്റെ ഭർത്താവ് എനിക്ക് ഉറപ്പ് നൽകി. പക്ഷേ, എന്തുചെയ്യണമെന്ന് അറിയാതെ ഞാൻ വിഷമിച്ചു.
ജീവിതത്തിലെ തീരുമാനങ്ങളുടെ വഴിത്തിരിവിൽ ദൈവജനത്തിന് അവന്റെ സഹായം ആവശ്യമായിരുന്നു. മിക്കപ്പോഴും, ദൈവം വെളിപ്പെടുത്തിയ നിർദ്ദേശങ്ങൾ അവർ പാലിച്ചിരുന്നില്ല. അതുകൊണ്ട് അവന്റെ കൽപ്പനകൾ പാലിച്ചു കൊണ്ട് “ജീവനെ തിരഞ്ഞെടുത്തുകൊൾക” എന്ന് മോശെ ജനങ്ങളോട് അഭ്യർത്ഥിച്ചു (ആവർത്തനം 30:20). പിന്നീട്, യിരെമ്യാ പ്രവാചകൻ, പിന്മാറ്റക്കാരായ ആളുകളോട് ദൈവത്തിന്റെ മാർഗ്ഗനിർദേശത്തിന്റെ വാക്കുകൾ നൽകി, അവന്റെ വഴികൾ പിന്തുടരാൻ അവരെ പ്രേരിപ്പിച്ചു: “നിങ്ങൾ വഴികളിൽ ചെന്നു നല്ലവഴി ഏതെന്നു പഴയ പാതകളെ നോക്കി ചോദിച്ചു അതിൽ നടപ്പിൻ” (യിരെമ്യാ. 6:16). തിരുവെഴുത്തുകളുടെ പുരാതന വഴികളും, ദൈവത്തിന്റെ മുൻകാല കരുതലും നമ്മെ നയിക്കും.
റോഡിലെ ഒരു നാൽക്കവലയിൽ ഞാൻ നിൽക്കുന്നതായി സങ്കൽപ്പിച്ച്, യിരെമ്യാവ് പറഞ്ഞ ജ്ഞാനം പ്രയോഗിച്ചു. എന്റെ ഭർത്താവിന് എന്റെ സഹായം ആവശ്യമായിരുന്നു. എന്റെ ജോലിസ്ഥലത്തും എന്റെ സാന്നിധ്യം ആവശ്യമായിരുന്നു. ആ സമയം, എന്റെ സൂപ്പർവൈസർ എന്നെ വിളിച്ച് ഭർത്താവിന്റെ കൂടെയിരിക്കാൻ പ്രോത്സാഹിപ്പിച്ചു. ഞാൻ നെടുവീർപ്പോടെ, പ്രതിസന്ധിയിൽ ദൈവം നൽകിയ കരുതലിന് നന്ദി പറഞ്ഞു. ദൈവത്തിന്റെ നിർദ്ദേശം എല്ലായ്പ്പോഴും അത്ര വ്യക്തമാകണമെന്നില്ല, പക്ഷേ അത് ലഭിക്കും. നാം വഴിത്തിരിവിൽ നിൽക്കുമ്പോൾ, ദൈവത്തെ അന്വേഷിക്കുമെന്ന് ഉറപ്പുവരുത്താം.
- എലീസ മോർഗൻ
സഭ ആയിരിക്കുക
കോവിഡ് -19 മഹാമാരി സമയത്ത്, ഡേവും കാർലയും ഒരു ഭവനസഭയ്ക്കായി മാസങ്ങളോളം അന്വേഷിച്ചു. ആരോഗ്യ മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കുന്നതിനുവേണ്ടി വിവിധ വ്യക്തിഗത അനുഭവങ്ങളെ പരിമിതപ്പെടുത്തിയത്, അന്വേഷണത്തെ കൂടുതൽ ബുദ്ധിമുട്ടാക്കി. യേശുവിലുള്ള വിശ്വാസികളുടെ ഒരു കൂട്ടവുമായുള്ള ബന്ധത്തിനായി അവർ കൊതിച്ചു. ''ഒരു സഭ കണ്ടെത്തുന്നതിന് ബുദ്ധിമുട്ടുള്ള സമയമാണ്,'' കാർല എനിക്ക് ഇമെയിൽ ചെയ്തു. എന്റെ സഭാ കുടുംബവുമായി വീണ്ടും ഒന്നിക്കാനുള്ള എന്റെ സ്വന്തം ആഗ്രഹത്തിൽ നിന്ന് എന്റെ ഉള്ളിൽ ഒരു തിരിച്ചറിവ് ഉയർന്നു. “സഭ ആകുന്നതിന് വളരെ ബുദ്ധിമുട്ടുള്ള സമയമാണ്,'' ഞാൻ പ്രതികരിച്ചു. ആ സീസണിൽ, ഞങ്ങളുടെ സഭ, ചുറ്റുമുള്ള അയൽപക്കങ്ങളിൽ ഭക്ഷണം നൽകുകയും ഓൺലൈൻ സേവനങ്ങൾ ലഭ്യമാക്കുകയും പിന്തുണയും പ്രാർത്ഥനയും വാഗ്ദാനം ചെയ്തുകൊണ്ട് എല്ലാ അംഗങ്ങൾക്കും ഫോൺ ചെയ്യുകയും ചെയ്തുകൊണ്ട് ഒരു മാറ്റം സൃഷ്ടിച്ചു. ഞാനും എന്റെ ഭർത്താവും അതിലെല്ലാം പങ്കെടുത്തു, എന്നിട്ടും നമ്മുടെ മാറിയ ലോകത്ത് ''സഭയാകാൻ'' മറ്റെന്താണ് ചെയ്യാൻ കഴിയുക എന്ന് ചിന്തിച്ചു.
