ഇനി മുൻവിധിയില്ല
വർഷങ്ങൾക്കുമുമ്പ്, ന്യൂയോർക്കിലെ മെട്രോപൊളിറ്റൻ ഓപ്പറ ഓർക്കസ്ട്രയിലെ പ്രധാന ട്രംപറ്റ് വായിക്കുന്ന ആളുടെ ജോലിക്കായി ജൂലി ലാൻഡ്സ്മാൻ ഓഡിഷൻ നടത്തി. വിധികർത്താക്കളുടെ മുൻവിധി ഒഴിവാക്കാൻ MET എന്ന ഈ സംഗീത സ്ഥാപനം ഉദ്യോഗാർത്ഥികളെ ഒരു സ്ക്രീനിന് പിന്നിൽ ഇരുത്തിയാണ് ഓഡിഷനുകൾ നടത്തിയത്. ലാൻഡ്‌സ്‌മാൻ അവളുടെ ഓഡിഷനിൽ മികച്ച പ്രകടനം നടത്തുകയും മത്സരത്തിൽ വിജയിക്കുകയും ചെയ്തു. എന്നാൽ അവൾ സ്‌ക്രീനിന്റെ പിന്നിൽ നിന്ന് ഇറങ്ങിവന്നപ്പോൾ, ചില പുരുഷ ജഡ്ജിമാർ മുറിയുടെ പിൻഭാഗത്തേക്ക് നടന്ന് അവളുടെ നേരെ പുറം തിരിഞ്ഞു. വാസ്തവത്തിൽ അവർ മറ്റൊരാളെയാണ് പ്രതീക്ഷിച്ചിരുന്നത്.
യിസ്രായേല്യർ ഒരു രാജാവിനെ ആവശ്യപ്പെട്ടപ്പോൾ, ദൈവം അത് ഉൾക്കൊള്ളുകയും മറ്റ് ജാതികൾക്കുള്ളതുപോലെ പ്രൗഢിയുള്ള ഒരു മനുഷ്യനെ അവർക്ക് നൽകുകയും ചെയ്തു (1ശമൂവേൽ 8:5; 9:2). എന്നാൽ രാജാവെന്ന നിലയിലുള്ള ശൗലിന്റെ ആദ്യ വർഷങ്ങളിൽ വിശ്വാസരാഹിത്യവും അനുസരണക്കേടും കാണിച്ചതിനാൽ, ഒരു പുതിയ രാജാവിനെ അഭിഷേകം ചെയ്യാൻ ദൈവം ശമൂവേലിനെ ബെത്‌ലഹേമിലേക്ക് അയച്ചു (16:1-13). മൂത്തമകനായ എലീയാബ് കാഴ്ചയിൽ മതിപ്പ് തോന്നുന്നവനായതുകൊണ്ട് ദൈവം അവനെ രാജാവായി തിരഞ്ഞെടുത്തുവെന്ന് ശമൂവേൽ കരുതി. എന്നാൽ ദൈവം ശമൂവേലിന്റെ മനോഭാവത്തെ ചോദ്യം ചെയ്തു: "മനുഷ്യൻ കണ്ണിന്നു കാണുന്നതു നോക്കുന്നു; യഹോവയോ ഹൃദയത്തെ നോക്കുന്നു" (വാക്യം 7). ദൈവം തന്റെ ജനത്തെ നയിക്കാൻ ദാവീദിനെ തിരഞ്ഞെടുത്തു (വാക്യം 12).
ആളുകളുടെ കഴിവും യോഗ്യതയും വിലയിരുത്തുമ്പോൾ, ആ വ്യക്തിയുടെ സ്വഭാവം, ആഗ്രഹം, ഉദ്ദേശ്യങ്ങൾ എന്നിവയാണ് ദൈവം നോക്കുന്നത്. ദൈവത്തിന്റെ വീക്ഷണത്തിലൂടെ ലോകത്തെയും ആളുകളെയും കാണുവാൻ അവൻ നമ്മെ ക്ഷണിക്കുന്നു—ബാഹ്യരൂപത്തിലോ യോഗ്യതയിലോ അല്ല, ഹൃദയങ്ങളിലാണ് നോക്കേണ്ടത്.
തെറ്റുകളിൽ നിന്ന് പഠിക്കുക
1929-ലും 2008-ലും ലോക സമ്പദ്‌വ്യവസ്ഥയെ തകർത്തത് പോലുള്ള സാമ്പത്തിക പിഴവുകൾ ഭാവിയിൽ ഒഴിവാക്കാൻ, സ്‌കോട്ട്‌ലൻഡിലെ എഡിൻബർഗിൽ ലൈബ്രറി ഓഫ് മിസ്ടേക്ക്സ് സ്ഥാപിച്ചു. അടുത്ത തലമുറയിലെ സാമ്പത്തിക വിദഗ്ധരെ ബോധവത്കരിക്കാൻ സഹായിക്കുന്ന രണ്ടായിരത്തിലധികം പുസ്തകങ്ങളുടെ ഒരു ശേഖരം ഇതിലുണ്ട്. ലൈബ്രറിയുടെ ക്യൂറേറ്റർമാർ പറയുന്നതനുസരിച്ച്, "മിടുക്കരായ ആളുകൾ തുടർച്ചയായി മണ്ടത്തരങ്ങൾ ചെയ്യുന്നത് എങ്ങനെ" എന്നതിന്റെ ഉത്തമ ഉദാഹരണമായി ഇത് പ്രവർത്തിക്കുന്നു. മുൻകാല തെറ്റുകളിൽ നിന്ന് പാഠം പഠിക്കുക എന്നതാണ് ശക്തമായ സമ്പദ്‌വ്യവസ്ഥ കെട്ടിപ്പടുക്കാനുള്ള ഏക മാർഗമെന്ന് ക്യൂറേറ്റർമാർ വിശ്വസിക്കുന്നു.
