കാലുകൾ കഴുകുക...പാത്രങ്ങളും
ചാർലിയുടെയും ജാന്റെയും അമ്പതാം വിവാഹ വാർഷികത്തിൽ, അവർ തങ്ങളുടെ മകൻ ജോണിനോടൊപ്പം ഒരു ഹോട്ടലിൽ പ്രഭാതഭക്ഷണം കഴിച്ചു. അന്ന് ആ റസ്റ്റോറന്റിൽ ഒരു മാനേജരും, പാചകക്കാരിയും, അവരോടൊപ്പം ആതിഥേയയും വിളമ്പുകാരിയും തൂപ്പുകാരിയും ആയി ജോലി ചെയ്യുന്ന ഒരു കൗമാരക്കാരിയും മാത്രമായിരുന്നു ഉണ്ടായിരുന്നത്. അവർ പ്രഭാതഭക്ഷണം കഴിച്ചുകഴിഞ്ഞപ്പോൾ, ചാർലി തന്റെ ഭാര്യയോടും മകനോടും ചോദിച്ചു, “ഇനി ഉടനെ നിങ്ങൾക്ക് എന്തെങ്കിലും പ്രധാനപ്പെട്ട കാര്യമുണ്ടോ?” അവർക്ക് ഒന്നും ഇല്ലായിരുന്നു.
അതിനാൽ, മാനേജരുടെ അനുമതിയോടെ, ചാർലിയും ജാനും ഭക്ഷണ ശാലയുടെ പിൻഭാഗത്ത് പാത്രങ്ങൾ കഴുകാൻ തുടങ്ങി. ജോൺ അലങ്കോലമായ മേശകൾ വൃത്തിയാക്കാനും തുടങ്ങി. ജോണിന്റെ അഭിപ്രായത്തിൽ, അന്ന് സംഭവിച്ചത് ശരിക്കും അസാധാരണമായിരുന്നില്ല. ശുശ്രൂഷ ചെയ്യിക്കുവാനല്ല, ശുശ്രൂഷിക്കുവാനായി (മർക്കൊസ് 10:45) വന്ന യേശുവിനെ അവന്റെ മാതാപിതാക്കൾ എപ്പോഴും മാതൃകയാക്കിയിരുന്നു.
യോഹന്നാൻ 13-ൽ ക്രിസ്തു തന്റെ ശിഷ്യന്മാരുമായി പങ്കുവെച്ച അവസാനത്തെ ഭക്ഷണത്തെക്കുറിച്ച് നാം വായിക്കുന്നു. അന്നു രാത്രി, ഗുരു അവരുടെ അഴുക്കുപുരണ്ട കാലുകൾ കഴുകിക്കൊണ്ട് താഴ്മയോടെ സേവിക്കുവാൻ അവരെ പഠിപ്പിച്ചു (വാ. 14-15). പന്ത്രണ്ട് പേരുടെ പാദങ്ങൾ കഴുകുന്ന താഴ്ന്ന ജോലി ചെയ്യാൻ അവൻ തയ്യാറായെങ്കിൽ, അവരും സന്തോഷത്തോടെ മറ്റുള്ളവരെ സേവിക്കണം.
സേവനത്തിനായി നമുക്ക് ലഭിക്കുന്ന അവസരങ്ങൾ വ്യത്യസ്തങ്ങൾ ആയിരിക്കാം. എന്നാൽ അതിന്റെ ഫലം എപ്പോഴും ഒന്നാണ്: സേവിക്കുന്നത് വളരെ സന്തോഷം നൽകുന്നു. സേവനം ചെയ്യുന്നവരെ സ്തുതിക്കുക എന്നല്ല, മറിച്ച് എല്ലാ സ്തുതികളും നമ്മുടെ താഴ്മയുള്ള, ആത്മത്യാഗിയായ ദൈവത്തിന് അർപ്പിക്കുക എന്നതാണ് സേവനത്തിന്റെ ലക്ഷ്യം.
