സത്യത്തിന്റെ പകർച്ച
കോവിഡ് പകരുമെന്ന ഭയം കാരണം അവരുടെ പേരക്കുട്ടികളെ നേരിട്ട് കാണാൻ കഴിയാതെ, പല മുത്തച്ചൻമാരും മുത്തശ്ശിമാരും അവരുമായ ബന്ധപ്പെടാനുള്ള പുതിയ വഴികൾ തേടി. തങ്ങളുടെ പേരക്കുട്ടികളുമായുള്ള വിലയേറിയ ബന്ധം നിലനിർത്തുന്നതിനുള്ള മാർഗമായി പല മുത്തച്ചന്മാരും മുത്തശ്ശിമാരും ടെക്സ്റ്റുകളും സോഷ്യൽ മീഡിയകളും സ്വീകരിച്ചതായി അടുത്തിടെ നടന്ന ഒരു സർവേ കാണിക്കുന്നു. ചിലർ തങ്ങളുടെ കുടുംബത്തോടൊപ്പം വീഡിയോ കോളിലൂടെ ആരാധിക്കുകയും ചെയ്തു.
മാതാപിതാക്കൾക്കും മുത്തശ്ശീമുത്തച്ഛന്മാർക്കും കുട്ടികളെ സ്വാധീനിക്കാൻ കഴിയുന്ന ഏറ്റവും മികച്ച മാർഗ്ഗങ്ങളിലൊന്ന് തിരുവെഴുത്തുകളുടെ സത്യങ്ങൾ കൈമാറുക എന്നതാണ്. ആവർത്തനപുസ്തകം 4 ൽ, ദൈവത്തെക്കുറിച്ച് അവർ കണ്ടിട്ടുള്ള കാര്യങ്ങൾ മറക്കരുതെന്നും അവരുടെ “മനസ്സിൽനിന്നു വിട്ടുപോകാതെ’’ സൂക്ഷിക്കണമെന്നും (വാ. 9) മോശെ ദൈവജനത്തോട് കൽപ്പിച്ചു. ഈ കാര്യങ്ങൾ അവരുടെ മക്കളുമായും മക്കളുടെ മക്കളുമായും പങ്കുവെക്കുന്നത് അവനെ “ഭയപ്പെടുവാനും’’ (വാക്യം 10) അവൻ അവർക്ക് നൽകുന്ന ദേശത്ത് അവന്റെ സത്യത്തിനനുസരിച്ച് ജീവിക്കാനും അവരെ പ്രാപ്തരാക്കും എന്ന് അവൻ തുടർന്നു പറഞ്ഞു.
നമ്മുടെ കുടുംബങ്ങളുമായും സുഹൃത്തുക്കളുമായും ദൈവം നമുക്കു നൽകുന്ന ബന്ധങ്ങൾ തീർച്ചയായും ആസ്വദിക്കാനുള്ളതാണ്. ദൈവത്തിന്റെ രൂപകൽപ്പനയനുസരിച്ച്, ഒരു തലമുറയിൽ നിന്നു മറ്റൊരു തലമുറയിലേക്ക് അവന്റെ ജ്ഞാനം എത്തിക്കുന്നതിനും “സകല സൽപ്രവൃത്തിക്കും’’ അവരെ സജ്ജരാക്കുവാനും “നീതിയിലെ അഭ്യാസത്തിനും’’ (2 തിമൊഥെയൊസ് 3:16-17) ഒരു ചാലകമായി അവയെ ഉദ്ദേശിക്കപ്പെട്ടിരിക്കുന്നു. നാം ദൈവത്തിന്റെ സത്യവും നമ്മുടെ ജീവിതത്തിലെ അവിടുത്തെ പ്രവൃത്തിയും അടുത്ത തലമുറയുമായി പങ്കുവെക്കുമ്പോൾ ടെക്സ്റ്റ്, കോൾ, വീഡിയോ അല്ലെങ്കിൽ നേരിട്ടുള്ള സംഭാഷണം എന്നിവയിലൂടെ അവരുടെ സ്വന്തം ജീവിതത്തിൽ അവന്റെ പ്രവൃത്തി കാണാനും ആസ്വദിക്കാനും നാം അവരെ സജ്ജരാക്കുകയാണു ചെയ്യുന്നത്.
സ്വപ്ന സംഘം
സുഹൃത്തുക്കളായ മെലാനിയും ട്രെവറും ഒരുമിച്ച് അനേക മൈൽ ദുർഘടപാതകൾ താണ്ടിയിട്ടുണ്ട്. ഒരുമിച്ചല്ലാതെ ഇവരിലാർക്കും ഒറ്റക്കത് കഴിയില്ല. നട്ടെല്ലിന് ബലമില്ലാതെ ജനിച്ച മെലാനി വീൽ ചെയറിലാണ്. ഗ്ലൂക്കോമ മൂലം കാഴ്ച നഷ്ടപ്പെട്ടയാളാണ് ട്രെവർ. കൊളറാഡോയിലെ വനപാതകൾ ആസ്വദിക്കുന്നതിന് അവരന്യോന്യം പരസ്പര പൂരകങ്ങളാണെന്ന് ഈ ജോടി തിരിച്ചറിഞ്ഞു. വനപഥങ്ങളിലൂടെ സഞ്ചരിക്കുമ്പോൾ ട്രെവർ മെലാനിയെ ചുമലിലേറ്റുന്നു; മെലാനി അവന് വഴി പറഞ്ഞു കൊടുക്കുന്നു. അവർ തങ്ങളെ ഒരു "സ്വപ്ന സംഘം" എന്ന് സ്വയം വിശേഷിപ്പിക്കുന്നു.