പ്രലോഭനങ്ങൾക്ക് വഴങ്ങാതിരിക്കാനും ശക്തമായ ആത്മീയ ജീവിതം നയിക്കാനുമുള്ള ഒരു മാർഗ്ഗം, കഴിഞ്ഞകാല ദൈവജനത്തിന്റെ തെറ്റുകളിൽ നിന്ന് പഠിക്കുക എന്നതാണ് എന്ന് പൗലോസ് കൊരിന്ത്യരെ ഓർമിപ്പിച്ചു. അതുകൊണ്ട് അവർ തങ്ങളുടെ ആത്മീയ പദവിയിൽ അമിത ആത്മവിശ്വാസം പുലർത്തുന്നില്ലെന്ന് ഉറപ്പാക്കാൻ, പുരാതന യിസ്രായേലിന്റെ പരാജയങ്ങൾ ജ്ഞാനം നേടുന്നതിനുള്ള ഒരു ഉദാഹരണമായി അപ്പോസ്തലൻ ഉപയോഗിച്ചു. വിഗ്രഹാരാധനയിൽ ഏർപ്പെട്ട യിസ്രായേല്യർ, "ലൈംഗിക അധാർമികത" തിരഞ്ഞെടുത്തു, ദൈവത്തിന്റെ പദ്ധതികളെയും ഉദ്ദേശ്യങ്ങളെയും കുറിച്ച് പിറുപിറുത്തു, അവന്റെ നേതാക്കൾക്കെതിരെ മത്സരിച്ചു. അവരുടെ പാപം നിമിത്തം അവർ അവന്റെ ശിക്ഷണം അനുഭവിച്ചു (1 കൊരിന്ത്യർ 10:7-10). യിസ്രായേലിന്റെ തെറ്റുകൾ ആവർത്തിക്കാതിരിക്കാൻ യേശുവിൽ വിശ്വസിക്കുന്നവരെ സഹായിക്കാൻ പൗലോസ് ഈ ചരിത്രപരമായ "ഉദാഹരണങ്ങൾ" തിരുവെഴുത്തുകളിൽ നിന്ന് അവതരിപ്പിച്ചു (വാക്യം 11).
ദൈവത്തിന്റെ സഹായത്താൽ, നമ്മുടെ തെറ്റുകളിൽ നിന്നും, മറ്റുള്ളവർ ചെയ്ത തെറ്റുകളിൽ നിന്നും നമുക്ക് പഠിക്കാം, അങ്ങനെ നമുക്ക് അവനുവേണ്ടി അനുസരണമുള്ള ഒരു ഹൃദയം നേടാം.
ജീവ കിരീടം
5 കി.മീ. (ഏതാണ്ട് 3 മൈൽ) ഓട്ടത്തിൽ താൻ പിന്തള്ളപ്പെടുമോ എന്ന് പന്ത്രണ്ടുകാരിയായ ലീഅഡിയാൻസ് റോഡ്രിഗസ്-എസ്പാഡ ആശങ്കാകുലയായിരുന്നു. അവളുടെ ഉത്കണ്ഠ നിമിത്തം ശ്രദ്ധിക്കാതെ, തന്റെ മത്സരം ആരംഭിക്കുന്നതിന് പതിനഞ്ച് മിനിറ്റ് മുമ്പ് പുറപ്പെട്ട, ഹാഫ് മാരത്തണിൽ (13 മൈലിലധികം!) പങ്കെടുക്കുന്ന ഒരു കൂട്ടം ഓട്ടക്കാരോടൊപ്പം അവൾ ഓടിത്തുടങ്ങി. ലീഅഡിയാൻസ മറ്റ് ഓട്ടക്കാർക്കൊപ്പം കാൽ നീട്ടിവലിച്ച് ഓടി. നാലു മൈൽ പിന്നിട്ടിട്ടും, ഫിനിഷിംഗ് ലൈൻ എവിടെയും കാണാത്തതിനാൽ, താൻ ദീർഘവും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ ഓട്ടത്തിലാണെന്ന് അവൾ മനസ്സിലാക്കി. പിന്മാറുന്നതിനു പകരം അവൾ ഓടിക്കൊണ്ടേയിരുന്നു. ആകസ്മികമായ ഹാഫ് മാരത്തണർ തന്റെ 13.1 മൈൽ ഓട്ടം പൂർത്തിയാക്കി 2,111 ഫിനിഷർമാരിൽ 1,885-ആം സ്ഥാനത്തെത്തി. അതാണ് സ്ഥിരോത്സാഹം!