- സിൻഡി ഹെസ് കാസ്പർ

ദൈവത്തെ അനുഗമിക്കാൻ തീരുമാനിക്കുക
“ഒരു സാധാരണ വ്യക്തി ജീവിതകാലത്ത് 773,618 തീരുമാനങ്ങൾ എടുക്കും,” ഒരു ബ്രിട്ടീഷ് പത്രം അവകാശപ്പെടുന്നു, “അവയിൽ 143,262 എണ്ണത്തിൽ നാം ഖേദിക്കേണ്ടി വരും.” എങ്ങനെയാണ് ആ പത്രം ഈ കണക്ക് കണ്ടുപിടിച്ചതെന്ന് എനിക്കറിയില്ല, പക്ഷേ നമ്മുടെ ജീവിതത്തിലുടനീളം എണ്ണമറ്റ തീരുമാനങ്ങളെ നാം അഭിമുഖീകരിക്കുന്നു എന്നത് വ്യക്തമാണ്. അവയുടെ എണ്ണം കേട്ടാൽ നാം തളർന്നുപോകും — പ്രത്യേകിച്ചും നമ്മുടെ എല്ലാ തീരുമാനങ്ങൾക്കും അനന്തര ഫലങ്ങൾ ഉണ്ടെന്ന് കണക്കിലെടുക്കുമ്പോൾ. ചിലത് മറ്റുള്ളവയേക്കാൾ വളരെ പ്രധാനമാണ്.
നാൽപ്പതു വർഷം മരുഭൂമിയിൽ അലഞ്ഞുനടന്ന ശേഷം, യിസ്രായേൽമക്കൾ അവരുടെ പുതിയ മാതൃരാജ്യത്തിന്റെ അതിർത്തിയിൽ കാൽവച്ചു. പിന്നീട്, ദേശത്ത് പ്രവേശിച്ച ശേഷം, അവരുടെ നേതാവായ യോശുവ അവർക്ക് ഒരു ആഹ്വാനം നൽകി: “ആകയാൽ നിങ്ങൾ യഹോവയെ ഭയപ്പെട്ടു അവനെ പരമാർത്ഥതയോടും വിശ്വസ്തതയോടുംകൂടെ സേവിപ്പിൻ.” അവൻ പറഞ്ഞു. “നിങ്ങളുടെ പിതാക്കന്മാർ ... സേവിച്ച ദേവന്മാരെ ഉപേക്ഷിക്കയും യഹോവയെത്തന്നേ സേവിക്കയും ചെയ്‍വിൻ” (യോശു. 24:14). യോശുവ അവരോട് പറഞ്ഞു, “യഹോവയെ സേവിക്കുന്നതു നന്നല്ലെന്നു നിങ്ങൾക്കു തോന്നുന്നെങ്കിൽ നദിക്കക്കരെവെച്ചു നിങ്ങളുടെ പിതാക്കന്മാർ സേവിച്ച ദേവന്മാരെയോ നിങ്ങൾ പാർത്തുവരുന്ന ദേശത്തിലെ അമോര്യരുടെ ദേവന്മാരെയോ ആരെ സേവിക്കും എന്നു ഇന്നു തിരഞ്ഞെടുത്തുകൊൾവിൻ. ഞാനും എന്റെ കുടുംബവുമോ ഞങ്ങൾ യഹോവയെ സേവിക്കും” (വാ. 15).
ഓരോ പുതിയ ദിവസവും ആരംഭിക്കുമ്പോൾ, സാധ്യതകൾ നമ്മുടെ മുൻപിൽ നിരന്നുനിൽക്കുന്നു, ഇത് നിരവധി തീരുമാനങ്ങളിലേക്ക് നയിക്കുന്നു. ദൈവത്തിന്റെ നടത്തിപ്പിനായി നാം പ്രാർത്ഥിക്കണം. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ, എല്ലാ ദിവസവും അവനെ അനുഗമിക്കാൻ നമുക്ക് തീരുമാനിക്കാം.
- ബിൽ ക്രൗഡർ

ഭൂഗുരുത്വ മല
നിഗൂഢതകളുടെ ചുരുളഴിച്ചെടുക്കുക എന്നതു ഞാനടക്കം പലരെയും ആകർഷിക്കുന്ന ഒന്നാണ്. അത്തരത്തിലുള്ള നിഗൂഢതകളിലൊന്നാണ് ലഡാക്കിലെ ലേയ്ക്കു സമീപമുള്ള ഒരു കുന്ന്. അവിടെ വാഹനങ്ങൾ താഴേക്ക് ഉരുണ്ടു പോകുന്നതിനുപകരം സ്വയം മുകളിലേക്ക് ഉരുളുന്നു. “ഗ്രാവിറ്റി ഹിൽ” എന്നു വിളിക്കപ്പെടുന്ന ആ കുന്നിനെക്കുറിച്ച് അതൊരു ദൃശ്യപരമായ മിഥ്യയായിരിക്കാമെന്നോ കുന്നിനു ശക്തമായ കാന്തികവലയമുണ്ടെന്നോ ആ ഭൂപ്രകൃതി മനസ്സിനെ കബളിപ്പിക്കുക ആയിരിക്കാമെന്നോ മനുഷ്യർ നിരൂപിക്കുന്നു. കാരണം എന്തുതന്നെയായാലും ഒരു കാര്യം നിശ്ചയമാണ്, ഈ പ്രതിഭാസം ഗുരുത്വാകർഷണ നിയമങ്ങൾക്കു വിരുദ്ധമാണ്—ഇതൊരു നിഗൂഢതയാണ്.
