Category  |  odb

ദൈവഭയത്തിൽ

ചില കാര്യങ്ങളെയോ, സാഹചര്യങ്ങളെയോ കുറിച്ചുള്ള "യുക്തിരഹിതമായ ഭയം" എന്നാണ് ഒരു ഫോബിയയെ നിർവചിച്ചിരിക്കുന്നത്. അരക്നോഫോബിയ എന്നത് ചിലന്തികളെ ഭയപ്പെടുന്നതാണ് (ചിലർ വാദിച്ചേക്കാം, ഇത് തികച്ചും യുക്തിസഹമായ കാര്യമാണ്!). പിന്നെ ഗ്ലോബോഫോബിയയും, ചോക്കൊലേറ്റോഫോബിയയും ഉണ്ട്. ഇങ്ങനെ നാനൂറോളം ഭയങ്ങൾ  രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. എന്തിനേയും നാം ഭയപ്പെടാൻ സാധ്യതയുണ്ട് എന്ന് ചുരുക്കം.

പത്തു കൽപ്പനകൾ ലഭിച്ചശേഷം യിസ്രായേല്യർ ഭയപ്പെട്ടിരുന്നതായി ബൈബിൾ പറയുന്നു: “ജനം ഒക്കെയും ഇടിമുഴക്കവും മിന്നലും . . . വിറെച്ചുകൊണ്ടു ദൂരത്തു നിന്നു” (പുറപ്പാട് 20:18). ഏറ്റവും രസകരമായ ഈ പ്രസ്താവന നൽകി മോശ അവരെ ആശ്വസിപ്പിച്ചു: “ഭയപ്പെടേണ്ട. ദൈവഭയം നിങ്ങളോടുകൂടെ ഉണ്ടായിരിക്കേണ്ടതിന് നിങ്ങളെ പരീക്ഷിക്കാനാണ് ദൈവം വന്നിരിക്കുന്നത്” (വാക്യം 20). മോശ പറഞ്ഞതിൽ വിരോധാഭാസം തോന്നുന്നു: "ഭയപ്പെടേണ്ട, എന്നാൽ ഭയപ്പെടണം." വാസ്‌തവത്തിൽ, “ഭയം” എന്നതിനുള്ള എബ്രായ പദത്തിൽ കുറഞ്ഞത്‌ രണ്ട്‌ അർഥങ്ങളെങ്കിലും അടങ്ങിയിരിക്കുന്നു—എന്തിനെയെങ്കിലും കുറിച്ചുള്ള ഭയം, അല്ലെങ്കിൽ ദൈവത്തോടുള്ള ആദരവോടെയുള്ള ഭയം.

ഗ്ലോബോഫോബിയ ബലൂണുകളോടുള്ള ഭയമാണെന്നും, ചോക്കൊലേറ്റോഫോബിയ ചോക്കൊലേറ്റിനോടുള്ള ഭയമാണെന്നും മനസ്സിലാക്കുമ്പോൾ നാം ചിരിച്ചുപോകും. എല്ലാത്തരം കാര്യങ്ങളെയും നമുക്ക് ഭയപ്പെടാം എന്നതാണ് ഫോബിയയെക്കുറിച്ചുള്ള കൂടുതൽ ഗുരുതരമായ സത്യം. ചിലന്തികളെപ്പോലെ ഭയം നമ്മുടെ ജീവിതത്തിലേക്ക് കടന്നുവരുന്നു, ലോകം നമ്മെ ഭയപ്പെടുത്തുന്ന ഒരു സ്ഥലമായി മാറാം. ഫോബിയയോടും, ഭയത്തോടും പോരാടുമ്പോൾ, നമ്മുടെ ദൈവം ഭയങ്കരനായ ദൈവമാണെന്നും, ഇരുട്ടിന്റെ നടുവിൽ അവൻ ഏറ്റവും അടുത്ത ആശ്വാസം ആകുന്നു എന്നും ഓർമ്മിക്കുന്നത് നല്ലതാണ്.

