സന്തോഷത്തോടെ കൊടുക്കുന്നവൻ
മൂന്നാം ശതാബ്ദത്തിൽ ജനിച്ച നിക്കോളാസ് ഒരിക്കലും കരുതിയിരുന്നില്ല താൻ മരിച്ച് ശതാബ്ദങ്ങൾക്കു ശേഷം തന്നെ സാന്റാക്ലോസ് എന്ന് വിളിക്കപ്പെടുമെന്ന്. അദ്ദേഹത്തെ ദൈവ വിശ്വാസിയും, ജനങ്ങളെ ശരിയായി ശ്രദ്ധിയ്ക്കുകയും, സ്വന്തം വസ്തുവകകൾ സന്തോഷത്തോടെ ദാനം ചെയ്യുകയും, ദയയുള്ള പ്രവർത്തനങ്ങൾ ചെയ്യുന്നവനുമായ ഒരു സാധാരണ മനുഷ്യനായിട്ടാണ് അറിയപ്പെട്ടിരുന്നത്. കഥ ഇങ്ങനെ പോകുന്നു – ഒരു കുടുംബത്തിന്റെ സാമ്പത്തിക ബുദ്ധിമുട്ടുകൾ മനസ്സിലായപ്പോൾ അദ്ദേഹം രാത്രിയിൽ ഒരു സഞ്ചി സ്വർണ്ണവുമായി വന്ന് അവരുടെ തുറന്ന ജനലിലൂടെ അകത്തേക്ക് എറിഞ്ഞത് പോയി വീണത് നെരിപ്പോടിനടുത്ത് ചൂടാക്കാൻ വെച്ചിരുന്ന ഷൂസിലും സോക്സിലും ഒക്കെ ആയിരുന്നു.
നിക്കോളാസിന് വളരെ മുമ്പുതന്നെ , അപ്പോസ്തലനായ പൗലോസ് കൊരിന്തിലെ വിശ്വാസികളോട് സന്തോഷത്തോടെ ദാനം ചെയ്യുവാൻ പ്രേരണ നൽകിയിരുന്നു. യെരുശലേമിലുള്ള അവരുടെ സഹോദരീ സഹോദരന്മാരുടെ വലിയ സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് അവർക്ക് എഴുതുകയും ധാരാളമായി ദാനം ചെയ്യുവാൻ പ്രോത്സാഹിപ്പിക്കുകയും ചെയ്തു . സ്വത്തുവകകൾ ദാനം ചെയ്യുമ്പോൾ ഉണ്ടാകുന്ന അനുഗ്രഹങ്ങളും ഗുണങ്ങളും പൗലോസ് വിവരിച്ച് കൊടുത്തു. “ലോഭമായി വിതക്കുന്നവൻ ലോഭമായി കൊയ്യും; ധാരാളമായി വിതക്കുന്നവൻ ധാരാളമായി കൊയ്യും എന്ന് ഓർത്തുകൊൾവിൻ” (2 കൊരിന്ത്യർ 9 :6) എന്ന് പൗലോസ് അവരെ ഓർമ്മിപ്പിച്ചു. അവരുടെ സന്തോഷത്തോടു കൂടിയ ദാനധർമ്മം മൂലം അവർ “സകലത്തിലും സമ്പന്നന്മാർ “ (വാ. 11) ആയി ദൈവത്തെ ആരാധിച്ചു.
പിതാവേ, ക്രിസ്‌മസ് സമയത്ത് മാത്രമല്ല, വർഷം മുഴുവൻ സന്തോഷത്തോടു കൂടെ കൊടുക്കുന്നവരായി തീരുവാൻ ഞങ്ങളെ സഹായിക്കുമോ ? ദൈവമേ, അങ്ങയുടെ “ പറഞ്ഞു തീരാത്ത ദാനം” ആയ അങ്ങയുടെ പുത്രനായ യേശുവിനെ ഞങ്ങൾക്ക് തരുവാൻ തക്ക അവിശ്വസനീയമായ മഹാ മനസ്കതക്ക് ഞങ്ങൾ നന്ദി പറയുന്നു (വാ. 15).
ധീര പ്രവൃത്തികള്‍
ജോണ്‍ ഹാര്‍പ്പര്‍ തന്റെ ആറുവയസ്സുള്ള മകളോടൊപ്പം ടൈറ്റാനിക്കില്‍ യാത്ര ആരംഭിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍ ഒരു കാര്യം അദ്ദേഹത്തിനറിയാമായിരുന്നു: താന്‍ യേശുവിനെ സ്‌നേഹിക്കുന്നുവെന്നും മറ്റുള്ളവരും അവനെ അറിയണമെന്നുള്ള അതിയായ ദാഹം തനിക്കുണ്ടെന്നും. കപ്പല്‍ ഒരു മഞ്ഞുമലയില്‍ തട്ടി അതില്‍ വെള്ളം കയറാന്‍ തുടങ്ങിയ ഉടന്‍, വിഭാര്യനായ ഹാര്‍പ്പര്‍ തന്റെ കൊച്ചു മകളെ ഒരു ലൈഫ് ബോട്ടില്‍ കയറ്റിയശേഷം കഴിയുന്നത്ര ആളുകളെ രക്ഷിക്കാനായി ആ ബഹളത്തിനിടയിലേക്കു നീങ്ങി. ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍, ''സ്ത്രീകളും കുട്ടികളും രക്ഷിക്കപ്പെടാത്തവരും ലൈഫ് ബോട്ടുകളിലേക്ക് കയറാന്‍ അനുവദിക്കുക'' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അവസാന ശ്വാസം വരെ ഹാര്‍പ്പര്‍ യേശുവിനെക്കുറിച്ച് ചുറ്റുമുള്ള എല്ലാവരുമായും പങ്കിട്ടു. മറ്റുള്ളവര്‍ ജീവിക്കാനായി ജോണ്‍ മനസ്സോടെ തന്റെ ജീവന്‍ നല്‍കി.