പീഡനത്തിനിരയായപ്പോൾ, ഒന്നാം നൂറ്റാണ്ടിലെ പല ക്രിസ്തു വിശ്വാസികളും ക്രിസ്തുവിനുവേണ്ടിയുള്ള ഓട്ടത്തിൽ നിന്ന് വിട്ടുനിൽക്കാൻ ആഗ്രഹിച്ചു, എന്നാൽ ഓടിക്കൊണ്ടിരിക്കാൻ യാക്കോബ് അവരെ പ്രോത്സാഹിപ്പിച്ചു. അവർ ക്ഷമയോടെ പരിശോധനകൾ സഹിച്ചാൽ, ദൈവം ഇരട്ടിയായ പ്രതിഫലം വാഗ്ദാനം ചെയ്തിട്ടുണ്ടെന്നോർമ്മിപ്പിച്ചു (യാക്കോബ് 1:4, 12). ഒന്നാമതായി, “അവർ സ്ഥിരത ഉള്ളവരാകും’’ അങ്ങനെ അവർ “ഒന്നിലും കുറവില്ലാതെ തികഞ്ഞവരും സമ്പൂർണ്ണരും’’ (വാ. 4) ആകും. രണ്ടാമതായി, ദൈവം അവർക്ക് “ജീവ കിരീടം’’ നൽകും - ഭൂമിയിലെ യേശുവിലുള്ള ജീവിതവും വരാനിരിക്കുന്ന ജീവിതത്തിൽ അവന്റെ സാന്നിധ്യത്തിലായിരിക്കുമെന്ന വാഗ്ദത്തവും (വാ. 12).
ചില ദിവസങ്ങളിൽ, ക്രിസ്തീയ ഓട്ടം നാം പേരുകൊടുത്ത ഒന്നല്ലെന്ന് തോന്നിപ്പോകാറുണ്ട് - അത് നാം പ്രതീക്ഷിച്ചതിലും ദൈർഘ്യമേറിയതും കൂടുതൽ ബുദ്ധിമുട്ടുള്ളതുമായ കാര്യമായി തോന്നും. എന്നാൽ ദൈവം നമുക്കാവശ്യമായത് പ്രദാനം ചെയ്യുന്നതിനാൽ നമുക്ക് സ്ഥിരോത്സാഹത്തോടെ ഓടാൻ കഴിയും.
ദൈവത്തിന്റെ രക്ഷാപ്രവൃത്തി
അനുകമ്പയുള്ള ഒരു സന്നദ്ധസേവകൻ തന്റെ വീരോചിതമായ പ്രവൃത്തികൾക്ക് “കാവൽ മാലാഖ’’ എന്ന് വിളിക്കപ്പെട്ടു. ജെയ്ക്ക് മന്ന ജോലിസ്ഥലത്ത് സോളാർ പാനലുകൾ സ്ഥാപിച്ചുകൊണ്ടിരുന്ന ഇടത്തുനിന്നാണ്, കാണാതായ അഞ്ചു വയസ്സുകാരിയെ കണ്ടെത്താനുള്ള അടിയന്തര തിരച്ചിലിൽ പങ്കാളിയായത്. അയൽക്കാർ അവരുടെ ഗാരേജുകളിലും മുറ്റത്തും തിരഞ്ഞപ്പോൾ, മന്ന കാല്പാടുകൾ നോക്കി അടുത്തുള്ള വനപ്രദേശത്തേക്ക് നടക്കുകയും അവിടെ ഒരു ചതുപ്പിൽ അരയോളം ആഴത്തിൽ താണുപോയ നിലയിൽ പെൺകുട്ടിയെ കണ്ടെത്തുകയും ചെയ്തു. അവൻ ആ ചേറിലേക്കിറങ്ങി കുട്ടിയെ രക്ഷിച്ച് അവളെ കേടുപാടുകൾ കൂടാതെ വീട്ടിലേക്കു കൊണ്ടുവന്നു. ചേറുപുരണ്ട കുഞ്ഞിനെ അവളുടെ അമ്മയെ ഏല്പിച്ചു. നന്ദിയോടെ അവൾ കുഞ്ഞിനെ ഏറ്റുവാങ്ങി.
ആ കൊച്ചു പെൺകുട്ടിയെപ്പോലെ ദാവീദും വിടുതൽ അനുഭവിച്ചു. കരുണയ്ക്കായുള്ള തന്റെ ഹൃദയംഗമമായ നിലവിളികളോട് ദൈവം പ്രതികരിക്കുന്നതിനായി സങ്കീർത്തനക്കാരൻ “ക്ഷമയോടെ കാത്തിരുന്നു’’ (സങ്കീർത്തനം 40:1). സഹായത്തിനായുള്ള അവന്റെ നിലവിളി ദൈവം കേട്ടു, അവന്റെ സാഹചര്യങ്ങളുടെ “നാശകരമായ കുഴിയിൽനിന്നും കുഴഞ്ഞ ചേറ്റിൽനിന്നും’’ അവനെ രക്ഷിച്ചുകൊണ്ട് പ്രതികരിച്ചു (വാ. 2) - ദാവീദിന്റെ ജീവിതത്തിന് ഉറപ്പുള്ള അടിത്തറ നൽകി. ജീവിതത്തിന്റെ ചെളി നിറഞ്ഞ ചതുപ്പിൽ നിന്ന് ഭൂതകാല രക്ഷാപ്രവർത്തനങ്ങൾ സ്തുതിഗീതങ്ങൾ ആലപിക്കാനും ഭാവി സാഹചര്യങ്ങളിൽ ദൈവത്തെ ആശ്രയിക്കാനും തന്റെ കഥ മറ്റുള്ളവരുമായി പങ്കിടാനുമുള്ള അവന്റെ ആഗ്രഹത്തെ ശക്തിപ്പെടുത്തി (വാ. 3-4).