 

സൽപ്രവൃത്തികളിൽ സമ്പന്നൻ

കൈകൊണ്ട്, വസ്ത്രങ്ങൾ ബ്രഷ് ചെയ്ത്, അലക്കിയുണക്കി, ഇസ്തിരിയിടുന്ന ഒരു അലക്കുകാരിയായി എഴുപത് വർഷം കഠിനാധ്വാനം ചെയ്ത ശേഷം ഒടുവിൽ എൺപത്തിയാറാം വയസ്സിൽ ഓസിയോള മെക്കാർടി വിരമിക്കാൻ തയ്യാറായി. അത്രയും വർഷങ്ങൾ തന്റെ തുച്ഛമായ വരുമാനത്തിൽ നിന്ന് അവർ കരുതലോടെ മിച്ചംപിടിച്ച $150,000 (ഏകദേശം ₹1.24 കോടി), തന്റെ കൂടെയുള്ളവരെ അത്ഭുതപ്പെടുത്തിക്കൊണ്ട്, നിർദ്ധനരായ വിദ്യാർത്ഥികൾക്കായി സ്‌കോളർഷിപ്പ് ഫണ്ട് ഉണ്ടാക്കുന്നതിനായി, ഓസിയോള അടുത്തുള്ള സർവകലാശാലയ്ക്ക്  സംഭാവന നൽകി. അവരുടെ ത്യാഗപൂർണ്ണമായ സംഭാവനയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട്, നൂറുകണക്കിന് ആളുകൾ സംഭാവന നൽകി. അതുമൂലം അവരുടെ സ്‌കോളർഷിപ്പ് ഫണ്ട് മൂന്നിരട്ടിയായി വർധിച്ചു.

സ്വന്തം നേട്ടത്തിനായി ഉപയോഗിക്കുമ്പോളല്ല, മറ്റുള്ളവരുടെ അനുഗ്രഹത്തിനായി ഉപയോഗിക്കുമ്പോളാണ് തന്റെ സമ്പത്തിന് മൂല്യമുണ്ടാകുന്നത് എന്ന് ഓസിയോള മനസ്സിലാക്കി.   

ഈ ലോകത്തിൽ സമ്പന്നരായവരോട് "സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ" (1 തിമൊഥെയൊസ് 6:18) കൽപ്പിക്കാൻ അപ്പോസ്തലനായ പൗലോസ് തിമൊഥെയൊസിനെ ഉദ്ബോധിപ്പിച്ചു. നമുക്ക് ഓരോരുത്തർക്കും കാര്യവിചാരകന്മാരായി ഉപയോഗിക്കുവാനാണ് സമ്പത്ത് നൽകിയിട്ടുള്ളത്. അത് പണമോ മറ്റ് വിഭവങ്ങളോ ആകാം. നമ്മുടെ വിഭവങ്ങളിൽ ആശ്രയിക്കുന്നതിനുപകരം, ദൈവത്തിൽ മാത്രം പ്രത്യാശ വെക്കാൻ പൗലോസ് മുന്നറിയിപ്പ് നൽകുന്നു (വാക്യം 17). നാം "ദാനശീലരും ഔദാര്യമുള്ളവരുമായി" സ്വർഗത്തിൽ  നിക്ഷേപം ഉണ്ടാക്കണം (വാക്യം 18).

ദൈവത്തിന്റെ സമ്പദ്‌വ്യവസ്ഥയിൽ, പിശുക്ക് കാണിക്കുന്നതും, ഉദാരമനസ്കത കാണിക്കാത്തതും ഒന്നുമില്ലായ്മയിലേക്ക് നയിക്കുന്നു. സ്നേഹപൂർവ്വം മറ്റുള്ളവർക്ക് കൊടുക്കുമ്പോൾ നമുക്ക് ചാരിതാർഥ്യം ലഭിക്കുന്നു. കൂടുതലായി വേണമെന്ന് ആഗ്രഹിക്കുന്നതിന് പകരം ദൈവഭക്തിയും സംതൃപ്തിയും ഉണ്ടായിരിക്കുന്നത് വലിയ നേട്ടമാണ് (വാക്യം 6). ഓസിയോളയെപ്പോലെ നമുക്ക് എങ്ങനെ ഔദാര്യമായി നൽകാൻ സാധിക്കും? ദൈവഹിതപ്രകാരം സൽപ്രവൃത്തികളിൽ സമ്പന്നരാകാൻ ഇന്ന് നമുക്ക് പരിശ്രമിക്കാം.

