നന്മയ്ക്കുള്ള ഉപകരണങ്ങൾ
കുറ്റവാളിയെ പിടികൂടി കഴിഞ്ഞിട്ടു, ഇത്രയധികം ദൃക്സാക്ഷികളുണ്ടായിരുന്നിട്ടും ഒരാളെ എന്തിനാണ് നിർദയമായി ആക്രമിച്ചതെന്ന് ഡിറ്റക്ടീവ് കുറ്റവാളിയോട് ചോദിച്ചു. പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു: “അവർ ഒന്നും ചെയ്യില്ലെന്ന് എനിക്കറിയാമായിരുന്നു; ആരും ഒരിക്കലും ഒന്നും ചെയ്യില്ല.” ഒരു കുറ്റകൃത്യം നടക്കുന്നുണ്ടെന്ന് നിങ്ങൾക്കറിയാമെങ്കിലും അത് അവഗണിക്കാൻ തീരുമാനിക്കുന്ന, “കുറ്റകരമായ അറിവ്” എന്ന് അറിയപ്പെടുന്ന ഒന്നിനെ ആ ഉത്തരം ചിത്രീകരിക്കുന്നു.
“നന്മ ചെയ്‌വാൻ അറിഞ്ഞിട്ടും ചെയ്യാത്തവന്നു അതു പാപം തന്നേ” (യാക്കോബ് 4:17) എന്നു പറഞ്ഞുകൊണ്ട് അപ്പൊസ്തലനായ യാക്കോബും സമാനമായ ഒരു കുറ്റകരമായ അറിവിനെ അഭിസംബോധന ചെയ്യുന്നു.
തന്റെ മഹത്തായ രക്ഷയിലൂടെ, ദൈവം നമ്മെ ലോകത്തിൽ നന്മയുടെ പ്രതിനിധികളായി രൂപകൽപ്പന ചെയ്തിരിക്കുന്നു. “നാം അവന്റെ കൈപ്പണിയായി സൽപ്രവർത്തികൾക്കായിട്ടു ക്രിസ്തുയേശുവിൽ സൃഷ്ടിക്കപ്പെട്ടവരാകുന്നു; നാം ചെയ്തുപോരേണ്ടതിന്നു ദൈവം അവ മുന്നൊരുക്കിയിരിക്കുന്നു” എന്നു എഫെസ്യർ 2:10 സ്ഥിരീകരിക്കുന്നു. ഈ നല്ല പ്രവൃത്തികളല്ല നമ്മുടെ രക്ഷയ്ക്ക് കാരണം; മറിച്ച്, ദൈവത്തിന്റെ പരിശുദ്ധാത്മാവു നമ്മുടെ ജീവിതത്തിൽ വസിക്കുന്നതിലൂടെ നമ്മുടെ ഹൃദയങ്ങൾ മാറ്റപ്പെട്ടതിന്റെ ഫലമാണ് അവ. ദൈവം എന്തിനുവേണ്ടി നമ്മെ പുനർനിർമ്മിച്ചുവോ, ആ കാര്യങ്ങൾ നിറവേറ്റാനായി നമ്മെ സജ്ജരാക്കുന്നതിന് പരിശുദ്ധാത്മാവ് ആത്മീയ വരങ്ങൾ പോലും നൽകുന്നു (1 കൊരിന്ത്യർ 12:1-11 കാണുക).
ദൈവത്തിന്റെ സൃഷ്ടിയെന്ന നിലയിൽ, നമുക്ക് അവന്റെ ഉദ്ദേശ്യങ്ങൾക്കും അവന്റെ ആത്മാവിന്റെ ശാക്തീകരണത്തിനും വഴങ്ങാം. അപ്രകാരം, അവനെ തീവ്രമായി ആവശ്യമുള്ള ഒരു ലോകത്തു നന്മയ്ക്കുള്ള അവന്റെ ഉപകരണങ്ങളാകാൻ നമുക്കു കഴിയും.