ഒന്നാം നൂറ്റാണ്ടിലെ അറിയപ്പെടുന്ന പണ്ഡിതനായ പൗലൊസ് അപ്പൊസ്തലനു തന്റെ ഉന്നതമായ അറിവ്, ജ്ഞാനം, പാണ്ഡിത്യ സംബന്ധമായ പദവി എന്നിവയെക്കുറിച്ച് അഭിമാനിക്കാൻ കാരണങ്ങൾ ഏറെയുണ്ടായിരുന്നു (വാ.1-2). എന്നിട്ടും, താൻ സാക്ഷ്യം വഹിച്ച “മർമ്മം” തന്റെ ബൗദ്ധിക ശേഷിയെ കവിഞ്ഞു നിന്നതിനാൽ അവൻ ഭയത്തോടും നടുക്കത്തോടുംകൂടെ കൊരിന്ത്യരെ സമീപിച്ചു. മനുഷ്യവർഗ്ഗത്തെ പാപത്തിൽ നിന്നു വീണ്ടെടുക്കാനുള്ള ദൈവത്തിന്റെ പദ്ധതിയാണ് മനുഷ്യമനസ്സിനു അളക്കാനാവാത്ത ഈ “മർമ്മം.” അവന്റെ പുത്രനായ യേശുവിന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും ദൈവം അതു വെളിപ്പെടുത്തി തന്നു. പരിശുദ്ധാത്മാവിന്റെ ശക്തിയാൽ മാത്രം ഗ്രഹിക്കാൻ കഴിയുന്ന ഒരു മർമ്മമാണ് ഇതെന്നതാണ് ഇത് ആസൂത്രണം ചെയ്തതിലെ ദൈവത്തിന്റെ ജ്ഞാനം (വാ. 5-10).
ക്രിസ്തുവിനെ നമ്മുടെ രക്ഷകനായി അംഗീകരിക്കുമ്പോൾ, ദൈവം നമ്മിൽ സ്ഥാപിച്ചിരിക്കുന്ന ഈ മഹത്തായ “മർമ്മത്തിന്റെ” ഭാഗമായി നാം മാറുന്നു. ദൈവത്തിന്റെ ജ്ഞാനം ഏതൊരു ഭൗമിക ജ്ഞാനത്തേക്കാളും മഹത്തരമാണ്. പരിശുദ്ധാത്മാവിലൂടെ അതു നമുക്കു ലഭ്യമാണ്. ജീവിതത്തിന്റെ വഴിത്തിരിവിൽ, കുടുംബത്തിന്റെയോ സുഹൃത്തുക്കളുടെയോ കൂട്ടാളികളുടെയോ ജ്ഞാനത്തെ ആശ്രയിക്കാൻ നാം പ്രേരിപ്പിക്കപ്പെടുമ്പോൾ, എല്ലാ ജ്ഞാനത്തിന്റെയും പരമമായ ഉറവിടത്തിലേക്ക് —പരിശുദ്ധാത്മാവിലേക്ക് (കൊലൊസ്യർ 1:9)ഉറ്റുനോക്കുന്നതിൽ നാം പരാജയപ്പെടരുത്. മനുഷ്യന്റെ ജ്ഞാനം നല്ലതാണെങ്കിലും ദൈവത്തിന്റെ ജ്ഞാനം മികച്ചതാണ്. അവന്റെ സാന്നിദ്ധ്യം എപ്പോഴും നമ്മോടൊപ്പമുണ്ട്.