നിങ്ങള്‍ക്കും എനിക്കും ഈ ജീവിതത്തില്‍ മാത്രമല്ല, നിത്യതയിലും ജീവിക്കാന്‍ കഴിയേണ്ടതിന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതം സൗജന്യമായി സമര്‍പ്പിച്ച ഒരാള്‍ ഉണ്ടായിരുന്നു. യേശു പെട്ടെന്നൊരു ദിവസം ഉണര്‍ന്നിട്ട് താന്‍ മനുഷ്യരാശിയുടെ പാപത്തിന്റെ ശിക്ഷയായ മരണം എറ്റെടുക്കുകയാണെന്ന് തീരുമാനിച്ചതല്ല. അതവന്റെ ജീവിത ദൗത്യമായിരുന്നു. ഒരു ഘട്ടത്തില്‍ അവന്‍ യെഹൂദ മതനേതാക്കളുമായി സംസാരിക്കുമ്പോള്‍ ''ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു'' എന്ന് ആവര്‍ത്തിച്ചു പറഞ്ഞു (യോഹന്നാന്‍ 10:11, 15, 17, 18). അവന്‍ ഈ വാക്കുകള്‍ കേവലം പറയുക മാത്രമായിരുന്നില്ല, മറിച്ച് ക്രൂശില്‍ ഭയാനകമായ ഒരു മരണം വരിച്ചുകൊണ്ട് അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പരീശന്മാര്‍ക്കും യോഹന്നാനും ഹാര്‍പ്പര്‍ക്കും നമുക്കും ''ജീവന്‍
ഉണ്ടാകുവാനും, സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ'' അവന്‍ വന്നത് (വാ. 10).
പ്രോത്സാഹന ദിനം
ദുരന്തങ്ങള്‍ സംഭവിക്കുമ്പോള്‍ ആദ്യം പ്രതികരിക്കുന്നവര്‍ മുന്‍നിരയില്‍ നില്‍ക്കുന്നതിലൂടെ പ്രതിജ്ഞാബദ്ധതയും ധൈര്യവും കാണിക്കുന്നു. 2001 ല്‍ ന്യൂയോര്‍ക്ക് നഗരത്തിലെ വേള്‍ഡ് ട്രേഡ് സെന്ററില്‍ നടന്ന ആക്രമണത്തില്‍ ആയിരക്കണക്കിന് ആളുകള്‍ കൊല്ലപ്പെടുകയോ പരിക്കേല്‍ക്കുകയോ ചെയ്തപ്പോള്‍ നാനൂറിലധികം ദുരന്തനിവാരണ പ്രവര്‍ത്തകര്‍ക്കും ജീവന്‍ നഷ്ടപ്പെട്ടു. ആദ്യം പ്രതികരിച്ചവരുടെ ബഹുമാനാര്‍ത്ഥം യുഎസ് സര്‍ക്കാര്‍ സെപ്റ്റംബര്‍ 12 നെ ദേശീയ പ്രോത്സാഹന ദിനമായി പ്രഖ്യാപിച്ചു.
ഒരു സര്‍ക്കാര്‍ ദേശീയ പ്രോത്സാഹന ദിനം പ്രഖ്യാപിക്കുന്നത് അദ്വിതീയമാണെന്ന് തോന്നുമെങ്കിലും, ഒരു സഭയുടെ വളര്‍ച്ചയ്ക്ക് ഇത് ആവശ്യമാണെന്ന് അപ്പൊസ്തലനായ പൗലൊസ് കരുതിയിരുന്നു. ''ക്രമം കെട്ടവരെ ബുദ്ധിയുപദേശിക്കുവിന്‍: ഉള്‍ക്കരുത്തില്ലാത്തവരെ ധൈര്യപ്പെടുത്തുവിന്‍; ബലഹീനരെ താങ്ങുവിന്‍; എല്ലാവരോടും ദീര്‍ഘക്ഷമ കാണിക്കുവിന്‍'' (1 തെസ്സലൊനീക്യര്‍ 5:14). അവര്‍ പീഡനത്തിലൂടെ കടന്നുപോവുകയായിരുന്നുവെങ്കിലും, ''തമ്മിലും എല്ലാവരോടും എപ്പോഴും നന്മ ചെയ്തുകൊണ്ടിരിക്കുവിന്‍'' എന്നു പൗലൊസ് വിശ്വാസികളെ പ്രോത്സാഹിപ്പിച്ചു (വാ. 15). മനുഷ്യരെന്ന നിലയില്‍ അവര്‍ നിരാശ, സ്വാര്‍ത്ഥത, സംഘര്‍ഷം എന്നിവയ്ക്ക് ഇരയാകുമെന്ന് അവനറിയാമായിരുന്നു. അപ്പോള്‍തന്നേ ദൈവത്തിന്റെ സഹായവും ശക്തിയും കൂടാതെ പരസ്പരം ഉയര്‍ത്താന്‍ അവര്‍ക്ക് കഴിയില്ലെന്നും അവനറിയാമായിരുന്നു.
