പ്രവാചകന്മാരുടെ സന്ദേശം
1906 ൽ നടന്ന ബേസ്‌ബോളിന്റെ വേൾഡ് സീരീസിന് മുമ്പ്, കായിക എഴുത്തുകാരൻ ഹ്യൂ ഫുള്ളർട്ടൺ ഒരു സൂക്ഷ്മമായ പ്രവചനം നടത്തി. ജയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്ന ചിക്കാഗോ കബ്‌സ് ഒന്നും മൂന്നും ഗെയിമുകൾ തോൽക്കുകയും രണ്ടാമത്തേത് ജയിക്കുകയും ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. അയ്യോ, നാലാം തിയതി മഴ പെയ്യുകയു ചെയ്യും. അദ്ദേഹം പറഞ്ഞ ഓരോ സംഗതിയും അതുപോലെ സംഭവിച്ചു. പിന്നീട്, 1919-ൽ, ചില കളിക്കാർ വേൾഡ് സീരീസ് ഗെയിമുകൾ മനഃപൂർവം തോൽക്കുമെന്ന് അദ്ദേഹം തന്റെ വിശകലന കഴിവുകൾ ഉപയോഗിച്ചു പറഞ്ഞു. ചൂതാട്ടക്കാർ കൈക്കൂലി നൽകിയതായി ഫുള്ളർട്ടൺ സംശയിച്ചു. ജനങ്ങൾ അദ്ദേഹത്തെ പരിഹസിച്ചു. വീണ്ടും, അദ്ദേഹം പറഞ്ഞത് ശരിയായി.
ഫുള്ളർട്ടൺ ഒരു പ്രവാചകനല്ലായിരന്നു-തെളിവുകൾ പഠിച്ച ഒരു ജ്ഞാനി മാത്രമായിരുന്നു. യിരെമ്യാവ് ഒരു യഥാർത്ഥ പ്രവാചകനായിരുന്നു, അദ്ദേഹത്തിന്റെ പ്രവചനങ്ങൾ എല്ലായ്‌പ്പോഴും സത്യമായിരുന്നു. കാളയുടെ നുകം ധരിച്ചുകൊണ്ട്, ബാബിലോന്യർക്ക് കീഴടങ്ങി ജീവിക്കാൻ യിരെമ്യാവ് യെഹൂദ്യരോട് പറഞ്ഞു (യിരെ. 27: 2, 12). കള്ളപ്രവാചകനായ ഹനന്യാവ് അവനോട് എതിർത്ത് ആ നുകം ഒടിച്ചുകളഞ്ഞി (28:2-4, 10). യിരെമ്യാവ് അവനോടു പറഞ്ഞു: “ഹനന്യാവേ, കേൾക്ക! യഹോവ നിന്നെ അയച്ചിട്ടില്ല; ... ഈ ആണ്ടിൽ നീ മരിക്കും’’ (വാ. 15,16). “അങ്ങനെ ഹനന്യാപ്രവാചകൻ ആയാണ്ടിൽ തന്നേ ഏഴാം മാസത്തിൽ മരിച്ചു” (വാ. 17).
പുതിയ നിയമം നമ്മോട് പറയുന്നു, ''ദൈവം പണ്ടു ... പ്രവാചകന്മാർമുഖാന്തരം പിതാക്കന്മാരോടു അരുളിച്ചെയ്തിട്ടു ഈ അന്ത്യകാലത്തു പുത്രൻ മുഖാന്തരം നമ്മോടു അരുളിച്ചെയ്തിരിക്കുന്നു'' (എബ്രായർ 1:1-2). യേശുവിന്റെ ജീവിതം, മരണം, പുനരുത്ഥാനം എന്നിവയിലൂടെയും തിരുവെഴുത്തുകളിലൂടെയും പരിശുദ്ധാത്മാവിന്റെ മാർഗ്ഗനിർദ്ദേശത്തിലൂടെയും ദൈവത്തിന്റെ സത്യം ഇന്നും നമ്മെ പഠിപ്പിക്കുന്നു.
നീണ്ട കളി
ടൂണിന്റെ രാജ്യത്ത് ഒരു പട്ടാള അട്ടിമറി ഉണ്ടായപ്പോൾ സൈന്യം യേശുവിൽ വിശ്വസിക്കുന്നവരെ ഭയപ്പെടുത്താനും അവരുടെ വളർത്തുമൃഗങ്ങളെ കൊല്ലാനും തുടങ്ങി. ഉപജീവനമാർഗം നഷ്ടപ്പെട്ട ടൂണിന്റെ കുടുംബം വിവിധ രാജ്യങ്ങളിലേക്ക് ചിതറിപ്പോയി. ഒൻപത് വർഷത്തോളം ടൂൺ തന്റെ കുടുംബത്തിൽ നിന്ന് അകലെ ഒരു അഭയാർത്ഥി ക്യാമ്പിൽ താമസിച്ചു. ദൈവം തന്നോടൊപ്പമുണ്ടെന്ന് അവനറിയാമായിരുന്നു, എങ്കിലും വേർപിരിയൽ സമയത്ത് രണ്ട് കുടുംബാംഗങ്ങൾ മരിച്ചു. ടൂൺ നിരാശനായി.