- റെബേക്ക വിജയൻ

കവിഞ്ഞൊഴുകൽ
ലോഹാരി, മകര സംക്രാന്തി എന്നീ പേരുകളിൽ മറ്റു സ്ഥലങ്ങളിൽ ആഘോഷിക്കപ്പെടുന്ന പൊങ്കൽ എന്ന തമിഴ് ഉത്സവം കൊണ്ടാടാനായി തമിഴ് അധ്യാപകർ ചേർന്നു ഞങ്ങളുടെ സ്കൂളിൽ ഒരു സാംസ്കാരിക ആഘോഷം സംഘടിപ്പിച്ചു. പരമ്പരാഗത രീതിയിലുള്ള അടുപ്പുകൂട്ടി ചെറിയ വിറകുകൾവെച്ചു തീകൊളുത്തി, ഒരു കളിമൺ പാത്രം നിറയെ അരിയും പഞ്ചസാരയും പാലും അവർ അടുപ്പിൽ വച്ചു. പാത്രത്തിലുള്ളവ തിളച്ചുമറിഞ്ഞു കവിഞ്ഞൊഴുകിയപ്പോൾ ഞങ്ങൾ വിസ്മയത്തോടെ നോക്കിനിന്നുകൊണ്ടു വായ്ക്കുരവയിട്ടു. അല്പം പൊങ്കൽ കഴിച്ചതിനുശേഷം ഞങ്ങൾ ഓരോരുത്തരും ക്ലാസിലേക്കു മടങ്ങി. തമിഴ് സംസ്കാരത്തിൽ, “പൊങ്കൽ,” അതായതു “കവിഞ്ഞൊഴുകൽ” വിളവെടുപ്പിന്റെ സമൃദ്ധിയെ കാണിക്കുന്നു.
കൂടാരപ്പെരുനാൾ എന്ന യെഹൂദ പെരുന്നാളിനെക്കുറിച്ചു യോഹന്നാൻ 7-ൽ പറയുന്നു. ഈ ഉത്സവത്തിന്റെ അവസാന ദിനം, യേശു എഴുന്നേറ്റു നിന്നു കൊണ്ട് ഉറക്കെ പറഞ്ഞു, “ദാഹിക്കുന്നവൻ എല്ലാം എന്റെ അടുക്കൽ വന്നു കുടിക്കട്ടെ” (വാ. 37). തന്നിൽ വിശ്വസിക്കുന്ന ഏതൊരുവന്റെയും “ഉള്ളിൽനിന്നു” “ജീവജലത്തിന്റെ നദികൾ” ഒഴുകുമെന്ന് യേശു വാഗ്ദത്തം ചെയ്തു (വാ. 38). യേശു പരാമർശിച്ച ഈ കവിഞ്ഞൊഴുകൽ പിന്നീട് എല്ലാവരുടെയും മേൽ പകരപ്പെടുന്ന വാഗ്ദത്തത്തിൻ പരിശുദ്ധാത്മാവാണെന്ന് (വാ. 39) എഴുത്തുകാരനായ യോഹന്നാൻ വിശദീകരിക്കുന്നു. മരണത്തെത്തുടർന്നു വീണ്ടും ഉയർത്തെഴുന്നേറ്റു സ്വർഗ്ഗത്തിലേക്കു മടങ്ങിപ്പോയ ശേഷം മറ്റൊരു യെഹൂദ ഉത്സവമായ പെന്തെക്കൊസ്തുനാളിൽ യേശു ഈ വാഗ്ദാനം നിറവേറ്റി (പ്രവൃത്തികൾ 2:1). ആത്മാവിനാൽ കവിഞ്ഞൊഴുകിയ അവന്റെ ശിഷ്യന്മാർ വിവിധ ഭാഷകളിൽ സുവിശേഷം പ്രസംഗിച്ചുകൊണ്ടു തങ്ങൾക്കുള്ളതു മനസ്സോടെ പങ്കുവെക്കുകയും കരുതലുള്ള ഒരു സമൂഹമായി മാറുകയും ചെയ്തു (പ്രവൃത്തികൾ 2:3, 52).
നമ്മുടെ ആത്മീയ ദാഹം ഉള്ളിൽനിന്നു ശമിപ്പിക്കാൻ യേശു നമുക്കു തന്റെ ആത്മാവിനെ തന്നിരിക്കുന്നു (യോഹന്നാൻ 7:38-39). ആത്മാവു നമ്മെ ശക്തിപ്പെടു
ത്തുന്നു, നമുക്കു സന്തോഷവും സമാധാനവും നൽകുന്നു, കവിഞ്ഞൊഴുക്കിനാൽ നമ്മെ നിറയ്ക്കുന്നു (വാ. 38). അപ്രകാരം നാം നിറയപ്പെടുമ്പോൾ, മറ്റുള്ളവരുടെ നിറവിനായി നാം കവിഞ്ഞൊഴുകുന്നു.