ഇന്നും കാര്യങ്ങള്‍ വ്യത്യസ്തമല്ല. നമുക്കെല്ലാം പ്രോത്സാഹനം ആവശ്യമുണ്ട്, നമുക്ക് ചുറ്റുമുള്ളവരെ നാമും പ്രോത്സാഹിപ്പിക്കേണ്ടതുണ്ട്. എന്നാല്‍ നമുക്കത് നമ്മുടെ സ്വന്ത ശക്തിയില്‍ ചെയ്യാന്‍ കഴിയില്ല. അതിനാലാണ് ''നിങ്ങളെ വിളിക്കുന്നവന്‍ [യേശു] വിശ്വസ്തന്‍ ആകുന്നു; അവന്‍ അത് നിവര്‍ത്തിക്കും'' എന്ന പൗലൊസിന്റെ പ്രോത്സാഹനം വളരെ ആശ്വാസകരമാകുന്നത് (വാ. 24). അവിടുത്തെ സഹായത്താല്‍ നമുക്ക് ഓരോ ദിവസവും പരസ്പരം പ്രോത്സാഹിപ്പിക്കാം.
ആവശ്യത്തിലിരിക്കുന്നവരെ സ്പര്‍ശിക്കുക
മദര്‍ തെരേസയ്ക്ക് സമാധാനത്തിനുള്ള നോബല്‍ സമ്മാനം ലഭിച്ചപ്പോള്‍ ആരും അതിശയിച്ചില്ല. അതിന്റെ ശരിയായ രൂപത്തിലാണ് അവര്‍ അവാര്‍ഡ് വാങ്ങിയത്, ''വിശക്കുന്നവരുടെയും നഗ്‌നരുടെയും ഭവനരഹിതരുടെയും അന്ധരുടെയും കുഷ്ഠരോഗികളുടെയും ആര്‍ക്കും ആവശ്യമില്ലാത്ത, സ്‌നേഹിക്കാത്ത, സമൂഹത്തില്‍ ശ്രദ്ധിക്കപ്പെടാത്ത എല്ലാവരുടെയും പേരില്‍'' ആയിരുന്നു. ജീവിതത്തിന്റെ ഭൂരിഭാഗവും അവള്‍ ശുശ്രൂഷിച്ചിരുന്നത് അവരെയായിരുന്നു.
സാഹചര്യങ്ങള്‍ കണക്കിലെടുക്കാതെ പാര്‍ശ്വവത്കരിക്കപ്പെട്ടവരെ എങ്ങനെ സ്‌നേഹിക്കാമെന്നും ശുശ്രൂഷിക്കാമെന്നും ഉള്ളതിന് യേശു മാതൃക കാണിച്ചു. രോഗികളെക്കാള്‍ ശബ്ബത്ത് നിയമത്തെ ബഹുമാനിച്ച സിനഗോഗ് നേതാക്കളില്‍ നിന്ന് വ്യത്യസ്തമായി (ലൂക്കൊസ് 13:14), യേശു രോഗിയായ ഒരു സ്ത്രീയെ ദേവാലയത്തില്‍വെച്ചു കണ്ടപ്പോള്‍ അവന്റെ മനസ്സലിഞ്ഞു. ശാരീരിക വൈകല്യത്തിനപ്പുറത്തേക്ക് നോക്കിയ അവന്‍ ദൈവത്തിന്റെ മനോഹരമായ സൃഷ്ടി അടിമത്തത്തില്‍ ഇരിക്കുന്നതു കണ്ടു. അവന്‍ അവളെ തന്റെ അടുത്തേക്ക് വിളിച്ചു, അവള്‍ സുഖം പ്രാപിച്ചുവെന്ന് പറഞ്ഞു. അവന്‍ ''അവളുടെ മേല്‍ കൈവച്ചു. അവള്‍ ക്ഷണത്തില്‍ നിവര്‍ന്നു ദൈവത്തെ മഹത്വപ്പെടുത്തി'' (വാ. 13). അവളെ സ്പര്‍ശിച്ചതുകൊണ്ട്, അവന്‍ ശബ്ബത്തിനെ അശുദ്ധമാക്കി എന്നതില്‍ പള്ളിപ്രമാണി അസ്വസ്ഥനായി. ശബ്ബത്തിന്റെ കര്‍ത്താവായ യേശു (ലൂക്കൊസ് 6:5), രണ്ടു പതിറ്റാണ്ടോളം അസ്വസ്ഥതയും അപമാനവും നേരിട്ട ഒരു സ്ത്രീയെ സൗഖ്യമാക്കുവാന്‍ മനസ്സലിവോടെ തയ്യാറായി.