വളരെക്കാലം മുമ്പ്, മറ്റൊരു ജനവിഭാഗം ക്രൂരമായ അടിച്ചമർത്തലുകൾ നേരിട്ടു. അതുകൊണ്ട് മിസ്രയീമിൽ നിന്ന് യിസ്രായേല്യരെ പുറപ്പെടുവിക്കാൻ ദൈവം മോശയെ നിയോഗിച്ചു. മോശെ മനസ്സില്ലാമനസ്സോടെ സമ്മതിച്ചു. എന്നാൽ അവൻ ഫറവോനെ സമീപിച്ചപ്പോൾ, മിസ്രയീമ്യ ഭരണാധികാരി പീഡനം ശക്തമാക്കി (പുറപ്പാട് 5:6-9). “ഞാൻ യഹോവയെ അറികയില്ല; ഞാൻ യിസ്രായേലിനെ വിട്ടയക്കയുമില്ല,” അവൻ പറഞ്ഞു (വാ. 2). ജനം മോശെയോടും മോശെ ദൈവത്തോടും പരാതി പറഞ്ഞു (വാ. 20-23).
അവസാനം, ദൈവം യിസ്രായേല്യരെ സ്വതന്ത്രരാക്കി, അവർക്ക് അവർ ആഗ്രഹിച്ച സ്വാതന്ത്ര്യം ലഭിച്ചു - എന്നാൽ ദൈവത്തിന്റെ വഴിയിലും സമയത്തിലും ആണതു ലഭിച്ചത്. അവൻ ഒരു നീണ്ട കളി കളിക്കുന്നു. അങ്ങനെ അവന്റെ സ്വഭാവത്തെക്കുറിച്ച് നമ്മെ പഠിപ്പിക്കുകയും വലിയ കാര്യത്തിനായി നമ്മെ തയ്യാറാക്കുകയും ചെയ്യുന്നു.
ന്യൂഡൽഹിയിലെ സെമിനാരിയിൽ നിന്ന് ബിരുദാനന്തര ബിരുദം നേടിയ ടൂൺ അഭയാർത്ഥി ക്യാമ്പിലെ തന്റെ വർഷങ്ങൾ നന്നായി ഉപയോഗിച്ചു. ഇപ്പോൾ അവൻ സ്വന്തം ആളുകളുടെ - ഒരു പുതിയ വീട് കണ്ടെത്തിയ അവനെപ്പോലുള്ള അഭയാർത്ഥികളുടെ - പാസ്റ്ററാണ്. “ഒരു അഭയാർത്ഥി എന്ന നിലയിലുള്ള എന്റെ കഥ ഒരു ശുശ്രൂഷകനെന്ന നിലയിൽ നയിക്കുന്നതിനുള്ള ഒരു മൂലഘടകമാണ്,” അദ്ദേഹം പറയുന്നു. തന്റെ സാക്ഷ്യത്തിൽ, പുറപ്പാട് 15:2-ൽ മോശെയുടെ ഗാനം ടൂൺ ഉദ്ധരിക്കുന്നു: “എന്റെ ബലവും എന്റെ ഗീതവും യഹോവയത്രേ.” ഇന്ന് അവൻ നമ്മുടേയും ബലവും ഗീതവും ആണ്.
ശരിയായതു ചെയ്യുക
തടവുകാരനായ ''ജെയ്‌സൺ'' അയച്ച കത്ത് എന്റെ ഭാര്യയെയും എന്നെയും അത്ഭുതപ്പെടുത്തി. വൈകല്യമുള്ളവരെ സഹായിക്കാൻ സേവന നായ്ക്കളായി നായ്ക്കുട്ടികളെ ഞങ്ങൾ “പരിശീലിപ്പിക്കുന്നു.” നായ്ക്കളെ പരിശീലിപ്പിക്കുന്നതിന് പരിശീലനം ലഭിച്ച തടവുകാർ നടത്തുന്ന അടുത്ത പരിശീലന ഘട്ടത്തിലേക്ക് അത്തരത്തിലുള്ള ഒരു നായ്ക്കുട്ടിയെ ഞങ്ങൾ അയച്ചു. പരിശീലകനായ ജെയ്‌സൺ ഞങ്ങൾക്ക് അയച്ച കത്തിൽ അദ്ദേഹത്തിന്റെ ഭൂതകാലത്തെക്കുറിച്ചുള്ള ഖേദം രേഖപ്പെടുത്തിയിരുന്നു. എന്നാൽ തുടർന്നദ്ദേഹം എഴുതി, ''ഞാൻ പരിശീലിപ്പിച്ച പതിനേഴാമത്തെ നായയാണ് സ്‌നിക്കേഴ്‌സ്. അവൾ ഏറ്റവും മികച്ച നായാണ്. അവൾ തലയുയർത്തി എന്നെ നോക്കുന്നത് കാണുമ്പോൾ, ഒടുവിൽ ഞാൻ എന്തെങ്കിലും ശരിയായി ചെയ്യുന്നതായി എനിക്ക് തോന്നുന്നു.''
ജെയ്‌സൺ മാത്രമല്ല കഴിഞ്ഞ കാലത്തെയോർത്തു ഖേദിക്കുന്നത്. നമുക്കെല്ലാവർക്കും ഖേദമുണ്ട്. യെഹൂദരാജാവായ മനശ്ശെയ്ക്ക് ഖേദിക്കാൻ ധാരാളം ഉണ്ടായിരുന്നു. 2 ദിനവൃത്താന്തം 33-ൽ അവന്റെ ചില ക്രൂരതകൾ വിവരിക്കുന്നു: ജാതീയ ദൈവങ്ങൾക്ക് ലൈംഗികത പ്രകടമാക്കുന്ന ബലിപീഠങ്ങൾ പണിയുക (വാ. 3), മന്ത്രവാദം ചെയ്യുക, സ്വന്തം മക്കളെ ബലിയർപ്പിക്കുക (വാ. 6) തുടങ്ങിയവ. അവൻ രാജ്യത്തെ മുഴുവൻ ഈ ദുഷിച്ച പാതയിലൂടെ നയിച്ചു (വാ. 9).