സാമ്പത്തിക ബുദ്ധിമുട്ടുകൾ, ദാമ്പത്യ കലഹങ്ങൾ, അപര്യാപ്തതയുടെ വികാരങ്ങൾ എന്നിങ്ങനെയുള്ള ജീവിത വെല്ലുവിളികളിൽ നാം അകപ്പെടുമ്പോൾ, നമുക്ക് ദൈവത്തോട് നിലവിളിക്കുകയും അവൻ പ്രതികരിക്കുന്നതിനായി ക്ഷമയോടെ കാത്തിരിക്കുകയും ചെയ്യാം (വാ. 1). അവിടുന്ന് അവിടെയുണ്ട്, നമ്മുടെ ആവശ്യസമയത്ത് നമ്മെ സഹായിക്കാനും നമുക്ക് നിൽക്കാൻ ഒരു ഉറച്ച ഇടം നൽകാനും അവിടുന്നു തയ്യാറാണ്.
ദൈവത്തിനു കീഴടങ്ങുക
സ്വയം സഹായിക്കുന്നവരെ ദൈവം സഹായിക്കുന്നില്ല; തന്നിൽ ആശ്രയിക്കുകയും ചാരുകയും ചെയ്യുന്നവരെ അവൻ സഹായിക്കുന്നു. സുവിശേഷങ്ങളെ അടിസ്ഥാനമാക്കിയുള്ള ദ ചോസൻ എന്ന വിജയകരമായ ടിവി സീരീസിൽ യേശുവിന്റെ വേഷം ചെയ്യുന്ന നടൻ ജോനാഥാൻ റൂമി ഇക്കാര്യം 2018 മെയ് മാസത്തിൽ തിരിച്ചറിഞ്ഞു. എട്ടു വർഷമായി ലോസ് ആഞ്ചലസിൽ താമസിക്കുന്ന റൂമി, ഏതാണ്ട് തകർന്ന അവസ്ഥയിലായി, അടുത്ത ദീവസത്തേക്കുള്ള ഭക്ഷണം പോലും ഇല്ലാതായി. ഒരു ജോലിയും ലഭിച്ചില്ല. എന്തു ചെയ്യണമെന്ന് അറിയാതെ, നടൻ തന്റെ ഹൃദയം ദൈവസന്നിധിയിൽ പകരുകയും തന്റെ കരിയർ ദൈവത്തിന് സമർപ്പിക്കുകയും ചെയ്തു. “ഞാൻ കീഴടങ്ങുന്നു” എന്ന വാക്കുകൾ ഞാൻ അക്ഷരാർത്ഥത്തിൽ [പ്രാർത്ഥിച്ചു]. ഞാൻ കീഴടങ്ങുന്നു' അദ്ദേഹം പറഞ്ഞു. അന്നുതന്നേ, തപാലിൽ നാല് ചെക്കുകൾ ലഭിച്ചു. മൂന്ന് മാസത്തിന് ശേഷം, ദ ചോസണിലെ യേശുവിന്റെ വേഷത്തിനായി അദ്ദേഹത്തെ കാസ്റ്റ് ചെയ്തു. തന്നിൽ ആശ്രയിക്കുന്നവരെ ദൈവം സഹായിക്കുമെന്ന് റൂമി കണ്ടെത്തി.
“ദുഷ്പ്രവൃത്തിക്കാരോടു മുഷിയുകയും നീതികേടു ചെയ്യുന്നവരോടു അസൂയപ്പെടുകയും” (സങ്കീർത്തനം 37:1) ചെയ്യാതെ എല്ലാം ദൈവത്തിന് സമർപ്പിക്കാൻ സങ്കീർത്തനക്കാരൻ നമ്മെ ക്ഷണിക്കുന്നു. നാം നമ്മുടെ ജീവിതം അവനിൽ കേന്ദ്രീകരിക്കുമ്പോൾ, “[അവനിൽ] ആശ്രയിച്ചു നന്മചെയ്യാനും ദേശത്തു പാർത്തു വിശ്വസ്തത ആചരിക്കാനും യഹോവയിൽ തന്നേ രസിച്ചുകൊള്ളാനും” (വാ. 3-4) നമുക്കു കഴിയും. നമ്മുടെ എല്ലാ ആഗ്രഹങ്ങളും പ്രശ്‌നങ്ങളും ഉത്കണ്ഠകളും ദൈനംദിന കാര്യങ്ങളും അവനു സമർപ്പിക്കുക. നമ്മുടെ ജീവിതത്തിലെ സംഭവങ്ങൡലൂടെ ദൈവം നമ്മുടെ ജീവിതത്തെ നയിക്കുകയും നമുക്ക് സമാധാനം നൽകുകയും ചെയ്യും (വാ. 5-6). യേശുവിൽ വിശ്വസിക്കുന്നവർ എന്ന നിലയിൽ, നമ്മുടെ ജീവിതം എന്തായിരിക്കണമെന്ന് നിർണ്ണയിക്കാൻ അവനെ അനുവദിക്കേണ്ടത് പ്രധാനമാണ്.