 

ആരാധനാലയം

രണ്ടാം ലോകമഹായുദ്ധത്തിൽ ബ്രിട്ടനിലെ ഹൗസ് ഓഫ് കോമൺസ് ബോംബാക്രമണത്തിൽ തകർന്നപ്പോൾ, അത് മുമ്പ് ഉണ്ടായിരുന്നതുപോലെ തന്നെ വീണ്ടും പണിയണമെന്ന് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ പാർലമെന്റിൽ പറഞ്ഞു. അംഗങ്ങൾക്ക് മുഖാമുഖം നോക്കി ചർച്ചകൾ നടത്തുവാൻ വേണ്ടി അത് ചെറുതായി തന്നെ പണിയണം. രാഷ്ട്രീയക്കാർക്ക് അതിന്റെ "മധ്യത്തിന് ചുറ്റും നടക്കാൻ" വേണ്ടി അത് അർദ്ധവൃത്താകൃതിക്ക് പകരം, ദീർഘചതുരത്തിലായിരിക്കണം. ഇത് ബ്രിട്ടന്റെ പാർട്ടി സമ്പ്രദായത്തെ സംരക്ഷിച്ചു. അവിടെ ഇടതുപക്ഷക്കാരും വലതുപക്ഷക്കാരും പരസ്പരം, മുഖാമുഖം നോക്കി ഇരുന്നു. കൂറ് മാറുന്നതിന് മുമ്പ് ശ്രദ്ധാപൂർവ്വം ചിന്തിക്കേണ്ടതായിട്ട് വന്നു. വിൻസ്റ്റൺ ചർച്ചിൽ ഉപസംഹരിച്ചു: "നാം നമ്മുടെ കെട്ടിടങ്ങൾ രൂപപ്പെടുത്തുന്നു, അതിനുശേഷം നമ്മുടെ കെട്ടിടങ്ങൾ നമ്മെ രൂപപ്പെടുത്തുന്നു."

ദൈവം ഇതിനോട് യോജിക്കുന്നതായി തോന്നുന്നു. പുറപ്പാടിലെ എട്ട് അധ്യായങ്ങൾ (അധ്യായങ്ങൾ 24-31) കൂടാരം പണിയുന്നതിനുള്ള നിർദ്ദേശങ്ങൾ നൽകുന്നു, കൂടാതെ ആറ് (അധ്യായങ്ങൾ. 35-40) ഇസ്രായേൽ അത് എങ്ങനെ ചെയ്തുവെന്ന് വിവരിക്കുന്നു. ദൈവം അവരുടെ ആരാധനയിൽ ശ്രദ്ധിച്ചു. ആളുകൾ പ്രാകാരത്തിൽ പ്രവേശിച്ചപ്പോൾ, തിളങ്ങുന്ന സ്വർണ്ണവും കൂടാരത്തിന്റെ വർണ്ണാഭമായ തിരശ്ശീലകളും (26:1, 31-37) അവരെ അമ്പരപ്പിച്ചു. ഹോമയാഗത്തിന്റെ ബലിപീഠവും (27:1-8) താമ്രത്തൊട്ടിയും (30:17-21) അവരുടെ പാപമോചനത്തിന്റെ വിലയെ ഓർമ്മിപ്പിച്ചു. സമാഗമനകൂടാരത്തിൽ ഒരു നിലവിളക്ക് (25:31-40), അപ്പമേശ (25:23-30), ധൂപപീഠം (30:1-6), വാഗ്ദത്തപെട്ടകം (25:10-22) എന്നിവ ഉണ്ടായിരുന്നു. ഓരോ സാധനത്തിനും വലിയ പ്രാധാന്യം ഉണ്ടായിരുന്നു.