എബ്രായർ 10:25-ൽ എഴുത്തുകാരൻ വായനക്കാരെ ഉദ്‌ബോധിപ്പിക്കുന്നു, ''ചിലർ ചെയ്യുന്നതുപോലെ നമ്മുടെ സഭായോഗങ്ങളെ ഉപേക്ഷിക്കാതെ തമ്മിൽ പ്രബോധിപ്പിക്കുക.'' ഒരു പക്ഷേ പീഡനം നിമിത്തം (വാ. 32-34) അല്ലെങ്കിൽ തളർന്നുപോയതിന്റെ ഫലമായി (12:3), പോരാടുന്ന ആദ്യകാല വിശ്വാസികൾക്ക് സഭയായി തുടരാൻ ഒരു പ്രോത്സാഹനം ആവശ്യമായിരുന്നു.
ഇന്ന്, എനിക്കും ഒരു പ്രോത്സാഹനം വേണം. നിങ്ങൾക്കോ? സാഹചര്യങ്ങൾ മാറുമ്പോൾ, സഭയെ നാം അനുഭവിച്ചറിയുമ്പോൾ, നാം സഭയായി തുടരുമോ? ദൈവം നമ്മെ നയിക്കുന്നതുപോലെ നമുക്ക് പരസ്പരം ക്രിയാത്മകമായി പ്രോത്സാഹിപ്പിക്കുകയും പരസ്പരം കെട്ടിപ്പടുക്കുകയും ചെയ്യാം. നമ്മുടെ വിഭവങ്ങൾ പങ്കിടുക. പിന്തുണയുടെ ഒരു വാചകം അയയ്ക്കുക. നമുക്ക് കഴിയുന്നതു പോലെ ഒരുമിച്ചുകൂടുക. പരസ്പരം പ്രാർത്ഥിക്കുക. നമുക്ക് സഭയാകാം.
വിലമതിക്കാനാകാത്ത ഫലങ്ങൾ
മൂന്ന് വർഷമായി എല്ലാ സ്‌കൂൾ ദിവസങ്ങളിലും, കൊളീൻ എന്ന ഒരു അധ്യാപിക തന്റെ മക്കൾ ഓരോ ദിവസവും ഉച്ചകഴിഞ്ഞ് സ്‌കൂൾ ബസിൽ നിന്ന് പുറത്തിറങ്ങുമ്പോൾ അവരെ അഭിവാദ്യം ചെയ്യാൻ വ്യത്യസ്തമായ വേഷവിധാനമോ മുഖംമൂടിയോ ധരിക്കുന്നു. ബസ് ഡ്രൈവർ ഉൾപ്പെടെ ബസിലെ എല്ലാവരുടെയും ദിവസം അവൾ പ്രകാശമാനമാക്കുന്നു: “[അവൾ] എന്റെ ബസിലെ കുട്ടികൾക്ക് വളരെയധികം സന്തോഷം നൽകുന്നു, ഇത് അതിശയകരമാണ്. അത് എനിക്ക് ഇഷ്ടമായി.’’ കൊളീന്റെ മക്കൾ സമ്മതിക്കുന്നു.
കൊളീൻ മക്കളെ വളർത്താൻ തുടങ്ങിയപ്പോഴാണ് ഇതെല്ലാം ആരംഭിച്ചത്. മാതാപിതാക്കളിൽ നിന്ന് വേർപെടുത്തുന്നതും ഒരു പുതിയ സ്‌കൂളിൽ ചേരുന്നതും എത്ര ബുദ്ധിമുട്ടാണെന്ന് അറിയാമായിരുന്ന അവൾ ഒരു പുതിയ വേഷവിധാനത്തിൽ മക്കളെ അഭിവാദ്യം ചെയ്യാൻ തുടങ്ങി. മൂന്ന് ദിവസം അങ്ങനെ ചെയ്തിട്ട് അതു നിർത്താൻ തുടങ്ങിയയിട്ട് കുട്ടികൾ സമ്മതിച്ചില്ല. അങ്ങനെ കൊളീൻ തുടർന്നു. അതിനുവേണ്ടി കടകളിൽ സമയവും പണവും അവൾക്കു ചെലവഴിക്കേണ്ടിയിരുന്നു. എന്നാൽ, ഒരു റിപ്പോർട്ടർ വിവരിക്കുന്നതുപോലെ, അത് “അമൂല്യമായ ഫലം: സന്തോഷം’’ കൊണ്ടുവന്നു.