പൗലോസ്, യേശുവിൽ വിശ്വസിക്കുന്നവരെ - ക്രിസ്തുവിന്റെ ശരീരം ആയവരെ - ഇതുപോലൊരു "സ്വപ്ന സംഘ" മെന്ന് വിശേഷിപ്പിക്കുന്നു. തങ്ങളുടെ വ്യക്തിപരമായ കൃപാവരങ്ങൾ എല്ലാവർക്കും പ്രയോജനകരമാക്കണമെന്ന് അദ്ദേഹം റോമൻ വിശ്വാസികളെ ഉദ്ബോധിപ്പിക്കുന്നു. നമ്മുടെ ശരീരം വിവിധ അവയവങ്ങൾ ചേർന്ന് ഉണ്ടായിരിക്കുന്നതുപോലെ, വിവിധ ദൗത്യങ്ങൾ ഉള്ള നാമെല്ലാം ചേർന്ന് ഒരു "ആത്മീയ ശരീരം" ആയിരിക്കുകയും, സഭയുടെ പൊതുപ്രയോജനത്തിനായി ആത്മവരങ്ങൾ നല്കപ്പെട്ടിരിക്കുകയും ചെയ്യുന്നു (റോമർ 12:5). ദാനം ചെയ്യുവാനുള്ള വരം, പ്രോത്സാഹിപ്പിക്കാനുള്ള വരം, പഠിപ്പിക്കാനുള്ള വരം എന്നിങ്ങനെ ഏതു ആത്മവരമായാലും അതൊക്കെയും മറ്റുള്ളവരുടെ പ്രയോജനത്തിനായിട്ടുള്ളതാണെന്ന് കണക്കാക്കണമെന്ന് പൗലോസ് നിർദ്ദേശിക്കുന്നു (വാ. 5-8).
മെലാനിയും ട്രെവറും തങ്ങൾക്കില്ലാത്ത കാര്യങ്ങളെക്കുറിച്ച് പ്രയാസപ്പെട്ടില്ല; മറ്റെയാൾക്ക് ഇല്ലാത്തതും തനിക്കുള്ളതുമായ കഴിവിനെയോർത്ത് അഹങ്കരിച്ചുമില്ല. മറിച്ച്, അവർക്കുള്ള "കൃപാവര"ത്തെ സന്തോഷത്തോടെ മറ്റെയാൾക്കുവേണ്ടി ഉപയോഗിക്കുന്നു; ഒരുമിച്ച് പ്രവർത്തിക്കുന്നത് അന്യോന്യം എത്ര പ്രയോജനകരമാണെന്നവർ തിരിച്ചറിയുന്നു. നമുക്കും, ദൈവം നല്കിയ കൃപാവരങ്ങളെ മറ്റുള്ളവരുടെതിനൊപ്പം നിസ്വാർത്ഥമായി ഒരുമിച്ച് ഉപയോഗിക്കാം – ക്രിസ്തുവിനെ പ്രതി.
സമൃദ്ധി ആവശ്യത്തെ നിവർത്തിക്കുന്നു.
ആവശ്യക്കാരുടെ എണ്ണം കൃത്യമായി മനസ്സിലാക്കാൻ കഴിയാത്തതുകൊണ്ട് സ്കൂൾ ഉച്ചഭക്ഷണശാല പോലെ വലിയ ഭക്ഷണശാലകൾ ആവശ്യത്തിലും അധികം ഭക്ഷണം തയ്യാറാക്കാറുണ്ട്, ബാക്കി ഭക്ഷണം പാഴായിപ്പോകും. എന്നാൽ നിരവധി കുട്ടികൾ വീട്ടിൽ ഭക്ഷണമില്ലാത്തവരും, വാരാന്ത്യത്തിൽ ഭക്ഷണമില്ലാത്തവരും ഉണ്ട്. ഒരു വിദ്യാഭ്യാസ ജില്ല ഒരു സന്നദ്ധസംഘടനയുമായിച്ചേർന്ന് ഇതിന് ഒരു പരിഹാരം കണ്ടെത്തി. ബാക്കി വരുന്ന ഭക്ഷണം അവർ പൊതിഞ്ഞു കുട്ടികൾക്ക് വീടുകളിൽ കൊടുത്തയച്ചു, അങ്ങനെ ഒരേ സമയത്തു ഭക്ഷണം പാഴാക്കുന്നതിനും വിശപ്പിനും ഒരു പരിഹാരം കണ്ടു.