നമുക്ക് കീഴടങ്ങാം, ദൈവത്തിൽ വിശ്വസിക്കാം. നമ്മൾ ചെയ്യുന്നതുപോലെ, അവൻ നടപടിയെടുക്കുകയും ആവശ്യമായതും മികച്ചതും ചെയ്യുകയും ചെയ്യും.
നിങ്ങളുടെ പക്കലുള്ളത് ക്രിസ്തുവിനായി ഉപയോഗിക്കുക
സ്യൂവിംഗ് ഹാൾ ഓഫ് ഫെയിമിനെക്കുറിച്ച് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ? 2001-ൽ സ്ഥാപിതമായ ഇത്, 'തയ്യൽ വിദ്യാഭ്യാസത്തിലൂടെയും ഉൽപ്പന്ന വികസനത്തിലൂടെയും അതുല്യവും നൂതനവുമായ സംഭാവനകളോടെ ഗാർഹിക തയ്യൽ വ്യവസായത്തിൽ ശാശ്വതമായ സ്വാധീനം ചെലുത്തിയ' ആളുകളെ അംഗീകരിക്കുന്നു. 2005-ൽ ഹാളിൽ പ്രവേശിച്ച മാർത്ത പുല്ലെനെപ്പോലുള്ള വ്യക്തികൾ ഇതിൽ ഉൾപ്പെടുന്നു, അവരെ ''ഒരു സദൃശവാക്യങ്ങൾ 31 സ്ത്രീ'' എന്ന് വിശേഷിപ്പിക്കുന്നു. . . അവളുടെ ശക്തിയുടെയും പ്രചോദനത്തിന്റെയും അനുഗ്രഹങ്ങളുടെയും ഉറവിടം പരസ്യമായി അംഗീകരിക്കുന്നതിൽ ഒരിക്കലും പരാജയപ്പെടുന്നില്ല.
സ്യൂവിംഗ് ഹാൾ ഓഫ് ഫെയിം ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഒരു കണ്ടുപിടുത്തമാണ്, എന്നാൽ അത് യിസ്രായേലിൽ ഒന്നാം നൂറ്റാണ്ടിൽ ഉണ്ടായിരുന്നെങ്കിൽ, തബീഥാ എന്ന സ്ത്രീ അതിൽ ഉൾപ്പെടുമായിരുന്നു. തബീഥാ യേശുവിൽ വിശ്വസിക്കുന്നവളും തയ്യൽക്കാരിയും തന്റെ സമൂഹത്തിലെ ദരിദ്രരായ വിധവകൾക്കായി വസ്ത്രങ്ങൾ തയ്ക്കാൻ സമയം ചിലവഴിച്ചവളുമായിരുന്നു (അപ്പൊ. 9:36, 39). അവൾ രോഗബാധിതയായി മരിച്ചശേഷം, ദൈവം അവനിലൂടെ ഒരു അത്ഭുതം പ്രവർത്തിക്കുമോ എന്നറിയാൻ ശിഷ്യന്മാർ പത്രൊസിനെ ആളയച്ചു വരുത്തി. അവൻ വന്നപ്പോൾ, കരയുന്ന വിധവകൾ തബീഥാ തങ്ങൾക്കുവേണ്ടി ഉണ്ടാക്കിയ വസ്ത്രങ്ങളും മറ്റും അവനെ കാണിച്ചു (വാ. 39). ഈ വസ്ത്രങ്ങൾ അവളുടെ നഗരത്തിലെ ദരിദ്രർക്ക് വേണ്ടി അവൾ “എപ്പോഴും നന്മ ചെയ്യുന്നു” എന്നതിന്റെ തെളിവായിരുന്നു (വാ. 36). ദൈവശക്തിയാൽ പത്രൊസ് തബീഥയെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നു.
നമ്മുടെ സമൂഹത്തിലും ലോകത്തിലും നിലവിലുള്ള ആവശ്യങ്ങൾ നിറവേറ്റുന്നതിന് നമ്മുടെ കഴിവുകൾ ഉപയോഗിക്കാൻ ദൈവം നമ്മെ വിളിക്കുകയും സജ്ജരാക്കുകയും ചെയ്യുന്നു. നമുക്ക് നമ്മുടെ കഴിവുകൾ യേശുവിന്റെ സേവനത്തിനായി ഉപയോഗിക്കാം, ഹൃദയങ്ങളെയും ജീവിതങ്ങളെയും ഒരുമിച്ചു ചേർക്കാൻ അവൻ നമ്മുടെ സ്‌നേഹപ്രവൃത്തികൾ എങ്ങനെ ഉപയോഗിക്കുമെന്ന് നമുക്കു കാണാം (എഫേസ്യർ 4:16).