ശലോമോൻ രാജാവ് തന്റെ മകന് നൽകിയ ജ്ഞാനവും നർമ്മബോധവും നിറഞ്ഞ ഒരു പുസ്തകത്തിലെ ഒരു ചെറിയ വാക്യം, ഈ അമ്മയുടെ പ്രവൃത്തികളുടെ ഫലത്തെ സംഗ്രഹിക്കുന്നു: “സന്തുഷ്ടഹൃദയം നല്ലോരു ഔഷധമാകുന്നു; തകർന്ന മനസ്സോ അസ്ഥികളെ ഉണക്കുന്നു’ (സദൃശവാക്യങ്ങൾ 17: 22). അവളുടെ എല്ലാ മക്കൾക്കും (സ്വന്തം മക്കൾ, ദത്തെടുത്തവർ, വളർത്തുമക്കൾ) സന്തോഷം നൽകുന്നതിലൂടെ, ആത്മാക്കൾ തകരുന്നതു തടയാൻ കഴിയുമെന്ന് അവൾ പ്രതീക്ഷിച്ചു.
സത്യവും നിലനിൽക്കുന്നതുമായ സന്തോഷത്തിന്റെ ഉറവിടം പരിശുദ്ധാത്മാവിലൂടെ പ്രവർത്തിക്കുന്ന ദൈവമാണ് (ലൂക്കൊസ് 10:21; ഗലാത്യർ 5:22). മറ്റുള്ളവർക്ക് സന്തോഷം നൽകുന്നതിന് പരിശ്രമിക്കുമ്പോൾ ദൈവത്തിന്റെ വെളിച്ചം പ്രകാശിപ്പിക്കാൻ ആത്മാവ് നമ്മെ പ്രാപ്തരാക്കുന്നു, അത് പരീക്ഷണങ്ങളെ നേരിടാനുള്ള പ്രത്യാശയും ശക്തിയും പ്രദാനം ചെയ്യുന്നു.
പോകാൻ ഒരുക്കമാണ്
വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; ... എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം. ഫിലിപ്പിയർ 1:23-24
കൊറോണ വൈറസ് മഹാമാരിയുടെ സമയത്ത്, നിരവധി ആളുകൾക്ക് പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ടു. 2020 നവംബർ 27-ന്, എന്റെ തൊണ്ണൂറ്റഞ്ചുകാരിയായ അമ്മ ബീ ക്രൗഡറും ആ ഗണത്തിൽ ചേർന്നു - അമ്മ പക്ഷേ കോവിഡ്-19 ബാധിച്ചായിരുന്നില്ല മരിച്ചത്. മറ്റ് പല കുടുംബങ്ങളെയും പോലെ, അമ്മയെ സ്മരിക്കാനോ അവളുടെ ജീവിതത്തെ ബഹുമാനിക്കാനോ പരസ്പരം ധൈര്യപ്പെടുത്താനോ ഞങ്ങൾക്ക് ഒത്തുകൂടാൻ കഴിഞ്ഞില്ല. അതിനുപകരം, അവളുടെ സ്‌നേഹനിർഭരമായ സ്വാധീനം ആഘോഷിക്കാൻ ഞങ്ങൾ മറ്റ് മാർഗങ്ങൾ ഉപയോഗിച്ചു. ദൈവം അവളെ വീട്ടിലേക്ക് വിളിച്ചാൽ, അവൾ പോകാൻ തയ്യാറാണ്, അല്ലെങ്കിൽ അതിന് ആകാംക്ഷയോടെ കാത്തിരിക്കുന്നു എന്ന അവളുടെ നിർബന്ധത്തെ ഓർത്തുകൊണ്ട് ഞങ്ങൾ വലിയ ആശ്വാസം പ്രാപിച്ചു. അമ്മയുടെ ജീവിതത്തിന്റെ ഒട്ടുമിക്ക കാര്യങ്ങളിലും പ്രകടമായ ആ ആത്മവിശ്വാസത്തോടെയാണ് അവൾ മരണത്തെ അഭിമുഖീകരിച്ചതും.
അനിവാര്യമായ മരണത്തെ പ്രതീക്ഷിച്ചുകൊണ്ട് പൗലൊസ് എഴുതി, ''എനിക്ക് ജീവിക്കുന്നത് ക്രിസ്തുവും മരിക്കുന്നത് ലാഭവുമാണ്. . . . ഇവ രണ്ടിനാലും ഞാൻ ഞെരുങ്ങുന്നു; വിട്ടുപിരിഞ്ഞു ക്രിസ്തുവിനോടുകൂടെ ഇരിപ്പാൻ എനിക്കു കാംക്ഷയുണ്ടു; അതു അത്യുത്തമമല്ലോ. എന്നാൽ ഞാൻ ജഡത്തിൽ ഇരിക്കുന്നതു നിങ്ങൾനിമിത്തം ഏറെ ആവശ്യം'' (ഫിലിപ്പിയർ 1:21, 23-24). ഇവിടെ വസിക്കാനും മറ്റുള്ളവരെ സഹായിക്കാനുമുള്ള ന്യായമായ ആഗ്രഹം ഉണ്ടായിരുന്നിട്ടും, പൗലൊസ് ക്രിസ്തുവിനോടൊപ്പം വസിക്കുന്നതിനായി തന്റെ സ്വർഗ്ഗീയ ഭവനത്തിലേക്ക് ആകർഷിക്കപ്പെട്ടു.