നമ്മുടെ മനസ്സലിവിന് അര്‍ഹതയില്ലാത്തവരെന്നു കരുതുന്ന ആളുകളെ നാം എത്രയോ തവണ കണ്ടുമുട്ടാറുണ്ടെന്ന് ഞാന്‍ അത്ഭുതപ്പെടുന്നു. അല്ലെങ്കില്‍ മറ്റൊരാളുടെ നിലവാരം പാലിക്കാത്തതിനാല്‍ നാം തിരസ്‌കരണം അനുഭവിക്കുന്നുണ്ടാകം. സഹമനുഷ്യരെക്കാള്‍ നിയമങ്ങള്‍ക്കു കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്ന മതനേതാക്കളെപ്പോലെ നാമാകരുത്. പകരം, നമുക്ക് യേശുവിന്റെ മാതൃക പിന്തുടരുകയും മറ്റുള്ളവരോട് മനസ്സലിവോടും സ്‌നേഹത്തോടും മാന്യതയോടും കൂടെ പെരുമാറുകയും ചെയ്യാം.
നിത്യമായ കണ്ണുകള്‍
നിത്യമായ കണ്ണുകള്‍, അതാണ് എന്റെ സുഹൃത്ത് മരിയ തന്റെ മക്കള്‍ക്കുും പേരക്കുട്ടികള്‍ക്കും ഉണ്ടാകണമെന്നു പ്രാര്‍ത്ഥിക്കുന്നത്. മകളുടെ മരണത്തോടെ അവസാനിച്ച പ്രക്ഷുബ്ധമായ ഒരു കാലഘട്ടത്തിലൂടെ അവളുടെ കുടുംബം കടന്നുപോയി. ഈ ഭയാനകമായ നഷ്ടത്തില്‍ കുടുംബം ദുഃഖിക്കുമ്പോള്‍, അവര്‍ക്ക് - ഈ ലോകത്തിന്റെ വേദനയാല്‍ ദഹിപ്പിക്കപ്പെടുന്ന - സമീപകാഴ്ച എറ്റവും കുറവായിരിക്കാന്‍ മരിയ ആഗ്രഹിക്കുന്നു. പകരം അവര്‍ കൂടുതല്‍ കൂടുതല്‍ ദൂരക്കാഴ്ചയുള്ളവരായിരിക്കാന്‍ - നമ്മുടെ സ്‌നേഹനിധിയായ ദൈവത്തിലുള്ള പ്രത്യാശയാല്‍ നിറഞ്ഞിരിക്കുവാന്‍ - ആഗ്രഹിക്കുന്നു.
അപ്പൊസ്തലനായ പൗലൊസും സഹപ്രവര്‍ത്തകരും ഉപദ്രവികളുടെ കയ്യില്‍ നിന്നും അവരുടെ പ്രവര്‍ത്തനങ്ങളെ കുറച്ചുകാണിക്കാന്‍ ശ്രമിച്ച വിശ്വാസികളില്‍ നിന്നും വലിയ കഷ്ടപ്പാടുകള്‍ അനുഭവിച്ചു. എന്നിട്ടും, അവരുടെ കണ്ണുകള്‍ നിത്യതയില്‍ ഉറപ്പിച്ചു. പൗലൊസ് ധൈര്യത്തോടെ സമ്മതിച്ചു, ''കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങള്‍ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നത് താല്ക്കാലികം, കാണാത്തതോ നിത്യം'' (2 കൊരിന്ത്യര്‍ 4:18).
അവര്‍ ദൈവത്തിന്റെ വേല ചെയ്യുന്നുണ്ടെങ്കിലും, ''സകലവിധത്തിലും കഷ്ടം സഹിക്കുന്നവര്‍,'' ''ബുദ്ധിമുട്ടുന്നവര്‍,'' ''ഉപദ്രവം അനുഭവിക്കുന്നവര്‍,'' ''വീണുകിടക്കുന്നവര്‍'' (വാ. 8-9) എന്നീ നിലകളിലാണ് അവര്‍ ജീവിച്ചത്. ഈ കഷ്ടങ്ങളില്‍ നിന്ന് ദൈവം അവരെ വിടുവിക്കേണ്ടതല്ലേ? എന്നാല്‍ നിരാശപ്പെടുന്നതിനു പകരം, താല്‍ക്കാലിക പ്രശ്നങ്ങളെ മറികടക്കുന്ന ''തേജസ്സിന്റെ
നിത്യഘന''ത്തില്‍ പൗലൊസ് പ്രത്യാശ പ്രകടിപ്പിച്ചു (വാ. 17). ദൈവത്തിന്റെ ശക്തി തന്നില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ''കര്‍ത്താവായ യേശുവിനെ ഉയര്‍പ്പിച്ചവന്‍ ഞങ്ങളെയും യേശുവോടു കൂടെ ഉയര്‍പ്പിക്കും'' (വാ. 14) എന്നുമുള്ള ഉറപ്പ് അവനുണ്ടായിരുന്നു.
നമുക്ക് ചുറ്റുമുള്ള നമ്മുടെ ലോകം ഇളകിയതായി തോന്നുമ്പോള്‍, നമുക്കു ഒരിക്കലും നശിച്ചുപോകാാത്ത നിത്യമായ പാറയായ ദൈവത്തിലേക്ക് നമ്മുടെ കണ്ണുകളെ തിരിക്കാം.