ഒരു വേറിട്ട നിലവിളി
ഒരു കുഞ്ഞ് കരയുമ്പോൾ, അവൾ ക്ഷീണിതനാണെന്നോ അല്ലെങ്കിൽ അവൾക്കു വിശക്കുന്നു എന്നോ ഉള്ളതിന്റെ സൂചനയാണ്, അല്ലേ? ബ്രൗൺ യൂണിവേഴ്‌സിറ്റിയിലെ ഡോക്ടർമാരുടെ അഭിപ്രായത്തിൽ, നവജാത ശിശുവിന്റെ കരച്ചിലിലെ സൂക്ഷ്മമായ വ്യത്യാസങ്ങൾ മറ്റ് പ്രശ്‌നങ്ങൾക്കുള്ള സുപ്രധാന സൂചനകളും നൽകും. കുഞ്ഞിന്റെ കേന്ദ്ര നാഡീവ്യൂഹത്തിന് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് നിർണ്ണയിക്കാൻ, കരച്ചിൽ ഘടകങ്ങൾ, ശബ്ദം, കരച്ചിൽ ശബ്ദം എത്ര വ്യക്തമാണ് എന്നിവ അളക്കുന്ന ഒരു കമ്പ്യൂട്ടർ പ്രോഗ്രാം ഡോക്ടർമാർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
ദൈവം തന്റെ ജനത്തിന്റെ വ്യത്യസ്ത നിലവിളി കേൾക്കുമെന്നും അവരുടെ ഹൃദയത്തിന്റെ അവസ്ഥ നിർണ്ണയിക്കുമെന്നും കൃപയോടെ പ്രതികരിക്കുമെന്നും യെശയ്യാവ് പ്രവചിച്ചു. യെഹൂദാ, ദൈവത്തോട് ആലോചിക്കുന്നതിനുപകരം, അവന്റെ പ്രവാചകനെ അവഗണിക്കുകയും ഈജിപ്തുമായുള്ള സഖ്യത്തിൽ സഹായം തേടുകയും ചെയ്തു (യെശയ്യാവ് 30:1-7). അവർ തങ്ങളുടെ മത്സരത്തിൽ തുടരാൻ തീരുമാനിച്ചാൽ, അവൻ അവർക്ക് പരാജയവും അപമാനവും വരുത്തുമെന്ന് ദൈവം അവരോട് പറഞ്ഞു. എന്നിരുന്നാലും, “[അവരോട്] കൃപ കാണിക്കാനും . . . കരുണ കാണിക്കാനും” അവൻ ആഗ്രഹിച്ചു (വാ. 18). അവൻ അവരെ രക്ഷിക്കും. പക്ഷേ അവരുടെ മാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും നിലവിളിയിലൂടെ മാത്രമാണതു സംഭവിക്കുക. ദൈവജനം അവനോട് നിലവിളിച്ചാൽ, അവൻ അവരുടെ പാപങ്ങൾ ക്ഷമിക്കുകയും അവർക്ക് ആത്മീയ ശക്തിയും ചൈതന്യവും പുതുക്കിനൽകുകയും ചെയ്യും (വാ. 8-26).
യേശുവിൽ വിശ്വസിക്കുന്ന ഇന്നത്തെ വിശ്വാസികൾക്കും ഇത് ബാധകമാണ്. നമ്മുടെമാനസാന്തരത്തിന്റെയും വിശ്വാസത്തിന്റെയും വ്യതിരിക്തമായ നിലവിളികൾ നമ്മുടെ സ്വർഗീയ പിതാവിന്റെ ചെവികളിൽ എത്തുമ്പോൾ, അവൻ അത് കേൾക്കുകയും നമ്മോട് ക്ഷമിക്കുകയും അവനിലുള്ള നമ്മുടെ സന്തോഷവും പ്രത്യാശയും പുതുക്കുകയും ചെയ്യുന്നു.
ദൈവത്തോടൊപ്പം ട്രാക്കിൽ തുടരുക
വർഷങ്ങൾക്ക് മുമ്പ്, വടക്കുപടിഞ്ഞാറൻ സ്‌പെയിനിൽ 218 പേരുമായി യാത്രചെ്ത ഒരു ട്രെയിൻ പാളം തെറ്റി, 79 പേർ കൊല്ലപ്പെടുകയും 66 പേരെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. ഡ്രൈവർക്ക് അപകടത്തെക്കുറിച്ച് വിശദീകരിക്കാൻ കഴിഞ്ഞില്ലെങ്കിലും വീഡിയോ ദൃശ്യങ്ങൾക്ക് കഴിഞ്ഞു. അപകടകരമായ ഒരു വളവിലൂടെ ട്രെയിൻ അതിവേഗം സഞ്ചരിക്കുകയായിരുന്നു. ഇത്തരം വളവുകളിൽ അനുവദനീയമായ വേഗപരിധി ട്രെയിൻ ലംഘിച്ചു. സ്‌പെയിനിലെ ദേശീയ റെയിൽ കമ്പനിയിൽ മുപ്പതു വർഷമായി ട്രോയിൻ ഓടിച്ചു പരിചയമുണ്ടായിട്ടും ഏതോ കാരണത്താൽ ഡ്രൈവർ വേഗപരിധി അവഗണിക്കുകയും നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും ചെയ്തു.