അത്തരം ആത്മവിശ്വാസം ഈ ജീവിതത്തിൽ നിന്ന് അടുത്തതിലേക്ക് ചുവടുവെക്കുന്ന നിമിഷത്തെ നാം കാണുന്ന രീതിയെ മാറ്റുന്നു. നമ്മുടെ പ്രത്യാശ മറ്റുള്ളവർക്ക് അവരുടെ സ്വന്തം നഷ്ടകാലത്ത് വലിയ ആശ്വാസം നൽകും. നാം സ്‌നേഹിക്കുന്നവരുടെ വേർപാടിൽ നാം ദുഃഖിക്കുന്നുണ്ടെങ്കിലും, യേശുവിൽ വിശ്വസിക്കുന്നവർ “പ്രത്യാശയില്ലാത്തവരെ” പോലെ ദുഃഖിക്കുന്നില്ല (1 തെസ്സലൊനീക്യർ 4:13). അവനെ അറിയുന്നവരുടെ സമ്പത്താണ് യഥാർത്ഥ പ്രതീക്ഷ.
വിശ്രമിക്കുവാൻ അനുമതി
ഞാനും എന്റെ സുഹൃത്ത് സൂസിയും കടൽത്തീരത്തെ പാറകൂട്ടങ്ങളുടെ മുകളിൽ ഇരുന്നു, കമാനാകൃതിയിൽ കടൽത്തിരകൾ ഒന്നിനുപുറകെ ഒന്നായി പാറകളിൽ പതിക്കുന്നത് നോക്കി സൂസി പ്രഖ്യാപിച്ചു, "എനിക്ക് സമുദ്രം ഇഷ്ടമാണ്. അത് എപ്പോഴും ചലിച്ചുകൊണ്ടിരിക്കുന്നു, എന്നാൽ എനിക്ക് വെറുതെ ഇരിക്കാം!"
നമ്മുടെ ജോലിയിൽ നിന്ന് വിശ്രമിക്കുന്നതിന് "അനുമതി" ആവശ്യമാണ് എന്നത്, വിചിത്രമായി നമ്മിൽ പലർക്കും തോന്നാം. എന്നാൽ, അതാണ് നമ്മുടെ നല്ല ദൈവം നമുക്ക് വാഗ്ദാനം ചെയ്യുന്നത്! ആറ് ദിവസങ്ങൾ കൊണ്ട് ദൈവം സകലവും ഉരുവാക്കി, വെളിച്ചം, ഭൂമി, സസ്യങ്ങൾ, മൃഗങ്ങൾ, മനുഷ്യർ എന്നിവ സൃഷ്ടിച്ചു. എന്നിട്ട് ഏഴാം ദിവസം, ദൈവം വിശ്രമിച്ചു (ഉൽപ. 1:31-2:2). തന്നെ ബഹുമാനിക്കുന്നതിനായി, പത്ത് കൽപനകളിൽ ആരോഗ്യകരമായ ജീവിതത്തിന്റെ നിയമങ്ങൾ ദൈവം നൽകിയപ്പോൾ (പുറ. 20:3 -17), ഏഴാം ദിവസത്തെ വിശ്രമദിനമായി ഓർക്കാനുള്ള കൽപന കൊടുത്തു (വാ.8-11). പുതിയ നിയമത്തിൽ, പട്ടണത്തിലെ സകല രോഗികളെയും യേശു സുഖപ്പെടുത്തുന്നതും (മർക്കൊ. 1:29-34), പിറ്റേന്ന് അതിരാവിലെ പ്രാർഥിക്കുവാൻ ഏകാന്തമായ ഒരു സ്ഥലത്തേക്കു പിൻവാങ്ങുന്നതും നാം കാണുന്നു (വാ.35). മനപ്പൂർവമായി , നമ്മുടെ ദൈവം പ്രവർത്തിക്കുകയും വിശ്രമിക്കുകയും ചെയ്തു.
ദൈവത്തിന്റെ കരുതലിന്റെ താളം നമുക്കു ചെയ്യുവാനുള്ള പ്രവർത്തിയിലും വിശ്രമിക്കുവാനുള്ള അവിടുത്തെ ക്ഷണത്തിലും നമുക്ക് ചുറ്റും പ്രതിധ്വനിക്കുന്നു. വസന്തകാലത്ത് പൊട്ടിമുളക്കുന്ന ചെടികൾ വേനൽകാലത്ത് വളർന്ന്, ശരത്കാലത്തിൽ കൊയ്യപ്പെട്ട്, ശൈത്യകാലത്ത് വിശ്രമിക്കുന്നു. ജോലിക്കും വിശ്രമത്തിനും വേണ്ടി ദൈവം നമ്മുടെ ജീവിതത്തെ ക്രമീകരിക്കുന്നു, രണ്ടും ചെയ്യാനുള്ള അനുവാദം നൽകുന്നു.