വിജയഗോൾ
2023 ഫെബ്രുവരി 5 ന്, തുർക്കിയിൽ നടന്ന ഒരു മത്സരത്തിൽ ക്രിസ്റ്റ്യൻ അറ്റ്സു തന്റെ ഫുട്ബോൾ (സോക്കർ) ടീമിന്റെ വിജയ ഗോൾ നേടി. ഒരു അന്താരാഷ്ട്ര താരമായ അദ്ദേഹം, തന്റെ ജന്മനാടായ ഘാനയിൽ നഗ്നപാദനായി ഓടുന്ന കുട്ടിക്കാലത്താണ് ഫുട്ട്ബോൾ കളിക്കാൻ പഠിച്ചത്. ക്രിസ്തുവിൽ വിശ്വസിച്ചിരുന്ന ഒരു വ്യക്തിയായിരുന്നു ക്രിസ്റ്റ്യൻ: “എന്റെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം യേശുവാണ്” എന്നു അദ്ദേഹം പറയുകയുണ്ടായി. അറ്റ്സു സോഷ്യൽ മീഡിയയിൽ വേദപുസ്തക വാക്യങ്ങൾ പോസ്റ്റ് ചെയ്യുകയും തന്റെ വിശ്വാസത്തെക്കുറിച്ച് തുറന്നുപറയുകയും അനാഥർക്കുള്ള ഒരു സ്കൂളിനു ധനസഹായം നൽകിക്കൊണ്ട് തന്റെ വിശ്വാസം പ്രവർത്തിയിൽ വരുത്തുകയും ചെയ്തു.
തന്റെ വിജയഗോൾ നേടിയതിന്റെ പിറ്റേന്ന്, ഒരു കാലത്ത് വേദപുസ്തകത്തിലെ അന്ത്യൊക്ക്യ നഗരമായിരുന്ന അന്റാക്യ നഗരത്തെ ഒരു വിനാശകരമായ ഭൂകമ്പം തകർത്തു. ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ അപ്പാർട്ട്മെന്റ് കെട്ടിടം തകർന്നുവീണ്, അദ്ദേഹം തന്റെ രക്ഷകനടുത്തേക്കു യാത്രയായി.
രണ്ടായിരം വർഷങ്ങൾക്ക് മുമ്പ് ആദിമ സഭയുടെ ഉറവിടമായിരുന്നു അന്ത്യൊക്ക്യ: “ആദ്യം അന്ത്യൊക്ക്യയിൽവെച്ചു ശിഷ്യന്മാർക്കു ക്രിസ്ത്യാനികൾ എന്നു പേർ ഉണ്ടായി” (പ്രവൃത്തികൾ 11:26). “നല്ല മനുഷ്യനും പരിശുദ്ധാത്മാവിനാലും വിശ്വാസത്താലും നിറഞ്ഞവനും” (വാ. 24) എന്ന് അറിയപ്പെട്ടിരുന്ന ബര്‍ന്നബാസ് എന്ന ഒരു അപ്പൊസ്തലൻ, വ്യക്തികളെ ക്രിസ്തുവിലേക്ക് കൊണ്ടുവരുന്നതിൽ പ്രധാന പങ്കുവഹിച്ചു: “വളരെ പുരുഷന്മാരും കർത്താവിനോടു ചേർന്നു” (വാക്യം 24).
ക്രിസ്റ്റ്യൻ അറ്റ്സുവിന്റെ ജീവിതത്തിലേക്ക് നാം നോക്കുന്നത് അവനെ ഒരു വിഗ്രഹമാക്കാനല്ല, മറിച്ച് അദ്ദേഹത്തിന്റെ ഉദാഹരണത്തിൽനിന്ന് ഒരു അവസരം കാണാനാണ്. നമ്മുടെ ജീവിതസാഹചര്യങ്ങൾ എന്തുതന്നെയായാലും, ദൈവം നമ്മെ എപ്പോൾ അവന്റെ അടുക്കലേക്കു കൊണ്ടുപോകുമെന്നു നമുക്കറിയില്ല. ക്രിസ്തുവിന്റെ സ്നേഹം മറ്റുള്ളവരെ കാണിക്കുന്നതിൽ നമുക്ക് എങ്ങനെ ഒരു ബര്‍ന്നബാസോ ക്രിസ്ത്യൻ അറ്റ്സുവോ ആകാൻ കഴിയുമെന്നു നാം സ്വയം ചോദിക്കുന്നതു നല്ലതാണ്. എല്ലാറ്റിലുമുപരി അതാണ് വിജയഗോൾ.