നാം പാഴാക്കുന്ന ഭക്ഷണത്തിന്റെ അളവ് നോക്കിയാൽ സമ്പത്തിന്റെ ധാരാളിത്തം ഒരു പ്രശ്നമേയല്ല. സ്കൂൾ പ്രോജക്ടിന്റെ പിന്നിലെ തത്വം അപ്പോസ്തലനായ പൗലോസ് കൊരിന്ത്യർക്ക് എഴുതിയ ലേഖനത്തിൽ പരാമർശിക്കുന്നതു പോലെയാണ്. മക്കദോന്യയിലുള്ള സഭ കഷ്ടമനുഭവിക്കുന്നു എന്ന് അദ്ദേഹത്തിന് മനസ്സിലായി. അതുകൊണ്ട് താൻ കൊരിന്തിലുള്ള സഭയോട് അവരുടെ സമൃദ്ധി മറ്റുള്ളവരുടെ ആവശ്യത്തിന് ഉതകുവാൻ ആവശ്യപ്പെട്ടു (2 കൊരിന്ത്യർ 8:14). അദ്ദേഹത്തിന്റെ ലക്ഷ്യം സഭകൾ തമ്മിൽ ഒരു സമത്വം കൊണ്ടുവരേണ്ടതിനായിരുന്നു. അങ്ങനെ ചിലർക്ക് ധാരാളവും മറ്റുചിലർക്ക് കുറവും ഉണ്ടാവില്ല.
പൗലോസ് കൊരിന്ത്യ സഭ അവർ നൽകുന്നതിലൂടെ ദരിദ്രരാകണമെന്ന് ആഗ്രഹിച്ചിരുന്നില്ല, മറിച്ച് ഇവരും വരും നാളുകളിൽ ആവശ്യം നേരിടാൻ സാദ്ധ്യതയുകാം എന്ന് തിരിച്ചറിഞ്ഞുകൊണ്ട് മക്കദോന്യക്കാരോട് മനസ്സലിവും ഉദാരതയും ഉണ്ടാകുവാൻ ആവശ്യപ്പെടുന്നു. ആവശ്യത്തിലിരിക്കുന്ന മറ്റുള്ളവരെ കാണുമ്പോൾ, നമുക്ക് എന്തെങ്കിലും പങ്കുവെക്കുവാനുണ്ടോ എന്ന് ശോധന ചെയ്യാം. നാം നൽകുന്നത് -വലുതോ ചെറുതോ ആകട്ടെ- ഒരിക്കലും പാഴാകില്ല.
യേശുവിലുള്ള പുതിയ ഡി എൻ എ
തന്റെ ജീവൻ രക്ഷിച്ച മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ കഴിഞ്ഞ് നാല് വർഷത്തിന് ശേഷം ക്രിസ്സ് വീണ്ടും പരിശോധനയ്ക്കായി തന്റെ രക്തം കൊടുത്തു. ദാതാവിന്റെ മജ്ജ തന്റെ സൗഖ്യത്തിനാവശ്യമായത് നൽകിയെങ്കിലും ആശ്ചര്യകരമായ ഒരു കാര്യം അവശേഷിപ്പിച്ചു: ക്രിസിന്റെ DNA ഇപ്പോൾ ക്രിസ്സിന്റേതല്ല ദാതാവിന്റേതാണ്. ഇത് ശരിക്കും സംഭവിക്കാം: മാറ്റിവെക്കലിന്റെ ലക്ഷ്യം തന്റെ ബലക്ഷയമുള്ള രക്തം ദാതാവിന്റെ ആരോഗ്യമുള്ള രക്തവുമായുള്ള മാറ്റമാണ്. അതിനാൽ ക്രിസിന്റെ കവിളുകൾ, ചുണ്ടുകൾ, നാവ് എന്നിവയുടെ സ്രവങ്ങളെല്ലാം ദാതാവിന്റെ DNA പ്രകടമാക്കി. തന്റെ ഓർമ്മകളും, പുറമെയുള്ള രൂപവും നിലനിർത്തിയിരുന്നെങ്കിലും ചില കാര്യങ്ങളിൽ അവൻ മറ്റൊരാളായി മാറി.