പിങ്ക് കോട്ട്
മാളിൻറെ പുറത്തേക്കുള്ള കവാടത്തിലേക്ക് ബൃന്ദ നടക്കുകയായിരുന്നു, അപ്പോൾ ഡിസ്പ്ലേ വിൻഡോയിൽ നിന്ന് ഒരു പിങ്ക് നിറം അവളുടെ കണ്ണിൽ പെട്ടു. അവൾ തിരിഞ്ഞു "പരുത്തി മിഠായി നിറമുള്ള ആ കോട്ടിന്" മുന്നിൽ ആകൃഷ്ടയായി നിന്നു. ഓ, ഹോളിക്ക് അത് എത്ര ഇഷ്ടമാകും! അവിവാഹിതയായ അവളുടെ സഹപ്രവർത്തകയ്ക്ക് സാമ്പത്തിക ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു, ഹോളിക്ക് ഒരു കോട്ട് ആവശ്യമാണെന്ന് ബ്രെൻഡയ്ക്ക് അറിയാമായിരുന്നെങ്കിലും, തന്റെ സുഹൃത്ത് ഒരിക്കലും തനിക്കായി അത്തരമൊരു കാര്യത്തിന് പണം ചിലവഴിക്കില്ലെന്ന് അവൾക്ക് ഉറപ്പുണ്ടായിരുന്നു. ചെറുതായൊന്നു ആലോചിച്ചതിനു ശേഷം അവൾ ഒന്ന് പുഞ്ചിരിച്ചു, പിന്നെ പേഴ്സ് കൈയിലെടുത്തു. കോട്ട് ഹോളിയുടെ വീട്ടിലേക്ക് കയറ്റി അയക്കാൻ ഏർപ്പാട് ചെയ്തു. അവൾ ഒരു പേരുവയ്‌ക്കാത്ത കുറിപ്പ് ചേർത്തു, "താങ്കൾ വളരെ പ്രിയപെട്ടവളാണ്." ബൃന്ദ തന്റെ കാറിൽ നൃത്തം ചെയ്തു.
ദൈവീക പ്രോത്സാഹനത്താലുള്ള ദാനത്തിന്റെ ഒരു ഉപോൽപ്പന്നമാണ് സന്തോഷം. പൗലോസ് കൊരിന്ത്യർക്ക് ദാനം ചെയ്യുന്നതിനെ കുറിച്ച് നിർദ്ദേശം നൽകിയപ്പോൾ, അവൻ പറഞ്ഞു: "അവനവൻ ഹൃദയത്തിൽ നിശ്ചയിച്ചതുപോലെ കൊടുക്കട്ടെ. സങ്കടത്തോടെ അരുത്; നിർബ്ബന്ധത്താലുമരുത്; സന്തോഷത്തോടെ കൊടുക്കുന്നവനെ ദൈവം സ്നേഹിക്കുന്നു." (2 കൊരിന്ത്യർ 9:7) . "ഉദാരമായി വിതയ്ക്കുന്നവൻ ഉദാരമായി കൊയ്യും" (വാക്യം 6) എന്നും അദ്ദേഹം കുറിച്ചു.
ചില സമയങ്ങളിൽ നമ്മൾ വഴിപാട് പാത്രത്തിലേക്ക് പണം ഇട്ടുകൊടുക്കും. മറ്റ് സമയങ്ങളിൽ നമ്മൾ പ്രയോജനമുള്ള ഒരു ശുശ്രൂഷയ്ക്ക് ഓൺലൈനായി സംഭാവന ചെയ്യുന്നു. തന്റെ സ്നേഹത്തിന്റെ മൂർത്തമായ പ്രകടനത്തിലൂടെ ഒരു സുഹൃത്തിന്റെ ആവശ്യത്തോട് പ്രതികരിക്കാൻ ദൈവം നമ്മെ നയിക്കുന്ന നിമിഷങ്ങളുണ്ട്. നമുക്ക് ഒരു ബാഗ് പലചരക്ക് സാധനങ്ങൾ വാങ്ങിക്കൊടുക്കാൻ കഴിയും, ഒരു ടാങ്ക് ഗ്യാസ് . . . അല്ലെങ്കിൽ തികച്ചും പിങ്ക് കോട്ടിന്റെ സമ്മാനം പോലും.
ഫാസ്റ്റ്-ഫുഡ് പ്രോത്സാഹനം
മധ്യേഷ്യയിൽ ഒരുമിച്ച് വളർന്ന ബഹീറും മെദറ്റും ഉറ്റസുഹൃത്തുക്കളായിരുന്നു. എന്നാൽ ബഹീർ യേശുവിൽ വിശ്വസിക്കാൻ ആരംഭിച്ചതോടെ എല്ലാം മാറിമറിഞ്ഞു. ഇതേപ്പറ്റി ഗവൺമെന്റ് അധികാരികളെ മെദറ്റ് അറിയിച്ചതോട, ബഹീർ കഠിനമായ പീഡനം സഹിക്കേണ്ടിവന്നു. “ഈ വായ് ഇനി ഒരിക്കലും യേശുവിന്റെ നാമം പറയില്ല” എന്ന് കാവൽക്കാരൻ അലറി. ക്രിസ്തുവിനെക്കുറിച്ച് സംസാരിക്കുന്നതു നിങ്ങൾക്കു തടയാൻ കഴിഞ്ഞെക്കാം. പക്ഷേ, “അവൻ എന്റെ ഹൃദയത്തിൽ ചെയ്തതിനെ മാറ്റാൻ” അവർക്ക് ഒരിക്കലും കഴിയില്ല എന്നു ഒരുപാടു രക്തം ചൊരിയേണ്ടിവന്നെങ്കിലും ബഹീറിന് പറയാൻ കഴിഞ്ഞു.