വാക്കുകളുടെ ഉത്തരവാദിത്തം ഏറ്റെടുക്കുക
ഒരു ദുരന്തത്തിനു ശേഷം സ്ഥാപനങ്ങൾ കുറ്റം ഏറ്റെടുക്കുന്നത് ഏറെക്കുറെ കേട്ടുകേൾവിയില്ലാത്ത കാര്യമാണ്. എന്നാൽ പതിനേഴു വയസ്സുള്ള ഒരു വിദ്യാർത്ഥി ആത്മഹത്യ ചെയ്ത് ഒരു വർഷത്തിനുശേഷം, അവനെ സംരക്ഷിക്കുന്നതിൽ തങ്ങൾ “ദാരുണമായി പരാജയപ്പെട്ടു” എന്ന് ഒരു പ്രശസ്ത സ്കൂൾ സമ്മതിച്ചു. ആ കുട്ടി സഹവിദ്യാർത്ഥികളുടെ നിരന്തരമായ ഉപദ്രവം നേരിടേണ്ടിവന്നു. ഈ മോശമായ പെരുമാറ്റത്തെക്കുറിച്ച് അറിഞ്ഞിട്ടും സ്കൂൾ അധികൃതർ അവനെ സംരക്ഷിക്കുന്നതിനായി കാര്യമായൊന്നും ചെയ്തില്ല. ഇത്തരം പീഡനത്തെ ചെറുക്കുന്നതിനും വിദ്യാർത്ഥികളുടെ മാനസികാരോഗ്യത്തിന് മികച്ച പരിചരണം നൽകുന്നതിനുമുള്ള സുപ്രധാന നടപടികൾ കൈക്കൊള്ളാൻ സ്കൂൾ ഇപ്പോൾ പ്രതിജ്ഞാബദ്ധമായിരിക്കുന്നു.
സഹവിദ്യാർത്ഥികളുടെ പീഡനം മൂലമുണ്ടാകുന്ന അതീവനാശം വാക്കുകളുടെ ശക്തിയുടെ വ്യക്തമായ ഉദാഹരണമാണ്. സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ, വാക്കുകളുടെ സ്വാധീനത്തെ ഒരിക്കലും നിസ്സാരമായി കാണരുതെന്ന് നമ്മെ പഠിപ്പിക്കുന്നു. കാരണം, “മരണവും ജീവനും നാവിന്റെ അധികാരത്തിൽ ഇരിക്കുന്നു.” (സദൃശവാക്യങ്ങൾ 18:21). നാം പറയുന്ന കാര്യങ്ങൾ മറ്റൊരാളെ ഉയർത്തുകയോ തകർക്കുകയോ ചെയ്യാം. അതിന്റെ ഏറ്റവും മോശമായ അവസ്ഥയിൽ, ക്രൂരമായ വാക്കുകൾ അക്ഷരാർത്ഥത്തിൽ മരണത്തിലേക്ക് നയിക്കുന്ന ഒരു ഘടകമാണ്.
നാം പറയുന്ന കാര്യങ്ങൾക്ക് എങ്ങനെ ജീവൻ നൽകാനാകും? നമ്മുടെ വാക്കുകൾ പരിജ്ഞാനത്തിൽ നിന്നോ ഭോഷത്വത്തിൽ നിന്നോ പ്രവഹിക്കുന്നുവെന്നു തിരുവെഴുത്തു പഠിപ്പിക്കുന്നു (15:2). ജ്ഞാനത്തിന്റെ ജീവദായക ശക്തിയുടെ ഉറവിടമായ ദൈവത്തോട് അടുക്കുന്നതിലൂടെ നാം ജ്ഞാനം കണ്ടെത്തുന്നു (3:13, 17-19).
വാക്കുകളുടെ ആഘാതത്തെ ഗൗരവമായെടുക്കാനും മറ്റുള്ളവർ പറഞ്ഞതിൽ നിന്നും മുറിവേറ്റവരെ പരിപാലിക്കാനും സംരക്ഷിക്കാനും നമുക്കെല്ലാവർക്കും വാക്കിലും പ്രവൃത്തിയിലും ഉത്തരവാദിത്തമുണ്ട്. വാക്കുകൾക്ക് കൊല്ലാൻ കഴിയും. എന്നാൽ അനുകമ്പയുള്ള വാക്കുകൾക്ക് സുഖപ്പെടുത്താനും കഴിയും. അത് നമുക്കു ചുറ്റുമുള്ളവർക്ക് ഒരു “ജീവവൃക്ഷമായി” മാറുന്നു (15:4).