ഇസ്രായേലിന് നല്കിയതുപോലെ, നമ്മുടെ ആരാധനാ സ്ഥലത്തിന് വിശദമായ നിർദ്ദേശങ്ങൾ ദൈവം നൽകുന്നില്ല, എങ്കിലും നമ്മുടെ ആരാധന പ്രാധാന്യം കുറഞ്ഞതല്ല. ദൈവത്തിന് വസിക്കാൻ വേർതിരിച്ചിരിക്കുന്ന കൂടാരമായിരിക്കണം നാം ഓരോരുത്തരും. അവൻ ആരാണെന്നും, അവൻ എന്തുചെയ്യുന്നുവെന്നും, നമ്മുടെ പ്രവൃത്തികൾ നമ്മെ ഓർമ്മിപ്പിക്കട്ടെ.

 

യേശുവിൽ വിശ്രമം കണ്ടെത്തുക

അസ്വസ്ഥമായ ആത്മാവിന്  സമ്പത്തിലും വിജയത്തിലും സംതൃപ്തി ഒരിക്കലും ലഭിക്കുകയില്ല. മരിച്ചുപോയ ഒരു കൺട്രി മ്യൂസിക് താരം ഈ സത്യത്തിന് സാക്ഷ്യം വഹിക്കുന്നു. അദ്ദേഹത്തിന്റെ നാൽപ്പതോളം ആൽബങ്ങൾ ആഴ്ചതോറും ഉള്ള മികച്ച പത്ത് പാട്ടുകളിൽ ഇടംനേടി. എന്നാൽ അദ്ദേഹം ഒന്നിലധികം വിവാഹം ചെയ്യുകയും, ജയിലിൽ കഴിയുകയും ചെയ്തു. ഇത്രയധികം നേട്ടങ്ങളുടെ മധ്യത്തിലും അദ്ദേഹം ഒരിക്കൽ വിലപിച്ചു: "ഞാൻ ഒരിക്കലും കീഴടക്കിയിട്ടില്ലാത്ത ഒരു അസ്വസ്ഥത എന്റെ ആത്മാവിലുണ്ട്, അത് ഇപ്പോഴും ഒരു പരിധിവരെ ഉണ്ട്, അത് സംഗീതമോ, വിവാഹമോ, അർത്ഥമോ അല്ല, . . . . അത് ഞാൻ മരിക്കുന്ന ദിവസം വരെ തുടരും. " ഖേദകരമെന്നു പറയട്ടെ, തന്റെ ജീവിതം അവസാനിക്കുന്നതിനുമുമ്പ് അദ്ദേഹത്തിന് തന്റെ ആത്മാവിന് വിശ്രമം കണ്ടെത്താമായിരുന്നു.

ഈ സംഗീതജ്ഞനെപ്പോലെ, പാപത്തിലും അതിന്റെ അനന്തരഫലങ്ങളിലും വലഞ്ഞ എല്ലാവരെയും വ്യക്തിപരമായി തന്റെ അടുക്കൽ വരാൻ യേശു ക്ഷണിക്കുന്നു: “എന്റെ അടുക്കൽ വരുവിൻ;” അവൻ പറയുന്നു (മത്തായി 11:28). നാം യേശുവിൽ രക്ഷ പ്രാപിക്കുമ്പോൾ, അവൻ നമ്മിൽ നിന്ന് ഭാരങ്ങൾ എടുത്ത്, "[നമ്മെ] ആശ്വസിപ്പിക്കും." അവനിൽ വിശ്വസിക്കുകയും അവനിൽ നിന്ന് പഠിക്കുകയും ചെയ്യുക എന്നതാണ് നാം ചെയ്യേണ്ടത് (യോഹന്നാൻ 10:10). ക്രിസ്തുവിന്റെ ശിഷ്യത്വത്തിന്റെ നുകം ഏറ്റെടുക്കുന്നത് "[നമ്മുടെ] ആത്മാക്കൾക്കു ആശ്വാസം" കണ്ടെത്തുവാൻ ഇടയാക്കുന്നു (മത്തായി 11:29).