ആവർത്തനപുസ്തകം 5-ൽ മോശ തന്റെ ജനത്തിനായുള്ള ദൈവത്തിന്റെ യഥാർത്ഥ ഉടമ്പടിയുടെ അതിരുകൾ അവലോകനം ചെയ്തു. ദൈവത്തിന്റെ പ്രബോധനം അവനുമായുള്ള സ്വന്തം ഉടമ്പടിയായി കണക്കാക്കാൻ മോശെ ഒരു പുതിയ തലമുറയെ പ്രോത്സാഹിപ്പിച്ചു (വാ. 3), തുടർന്ന് അവൻ പത്തു കൽപ്പനകൾ (വാ. 7-21) ആവർത്തിച്ചു. മുൻ തലമുറയുടെ അനുസരണക്കേടിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട്, ഭക്തിയുള്ളവരും വിനയാന്വിതരും ദൈവത്തിന്റെ വിശ്വസ്തതയെക്കുറിച്ച് ഓർമ്മയുള്ളവരുമായിരിക്കാൻ മോശെ യിസ്രായേല്യരെ ആഹ്വാനം ചെയ്തു. യിസ്രായേൽ അവരുടെ ജീവിതമോ മറ്റുള്ളവരുടെ ജീവിതമോ നശിപ്പിക്കാതിരിക്കാൻ ദൈവം തന്റെ ജനത്തിന് ഒരു വഴി ഉണ്ടാക്കി. അവർ അവന്റെ ജ്ഞാനം അവഗണിച്ചാൽ, അത് അവരുടെ സ്വന്തം നാശത്തിനിടയാക്കും.
ഇന്ന്, ദൈവം നമ്മെ നയിക്കുന്നതുപോലെ, നമുക്ക് എല്ലാ തിരുവെഴുത്തുകളും നമ്മുടെ ആനന്ദവും ഉപദേഷ്ടാവും നമ്മുടെ ജീവിതത്തിന് സംരക്ഷണവും ആക്കാം. ആത്മാവ് നമ്മെ നയിക്കുന്നതുപോലെ, നമുക്ക് അവന്റെ ജ്ഞാനപൂർവമായ സംരക്ഷണത്തിന്റെ പാത സൂക്ഷിക്കാനും നമ്മുടെ ജീവിതം അവനുവേണ്ടി പൂർണ്ണഹൃദയത്തോടെ സമർപ്പിക്കാനും കഴിയും.
സഹായത്തിനായുള്ള ഒരു നിലവിളി
ഡേവിഡ് വില്ലിസ് വാട്ടര്‍സ്റ്റോൺസ് ബുക്ക് ഷോപ്പിന്റെ മുകളിലത്തെ നിലയിലായിരുന്നു. അദ്ദേഹംം പെട്ടെന്ന് താഴേക്ക് വന്നപ്പോൾ ലൈറ്റുകൾ അണച്ചിരിക്കുന്നതും വാതിലുകൾ പൂട്ടിയിരിക്കുന്നതും കണ്ടു. അദ്ദേഹം കടയ്ക്കുള്ളിൽ കുടുങ്ങി! എന്താണ് ചെയ്യേണ്ടതെന്ന് അറിയാതെ അദ്ദേഹം ട്വിറ്ററിലേക്ക് തിരിഞ്ഞ് ട്വീറ്റ് ചെയ്തു: ''ഹായ് @വാട്ടർസ്റ്റോൺസ്. ഞാൻ ഇപ്പോൾ നിങ്ങളുടെ ട്രാഫൽഗർ സ്‌ക്വയർ ബുക്ക്‌സ്റ്റോറിനുള്ളിൽ 2 മണിക്കൂറായി പൂട്ടിയിടപ്പെട്ടിരിക്കുകയാണ്. ദയവായി എന്നെ പുറത്തു വിടൂ.'' ട്വീറ്റ് ചെയ്ത് അധികം താമസിയാതെ തന്നെ അദ്ദേഹത്തെ രക്ഷപ്പെടുത്തി.
നമുക്ക് ബുദ്ധിമുട്ടുകൾ ഉണ്ടാകുമ്പോൾ സഹായം ലഭിക്കാൻ ഒരു വഴി ഉണ്ടായിരിക്കുന്നത് നല്ലതാണ്. നാം സ്വയം ഉണ്ടാക്കിയ പ്രശ്‌നത്തിൽ കുടുങ്ങിപ്പോകുമ്പോൾ നമ്മുടെ നിലവിളികൾക്ക് ഉത്തരം തരുന്ന ഒരാളുണ്ടെന്ന് യെശയ്യാവ് പറഞ്ഞു. നിരുത്തരവാദപരമായി അവരുടെ മതപരമായ ഭക്തി അനുഷ്ഠിക്കുന്നതിന്റെ പേരിൽ ദൈവം തന്റെ ജനത്തെ കുറ്റം ചുമത്തിയതായി പ്രവാചകൻ എഴുതി. അവർ മതത്തിന്റെ ചലനങ്ങൾക്കൊപ്പം നീങ്ങുകയായിരുന്നു, എന്നാൽ ശൂന്യവും സ്വയം സേവിക്കുന്നതുമായ ആചാരങ്ങൾ ഉപയോഗിച്ച് ദരിദ്രരെ അടിച്ചമർത്തുന്നതിനെ അവർ മറയ്ക്കുകയായിരുന്നു (യെശയ്യാവ് 58:1-7). ഇത് ദൈവിക പ്രസാദം നേുന്നതായിരുന്നില്ല. ദൈവം തന്റെ ദൃഷ്ടി അവരിൽ നിന്ന് മറച്ചു, അവരുടെ പ്രാർത്ഥനകൾക്ക് ഉത്തരം നൽകിയില്ല (1:15). അവൻ അവരോട് അനുതപിക്കാനും മറ്റുള്ളവരെ കരുതുന്ന തരത്തിലുള്ള ബാഹ്യപ്രവൃത്തികൾ അനുഷ്ഠിക്കാനും പറഞ്ഞു (58:6-7). അവർ അങ്ങനെ ചെയ്താൽ “അപ്പോൾ നീ വിളിക്കും; യഹോവ ഉത്തരം അരുളും; നീ നിലവിളിക്കും, ഞാൻ വരുന്നു എന്നു അവൻ അരുളിച്ചെയ്യും; നുകവും വിരൽ ചൂണ്ടുന്നതും വഷളത്വം സംസാരിക്കുന്നതും നീ നിന്റെ നടുവിൽ നിന്നു നീക്കിക്കളകയും (ചെയ്താൽ)” (വാ. 9) അവൻ അവരോടു പറഞ്ഞു.