സമാധാനമെന്ന ദാനം
''ഞാന്‍ യേശുവില്‍ വിശ്വസിക്കുന്നു, അവന്‍ എന്റെ രക്ഷകനാണ്, മരണത്തെക്കുറിച്ച് എനിക്ക് ഭയമില്ല,'' മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ്ജ് എച്ച്. ഡബ്ല്യു. ബുഷിന്റെ ഭാര്യ ബാര്‍ബറ ബുഷ് മരിക്കുന്നതിന് മുമ്പ് മകനോട് പറഞ്ഞു. അവിശ്വസനീയവും ആത്മവിശ്വാസമുള്ളതുമായ ഈ പ്രസ്താവന ശക്തവും ആഴത്തിലുള്ളതുമായ വിശ്വാസത്തെ സൂചിപ്പിക്കുന്നു. മരണത്തെ അഭിമുഖീകരിക്കുമ്പോഴും യേശുവിനെ അറിയുന്നതിലൂടെ ലഭിക്കുന്ന ദൈവത്തിന്റെ സമാധാന ദാനം അവള്‍ അനുഭവിച്ചു.
ഒന്നാം നൂറ്റാണ്ടില്‍ യെരുശലേമില്‍ താമസിച്ചിരുന്ന ശിമയോനും യേശു നിമിത്തം അഗാധമായ സമാധാനം അനുഭവിച്ചു. നവജാത ശിശുവിന് നിയമം അനുശാസിക്കുന്ന വിധത്തില്‍ പരിച്ഛേദന ചെയ്യാനായി മറിയയും യോസേഫും യേശു കുഞ്ഞിനെ കൊണ്ടുവന്നപ്പോള്‍ പരിശുദ്ധാത്മാവിനാല്‍ പ്രേരിതനായ ശിമയോന്‍ ദൈവാലയത്തിലേക്കു ചെന്നു. ശിമയോനെക്കുറിച്ച് ലൂക്കൊസിന്റെ വിവരണത്തില്‍ നിന്ന് കൂടുതലൊന്നും അറിയാനാവില്ലെങ്കിലും, അവന്‍ ഒരു പ്രത്യേക ദൈവപുരുഷനാണെന്നും നീതിമാനും ഭക്തനുമാണെന്നും വരാനിരിക്കുന്ന മശിഹായ്ക്കുവേണ്ടി വിശ്വസ്തതയോടെ കാത്തിരുന്നുവെന്നും ''പരിശുദ്ധാത്മാവ് അവനില്‍ ഉണ്ടായിരുന്നു'' എന്നും പറയാന്‍ കഴിയും (ലൂക്കൊസ് 2:25). എന്നിട്ടും യേശുവിനെ കാണുന്നതുവരെ ശിമയോന്‍ ശാലോം (സമാധാനം) അഥവാ പൂര്‍ണ്ണമായ സ്വസ്ഥത അനുഭവിച്ചിരുന്നില്ല.
യേശുവിനെ കൈകളില്‍ പിടിച്ചിരിക്കുമ്പോള്‍, ശിമയോന്‍ സ്തുതിഗീതത്തില്‍ മുഴുകി, ദൈവത്തില്‍ പൂര്‍ണ്ണ സംതൃപ്തി പ്രകടിപ്പിച്ചു: ''ഇപ്പോള്‍ നാഥാ! തിരുവചനംപോലെ നീ അടിയനെ സമാധാനത്തോടെ വിട്ടയയ്ക്കുന്നു...നിന്റെ രക്ഷയെ എന്റെ കണ്ണ് കണ്ടുവല്ലോ' (വാക്യം 29-31). ലോകത്തിന്റെ മുഴുവന്‍ ഭാവി പ്രത്യാശയും മുന്‍കൂട്ടി കണ്ടതിനാല്‍ അവനു സമാധാനമുണ്ടായിരുന്നു.
വാഗ്ദത്ത രക്ഷകനായ യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവ നാം ആഘോഷിക്കുമ്പോള്‍, സമാധാനത്തിന്റെ ദൈവിക ദാനത്തില്‍ നമുക്കു സന്തോഷിക്കാം.
നമ്മുടെ പിതാവ് പാടുന്നു
പാട്ടുപാടി ആളുകളെ പ്രോത്സാഹിപ്പിക്കുന്നത് പീറ്റര്‍ ഇഷ്ടപ്പെടുന്നു. ഒരു ദിവസം ഞങ്ങള്‍ അവന്റെ പ്രിയപ്പെട്ട റെസ്റ്റോറന്റില്‍ ഉച്ചഭക്ഷണം കഴിച്ചുകൊണ്ടിരുന്നു. ഒരു പരിചാരിക വല്ലാതെ പ്രയാസപ്പെടുന്നത് ശ്രദ്ധിച്ചു. അവന്‍ അവളോട് കുറച്ച് ചോദ്യങ്ങള്‍ ചോദിച്ചു, എന്നിട്ട് അവളെ ആശ്വസിപ്പിക്കാന്‍ ആകര്‍ഷകമായ, ഉല്ലാസകരമായ ഒരു ഗാനം ആലപിക്കാന്‍ തുടങ്ങി. ''ശരി, ദയയുള്ള സര്‍, നിങ്ങള്‍ എന്റെ ദിവസത്തെ സന്തോഷകരമാക്കി. വളരെയധികം നന്ദി, ''അവള്‍ ഒരു വലിയ പുഞ്ചിരിയോടെ പറഞ്ഞു, എന്നിട്ട് ഞങ്ങളുടെ ഓര്‍ഡര്‍ എഴുതിയെടുത്തു.