ക്രിസിന്റെ അനുഭവം യേശുവിനെ രക്ഷകനായി സ്വീകരിക്കുന്ന ഓരോ വ്യക്തിയുടെയും ജീവിതത്തിൽ നടക്കുന്നതിന് സമാനമാണ്. നമ്മുടെ ആത്മീക രൂപാന്തരത്തിന്റെ സമയത്ത് - നാം യേശുവിൽ ആശ്രയിക്കുമ്പോൾ - നാം ഒരു പുതിയ സൃഷ്ടിയായി മാറുന്നു (2 കൊരിന്ത്യർ 5:17). എഫേസോസ് സഭയ്ക്കുള്ള പൗലോസിന്റെ ലേഖനം, അവരെ ക്രിസ്തുവിനുവേണ്ടി വേർപെട്ട്, അവരിലെ ആന്തരിക രൂപാന്തരത്തെ വെളിപ്പെടുത്തുവാൻ പ്രോത്സാഹിപ്പിച്ചു, "ചതിമോഹങ്ങളാൽ വഷളായിപ്പോകുന്ന പഴയ മനുഷ്യനെ ഉപേക്ഷിച്ചു നിങ്ങളുടെ ഉള്ളിലെ ആത്മാവു സംബന്ധമായി പുതുക്കം പ്രാപിച്ചു സത്യത്തിന്റെ ഫലമായ നീതിയിലും വിശുദ്ധിയിലും ദൈവാനുരൂപമായി സൃഷ്ടിക്കപ്പെട്ട പുതുമനുഷ്യനെ ധരിച്ചുകൊൾവിൻ" (എഫേസ്യർ 4:22-24).
രൂപാന്തരം വരുത്തുന്ന യേശുവിന്റെ ശക്തി നമ്മിൽ സജീവമാണെന്ന് കാണിക്കാൻ നമുക്ക് ഡിഎൻഎ പരിശോധനകളോ രക്തപരിശോധനകളോ ആവശ്യമില്ല. ആ ആന്തരിക സത്യം നമ്മുടെ ചുറ്റുമുള്ള ലോകത്തിൽ നാം വ്യാപൃതരാകുമ്പോൾ, നാം എത്രത്തോളം തമ്മിൽ ദയയും മനസ്സലിവുമുള്ളവരായി, ദൈവം ക്രിസ്തുവിൽ നമ്മോട് ക്ഷമിച്ചതുപോലെ അന്യോന്യം ക്ഷമിക്കുമ്പോൾ നമ്മിലൂടെ പ്രകടമാകണം. (വാ.32).
സ്നേഹത്തിൽ നിന്ന് നൽകുക
ആയുഷ് എല്ലാ ദിവസവും പ്രഭാത ഭക്ഷണം വാങ്ങിയിരുന്നത് അടുത്തുള്ള ഒരു കടയിൽ നിന്നായിരുന്നു. ഒപ്പം തന്നെ അവൻ എല്ലാ ദിവസവും ആവശ്യത്തിലിരിക്കുന്ന ഒരാൾക്കായി ഭക്ഷണം അവരറിയാതെ കാഷ്യർ മുഖേന ഒരു ശുഭദിന ആശംസയോടെ നൽകിയിരുന്നു. ആയുഷിന് അവരുമായി യാതൊരു ബന്ധവുമില്ലായിരുന്നു. അവരുടെ പ്രതികരണത്തെപ്പറ്റിയും അവനു ധാരണയുണ്ടായിരുന്നില്ല, എന്നാൽ "തനിക്കു ചെയ്യാൻ പറ്റുന്ന ഏറ്റവും ചെറിയ പ്രവർത്തിയായി" അവൻ ഇതിനെ വിശ്വസിച്ചിരുന്നു. ആകെ ഒരവസരത്തിൽ മാത്രമാണ് അവന് താൻ നൽകുന്ന ഈ ചെറിയ സമ്മാനത്തിന്റെ സ്വാധീനം മനസ്സിലായുള്ളു. ഒരിക്കൽ, താൻ ചെയ്യുന്ന പ്രവർത്തിയുടെ സ്വാധീനം അവനൊരു ദിനപത്രത്തിന്റെ പംക്തിയിൽ നിന്ന് മനസ്സിലാക്കി. ജീവിതം അവസാനിപ്പിക്കുവാൻ തീരുമാനിച്ച ഒരു വ്യക്തി മാറി ചിന്തിക്കുവാൻ താൻ ചെയ്യുന്ന കാരുണ്യ പ്രവർത്തി അന്നേദിവസം പ്രേരിപ്പിച്ചു എന്ന് അവൻ മനസ്സിലാക്കി.
യാതൊരു അംഗീകാരവും ആഗ്രഹിക്കാതെ തന്നെ ആയുഷ് ഓരോ ദിവസവും ഒരാൾക്ക് പ്രഭാതഭക്ഷണം നൽകുന്നു. "നീയോ ഭിക്ഷകൊടുക്കുമ്പോൾ നിന്റെ ഭിക്ഷ രഹസ്യത്തിലായിരിക്കേണ്ടതിന്നു വലങ്കൈ ചെയ്യുന്നതു എന്തു എന്നു ഇടങ്കൈ അറിയരുതു" (മത്തായി 6:3) എന്ന് യേശു പറയുമ്പോൾ, ആയുഷ് ചെയ്തത് പോലെ, നമ്മെ തിരിച്ചറിയാതെ നാം നന്മ ചെയ്യണമെന്നാണ് അവിടുന്ന് ആഗ്രഹിക്കുന്നത്. നാം മറ്റുള്ളവരുടെ ബഹുമാനം തേടാതെ, ദൈവസ്നേഹത്തിൽ നിന്ന് നൽകുമ്പോൾ, നമ്മുടെ സമ്മാനങ്ങൾ ചെറുതോ വലുതോ ആകട്ടെ അത് ലഭിക്കുന്നവരുടെ ആവശ്യത്തിന് ഉതകുവാൻ അവിടുന്ന് സഹായിക്കും.