ആ വാക്കുകൾ മെദറ്റിന്റെ മനസ്സിൽ കിടന്നു. ഏതാനും മാസങ്ങൾക്കുശേഷം, അസുഖവും നഷ്ടവും അനുഭവിച്ച മെദറ്റ്, ജയിൽ മോചിതനായ ബഹീറിനെ തേടി യാത്രയായി. തന്റെ അഹന്തയിൽ നിന്നു തിരിഞ്ഞ്, തനിക്കും യേശുവിനെ പരിചയപ്പെടുത്തി തരാൻ അവൻ തന്റെ സുഹൃത്തിനോട് അപേക്ഷിച്ചു.
പെന്തെക്കൊസ്തു പെരുന്നാളിൽ പത്രൊസിനു ചുറ്റും കൂടിയിരുന്നവർ ദൈവകൃപ ചൊരിയുന്നതു കാണുകയും ക്രിസ്തുവിനെക്കുറിച്ചുള്ള പത്രൊസിന്റെ സാക്ഷ്യം കേൾക്കുകയും ചെയ്തതു മൂലം “ഹൃദയത്തിൽ കുത്തുകൊണ്ടു” (പ്രവൃത്തികൾ 2:37) പ്രവർത്തിച്ചതുപോലെ പരിശുദ്ധാത്മ പ്രേരണയിൽ മെദറ്റും പ്രവർത്തിച്ചു. മാനസാന്തരപ്പെട്ടു യേശുവിന്റെ നാമത്തിൽ സ്നാനം ഏൽക്കാൻ പത്രൊസ് ജനത്തെ ആഹ്വാനം ചെയ്തു. മൂവായിരത്തോളം പേർ അന്നു സ്നാനം ഏറ്റു. അവർ തങ്ങളുടെ പഴയ ജീവിതരീതികൾ ഉപേക്ഷിച്ചതുപോലെ, മെദറ്റും അനുതപിച്ചു രക്ഷകനെ അനുഗമിച്ചു.
അവനിൽ വിശ്വസിക്കുന്ന ഏവർക്കും യേശുവിലുള്ള പുതുജീവന്റെ ദാനം ലഭ്യമാണ്. എന്തുതന്നെ നാം ചെയ്തിരുന്നാലും, അവനിൽ ആശ്രയിക്കുമ്പോൾ പാപമോചനം നമുക്ക് ആസ്വദിക്കാനാകും.
“ചെറിയ” അത്ഭുതങ്ങൾ
യെരൂശലേമിന്റെയും ആലയത്തിന്റെയും പുനർനിർമ്മാണത്തെക്കുറിച്ചു യഹൂദയുടെ ദേശാധിപതിയായ സെരുബ്ബാബേലിനു സെഖര്യാ പ്രവാചകൻ മുഖേന സമാനമായ ഒരു സന്ദേശം ദൈവത്തിൽ നിന്നു ലഭിച്ചു. ബാബേല്യ അടിമത്തത്തിൽ നിന്ന് മടങ്ങിയെത്തിയ ശേഷം, മന്ദഗതിയിലുള്ള പുരോഗതിയുടെ ഒരു കാലം ആരംഭിച്ചു. അതു യിസ്രായേൽമക്കളെ നിരുത്സാഹപ്പെടുത്തി.“അല്പകാര്യങ്ങളുടെ ദിവസത്തെ ആർ തുച്ഛീകരിക്കുന്നു?” (സെഖര്യാവ് 4:10) എന്നു ദൈവം പ്രഖ്യാപിച്ചു. നമ്മിലൂടെയും ചിലപ്പോൾ അവൻ തന്റെ ആഗ്രഹങ്ങൾ നിറവേറ്റുന്നു, ചിലപ്പോൾ നമ്മളെ വകവെക്കാതെയും. “സൈന്യത്താലല്ല, ശക്തിയാലുമല്ല, എന്റെ ആത്മാവിനാലത്രേ എന്നു സൈന്യങ്ങളുടെ യഹോവ അരുളിച്ചെയ്യുന്നു” (സെഖര്യാവ് 4:10).
നമുക്കും ചുറ്റുമുള്ള ദൈവത്തിന്റെ പ്രവൃത്തിയുടെ നിസ്സാരതയിൽ നമ്മുടെ മനസ്സു മടുക്കുമ്പോൾ, അവന്റെ ചില അത്ഭുതങ്ങൾ “ചെറിയത്” ആയിരിക്കാമെന്നു നമുക്കു ഓർക്കാം. തന്റെ മഹത്തായ ലക്ഷ്യങ്ങൾക്കായി അവൻ ചെറിയ കാര്യങ്ങളെ ഉപയോഗിക്കുന്നു.