സെഫന്യാവിന്റെ പുസ്തകം തുറക്കുമ്പോള്‍, ദൈവം പാടാന്‍ ഇഷ്ടപ്പെടുന്നുവെന്ന് നമുക്കു കാണാം. തന്റെ മക്കള്‍ക്കുവേണ്ടിയും അവരോടൊപ്പവും പാടാന്‍ ഇഷ്ടപ്പെടുന്ന ഒരു സംഗീതജ്ഞനെന്ന നിലയില്‍ ദൈവത്തെ വിശേഷിപ്പിച്ചുകൊണ്ട് പ്രവാചകന്‍ തന്റെ വാക്കുകളാല്‍ ദൈവത്തിന്റെ ഒരു ചിത്രം വരച്ചു. ദൈവം ''നിന്റെ ദൈവമായ യഹോവ; രക്ഷിക്കുന്ന വീരനായി നിന്റെ മദ്ധ്യേ ഇരിക്കുന്നു; അവന്‍ നിന്നില്‍ അത്യന്തം സന്തോഷിക്കും; ... പാട്ടോടെ അവന്‍ നിന്നില്‍ ആനന്ദിക്കും'' (3:17). തന്റെ കാരുണ്യത്താല്‍ രൂപാന്തരപ്പെട്ടവരോടൊപ്പം എന്നേക്കും സന്നിഹിതനാകാമെന്ന് ദൈവം വാഗ്ദാനം ചെയ്തു. പക്ഷേ അത് അവിടെ അവസാനിക്കുന്നില്ല! ''ഘോഷിച്ചാനന്ദിക്കുകയും പൂര്‍ണ്ണഹൃദയത്തോടെ സന്തോഷിക്കുകയും ചെയ്യുവാന്‍'' അവന്‍ തന്റെ ജനത്തെ ഒപ്പം ക്ഷണിക്കുന്നു (വാ. 14).
ദൈവത്തോടൊപ്പവും അവരുടെ രക്ഷകനെന്ന നിലയില്‍ യേശുവില്‍ ആശ്രയിച്ച എല്ലാവരോടും ഒപ്പവും ആയിരിക്കുന്ന ദിവസത്തെ നമുക്ക് സങ്കല്‍പ്പിക്കാന്‍ മാത്രമേ കഴിയൂ. നമ്മുടെ സ്വര്‍ഗ്ഗീയപിതാവ് നമുക്കുവേണ്ടിയും അല്ലാതെയും പാട്ടുകള്‍ പാടുന്നതും അവന്റെ സ്‌നേഹവും അംഗീകാരവും സ്വീകാര്യതയും അനുഭവിക്കുന്നതും എത്ര അത്ഭുതകരമായിരിക്കും.
പ്രതികാരത്തിനു പകരം
1956 ല്‍ ജിം എലിയട്ടും മറ്റു നാലു മിഷനറിമാരും ഹുവാവോറാനി ഗോത്രക്കാരാല്‍ കൊല്ലപ്പെട്ടശേഷം അടുത്തു സംഭവിച്ചത് ആരും പ്രതീക്ഷിച്ചില്ല. ജിമ്മിന്റെ ഭാര്യ എലിസബേത്ത്, അവരുടെ ഇളയ മകള്‍, മറ്റൊരു മിഷനറിയുടെ സഹോദരി എന്നവര്‍ തങ്ങളുടെ
പ്രിയപ്പെട്ടവരെ കൊന്ന ആളുകളുടെ ഇടയില്‍ പോയി താമസിക്കുവാന്‍ തീരുമാനിച്ചു. അവര്‍ അനേക വര്‍ഷങ്ങള്‍ ഹുവാവോറാനി ഗോത്രക്കാരുടെ ഇടയില്‍ പാര്‍ക്കുകയും അവരുടെ ഭാഷ പഠിക്കുകയും അവര്‍ക്കുവേണ്ടി ബൈബിള്‍ പരിഭാഷപ്പെടുത്തുകയും ചെയ്തു. ആ സ്ത്രീകളുടെ ക്ഷമയുടെയും ദയയുടെയും സാക്ഷ്യം ഹുവാവോറാനികളെ അവരോടുള്ള ദൈവത്തിന്റെ സ്‌നേഹത്തെക്കുറിച്ചു ബോധ്യപ്പെടുത്തുകയും അനേകര്‍ യേശുവിനെ അവരുടെ രക്ഷകനായി സ്വീകരിക്കുകയും ചെയ്തു.
എലിസബേത്തും അവളുടെ സ്‌നേഹിതയും ചെയ്തത് തിന്മയെ തിന്മകൊണ്ടു നേരിടാതെ നന്മകൊണ്ടു നേരിടുക എന്നതിന്റെ അവിശ്വസനീയ മാതൃകയാണ് (റോമര്‍ 12:17). റോമിലെ സഭയെ തങ്ങളുടെ ജീവിതത്തില്‍ ദൈവം വരുത്തിയ രൂപാന്തരത്തെ അവരുടെ പ്രവൃത്തികളിലൂടെ വെളിപ്പെടുത്താന്‍ അപ്പൊസ്തലനായ പൗലൊസ് പ്രോത്സാഹിപ്പിക്കുന്നു. എന്താണ് പൗലൊസിന്റെ മനസ്സില്‍ ഉണ്ടായിരുന്നത്? പ്രതികാരം ചെയ്യാനുള്ള അവരുടെ സ്വാഭാവിക ആഗ്രഹത്തിനപ്പുറത്തേക്ക് അവര്‍ പോകണം; പകരം അവര്‍ തങ്ങളുടെ ശത്രുക്കളോട് അവര്‍ക്ക് ഭക്ഷണവും വെള്ളവും നല്‍കി അവരുടെ ആവശ്യങ്ങളില്‍ കൂട്ടായ്മ കാണിച്ചുകൊണ്ട് സ്‌നേഹം കാണിക്കണം.