വെളിച്ചം ഉണ്ടാകട്ടെ
എന്റെ മകൾ പിച്ചവെച്ചു നടക്കുന്ന സമയം അവൾ അത്ഭുതത്തോടെ കണ്ടെത്തുന്ന അപരിചിതമായ ഓരോ കാര്യത്തിനും ഞാൻ പലപ്പോഴും പേരിട്ടു; ആ വസ്തുക്കൾ തിരിച്ചറിയുന്നതിനായി അവളെ അതു സ്പർശിക്കുവാൻ അനുവദിക്കുകയോ അവൾക്കായി അതിന്റെ പേര് ആവർത്തിച്ചു പറയുകയോ ചെയ്യുക പതിവായിരുന്നു. ചുറ്റും കാണുന്ന വിശാലമായ ലോകം അവളെ പരിചയപ്പെടുത്തുകയും അവയുടെ പേര് പഠിപ്പിക്കുകയുമായിരുന്നു ഞങ്ങളുടെ ഉദ്ദേശ്യം. എന്റെ ഭർത്താവും ഞാനും , സ്വാഭാവികമായും അവളുടെ ആദ്യ വാക്ക് അമ്മ എന്നോ അപ്പ എന്നോ ആയിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും, അവൾ തികച്ചും വ്യത്യസ്തമായ അവളുടെ ആദ്യ വാക്കുകൊണ്ട് ഞങ്ങളെ അത്ഭുതപ്പെടുത്തി: ഒരു ദിവസം അവളുടെ ചെറിയ വായ മൃദുവായി പിറുപിറുത്തു – വേറ്റം! ഞാൻ പറഞ്ഞു കൊടുത്ത “വെട്ടം” (വെളിച്ചം) എന്ന വാക്കിന്റെ മധുരമായ പ്രതിധ്വനി ആയിരുന്നു അത്.
ബൈബിളിൽ നമുക്കായി രേഖപ്പെടുത്തിയ ദൈവത്തിന്റെ ആദ്യ വാക്കുകളിൽ ഒന്നാണ് വെളിച്ചം. ദൈവത്തിന്റെ ആത്മാവ്, പാഴും ശൂന്യവുമായി ഇരുന്ന ഇരുണ്ട ഭൂമിയിൽ, പരിവർത്തനം ചെയ്യുമ്പോൾ, ദൈവം ഭൂമിയിൽ വെളിച്ചം അവതരിപ്പിച്ചു, "വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലത് എന്നു ദൈവം കണ്ടു" (ഉൽപത്തി 1: 3). മറ്റ് തിരുവെഴുത്തുകളും ഇതു തന്നെ പറയുന്നു: ദൈവവചനം നമ്മുടെ ബുദ്ധിയെ പ്രകാശിപ്പിക്കുന്നുവെന്ന് സങ്കീർത്തനക്കാരൻ വിശദീകരിക്കുന്നു (സങ്കീ. 119:130), യേശു തന്നെക്കുറിച്ച് തന്നെ"ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു" എന്ന് പറയുന്നു, (യോഹ. 8:12).
സൃഷ്ടികർമ്മത്തിൽ ദൈവത്തിന്റെ ആദ്യ വാക്ക് വെളിച്ചം ഉണ്ടാകട്ടെ എന്നതായിരുന്നു. അത് ആ ജോലി ചെയ്യുവാൻ ദൈവത്തിന് വെളിച്ചം ആവശ്യമായിരുന്നതുകൊണ്ടല്ല; ആ വെളിച്ചം നമുക്ക് വേണ്ടിയായിരുന്നു. നമുക്ക് ചുറ്റുമുള്ള സൃഷ്ടിയിൽ അവനെ കാണുവാനും അവന്റെ വിരലടയാളം തിരിച്ചറിയാനും, നല്ലതല്ലാത്തതിൽ നിന്ന് നല്ലതെന്താണെന്ന് മനസ്സിലാക്കുവാനും, ഈ വിശാലമായ ലോകത്തിൽ യേശുവിന്റെ പിന്നാലെ ഓരോ ചുവടും വെക്കുവാനും വെളിച്ചം നമ്മെ പ്രാപ്തരാക്കുന്നു.
പ്രാധാന്യമുള്ളത് എന്ത്?