നമുക്ക് ദരിദ്രരോട് അടുക്കാം: “ഞാൻ ഇവിടെയുണ്ട്” എന്ന് അവരോടു പറയാം. അങ്ങനെ ചെയ്താൽൽ, സഹായത്തിനായുള്ള നമ്മുടെ നിലവിളി ദൈവം കേൾക്കുകയും, “ഞാൻ ഇവിടെയുണ്ട്” എന്ന് നമ്മോട് പറയുകയും ചെയ്യുന്നു.
സ്‌നേഹപൂർവമായ ഒരു മുന്നറിയിപ്പ്
2010 ൽ ഇന്തോനേഷ്യൻ ദ്വീപായ സുമാത്രയിൽ ഉണ്ടായ സുനാമിയിൽ നാനൂറിലധികം പേർ കൊല്ലപ്പെട്ടിരുന്നു. എന്നാൽ സുനാമി മുന്നറിയിപ്പ് സംവിധാനം ശരിയായി പ്രവർത്തിച്ചിരുന്നെങ്കിൽ മരണങ്ങൾ തടയാനോ കുറയ്ക്കാനോ കഴിയുമായിരുന്നു. സുനാമി കണ്ടെത്തൽ ശൃംഖലകൾ (ബോയ്കൾ) വേർപെർട്ട് അകന്നുപോയിരുന്നു.
അനുതപിക്കാത്ത പാപം ഉൾപ്പെടെ, ആത്മീയമായി ഹാനികരമാകുന്ന കാര്യങ്ങളെക്കുറിച്ച് സഹ ശിഷ്യന്മാർക്ക് മുന്നറിയിപ്പ് നൽകാനുള്ള ഉത്തരവാദിത്തം തന്റെ ശിഷ്യന്മാർക്കുണ്ടെന്ന് യേശു പറഞ്ഞു. മറ്റൊരാൾ ചെയ്ത കുറ്റത്തിനിരയായഒരു വിശ്വാസിക്ക് വിനയത്തോടെ, സ്വകാര്യമായി, പ്രാർത്ഥനാപൂർവ്വം കുറ്റം ചെയ്യുന്ന വിശ്വാസിയെ പാപം “ചൂണ്ടിക്കാണിക്കാൻ” കഴിയുന്ന ഒരു പ്രക്രിയ അവൻ വിശദീകരിച്ചു (മത്തായി 18:15). വ്യക്തി പശ്ചാത്തപിച്ചാൽ, സംഘർഷം പരിഹരിക്കാനും ബന്ധം പുനഃസ്ഥാപിക്കാനും കഴിയും. വിശ്വാസി മാനസാന്തരപ്പെടാൻ വിസമ്മതിച്ചാൽ, “ഒന്നോ രണ്ടോ പേർ” ചേർന്ന് പ്രശ്‌നം പരിഹരിക്കാൻ സഹായിക്കണം (വാ. 16). പാപം ചെയ്യുന്ന വ്യക്തി എന്നിട്ടും അനുതപിക്കുന്നില്ലെങ്കിൽ, വിഷയം “സഭ”യുടെ മുമ്പാകെ കൊണ്ടുവരണം (വാ. 17). കുറ്റവാളി അപ്പോഴും പശ്ചാത്തപിക്കുന്നില്ലെങ്കിൽ, ആ വ്യക്തിയെ കൂട്ടായ്മയിൽ നിന്ന് നീക്കം ചെയ്യണം, എന്നാൽ അവനുവേണ്ടി അല്ലെങ്കിൽ അവൾക്കുവേണ്ടി തീർച്ചയായും പ്രാർത്ഥിക്കാനും ക്രിസ്തുവിന്റെ സ്‌നേഹം പ്രകടിപ്പിക്കാനും കഴിയണം.
യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ, അനുതപിക്കാത്ത പാപത്തിന്റെ അപകടങ്ങളെക്കുറിച്ചും നമ്മുടെ സ്വർഗീയ പിതാവിനോടും മറ്റ് വിശ്വാസികളോടും ഉള്ള പുനഃസ്ഥാപനത്തിന്റെ സന്തോഷത്തെക്കുറിച്ചും സ്‌നേഹപൂർവം പരസ്പരം മുന്നറിയിപ്പ് നൽകുന്നതിന് ആവശ്യമായ ജ്ഞാനത്തിനും ധൈര്യത്തിനും വേണ്ടി നമുക്ക് പ്രാർത്ഥിക്കാം. നാം അങ്ങനെ ചെയ്യുമ്പോൾ യേശു ''അവരുടെ നടുവിൽ ഉണ്ട് “ (വാ. 20).