“യഹോവ മനശ്ശെയോടും അവന്റെ ജനത്തോടും സംസാരിച്ചു; എങ്കിലും അവർ ശ്രദ്ധിച്ചില്ല” (വാ. 10). ഒടുവിൽ അവൻ ശ്രദ്ധിച്ചു. ബാബിലോണിയർ ദേശത്തെ ആക്രമിച്ചു, ''അവർ മനശ്ശെയെ കൊളുത്തുകളാൽ പിടിച്ചു ചങ്ങലയിട്ടു ബാബേലിലേക്കു കൊണ്ടുപോയി'' (വാ. 11). അടുത്തതായി, മനശ്ശെ ഒടുവിൽ ശരിയായ കാര്യം ചെയ്തു. “കഷ്ടത്തിൽ ആയപ്പോൾ അവൻ തന്റെ ദൈവമായ യഹോവയോടു അപേക്ഷിച്ചു. ... തന്നെത്താൻ ഏറ്റവും താഴ്ത്തി അവനോടു പ്രാർത്ഥിച്ചു” (വാക്യം 12). ദൈവം അവന്റെ പ്രാർത്ഥന കേട്ടു, അവനെ രാജാവായി യഥാസ്ഥാനപ്പെടുത്തി. മനശ്ശെ പുറജാതി ആചാരങ്ങൾക്ക് പകരം ഏക സത്യദൈവത്തെ ആരാധിച്ചു (വാ. 15-16).
നിങ്ങളുടെ ഖേദം നിങ്ങളെ നശിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുന്നുണ്ടോ? ഇനിയും വൈകിയിട്ടില്ല. മാനസാന്തരത്തിന്റെ താഴ്മയുള്ള നമ്മുടെ പ്രാർത്ഥന ദൈവം കേൾക്കുന്നു.
എളുപ്പത്തിൽ ലഭ്യമാകുന്ന പണം
1700-കളുടെ അവസാനത്തിൽ, കാനഡയിലെ നോവ സ്‌കോട്ടിയയിലെ ഓക്ക് ദ്വീപിൽ ഒരു യുവാവ് നിഗൂഢമായ ഒരു വിള്ളൽ കണ്ടെത്തി. കടൽക്കൊള്ളക്കാർ അവിടെ നിധി കുഴിച്ചിട്ടിട്ടുണ്ടെന്ന് ഊഹിച്ച് അവനും കൂട്ടാളികളും കുഴിക്കാൻ തുടങ്ങി. അവർ ഒരിക്കലും ഒരു നിധിയും കണ്ടെത്തിയില്ല, പക്ഷേ അതിനെത്തുടർന്നു കിംവദന്തികൾ പിറവിയെടുത്തു. നൂറ്റാണ്ടുകളായി, മറ്റുള്ളവർ അവിടം കുഴിക്കുന്നത് തുടർന്നു- വൻതോതിൽ പണവും സമയവും ചെലവഴിച്ചു. കുഴിക്ക് ഇപ്പോൾ നൂറടി (മുപ്പത് മീറ്റർ) ആഴമുണ്ട്.
അത്തരം അഭിനിവേശങ്ങൾ മനുഷ്യഹൃദയത്തിലെ ശൂന്യതയെ വെളിപ്പെടുത്തുന്നു. എങ്ങനെയാണ് ഒരാളുടെ പെരുമാറ്റം അവന്റെ ഹൃദയത്തിലെ അത്തരമൊരു ശൂന്യത വെളിപ്പെടുത്തിയത് എന്ന് ബൈബിളിലെ ഒരു കഥ കാണിക്കുന്നു. ഗേഹസി ദീർഘകാലം മഹാപ്രവാചകനായ എലീശായുടെ വിശ്വസ്ത സേവകനായിരുന്നു. എന്നാൽ ദൈവം കുഷ്ഠരോഗം സുഖപ്പെടുത്തിയ ഒരു സൈനിക മേധാവിയുടെ ആഡംബര സമ്മാനങ്ങൾ എലീശാ നിരസിച്ചപ്പോൾ, അതിൽ നിന്ന് കുറച്ച് ലഭിക്കാൻ ഗേഹസി ഒരു കഥ മെനഞ്ഞു (2 രാജാക്കന്മാർ 5:22). സമ്മാനവുമായി വീട്ടിൽ തിരിച്ചെത്തിയ ഗേഹസി പ്രവാചകനോട് കള്ളം പറഞ്ഞു (വാ. 25). എന്നാൽ എലീശയ്ക്ക് എല്ലാം അറിയാമായിരുന്നു. അവൻ അവനോടു ചോദിച്ചു: “ആ പുരുഷൻ രഥത്തിൽനിന്നു ഇറങ്ങി നിന്നെ എതിരേറ്റപ്പോൾ എന്റെ ഹൃദയം നിന്നോടു കൂടെ പോന്നിരുന്നില്ലയോ?’’ (വാ. 26). അവസാനം, ഗേഹസിക്ക് അവൻ ആഗ്രഹിച്ചത് ലഭിച്ചു, എന്നാൽ പ്രധാനപ്പെട്ടത് നഷ്ടപ്പെട്ടു (വാ. 27).