ഒരു സഹപ്രവർത്തകനും സഹവിശ്വാസിയുമായ ആൾ എന്റെ ഒരു സുഹൃത്തിനോട് അവൾ ഏത് രാഷ്ട്രീയ പാർട്ടിയിലാണെന്ന് ചോദിച്ചു. അയാളുടെ ചോദ്യത്തിന്റെ ഉദ്ദേശ്യം സമൂഹത്തെ വേർതിരിക്കുന്ന നിരവധി കാര്യങ്ങളിൽ ഏതിലെങ്കിലും അവർ തമ്മിൽ ഐക്യമുണ്ടോ എന്നറിയുക ആയിരുന്നു. അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് മനസ്സിലാക്കാനുള്ള പരിശ്രമത്തിന് അവൾ ലളിതമായി ഇങ്ങനെ മറുപടി പറഞ്ഞു: “നമ്മൾ രണ്ടു പേരും വിശ്വാസികളായതു കൊണ്ട്, ക്രിസ്തുവിൽ നമുക്കുള്ള ഐക്യത്തിൽ മാത്രം കേന്ദ്രീകരിക്കാനാണ് എനിക്ക് താല്പര്യം.”
പൗലോസിന്റെ കാലത്തും ആളുകൾക്ക് മറ്റ് പല കാര്യങ്ങളിലും വിഭാഗീയത ഉണ്ടായിരുന്നു. അനുവദനീയമായ ഭക്ഷണം ഏതാണ്, വിശുദ്ധമായി കണക്കാക്കപ്പെടുന്ന ദിവസങ്ങൾ ഏതൊക്കെ തുടങ്ങിയ കാര്യങ്ങളിൽ റോമിലെ ക്രിസ്ത്യാനികളുടെയിടയിൽ ഭിന്നതയുണ്ടായിരുന്നു. വിശ്വസിക്കുന്ന കാര്യങ്ങളിൽ “ഓരോരുത്തൻ താന്താന്റെ മനസ്സിൽ ഉറച്ചിരിക്കുന്ന“തിനു പുറമെ. പൗലോസ് അവർ തമ്മിൽ പൊതുവായുള്ള കാര്യം എന്താണെന്ന് ഓർമ്മിപ്പിക്കുന്നു:യേശുവിനു വേണ്ടി ജീവിക്കുന്നു എന്നതാണ് (റോമർ 14:5-9). മറ്റുള്ളവരെ വിധിക്കാതെ “സമാധാനത്തിനും അന്യോന്യം ആത്മിക വർധനക്കും ഉള്ളതിന് ശ്രമിച്ചു കൊള്ളുക” (വാ.19) എന്ന് അവരെ പ്രബോധിപ്പിക്കുന്നു.
രാജ്യങ്ങളും സഭകളും സമൂഹങ്ങളും വലുതും ചെറുതുമായ നിരവധി വിഷയങ്ങളിൽ വിഭിന്നരായിരിക്കുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ ജീവിതങ്ങളെ അവനോടു കൂടെ നിത്യ ഭദ്രമാക്കുന്നതിനു വേണ്ടി ക്രിസ്തു ക്രൂശിൽ ചെയ്ത പ്രവൃത്തി എന്ന ഐക്യപ്പെടുത്തുന്ന സത്യത്തിൽ നമുക്ക് ശ്രദ്ധ കേന്ദ്രീകരിക്കാം. നമ്മുടെ വ്യക്തിപരമായ നിലപാടുകൾ മൂലം “ദൈവ നിർമ്മാണത്തെ അഴിക്കരുത് “എന്ന പൗലോസിന്റെ വാക്കുകൾ 2000 വർഷം മുമ്പെന്ന പോലെ ഇന്നും പ്രസക്തമാണ്. മറ്റുള്ളവരുടെമേൽ വിധി പ്രസ്താവിക്കുന്നവരാകാതെ, സ്നേഹപൂർവ്വം പ്രവർത്തിക്കുകയും നമ്മുടെ സഹോദരീ സഹോദരന്മാരെ ബഹുമാനിക്കുന്ന വിധം ജീവിക്കുകയും ചെയ്യാം.
നമ്മെപ്പോലെ, നമുക്ക് വേണ്ടി
തന്റെ മകൾ ഷോപ്പിങ്ങ് മോളിലായിരുന്ന സമയം മുഴുവൻ തൊപ്പി തലയിൽ നിന്ന് മാറ്റാത്തത് കാൻസർ ചികിത്സയുടെ ഭാഗമായുള്ള തുടർച്ചയായ കീമോ തെറാപ്പിയുടെ ഫലമായി മുടിയെല്ലാം പോയതിനെക്കുറിച്ച് സ്വയം നല്ല ബോധ്യമുള്ളതുകൊണ്ടാണെന്ന് പ്രീതിക്ക് മനസ്സിലായി. തന്റെ മകളോട് തദാത്മ്യപ്പെടുന്നതിനായി, പ്രീതിയും തന്റെ മനോഹരമായ നീണ്ട മുടി മുഴുവൻ ഷേവ് ചെയ്ത് കളയാൻ വേദനയോടെ തീരുമാനിച്ചു.