എന്തുകൊണ്ട് ഇതു ചെയ്യണം? പൗലൊസ് പഴയ നിയമത്തില്‍നിന്നും ഒരു സദൃശവാക്യം ഉദ്ധരിക്കുന്നു: ''നിന്റെ ശത്രുവിനു വിശക്കുന്നു എങ്കില്‍ അവനു തിന്മാന്‍ കൊടുക്ക; ദാഹിക്കുന്നു എങ്കില്‍ കുടിപ്പാന്‍ കൊടുക്ക'' (വാ. 20; സദൃശവാക്യങ്ങള്‍ 25:21-22). വിശ്വാസികള്‍ അവരുടെ ശത്രുക്കളോടു കാണിക്കുന്ന ദയ അവരെ നേടുവാന്‍ മുഖാന്തരമാകുകയും അവരുടെ ഹൃദയങ്ങളില്‍ മാനസാന്തരത്തിന്റെ അഗ്നി കത്തിക്കുകയും ചെയ്യും എന്നാണ് അപ്പൊസ്തലന്‍ വെളിപ്പെടുത്തുന്നത്.
പ്രത്യാശയ്ക്കു വകയുണ്ടോ?
എഡ്വേര്‍ഡ് പെയ്സണ്‍ (1783-1827) അത്യധികം പ്രയാസകരമായ ഒരു ജീവിതമാണ് നയിച്ചത്. തന്റെ ഇളയ സഹോദരന്റെ മരണം അദ്ദേഹത്തെ പിടിച്ചുലച്ചു. കടുത്ത വിഷാദത്തിലേക്കു നയിക്കുന്ന ബൈപോളാര്‍ ഡിസോര്‍ഡര്‍ അദ്ദേഹത്തെ ബാധിക്കുകയും ദിവസങ്ങളോളം നീണ്ടുനില്‍ക്കുന്ന മൈഗ്രേന്‍ തലവേദനയാല്‍ കഷ്ടപ്പെടുകയും ചെയ്തിരുന്നു. അതും പോരാഞ്ഞിട്ട് കുതിരപ്പുറത്തുനിന്നു വീണ് ഒരു കൈ തളര്‍ന്നുപോകുകയും ചെയ്തു. ക്ഷയരോഗത്താല്‍ മരണത്തോളം അദ്ദേഹം എത്തി. അതിശയകരമെന്നു പറയട്ടെ അദ്ദേഹത്തിന്റെ പ്രതികരണം ആശയറ്റതും നിരാശ്രയത്വത്തിന്റെയും അല്ലായിരുന്നു. അദ്ദേഹത്തിന്റെ സ്നേഹിതര്‍ പറഞ്ഞത്, എഡ്വേര്‍ഡ് മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന്റെ സന്തോഷം അവര്‍ണ്ണനീയമായിരുന്നു എന്നാണ്. എങ്ങനെയതു സാധിക്കും?
റോമിലെ വിശ്വാസികള്‍ക്കെഴുതിയ ലേഖനത്തില്‍, ഏതു സാഹചര്യത്തിലും ലഭ്യമാകുന്ന ദൈവസ്നേഹത്തിന്റെ യാഥാര്‍ത്ഥ്യത്തിലുള്ള തന്റെ പൂര്‍ണ്ണ ഉറപ്പ് പൗലൊസ് പ്രകടമാക്കുന്നു. ''ദൈവം നമുക്ക് അനുകൂലമെങ്കില്‍ പ്രതികൂലം ആര്‍?'' (റോമര്‍ 8:31) എന്ന് ഉറപ്പോടെ അവന്‍ ചോദിക്കുന്നു. നമ്മെ രക്ഷിക്കുവാനായി ദൈവം തന്റെ പുത്രനായ യേശുവിനെ നല്‍കിയെങ്കില്‍, ഈ ജീവിതം പൂര്‍ത്തിയാക്കുന്നതിനായി നമുക്കാവശ്യമായതെല്ലാം അവന്‍ നല്‍കും. താന്‍ വ്യക്തിപരമായി നേരിട്ട അസാധ്യമെന്നു തോന്നിയ ഏഴു സാഹചര്യങ്ങളെക്കുറിച്ച് പൗലൊസ് രേഖപ്പെടുത്തുന്നു. കഷ്ടത, സങ്കടം, ഉപദ്രവം, പട്ടിണി, നഗ്‌നത, ആപത്ത്, വാള്‍ (വാ. 35). മോശം കാര്യങ്ങള്‍ സംഭവിക്കുന്നതിനെ ക്രിസ്തുവിന്റെ സ്നേഹം തടയുമെന്ന് അവന്‍ പറഞ്ഞില്ല. മറിച്ച് 'നാമോ നമ്മെ സ്നേഹിച്ചവന്‍ മുഖാന്തരം ഇതില്‍ ഒക്കെയും പൂര്‍ണ്ണജയം പ്രാപിക്കുന്നു' എന്നവന്‍ പറയുന്നു (വാ. 37).