- ആൻ ഹരികീർത്തൻ

ദൈവത്തിലുറപ്പിച്ച ദൃഷ്ടി
പത്തൊമ്പതാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന സ്കോട്ടീഷ് പാസ്റ്റർ തോമസ് ചാമേഴ്സ്, പർവ്വത പ്രദേശത്തുകൂടി കുതിരവണ്ടിയിൽ സഞ്ചരിച്ച അനുഭവം ഒരിക്കൽ പറയുകയുണ്ടായി. കിഴുക്കാന്തൂക്കായ മലയുടെ ചരിവിലുള്ള ഇടുങ്ങിയതും കല്ലുകൾ നിറഞ്ഞതുമായ പാതയിലൂടെ കുതിരകൾ വളരെ പ്രയാസപ്പെട്ടാണ് മുന്നോട്ടു നീങ്ങിക്കൊണ്ടിരുന്നത്. പെട്ടെന്ന് കുതിരകളിലൊന്ന് ഭയന്നു. വണ്ടി ഗർത്തത്തിലേക്കു പതിക്കുമെന്നു ഭയന്ന വണ്ടിക്കാരൻ തന്റെ ചാട്ട ആഞ്ഞടി
ക്കാൻ തുടങ്ങി. ഒടുവിൽ അപകടമേഖല തരണം ചെയ്തശേഷം, എന്തിനാണ് അത്രയും ശക്തിയിൽ ചാട്ട ആഞ്ഞടിച്ചതെന്ന് ചാമേഴ്സ് വണ്ടിക്കാരനോടു ചോദിച്ചു. “കുതിരകൾക്ക് ചിന്തിക്കാൻ മറ്റെന്തെങ്കിലും കൊടുക്കണമായിരുന്നു’’ അയാൾ പറഞ്ഞു. “എനിക്കവയുടെ ശ്രദ്ധ പിടിച്ചുപറ്റണമായിരുന്നു.’’
ഭീഷണികളും അപകടങ്ങളും നമുക്കുചുറ്റും ആർത്തിരമ്പുന്ന ഒരു ലോകത്തിൽ നമ്മുടെ ശ്രദ്ധയെ പിടിച്ചുപറ്റാൻ മറ്റെന്തെങ്കിലും നമുക്കെല്ലാം ആവശ്യമാണ്. എന്നിരുന്നാലും കേവലം മാനസികമായ ശ്രദ്ധതിരിക്കലിനെക്കാൾ — ഒരുതരം മനഃശാസ്ത്രപരമായ സൂത്രപ്പണിയെക്കാൾ — കൂടുതലായ ഒന്നാണു നമുക്കു വേണ്ടത്. നമ്മുടെ സകല ഭയങ്ങളെക്കാളും കൂടുതൽ ശക്തമായ ഒരു യാഥാർത്ഥ്യവുമായി നമ്മുടെ മനസ്സിനെ ഉറപ്പിക്കുകയാണ് നമുക്കാവശ്യം. “സ്ഥിരമാനസൻ നിന്നിൽ ആശ്രയം വെച്ചിരിക്കകൊണ്ടു നീ അവനെ പൂർണ്ണസമാധാനത്തിൽ കാക്കുന്നു’’ (യെശയ്യാവ് 26:3) എന്ന് യെഹൂദ്യയിലെ ദൈവജനത്തോട് യെശയ്യാവ് പറഞ്ഞതുപോലെ, ദൈവത്തിൽ നമ്മുടെ മനസ്സുറപ്പിക്കുകയാണ് നമുക്ക് യഥാർത്ഥത്തിൽ വേണ്ടത്. “യഹോവയാം യാഹിൽ ശാശ്വതമായോരു പാറ ഉള്ളതിനാൽ യഹോവയിൽ എന്നേക്കും ആശ്രയിക്കാൻ’’ (വാ. 4) നമുക്കു കഴിയും.