തന്റെ മകളോടുള്ള പ്രീതിയുടെ ഈ സ്നേഹം ദൈവത്തിന് തന്റെ മക്കളോടുള്ള സ്നേഹത്തിന്റെ ഒരു പ്രതിഫലനമാണ്. കാരണം, അവന്റെ മക്കളായ നാം “ജഢരക്തങ്ങളോടു കൂടിയവർ” (എബ്രായർ 2:14) ആകയാൽ യേശു നമുക്ക് സദൃശരായി മനുഷ്യ രൂപത്തിലായി നമ്മെ മരണത്തിന്റെ അധികാരത്തിൽ നിന്നും വിടുവിച്ചു. നമുക്കായി സകലവും ദൈവത്തോട് നിരപ്പിക്കുന്നതിനു വേണ്ടി അവൻ “സകലത്തിലും തന്റെ സഹോദരന്മാരോട് സദൃശനായി തീരുവാൻ ആവശ്യമായിരുന്നു” (വാ. 17).
തന്റെ മകളുടെ സ്വയാവബോധത്തെ അതിജീവിക്കുവാൻ സഹായിക്കുന്നതിനു വേണ്ടി പ്രീതി സ്വയം തന്റെ മകളെപ്പോലെയായി. യേശു ഇതിനെക്കാൾ വലുതായ, പാപത്തിന്റെ അടിമത്തം എന്ന നമ്മുടെ പ്രശ്നം അതിജീവിക്കാൻ നമ്മെ സഹായിച്ചു. അവൻ നമ്മിലൊരുവനെപ്പോലെയായി നമ്മുടെ പാപത്തിന്റെ പരിണിത ഫലമെല്ലാം ഏറ്റെടുത്ത് നമുക്ക് പകരമായി മരിച്ചു കൊണ്ട് നമുക്കു വേണ്ടി ഈ പ്രശ്നം പരിഹരിച്ചു.
യേശു നമ്മുടെ മനുഷ്യത്വം പങ്കുവെക്കുവാൻ മനസ്സായതു മൂലം നമുക്ക് ദൈവവുമായി നല്ല ബന്ധം ലഭിച്ചു എന്നത് മാത്രമല്ല, നമ്മുടെ സംഘർഷങ്ങളുടെ നിമിഷങ്ങളിൽ അവനെ ചാരുവാൻ നമുക്ക് സാധ്യമാകുകയും ചെയ്യുന്നു. നാം പ്രലോഭനങ്ങളും പ്രതികൂലങ്ങളും അഭിമുഖീകരിക്കുമ്പോൾ ശക്തിക്കും ബലത്തിനുമായി “സഹായിക്കുവാൻ കഴിവുള്ളവനായ” (വാ.18) അവനിൽ ചാരുവാൻ നമുക്കാകുന്നു. സ്നേഹമുള്ള പിതാവിനെപ്പോലെ നമ്മെ മനസ്സിലാക്കുകയും കരുതുകയും ചെയ്യും.
സ്ഥിരമായ മേൽവിലാസം
കുറച്ചു നാൾ മുമ്പ് ഞങ്ങൾക്ക് തൊട്ടടുത്ത് തന്നെയുള്ള ഒരു പുതിയ വീട്ടിലേക്ക് താമസം മാറേണ്ടി വന്നു. വില്പനയും വാങ്ങലും സംബന്ധിച്ച പണമിടപാടുകളിൽ വന്ന താമസം മൂലം സാധനങ്ങളെല്ലാം ഒരു ട്രക്കിലേക്ക് മാറ്റേണ്ടിവന്നു; ഞങ്ങൾ ഒരു തല്ക്കാലികസ്ഥലത്തും താമസിച്ചു. വീട്ടിൽ അല്ല എങ്കിലും വീട്ടുസാധനങ്ങൾ എല്ലാം ട്രക്കിൽ ആയിട്ടും എനിക്ക് വീട്ടിൽ തന്നെ താമസിക്കുന്നതു പോലെ തോന്നി-കാരണം ഞാൻ ഏറ്റവും സ്നേഹിക്കുന്ന എന്റെ കുടുംബത്തോടൊപ്പമായിരുന്നു.
ജീവിതത്തിന്റെ ഒരു കാലഘട്ടം ദാവീദിന് ഭവനമില്ലാതെ കഴിയേണ്ടി വന്നു. ശൗൽ രാജാവിൽ നിന്ന് ഒളിച്ച് താമസിച്ച കാലം. ദാവീദിനെ തന്റെ പിൻഗാമിയായി ദൈവം അഭിഷേകം ചെയ്തു എന്ന് മനസ്സിലാക്കിയ ശൗൽ ദാവീദിനെ തനിക്ക് ഭീഷണിയായി കണ്ട് കൊല്ലാൻ ശ്രമിച്ചു. ദാവീദ് വീട് വിട്ട് ഓടിപ്പോയി ഒളിവിടങ്ങളിൽ പാർത്തു. തന്റെ കൂട്ടാളികൾ എല്ലാം കൂടെയുണ്ടായിട്ടും ദാവീദിന്റെ ഹൃദയത്തിന്റെ താല്പര്യം “ആയുഷ്കാലമൊക്കെയും യഹോവയുടെ ആലയത്തിൽ പാർക്കേണ്ടതിനു തന്നേ” ആയിരുന്നു (സങ്കീ.27:4) ദൈവവുമായുള്ള ഒരു സ്ഥിരമായ കൂട്ടായ്മാബന്ധം ദാവീദ് ആഗ്രഹിച്ചിരുന്നു.