ഈ ലോകത്തിന്റെ അനിശ്ചിതത്വങ്ങളില്‍, ഒന്നിനും ഒന്നിനുപോലും, 'യേശുക്രിസ്തുവിലുള്ള ദൈവസ്നേഹത്തില്‍നിന്നു നമ്മെ വേര്‍പിരിക്കുവാന്‍ കഴിയുകയില്ല'' എന്ന് ദൈവത്തില്‍ പൂര്‍ണ്ണമായി നമുക്കാശ്രയിക്കാന്‍ കഴിയും.
നിരപ്പിന്റെ വാതില്‍
അയര്‍ലണ്ടിലെ ഡബ്ലിനിലുള്ള സെന്റ് പാട്രിക് കത്തീഡ്രലിനുള്ളില്‍ അഞ്ചു നൂറ്റാണ്ടു പഴക്കമുള്ള ഒരു കഥ പറയുന്ന ഒരു വാതിലുണ്ട്. 1492 ല്‍ ബട്ട്‌ലര്‍, ഫിറ്റ്‌സ്‌ജെറാള്‍ഡ് എന്നീ രണ്ടു കുടുംബങ്ങള്‍ തമ്മില്‍ ദേശത്തെ ഉന്നത അധികാരത്തെ ചൊല്ലി ഏറ്റുമുട്ടാനാരംഭിച്ചു. പോരാട്ടം രൂക്ഷമായതോടെ ബട്ട്‌ലര്‍മാര്‍ കത്തീഡ്രലില്‍ അഭയം തേടി. ഫിറ്റ്‌സ്‌ജെറാള്‍ഡ് ഒത്തുതീര്‍പ്പിനായി വന്നപ്പോള്‍, വാതില്‍ തുറക്കാന്‍ ബട്ട്‌ലര്‍മാര്‍ ഭയപ്പെട്ടു. അതുകൊണ്ട് ഫിറ്റ്‌സ്‌ജെറാള്‍ഡുകള്‍ വാതിലില്‍ ഒരു ദ്വാരം ഉണ്ടാക്കിയിട്ട് അവരുടെ നേതാവ് സമാധാന സൂചകമായി തന്റെ കൈ നീട്ടി. തുടര്‍ന്ന് രണ്ടു കുടുംബങ്ങളും രമ്യതയിലാകുകയും എതിരാളികള്‍ സ്‌നേഹിതരാകുകയും ചെയ്തു.
കൊരിന്തിലെ സഭയ്ക്കുള്ള തന്റെ ലേഖനത്തില്‍ അപ്പൊസ്തലനായ പൗലൊസ് ആവേശപൂര്‍വ്വം എഴുതുന്ന നിരപ്പിന്റെ ഒരു വാതില്‍ ദൈവത്തിന്റെ പക്കലുണ്ട്. തന്റെ അനന്തമായ സ്‌നേഹത്തിന്റെ ഫലമായി ദൈവം മുന്‍കൈയെടുത്ത് ക്രിസ്തുവിന്റെ ക്രൂശിലെ മരണത്താല്‍ മനുഷ്യരുമായുള്ള തന്റെ തകര്‍ന്ന ബന്ധത്തെ അവന്‍ പുനഃസ്ഥാപിച്ചു. നാം ദൈവത്തില്‍നിന്നും വിദൂരത്തിലായിരുന്നു, എങ്കിലും അവന്റെ കരുണ നമ്മെ അവിടെ തുടരാന്‍ അനുവദിച്ചില്ല. 'ലോകത്തിനു ലംഘനങ്ങളെ കണക്കിടാതെ'' (2 കൊരിന്ത്യര്‍ 5:19) തന്നോടു നമ്മെ നിരപ്പിക്കുവാന്‍ അവന്‍ മുന്നോട്ടു വന്നു. 'പാപം അറിയാത്തവനെ, നാം അവനില്‍ ദൈവത്തിന്റെ നീതി ആകേണ്ടതിന് അവന്‍ നമുക്കു വേണ്ടി പാപം ആക്കി'യപ്പോള്‍ നീതി നിവര്‍ത്തിക്കപ്പെട്ടു (വാ. 21).
ഒരിക്കല്‍ നാം സമാധാനത്തിനായുള്ള ദൈവത്തിന്റെ കരം സ്വീകരിക്കുമ്പോള്‍, ആ സന്ദേശം മറ്റുള്ളവര്‍ക്കു എത്തിച്ചുകൊടുക്കാനുള്ള സുപ്രധാന ദൗത്യം നമ്മില്‍ ഭരമേല്പിക്കപ്പെടുകയാണ്. വിശ്വസിക്കുന്ന ഏവര്‍ക്കും സമ്പൂര്‍ണ്ണ പാപക്ഷമയും യഥാസ്ഥാപനവും വാഗ്ദാനം ചെയ്യുന്ന അതിശയവാനും സ്‌നേഹവാനുമായ ദൈവത്തെ നാം പ്രതിനിധീകരിക്കുന്നു.