സ്വാഗതമരുളുന്ന ചവിട്ടുമെത്ത
സ്ഥലത്തെ സൂപ്പർമാർക്കറ്റിൽ പ്രദർശിപ്പിച്ചിരിക്കുന്ന ചവിട്ടുമെത്തകൾ നോക്കിക്കൊണ്ടിരിക്കവേ, അവയുടെ പ്രതലങ്ങളിൽ പതിപ്പിച്ചിരിക്കുന്ന സന്ദേശങ്ങൾ ഞാൻ ശ്രദ്ധിച്ചു. “ഹലോ!” “ഹോം” എന്നീ വാക്കുകളും അവയുടെ “ഓ” എന്ന അക്ഷരത്തിനു പകരം ഹൃദയത്തിന്റെ ചിഹ്നവും കൊടുത്തിരിക്കുന്നു. സാധാരണ കണ്ടുവരാറുള്ള “സ്വാഗതം” എന്നെഴുതിയ ചവിട്ടുമെത്ത ഞാൻ തിരഞ്ഞെടുത്തു. വീടിന്റെ വാതിൽ പടിയിൽ അതിട്ടുകൊണ്ടു ഞാൻ എന്റെ ഹൃദയം പരിശോധിച്ചു. ദൈവം ആഗ്രഹിക്കുന്ന വിധത്തിൽ എന്റെ ഭവനം ശരിക്കും സ്വാഗതം ചെയ്യുന്നുണ്ടോ? ദുരിതത്തിലോ കുടുംബ കലഹത്തിലോ അകപ്പെട്ട ഒരു കുട്ടിയേ? ആവശ്യത്തിലിരിക്കുന്ന ഒരു അയൽക്കാരനെ? നഗരത്തിനു പുറത്തുനിന്നു വന്നു പെട്ടെന്നു വിളിച്ച ഒരു കുടുംബാംഗത്തെ?
മര്‍ക്കൊസ് 9-ൽ, തന്റെ വിശുദ്ധ സാന്നിധ്യത്തിൽ പത്രൊസും യാക്കോബും യോഹന്നാനും ഭയഭക്തിയോടെ നിലകൊണ്ട മറുരൂപ മലയിൽ നിന്നു (വാ. 1-13) പ്രത്യാശ നഷ്ടപ്പെട്ട ഒരു പിതാവിന്റെ ദുരാത്മാവു ബാധിച്ച ബാലനെ സുഖപ്പെടുത്താൻ (വാ. 14-29) യേശു സഞ്ചരിക്കുന്നു. അതേത്തുടർന്ന്, ആസന്നമായ തന്റെ മരണത്തെക്കുറിച്ചു യേശു ശിഷ്യന്മാർക്കു സ്വകാര്യ പാഠങ്ങൾ പറഞ്ഞുകൊടുത്തു (വാ. 30-32). അവർക്ക് അവന്റെ ആശയം തീരെ മനസ്സിലാക്കാൻ കഴിയാതെ പോയി (വാ. 33-34). അതിനോടു പ്രതികരിച്ചുകൊണ്ട്, യേശു ഒരു ശിശുവിനെ മടിയിലിരുത്തി പറഞ്ഞു: “ഇങ്ങനെയുള്ള ശിശുക്കളിൽ ഒന്നിനെ എന്റെ നാമത്തിൽ കൈക്കൊള്ളുന്നവൻ എന്നെ കൈക്കൊള്ളുന്നു; എന്നെ കൈക്കൊള്ളുന്നവനോ എന്നെയല്ല എന്നെ അയച്ചവനെ കൈക്കൊള്ളുന്നു” (വാ. 37). ഇവിടെ സ്വാഗതം എന്ന വാക്കിന്റെ അർത്ഥം അതിഥിയായി സ്വീകരിക്കുക, കൈക്കൊള്ളുക എന്നാണ്. നാം അവനെ എപ്രകാരം സ്വാഗതം ചെയ്യുമോ അതുപോലെ അവഗണിക്കപ്പെടുന്നവരെയും അസൗകര്യമായി കരുതപ്പെടുന്നവരെയും ഉൾപ്പെടെ ഏവരെയും തന്റെ ശിഷ്യന്മാർ സ്വാഗതം ചെയ്യണമെന്നു യേശു ആഗ്രഹിക്കുന്നു.
സ്വാഗതമരുളുന്ന എന്റെ ചവുട്ടിയെക്കുറിച്ചു ഞാൻ ചിന്തിച്ചു. അവന്റെ സ്നേഹം ഞാൻ എപ്രകാരം മറ്റുള്ളവരിലേക്കു പകരുമെന്നതിനെക്കുറിച്ചു ഞാൻ വിചിന്തനം നടത്തി. യേശുവിനെ ഒരു അമൂല്യ അതിഥിയായി സ്വാഗതം ചെയ്തുകൊണ്ടാണ് ഇത് ആരംഭിക്കുന്നത്. അവൻ ആഗ്രഹിക്കുന്ന രീതിയിൽ മറ്റുള്ളവരെ സ്വാഗതം ചെയ്തുകൊണ്ട് എന്നെ നയിക്കാൻ ഞാൻ അവനെ അനുവദിക്കുമോ?