അനുഗ്രഹമാകുന്ന തകർച്ച
അദ്ദേഹത്തിന്റെ പുറത്തു കൂനുണ്ടായിരുന്നു, ഒരു വടികുത്തിയായിരുന്നു അദ്ദേഹം നടന്നിരുന്നത്. എന്നാൽ അദ്ദേഹത്തിന്റെ നിരവധി വർഷത്തെ ആത്മീയ ഇടയവേല, അദ്ദേഹം ദൈവത്തിൽ ആശ്രയിക്കുന്നു എന്നതിന്റെ തെളിവാണ്. അതായിരുന്നു അദ്ദേഹത്തിന്റെ ശക്തിയുടെ ഉറവിടവും. 1993-ൽ, ബഹുമാന്യനായ വില്യം ബാർബറിന്റെ നട്ടെല്ലിന്റെ കശേരുക്കൾ ഒന്നിച്ചു ചേരുന്നതിനു കാരണമാകുന്ന ദുർബലപ്പെടുത്തുന്ന ഒരു രോഗം കണ്ടെത്തി. “ബാർബർ, അജപാലനത്തിനു പുറമെ നിങ്ങൾ മറ്റൊരു ജോലി കൂടി കണ്ടെത്തേണ്ടതായി വരും, കാരണം [വികലാംഗനായ ഒരാൾ] തങ്ങളുടെ പാസ്റ്ററാകാൻ സഭ ആഗ്രഹിക്കുന്നില്ല” എന്നു അത്ര ആർദ്രമല്ലാത്ത അഭിപ്രായം അദ്ദേഹം കേൾക്കേണ്ടിവന്നു. എന്നാൽ ആ വേദനാജനകമായ അഭിപ്രായത്തെ ബാർബർ മറികടന്നു. അദ്ദേഹത്തെ ഒരു പാസ്റ്ററായി മാത്രമല്ല ദൈവം ഉപയോഗിച്ചത്. പിന്നോക്കാവസ്ഥയിലുള്ളവർക്കും പാർശ്വവൽക്കരിക്കപ്പെട്ടവർക്കും വേണ്ടി ശക്തവും ആദരണീയവുമായ ശബ്ദമായി അദ്ദേഹത്തെ ദൈവം മാറ്റിയെടുത്തു.
വൈകല്യമുള്ളവരുടെ കാര്യത്തിൽ എന്തുചെയ്യണമെന്നു ലോകത്തിനു പൂർണ്ണമായി അറിയില്ലെങ്കിലും, ദൈവത്തിന് അറിയാം. സൗന്ദര്യാരോഗ്യങ്ങളും പണത്തിനു വാങ്ങാൻ കഴിയുന്ന വസ്തുക്കളും വിലമതിക്കുന്നവർക്കു ക്ഷണിക്കപ്പെടാത്ത തകർച്ചയ്ക്കൊപ്പമുള്ള നന്മ നഷ്ടപ്പെട്ടേക്കാം. യാക്കോബിന്റെ ചോദ്യവും അതിലടങ്ങിയിരിക്കുന്ന തത്ത്വവും പരിഗണിക്കേണ്ടതാണ്: “ദൈവം ലോകത്തിൽ ദരിദ്രരായവരെ വിശ്വാസത്തിൽ സമ്പന്നരും തന്നേ സ്നേഹിക്കുന്നവർക്കു വാഗ്ദത്തം ചെയ്ത രാജ്യത്തിന്റെ അവകാശികളുമാകേണ്ടതിന്നു തിരഞ്ഞെടുത്തില്ലയോ?” (യാക്കോബ് 2:5). ആരോഗ്യമോ ശക്തിയോ മറ്റു കാര്യങ്ങളോ കുറയുമ്പോൾ, അയാളുടെ വിശ്വാസവും അതിനനുസരിച്ചു കുറയേണ്ടതില്ല. ദൈവത്തിന്റെ ശക്തിയാൽ, അത് വിപരീതമാക്കാൻ കഴിയും. നമ്മിലെ അഭാവം അവനെ വിശ്വസിക്കാനുള്ള ഒരു ഉത്തേജകമാണ്. യേശുവിന്റെ കാര്യത്തിലെന്നപോലെ, ലോകത്തിനു നന്മ കൊണ്ടുവരാനായി നമ്മുടെ തകർച്ചയെ അവനു ഉപയോഗിക്കാനാകും.