സമാധാനം, ദൈവത്തിൽ നോട്ടം ഉറപ്പിക്കുന്നവർക്കു ലഭിക്കുന്ന ദാനമാണത്. നമ്മുടെ ഏറ്റവും ഭയാനകമായ ചിന്തകളെ അടക്കിനിർത്തുന്ന കേവലം ഒരു ടെക്നിക്കിനെക്കാൾ ഉന്നതമായ ഒന്നാണ് അവന്റെ സമാധാനം നമുക്കു നൽകുന്നത്. തങ്ങളുടെ ഭാവിയെയും തങ്ങളുടെ പ്രതീക്ഷകളെയും തങ്ങളുടെ ഉത്ക്കണ്ഠകളെയും ദൈവമുമ്പാകെ സമർപ്പിക്കുന്നവർക്ക്, അവർക്കു ലഭിക്കാവുന്നതിലേക്കും ഏറ്റവും പുതിയ ജീവിതപാത ആത്മാവ് ഒരുക്കിക്കൊടുക്കും.
- വിൻ കൊളിയർ
യേശുവിൽ ഉറച്ചുനിൽക്കുക
വർഷങ്ങൾക്ക് മുമ്പ് ഞാൻ സെമിനാരിയിൽ പഠിക്കുമ്പോൾ, ഞങ്ങൾക്ക് ആഴ്ചതോറുമുള്ള ചാപ്പൽ സർവീസ് ഉണ്ടായിരുന്നു. ഒരു സർവ്വീസിൽ, ഞങ്ങൾ വിദ്യാർത്ഥികൾ “ദൈവം വലിയവനാണ്” എന്ന് പാടുമ്പോൾ, ഞങ്ങളുടെ പ്രിയപ്പെട്ട മൂന്ന് പ്രൊഫസർമാർ തീക്ഷ്ണതയോടെ പാടുന്നത് ഞാൻ കണ്ടു. ദൈവത്തിലുള്ള വിശ്വാസത്താൽ മാത്രം ലഭിക്കുന്ന സന്തോഷം അവരുടെ മുഖത്ത് പ്രസരിച്ചു. വർഷങ്ങൾക്കുശേഷം, അവർ ഓരോരുത്തരും മാരകമായ രോഗങ്ങളിലൂടെ കടന്നുപോയപ്പോൾ, അത് സഹിക്കാനും മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കാനും അവരെ പ്രാപ്തരാക്കിയത് ഈ വിശ്വാസമാണ്.
ഇന്ന്, എന്റെ അദ്ധ്യാപകർ പാടിയതിന്റെ ഓർമ്മകൾ എന്റെപരിശോധന
കളെ തരണം ചെയ്യാൻ എന്നെ പ്രോത്സാഹിപ്പിക്കുന്നു. എന്നെ സംബന്ധിച്ചിടത്തോളം, വിശ്വാസത്താൽ ജീവിച്ച ആളുകളുടെ പ്രചോദനാത്മകമായ നിരവധി കഥകളിൽ ചിലതാണ് അവ. “തന്റെ മുമ്പിൽ വെച്ചിരുന്ന സന്തോഷം ഓർത്തു ... ക്രൂശിനെ സഹിക്കയും... ” (വാ. 2).
പീഡനങ്ങളോ, ജീവിതത്തിന്റെ വെല്ലുവിളികളോ തരണം ചെയ്യാൻ പ്രയാസമുള്ളപ്പോൾ, ദൈവത്തിന്റെ വാക്ക് വിശ്വസിക്കുകയും, അവന്റെ വാഗ്ദാനങ്ങളിൽ ആശ്രയിക്കുകയും ചെയ്തവരുടെ മാതൃക നമുക്കുണ്ട്. യേശുവിനും നമുക്കു മുമ്പേ പോയവർക്കും സഹിച്ചുനിൽക്കാൻ കഴിഞ്ഞുവെന്ന് ഓർത്തുകൊണ്ട് നാം “നമുക്കു മുമ്പിൽ വെച്ചിരിക്കുന്ന ഓട്ടം സ്ഥിരതയോടെ ഓടുക” (വാ. 1). “നിങ്ങളുടെ ഉള്ളിൽ ക്ഷീണിച്ചു മടുക്കാതിരിപ്പാൻ ... വിരോധം സഹിച്ചവനെ ധ്യാനിച്ചുകൊൾവിൻ” (വാ. 3).
ഇപ്പോൾ സ്വർഗ്ഗത്തിൽ സന്തോഷിക്കുന്ന എന്റെ അദ്ധ്യാപകർ ഇങ്ങനെ പറഞ്ഞേക്കാം: “വിശ്വാസജീവിതം വിലയേറിയതാണ്. അതിൽ മുന്നേറുക.”
- കാരെൻ ഹുവാങ്