യേശുവാണ് നമ്മുടെ സ്ഥിരമായ സഹചാരി. അതുകൊണ്ട് നാം എവിടെയായിരുന്നാലും അസ്വസ്ഥത വേണ്ട. നമ്മുടെ പ്രശ്നങ്ങളിലെല്ലാം അവൻ കൂടെ ആയിരിക്കുകയും അവനോടൊപ്പം നിത്യവുമായിരിക്കുവാൻ നമുക്കായി സ്ഥലമൊരുക്കുകയും ചെയ്യുന്നു (യോഹന്നാൻ 14:3). ഈ ഭൂമിയിലെ പൗരന്മാർ എന്ന നിലയിൽ നാം അസ്ഥിരതയും മാറ്റങ്ങളും അഭിമുഖീകരിക്കേണ്ടതുണ്ടെങ്കിലും ദൈവവുമായുള്ള കൂട്ടായ്മാബന്ധത്തിൽ നമുക്ക് സ്ഥിരവാസമനുഭവിക്കാനാകും; എവിടെയും എല്ലാ ദിവസവും.
ദൈവത്തിന്റെ നല്ല പശ
ഒരു അമേരിക്കൻ യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞർ അടുത്തിടെ ഒരു പുതിയ തരം പശ നിർമ്മിച്ചു, അത് വളരെ ശക്തവും നീക്കം ചെയ്യാവുന്നതുമാണ്. അവരുടെ ഡിസൈൻ ഒരു ഒച്ചിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടതാണ്. ഉണങ്ങിയ അവസ്ഥയിൽ അതിന്റെ ദ്രവം കഠിനമാകുകയും നനഞ്ഞാൽ വീണ്ടും അയവു വരികയും ചെയ്യും. ഒച്ചുകളുടെ ദ്രവത്തിന്റെഈ സവിശേഷത,കൂടുതൽ ഈർപ്പമുള്ള സ്ഥലത്ത്സ്വതന്ത്രമായി നീങ്ങാൻ അതിനെ അനുവദിക്കുന്നു, എന്നാൽചലനം അപകടകരമാകുമ്പോൾ,അത്ഒച്ചുകളെ അതിന്റെ പരിസ്ഥിതിയിൽ സുരക്ഷിതരായി ഉറപ്പിച്ചുനിർത്തുന്നു.
പ്രകൃതിയിൽ കാണപ്പെടുന്ന ഒരു പശയെ അനുകരിക്കുന്ന ഗവേഷകരുടെ സമീപനം, ശാസ്ത്രജ്ഞനായ ജോഹാനസ് കെപ്ലറുടെ കണ്ടെത്തലുകളെക്കുറിച്ചുതാൻ പറഞ്ഞത്ഓർമിപ്പിക്കുന്നു. താൻ "കേവലംദൈവത്തിന്റെ ചിന്തകൾ പിന്തുടരുകമാത്രമാണ് ചെയ്തിരുന്നത്" എന്ന്അദ്ദേഹം പറഞ്ഞു. ഭൂമിയും അതിലുള്ള സകലവും ദൈവം സൃഷ്ടിച്ചെന്ന് ബൈബിൾ നമ്മോട് പറയുന്നു: ഭൂമിയിലെ സസ്യങ്ങൾ (ഉൽപത്തി 1:12); വെള്ളത്തിലെ ജീവജന്തുക്കളുംപറവജാതിയും (വാ.21); ഭൂചരജന്തുക്കൾ (വാ.25); കൂടാതെ തന്റെ സ്വരൂപത്തിൽമനുഷ്യനെയും (വാ.27).
മനുഷ്യൻഒരു ചെടിയുടെയോ മൃഗത്തിന്റെയോ ഒരു പ്രത്യേക ഗുണം കണ്ടെത്തുകയോ തിരിച്ചറിയുകയോ ചെയ്യുമ്പോൾ, അവൻസൃഷ്ടിയുടെചുവടുകൾ കേവലം പിന്തുടരുകയാണ്.
സൃഷ്ടിവിവരണത്തിൽ ഓരോ ദിവസത്തിന്റെയും അവസാനം, ദൈവം തന്റെ പ്രവൃത്തിയുടെ ഫലം പരിശോധിക്കുകയും അതിനെ "നല്ലത്" എന്ന് വിശേഷിപ്പിക്കുകയും ചെയ്തു. ദൈവത്തിന്റെ സൃഷ്ടിയെക്കുറിച്ച് നാം കൂടുതൽ പഠിക്കുകയും കണ്ടെത്തുകയും ചെയ്യുമ്പോൾ, നാമും അവന്റെ പ്രൗഢമായ പ്രവൃത്തി തിരിച്ചറിഞ്ഞ്, അതിനെ നന്നായി പരിപാലിച്ച്, അതെത്ര നല്ലതാണെന്ന് പ്രഖ്യാപിക്കുവാൻ ഇടയാകട്ടെ!