ഈ ലോകത്തിലെ നിധികളെ പിന്തുടരരുതെന്നും പകരം ''സ്വർഗ്ഗത്തിൽ നിക്ഷേപം സ്വരൂപിച്ചുകൊൾവിൻ'' (മത്തായി 6:20) എന്നും കർത്താവു പറഞ്ഞു.
നിങ്ങളുടെ ഹൃദയാഭിലാഷങ്ങളിലേക്കുള്ള കുറുക്കുവഴികൾ സൂക്ഷിക്കുക. യേശുവിനെ അനുഗമിക്കുന്നതാണ് യഥാർത്ഥമായ എന്തെങ്കിലും കൊണ്ട് ശൂന്യത നിറയ്ക്കാനുള്ള വഴി.
മോഷ്ടിച്ച ദൈവങ്ങൾ
കൊത്തുപണികളുള്ള മരംകൊണ്ടുള്ള ഒരു വിഗ്രഹം - ഒരു ഗൃഹബിംബം - എക്കുവ എന്ന സ്ത്രീയിൽ നിന്ന് മോഷ്ടിക്കപ്പെട്ടു. അവൾ അത് അധികാരികളെ അറിയിച്ചു. വിഗ്രഹം കണ്ടെത്തിയ നിയമപാലകർ അതു തിരിച്ചറിയാൻ അവളെ വിളിച്ചു. 'ഇതാണോ നിങ്ങളുടെ ദൈവം?' അവർ ചോദിച്ചു. അവൾ സങ്കടത്തോടെ പറഞ്ഞു, 'ഇല്ല, എന്റെ ദൈവം ഇതിനെക്കാൾ വലുതും മനോഹരവുമാണ്.'
കൈകൊണ്ട് നിർമ്മിച്ച ദൈവത്തിന് തങ്ങളെ സംരക്ഷിക്കാൻ കഴിയുമെന്ന് പ്രതീക്ഷിച്ച് ആളുകൾ തങ്ങളുടെ ദൈവസങ്കൽപ്പത്തിന് രൂപം നൽകാൻ പണ്ടേ ശ്രമിച്ചിട്ടുണ്ട്. അതുകൊണ്ടായിരിക്കാം യാക്കോബിന്റെ ഭാര്യ റാഹേൽ ലാബാനിൽ നിന്ന് ഓടിപ്പോയപ്പോൾ ''തന്റെ അപ്പന്നുള്ള ഗൃഹവിഗ്രഹങ്ങളെ മോഷ്ടിച്ചത്'' (ഉല്പത്തി 31:19). എന്നാൽ യാക്കോബിന്റെ പാളയത്തിൽ വിഗ്രഹങ്ങൾ മറഞ്ഞിരുന്നിട്ടും ദൈവം അവന്റെ മേൽ തന്റെ കരം വെച്ചു (വാ. 34).
പിന്നീട്, അതേ യാത്രയിൽ, യാക്കോബ് രാത്രി മുഴുവൻ 'ഒരു മനുഷ്യനുമായി' മല്ലു പിടിച്ചു (32:24). ഈ എതിരാളി വെറുമൊരു മനുഷ്യനല്ലെന്ന് അവൻ മനസ്സിലാക്കിയിരിക്കണം, കാരണം നേരം പുലർന്നപ്പോൾ യാക്കോബ് പറഞ്ഞു, 'നീ എന്നെ അനുഗ്രഹിച്ചല്ലാതെ ഞാൻ നിന്നെ വിടുകയില്ല' (വാ. 26). ആ മനുഷ്യൻ അവനെ യിസ്രായേൽ എന്ന് പുനർനാമകരണം ചെയ്തു ('ദൈവം യുദ്ധം ചെയ്യുന്നു') തുടർന്ന് അവനെ അനുഗ്രഹിച്ചു (വാ. 28-29). യാക്കോബ് ആ സ്ഥലത്തിനു പെനിയേൽ ('ദൈവത്തിന്റെ മുഖം') എന്ന് പേർ വിളിച്ചു, 'ഞാൻ ദൈവത്തെ മുഖാമുഖമായി കണ്ടിട്ടും എനിക്കു ജീവഹാനി വിന്നില്ല എന്നു യാക്കോബ് പറഞ്ഞു' (വാ. 30).
ഈ ദൈവം-ഏകസത്യ ദൈവം-ഏകുവയ്ക്ക് സങ്കൽപ്പിക്കാൻ കഴിയാത്ത എന്തിനേക്കാളും അനന്തമായി വലുതും മനോഹരവുമാണ്. അവനെ കൊത്തിയെടുക്കാനോ മോഷ്ടിക്കാനോ മറയ്ക്കാനോ കഴികയില്ല. എങ്കിലും, ആ രാത്രി യാക്കോബ് പഠിച്ചതുപോലെ, നമുക്ക് അവനെ സമീപിക്കാം! ഈ ദൈവത്തെ 'സ്വർഗ്ഗസ്ഥനായ നമ്മുടെ പിതാവേ' എന്ന് വിളിക്കാൻ യേശു തന്റെ ശിഷ്യന്മാരെ പഠിപ്പിച്ചു (മത്തായി 6:9).
ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്
മാർഗരറ്റ് അമ്മായിയുടെ മിതവ്യയം ഐതിഹാസികമായിരുന്നു. അവൾ മരിച്ചതിനുശേഷം, അവളുടെ മരുമക്കൾ അവളുടെ സാധനങ്ങൾ അടുക്കിപ്പെറുക്കുക എന്ന ഗൃഹാതുരത്വം നിറഞ്ഞതും പ്രയാസകരവുമായ ജോലി ആരംഭിച്ചു. ഒരു ഡ്രോയറിൽ, ഒരു ചെറിയ പ്ലാസ്റ്റിക് ബാഗിനുള്ളിൽ വൃത്തിയായി അടുക്കിവെച്ച, ചെറിയ ചരടുകളുടെ ഒരു കൂട്ടം അവർ കണ്ടെത്തി. അതിന്റെ ലേബൽ ഇങ്ങനെയായിരുന്നു: "ചരട് ഉപയോഗിക്കാൻ കഴിയാത്തവിധം തീരെ ചെറുതാണ്."
ഉപയോഗശൂന്യമെന്ന് തങ്ങൾക്ക് അറിയാവുന്ന എന്തെങ്കിലും സൂക്ഷിക്കാനും തരംതിരിക്കാനും ഒരാളെ പ്രേരിപ്പിക്കുന്നത് എന്താണ്? ഒരുപക്ഷേ ഈ വ്യക്തിക്ക് ഒരിക്കൽ അങ്ങേയറ്റത്തെ ദാരിദ്ര്യം അറിയാമായിരുന്നിരിക്കണം. യിസ്രായേല്യർ ഈജിപ്തിലെ അടിമത്തത്തിൽ നിന്ന് രക്ഷപെട്ടപ്പോൾ, അവർ കഷ്ടപ്പാടുകളുടെ ജീവിതം ഉപേക്ഷിച്ചു. എന്നാൽ അവർ തങ്ങളുടെ യാത്രാവേളയിൽ പലപ്പോഴും ദൈവത്തിന്റെ അത്ഭുതകരം മറന്നു, ഭക്ഷണത്തിന്റെ അഭാവത്തെക്കുറിച്ച് പരാതിപ്പെടാൻ തുടങ്ങി.
അവർ തന്നിൽ വിശ്വസിക്കണമെന്ന് ദൈവം ആഗ്രഹിച്ചു. അവരുടെ മരുഭൂമിയിലെ ഭക്ഷണത്തിനായി അവൻ മന്ന നൽകി, മോശയോട് പറഞ്ഞു, "അവർ പുറപ്പെട്ടു ഓരോ ദിവസത്തേക്കു വേണ്ടതു അന്നന്നു പെറുക്കിക്കൊള്ളേണം" (പുറപ്പാട് 16:4). ശബ്ബത്തിൽ മന്ന ലഭിക്കയില്ല (വാ. 5, 25) അതിനാൽ ആറാം ദിവസം ഇരട്ടിയായി ശേഖരിക്കാനും ദൈവം അവരോട് നിർദ്ദേശിച്ചു. യിസ്രായേല്യരിൽ ചിലർ അനുസരിച്ചു. ചിലർ അനുസരിച്ചില്ല, അവർ തിക്തഫലം അനുഭവിക്കേണ്ടിവന്നു (വാ. 27-28).
സമൃദ്ധിയുടെ സമയങ്ങളിലും നിരാശയുടെ സമയങ്ങളിലും, നിയന്ത്രണത്തിനായുള്ള തീവ്രമായ ശ്രമത്തിൽ മുറുകെപ്പിടിക്കാനും പൂഴ്ത്തിവയ്ക്കാനുമുള്ള പ്രലോഭനം സഹജമാണ്. എല്ലാം നമ്മുടെ സ്വന്തം കൈയിൽ എടുക്കേണ്ട ആവശ്യമില്ല. 'ചരടിന്റെ തുണ്ടുകൾ' സംരക്ഷിക്കേണ്ടയാവശ്യമില്ല-അല്ലെങ്കിൽ ഒന്നും പൂഴ്ത്തിവെക്കേണ്ട ആവശ്യമില്ല. ''ഞാൻ നിന്നെ ഒരുനാളും കൈ വിടുകയില്ല, ഉപേക്ഷിക്കയുമില്ല'' (എബ്രായർ 13:5) എന്നു വാഗ്ദത്തം ചെയ്ത ദൈവത്തിലാണ് നമ്മുടെ വിശ്വാസം.
വഴിയിലുടനീളം കയറ്റം
കവയിത്രിയും ധ്യാനചിന്താ രചയിതാവുമായിരുന്ന ക്രിസ്റ്റീന റോസെറ്റി, തന്റെ ജീവിതം കഠിനമാണെന്നു കണ്ടെത്തി. ജീവിതത്തിലുടനീളം വിഷാദവും വിവിധ രോഗങ്ങളും അവൾ അനുഭവിക്കുകയും മൂന്ന് വിവാഹനിശ്ചയങ്ങൾ തകർന്നു പോകുകയും ചെയ്തു. ഒടുവിൽ അവൾ കാൻസർ ബാധിച്ച് മരിച്ചു.
യിസ്രായേലിന്റെ ദേശീയ ബോധത്തെക്കുറിച്ച് ദാവീദ് സന്തോഷിച്ചപ്പോൾ, അത് വിജയിയായ ഒരു യോദ്ധാവിനു തുല്യമായിരുന്നു. എന്നിരുന്നാലും, തന്റെ ജീവിതത്തിലുടനീളം ദാവീദ് ബുദ്ധിമുട്ടുകൾ നേരിട്ടു. അവന്റെ ഭരണത്തിന്റെ അവസാനത്തിൽ, അവന്റെ സ്വന്ത മകനും അവന്റെ വിശ്വസ്തനായ ഉപദേശകനും ജനത്തിൽ ഭൂരിഭാഗവും അവനെതിരെ തിരിഞ്ഞു (2 ശമൂവേൽ 15:1-12). അപ്പോൾ ദാവീദ് പുരോഹിതന്മാരായ അബ്യാഥാർ, സാദോക്ക് എന്നിവരെയും ദൈവത്തിന്റെ വിശുദ്ധ പെട്ടകത്തെയും എടുത്ത് യെരൂശലേമിൽ നിന്ന് പലായനം ചെയ്തു (വാ. 14, 24).