പ്രസാദപ്രകാരം ശുശ്രൂഷിക്കുക
അമേരിക്കൻ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിന്റെ ചീഫ് ഓഫ് സ്റ്റാഫ് ആയിരുന്നു ആൻഡ്രൂ കാർഡ്. വൈറ്റ് ഹൗസിലെ തന്റെ പങ്കിനെക്കുറിച്ചുള്ള ഒരു അഭിമുഖത്തിൽ അദ്ദേഹം ഇപ്രകാരം വിശദീകരിച്ചു, “ഓരോ സ്റ്റാഫ് അംഗത്തിന്റെയും ഓഫീസിൽ ഒരു ഫ്രെയിം ചെയ്ത ഉദ്ദേശ്യ പ്രസ്താവന തൂക്കിയിരിക്കുന്നു: ‘ഞങ്ങൾ പ്രസിഡന്റിന്റെ ഹിതപ്രകാരം പ്രവർത്തിക്കുന്നു.’ എന്നാൽ, അതിനർത്ഥം ഞങ്ങൾ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനോ അദ്ദേഹത്തിന്റെ ഇഷ്ടം നേടിയെടുക്കാനോ പ്രവർത്തിക്കുന്നു എന്നല്ല. പകരം, തന്റെ ജോലി ചെയ്യേണ്ടതിന് ആവശ്യമായി അറിയേണ്ട കാര്യങ്ങൾ അദ്ദേഹത്തിനു പറഞ്ഞുകൊടുക്കാനായി ഞങ്ങൾ പ്രവർത്തിക്കുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക ഭരിക്കുക എന്നതാണ് ആ ജോലി.
അപ്പൊസ്തലനായ പൗലൊസ് പലപ്പോഴും പ്രേരിപ്പിക്കുന്നതുപോലെ, നമ്മുടെ പല കർത്തവ്യങ്ങളിലും ബന്ധങ്ങളിലും നാം ഐക്യത്തിൽ പരസ്പരം കെട്ടിപ്പടുക്കുന്നതിനു പകരം വ്യക്തികളെ പ്രീതിപ്പെടുത്തുന്ന രീതിയിലേക്ക് വഴുതിവീഴുന്നു. “അവൻ ചിലരെ അപ്പൊസ്തലന്മാരായും ചിലരെ പ്രവാചകന്മാരായും ചിലരെ സുവിശേഷകന്മാരായും ചിലരെ ഇടയന്മാരായും ഉപദേഷ്ടാക്കന്മാരായും നിയമിച്ചിരിക്കുന്നു; അതു നാം എല്ലാവരും വിശ്വാസത്തിലും ദൈവപുത്രനെക്കുറിച്ചുള്ള പരിജ്ഞാനത്തിലുമുള്ള ഐക്യതയും തികഞ്ഞ പുരുഷത്വവും ക്രിസ്തുവിന്റെ സമ്പൂർണ്ണതയായ പ്രായത്തിന്റെ അളവും പ്രാപിക്കുവോളം വിശുദ്ധന്മാരുടെ യഥാസ്ഥാനത്വത്തിന്നായുള്ള ശുശ്രൂഷയുടെ വേലെക്കും ക്രിസ്തുവിന്റെ ശരീരത്തിന്റെ ആത്മികവർദ്ധനെക്കും ആകുന്നു” (വാ. 11-13) എന്ന് എഫെസ്യർ 4-ൽ പൗലൊസ് എഴുതിയിരിക്കുന്നു. 15-16 വാക്യങ്ങളിൽ, വ്യക്തികളെ പ്രീതിപ്പെടുത്തുന്ന നമ്മുടെ പ്രവണതകളെ പൗലൊസു വിമർശിച്ചുകൊണ്ട്, ഈ വരങ്ങൾ “സ്നേഹത്തിൽ സത്യം സംസാരിച്ചുകൊണ്ടു” "ശരീരം മുഴുവനും… സ്നേഹത്തിലുള്ള വർദ്ധനെക്കായി അവനിൽ നിന്നു വളർച്ച” പ്രാപിക്കാനായി പ്രകടിപ്പിക്കണമെന്ന് ഊന്നിപ്പറയുന്നു.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, വ്യക്തികളെ കെട്ടിപ്പടുക്കുന്നതിനും ദൈവത്തിന്റെ ഉദ്ദേശ്യങ്ങൾ നിറവേറ്റുന്നതിനുമായി നാം അവരെ ശുശ്രൂഷിക്കുന്നു. നാം മറ്റുള്ളവരെ പ്രസാദിപ്പിച്ചാലും ഇല്ലെങ്കിലും, തന്റെ സഭയിൽ ഐക്യം സൃഷ്ടിക്കാൻ ദൈവം നമ്മിലൂടെ പ്രവർത്തിക്കുമ്പോൾ നാം ദൈവത്തെ പ്രസാദിപ്പിക്കുന്നു.