നമ്മുടെ ശക്തിയെ പുതുക്കുക
എന്റെ വീട്ടിൽ നിന്ന് ഏതാനും മൈലുകൾ അകലെയുള്ള ഒരു മരത്തിൽ ഒരു ജോടി കഴുകന്മാർ അസാമാന്യ വലുപ്പമുള്ള ഒരു കൂടുണ്ടാക്കി. അധികം താമസിയാതെ, ഭീമാകാരമായ ആ പക്ഷികൾക്ക് കുഞ്ഞുങ്ങളുണ്ടായി. പ്രായപൂർത്തിയായ കഴുകന്മാരിൽ ഒന്നു ദാരുണമായി ഒരു കാറു കയറി മരിക്കുന്നതുവരെ അവ ഒരുമിച്ചു തങ്ങളുടെ കുഞ്ഞുങ്ങളെ പരിപാലിച്ചു. ഒറ്റപ്പെട്ടുപോയ കഴുകൻ ദിവസങ്ങളോളം നഷ്ടപ്പെട്ട ഇണയെ തിരയുന്നതുപോലെ, അടുത്തുള്ള നദിയിലൂടെ മുകളിലേക്കും താഴേക്കും പറന്നു. ഒടുവിൽ, ആ കഴുകൻ കൂട്ടിലേക്ക് മടങ്ങി, സന്താനങ്ങളെ വളർത്തുന്നതിനുള്ള മുഴുവൻ ഉത്തരവാദിത്തവും ഏറ്റെടുത്തു.
ഏത് സാഹചര്യത്തിലും, ഒറ്റയ്ക്കു കുഞ്ഞുങ്ങളെ വളർത്തുക എന്നതു വെല്ലുവിളി നിറഞ്ഞതാണ്. സാമ്പത്തികവും വൈകാരികവുമായ സമ്മർദ്ദവും ഒരു കുട്ടി കൊണ്ടുവരുന്ന ആനന്ദവും വ്യത്യസ്തമായ അനുഭവങ്ങൾ ജീവിതത്തിൽ സൃഷ്ടിക്കും. എന്നാൽ ഈ സുപ്രധാന പങ്കു വഹിക്കുന്നവർക്കും, സംഭ്രമിപ്പിക്കും വിധമുള്ള സാഹചര്യം കൈകാര്യം ചെയ്യാൻ ശ്രമിക്കുന്നവർക്കും പ്രതീക്ഷയ്ക്കു വകയുണ്ട്.
തളർച്ചയും അധൈര്യവും അനുഭവപ്പെടുന്ന സമയങ്ങളിൽ ദൈവം നമ്മോടൊപ്പമുണ്ട്. അവൻ എല്ലാറ്റിനും മേൽ അധികാരമുള്ള സർവ്വശക്തനും മാറ്റമില്ലാത്തവനും ആയതിനാൽ, അവന്റെ ശക്തി ഒരിക്കലും നഷ്ടപ്പെട്ടുപോകുന്നില്ല. വേദപുസ്തകം പറയുന്നതിൽ നമുക്ക് ആശ്രയിക്കാം: “എങ്കിലും യഹോവയെ കാത്തിരിക്കുന്നവർ ശക്തിയെ പുതുക്കും” (യെശയ്യാവു 40:31). നമ്മുടെ സ്വന്തം പരിധിയെ നേരിടുന്നത് നമുക്ക് എന്ത് സംഭവിക്കുമെന്നു നിർണ്ണയിക്കുന്നില്ല. കാരണം, അമാനുഷികമായി നമ്മുടെ ശക്തിയെ പുതുക്കാനായി നമുക്കു ദൈവത്തിൽ ആശ്രയിക്കാനാകും. അവനിൽ പ്രത്യാശിക്കുന്നത് നമ്മെ നടക്കാനും തളരാതിരിക്കാനും “കഴുകന്മാരെപ്പോലെ ചിറകു അടിച്ചു” (വാ. 31) കയറാനും നമ്മെ അനുവദിക്കുന്നു.