അബ്യാഥാർ ദൈവത്തിനു യാഗമർപ്പിച്ച ശേഷം, ദാവീദ് പുരോഹിതന്മാരോടു പറഞ്ഞു, ''നീ ദൈവത്തിന്റെ പെട്ടകം പട്ടണത്തിലേക്കു തിരികെ കൊണ്ടുപോക; യഹോവെക്കു എന്നോടു കൃപ തോന്നിയാൽ അവൻ എന്നെ മടിക്കവരുത്തും; ഇതും തിരുനിവാസവും കാണ്മാൻ എനിക്കു ഇടയാകും'' (വാ. 25). അനിശ്ചിതത്വത്തിനിടയിലും, ദാവീദ് പറഞ്ഞു, "അല്ല, എനിക്കു നിന്നിൽ പ്രസാദമില്ല എന്നു അവൻ [ദൈവം] കല്പിക്കുന്നെങ്കിൽ, ഇതാ, ഞാൻ ഒരുക്കം; അവൻ തനിക്കു ഹിതമാകുംവണ്ണം എന്നോടു ചെയ്യട്ടെ'' (വാ. 26). തനിക്ക് ദൈവത്തെ വിശ്വസിക്കാൻ കഴിയുമെന്ന് അവനറിയാമായിരുന്നു.
ക്രിസ്റ്റീന റോസെറ്റിയും ദൈവത്തെ വിശ്വസിച്ചു, അവളുടെ ജീവിതം പ്രതീക്ഷയിൽ അവസാനിച്ചു. വഴി മുഴുവനും മുകളിലേക്കുള്ള കയറ്റം മാത്രമായേക്കാം, പക്ഷേ അത് നമ്മുടെ സ്വർഗീയ പിതാവിങ്കലേക്കാണ് നമ്മെ നയിക്കുന്നത്, അവൻ നമ്മെ സ്വീകരിക്കാൻ ഇരുകൈകളും നീട്ടി കാത്തിരിക്കുന്നു.
ദൈവത്തിന് മറ്റു പദ്ധതികൾ ഉണ്ടായിരുന്നു
അവരുടെ കൃത്യമായ പ്രായം അജ്ഞാതമാണ്. ഒരാളെ ഒരു പള്ളിയുടെ പടികളിൽ കണ്ടെത്തി; മറ്റൊരാൾക്ക് തന്നെ വളർത്തിയത് കന്യാസ്ത്രീകളാണെന്ന് മാത്രം അറിയാമായിരുന്നു. രണ്ടാം ലോകമഹായുദ്ധ സമയത്ത് പോളണ്ടിൽ ജനിച്ച്, ഏതാണ്ട് എൺപതു വർഷത്തോളം ഹലീനയോ ക്രിസ്റ്റിനയോ പരസ്പരം അറിഞ്ഞിരുന്നില്ല. തുടർന്ന് ഡി.എൻ.എ. പരിശോധനാഫലങ്ങൾ അവർ സഹോദരിമാരാണെന്ന് വെളിപ്പെടുത്തുകയും സന്തോഷകരമായ ഒരു പുനഃസമാഗമത്തിലേക്ക് നയിക്കുകയും ചെയ്തു. അത് അവരുടെ യഹൂദാ പൈതൃകത്തെ വെളിപ്പെടുത്തി; മാത്രമല്ല എന്തുകൊണ്ടാണ് അവർ ഉപേക്ഷിക്കപ്പെട്ടതെന്നും വിശദീകരിച്ചു. അവർ ജൂതവംശജർ ആയതുകൊണ്ടു മാത്രം ചിലർ അവർക്ക് മരണം വിധിച്ചിരുന്നു.
ഭയചകിതയായ ഒരമ്മ മരണഭീഷണി നേരിടുന്ന തന്റെ മക്കളെ രക്ഷപ്പെടാൻ സാധ്യതയുള്ള ഒരിടത്തു ഉപേക്ഷിക്കുന്നതായി സങ്കൽപ്പിക്കുന്നത് മോശെയുടെ കഥയെ ഓർമിപ്പിക്കുന്നു. ഒരു എബ്രായ ബാലനെന്ന നിലയിൽ, അവനെ വംശഹത്യയ്ക്ക് അടയാളപ്പെടുത്തിയിരുന്നു (പുറ. 1:22). എന്നാൽ അവന്റെ അമ്മ അവനെ തന്ത്രപരമായി നൈൽ നദിയിൽ പ്രതിഷ്ഠിച്ച് (2:3), അവന് അതിജീവനത്തിന് ഒരവസരം നൽകി. അവൾ ഒരിക്കലും സ്വപ്നം കാണാത്ത വിധത്തിൽ, ദൈവത്തിന് മോശെ മുഖാന്തരം തന്റെ ജനത്തെ രക്ഷപ്പെടുത്താൻ ഒരു പദ്ധതിയുണ്ടായിരുന്നു.
മോശെയുടെ കഥ നമ്മെ യേശുവിന്റെ കഥയിലേക്ക് വിരൽ ചൂണ്ടുന്നു. ഫറവോൻ എബ്രായ ആൺകുട്ടികളെ കൊല്ലാൻ ശ്രമിച്ചതുപോലെ, ഹെരോദാവ് ബേത്ലഹേമിലെ എല്ലാ ആൺകുട്ടികളെയും കൊല്ലുവാൻ കല്പിച്ചു (മത്താ. 2:13-16).
അത്തരം എല്ലാ വിദ്വേഷത്തിനും - പ്രത്യേകിച്ചും കുട്ടികളോടുള്ളവയ്ക്കു - പിന്നിൽ നമ്മുടെ ശത്രുവായ പിശാചാണ്. അത്തരം അക്രമങ്ങൾ ദൈവത്തെ അദ്ഭുതപ്പെടുത്തുന്നില്ല. മോശെയെ കുറിച്ച് അവന് പദ്ധതികൾ ഉണ്ടായിരുന്നു, നിങ്ങളെയും എന്നെയും കുറിച്ച് അവന് പദ്ധതികളുണ്ട്. തന്റെ പുത്രനായ യേശുവിലൂടെ, അവൻ തന്റെ ഏറ്റവും വലിയ പദ്ധതി വെളിപ്പെടുത്തി - ഒരിക്കൽ ശത്രുക്കളായിരുന്നവരെ രക്ഷിക്കുകയും പുനഃസ്ഥാപിക്കുകയും ചെയ്യുക.
ജൂറർ നമ്പർ 8
“ഒരാൾ മരിച്ചു. മറ്റൊരാളുടെ ജീവൻ അപകടത്തിലാണ്," 1957-ലെ ക്ലാസിക് സിനിമയായ 12 Angry Men-ൽ (ഹിന്ദിയിൽ ഏക് റുകാ ഹുവാ ഫൈസ്‌ല എന്ന പേരിൽ പുനർനിർമ്മിച്ചത്), ജഡ്ജി പരിഭ്രമത്തോടെ പറയുന്നു. സംശയിക്കുന്ന യുവാവിനെതിരായ തെളിവുകൾ വളരെ വലുതാണ്. എന്നാൽ അവരുടെ ചർച്ചയ്ക്കിടെ, ജൂറിയുടെ തകർച്ചയാണ് തുറന്നുകാട്ടപ്പെട്ടത്. പന്ത്രണ്ടുപേരിൽ ഒരാൾ - ജൂറി നമ്പർ 8 - "അവൻ കുറ്റക്കാരനല്ല" എന്ന് വോട്ട് ചെയ്യുന്നു. ഒരു ചൂടേറിയ സംവാദം നടക്കുന്നു, അതിൽ ഏകാകിയായ ജൂറി, സാക്ഷ്യപത്രത്തിലെ പൊരുത്തക്കേടുകൾ ചൂണ്ടിക്കാണിച്ചപ്പോൾ മറ്റുള്ളവർ പരിഹസിക്കുന്നു. തുടർന്ന് വൈകാരിക രംഗങ്ങൾ ഉണ്ടാവുകയും ജൂറി അംഗങ്ങളുടെ സ്വാർത്ഥവും മുൻവിധിയുള്ളതുമായ പ്രവണതകൾ വെളിച്ചത്തുവരുകയും ചെയ്യുന്നു. പിന്നീട് ജൂറിമാർ ഓരോരുത്തരായി അവരുടെ അഭിപ്രായം മാറ്റുന്നു, ‘അവൻ കുറ്റക്കാരനല്ല’.
പുതിയ ഇസ്രായേൽ ജനതയ്ക്ക് ദൈവം തന്റെ കല്പ്പനകൾ നൽകിയപ്പോൾ, അവൻ സത്യസന്ധമായ ധൈര്യത്തിന് ഊന്നൽ നൽകി. "നിങ്ങൾ ഒരു വ്യവഹാരത്തിൽ സാക്ഷ്യം നൽകുമ്പോൾ," ദൈവം പറഞ്ഞു, "ബഹുജനപക്ഷം പക്ഷം ചേർന്ന് നീതി മറിച്ചുകളയരുത് " (പുറപ്പാട് 23:2). രസകരമെന്നു പറയട്ടെ, നിങ്ങളുടെ ഇടയിലുള്ള ദരിദ്രന്റെ വ്യവഹാരത്തിൽ "അവനോടു പക്ഷം കാണിക്കാനോ" (വാ. 3) "അവന്റെ ന്യായം മറിച്ചുകളയുവാനോ" (വാ. 6) കോടതിക്കു അധികാരമില്ല. നീതിമാനായ ന്യായാധിപതിയായ ദൈവം, നമ്മുടെ എല്ലാ നടപടികളിലും നിർമലത ആഗ്രഹിക്കുന്നു.
12 Angry Men-ൽ, കുറ്റക്കാരനല്ലെന്ന് വോട്ട് ചെയ്ത രണ്ടാമത്തെ ജൂറി ആദ്യത്തെയാളെക്കുറിച്ച് പറഞ്ഞു, "മറ്റുള്ളവരുടെ പരിഹാസത്തിനെതിരെ ഒറ്റയ്ക്ക് നിൽക്കുക എളുപ്പമല്ല." എങ്കിലും ദൈവം ആവശ്യപ്പെടുന്നത് അതാണ്. ജൂറി നമ്പർ 8 യഥാർത്ഥ തെളിവുകളും വിചാരണയിൽ വ്യക്തിയുടെ മനുഷ്യത്വവും കണ്ടു. പരിശുദ്ധാത്മാവിന്റെ സൗമ്യമായ മാർഗനിർദേശത്താൽ, നമുക്കും ദൈവത്തിന്റെ സത്യത്തിനുവേണ്ടി നിലകൊള്ളാനും ശക്തിയില്ലാത്തവർക്കുവേണ്ടി സംസാരിക്കാനും കഴിയും.
ഹൃദയ പ്രശ്നം
"ടിം സഹോദരാ, താങ്കൾ അത് കാണുന്നുണ്ടോ?" എന്റെ സുഹൃത്ത്, ഒരു ഘാനക്കാരൻ പാസ്റ്റർ, ഒരു മൺകുടിലിലേക്ക് ചാഞ്ഞുകിടക്കുന്ന കൊത്തിയെടുത്ത ഒരു വസ്തുവിൽ ടോർച്ച് ലൈറ്റ് തെളിച്ചു. നിശബ്ദമായി അദ്ദേഹം പറഞ്ഞു, "അതാണ് ഗ്രാമവിഗ്രഹം." എല്ലാ ചൊവ്വാ വൈകുന്നേരവും പാസ്റ്റർ സാം കുറ്റികാട്ടിലൂടെ ഈ വിദൂര ഗ്രാമത്തിൽ ബൈബിൾ പങ്കുവയ്ക്കാൻ പോകുമായിരുന്നു.
യെഹെസ്‌കേലിന്റെ പുസ്‌തകത്തിൽ, വിഗ്രഹാരാധന യഹൂദയിലെ ജനങ്ങളെ എങ്ങനെ ബാധിച്ചുവെന്ന് നാം കാണുന്നു. യെരൂശലേമിലെ നേതാക്കൾ യെഹെസ്‌കേൽ പ്രവാചകനെ കാണാൻ വന്നപ്പോൾ ദൈവം അവനോട് പറഞ്ഞു, “ഈ പുരുഷന്മാർ തങ്ങളുടെ വിഗ്രഹങ്ങളെ ഹൃദയത്തിൽ സ്മരിച്ചു തങ്ങളുടെ അകൃത്യഹേതു തങ്ങളുടെ മുമ്പിൽ വച്ചിരിക്കുന്നു” (14:3). തടിയിലും കല്ലിലും കൊത്തിയുണ്ടാക്കിയ വിഗ്രഹങ്ങൾക്കെതിരെ ദൈവം കേവലം അവർക്ക് മുന്നറിയിപ്പ് നൽകുകയല്ലായിരുന്നു. വിഗ്രഹാരാധന ഹൃദയത്തിന്റെ പ്രശ്‌നമാണെന്ന് അവൻ അവരെ കാണിക്കുകയായിരുന്നു. നാമെല്ലാവരും അതിനോട് പോരാടുന്നു.
ബൈബിൾ അദ്ധ്യാപകനായ അലിസ്റ്റർ ബെഗ് വിഗ്രഹത്തെ വിവരിക്കുന്നത്, “നമ്മുടെ സമാധാനത്തിനും നമ്മുടെ പ്രതിച്ഛായയ്ക്കും നമ്മുടെ സംതൃപ്തിക്കും അല്ലെങ്കിൽ നമ്മുടെ സ്വീകാര്യതയ്ക്കും അത്യന്താപേക്ഷിതമായി നാം കരുതുന്ന ദൈവമല്ലാതെ മറ്റെന്തെങ്കിലും” എന്നാണ്. കുലീനമെന്നു തോന്നുന്ന കാര്യങ്ങൾ പോലും നമുക്ക് വിഗ്രഹങ്ങളായി മാറും. ജീവനുള്ള ദൈവത്തിൽ നിന്നല്ലാതെ മറ്റെന്തിൽ നിന്നും ആശ്വാസമോ ആത്മാഭിമാനമോ തേടുമ്പോൾ നാം വിഗ്രഹാരാധന ചെയ്യുന്നു.
"അനുതപിക്കുക!" ദൈവം പറഞ്ഞു. "നിങ്ങൾ അനുതപിച്ച് നിങ്ങളുടെ വിഗ്രഹങ്ങളെ വിട്ടുതിരിവിൻ; നിങ്ങളുടെ സകല മ്ലേച്ഛബിംബങ്ങളിലുംനിന്ന് നിങ്ങളുടെ മുഖം തിരിപ്പിൻ”! (വി. 6). അത് സാധ്യമല്ലെന്നു ഇസ്രായേൽ തെളിയിച്ചു. ഭാഗ്യവശാൽ, ദൈവത്തിന് പരിഹാരം ഉണ്ടായിരുന്നു. ക്രിസ്തുവിന്റെ രണ്ടാം വരവും പരിശുദ്ധാത്മാവിന്റെ ദാനവും മുന്നിൽ കണ്ടുകൊണ്ടു അവൻ വാഗ്ദാനം ചെയ്തു, "ഞാൻ നിങ്ങൾക്ക് പുതിയൊരു ഹൃദയം തരും; പുതിയൊരു ആത്മാവിനെ ഞാൻ നിങ്ങളുടെ ഉള്ളിൽ ആക്കും; കല്ലായുള്ള ഹൃദയം ഞാൻ നിങ്ങളുടെ ജഡത്തിൽനിന്നു നീക്കി മാംസമായുള്ള ഹൃദയം നിങ്ങൾക്ക് തരും." (36:26). നമുക്ക് ഇത് ഒറ്റയ്ക്ക് ചെയ്യാൻ കഴിയില്ല.