നാം യേശുവിന്റെ അടുക്കൽ വരുമ്പോൾ, ദൈവത്തോടുള്ള നമ്മുടെ ഉത്തരവാദിത്തങ്ങൾ കുറയുന്നില്ല. അവനിൽ ജീവിക്കാൻ പുതിയതും, എളുപ്പമുള്ളതുമായ ഒരു മാർഗം നൽകിക്കൊണ്ട് അവൻ നമ്മുടെ അസ്വസ്ഥമായ ആത്മാക്കൾക്ക് സമാധാനം നൽകുന്നു. അവൻ നമുക്ക് യഥാർത്ഥ വിശ്രമം നൽകുന്നു.

പുതിയതും ഉറപ്പുള്ളതും

മൂന്ന് വർഷമായി, വീട്ടാവശ്യങ്ങൾക്കല്ലാതെ, സൂസൻ തനിക്കായി ഒന്നും വാങ്ങിയില്ല. കോവിഡ്-19 മഹാമാരി എന്റെ സുഹൃത്തിന്റെ വരുമാനത്തെ ബാധിച്ചു, അവൾ ലളിതമായ ഒരു ജീവിതശൈലി സ്വീകരിച്ചു. അവൾ പറഞ്ഞു, “ഒരു ദിവസം, എന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതിനിടയിൽ, എന്റെ സാധനങ്ങൾ എത്ര മോശവും നിറം  മങ്ങിയതുമാണെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് എനിക്ക് പുതിയ സാധനങ്ങൾ ഒന്നും ഇല്ലാത്തതിന്റെ സങ്കടം തുടങ്ങിയത്. പുതിയ സാധനങ്ങൾ കിട്ടുമ്പോഴുള്ള സന്തോഷവും ആവേശവും ഇല്ലാതെയായി. എന്റെ ചുറ്റുമുള്ളതെല്ലാം പഴകിയതും, ശോഭയില്ലാത്തതുമായി തോന്നി. പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി.”

അപ്രതീക്ഷിതമായി ബൈബിളിലെ ഒരു പുസ്തകത്തിൽ സൂസൻ പ്രോത്സാഹനം കണ്ടെത്തി. യെരൂശലേം ബാബിലോണിന്റെ കീഴിലായതിനുശേഷം യിരെമ്യാവ് എഴുതിയ 'വിലാപങ്ങൾ' പ്രവാചകനും ജനങ്ങളും അനുഭവിച്ച ദുഃഖത്തിന്റെ ഭീകരത വിവരിക്കുന്നു. എന്നിരുന്നാലും, ദുഃഖത്തിന്റെയും നിരാശയുടെയും നടുവിൽ പ്രത്യാശയ്ക്ക് ഒരു കാരണമുണ്ട്—ദൈവസ്നേഹം. യിരെമ്യാവ്‌ പറഞ്ഞു, "അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു." (വിലാ. 3:22-23).

ദൈവത്തിന്റെ അഗാധമായ സ്‌നേഹം ഓരോ ദിവസവും പുതുതായി കടന്നുവരുന്നു എന്ന് സൂസൻ 

മനസ്സിലാക്കി. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ, നമുക്ക് അവന്റെ വിശ്വസ്തതയെയും കരുതലിനെയും ഓർത്തുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ  കഴിയും. നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാം (വാ. 24-25). നമ്മുടെ പ്രത്യാശ ഒരിക്കലും വ്യർഥമാകുകയില്ല, കാരണം, അത് അവന്റെ അചഞ്ചലമായ സ്നേഹത്തിലും അനുകമ്പയിലും അടിസ്ഥാനപ്പെട്ടതാണ്.

"ദൈവസ്നേഹം ഓരോ ദിവസവും 'പുതിയതാണ്,’ എനിക്ക് പ്രതീക്ഷയോടെ മുന്നോട്ട് നോക്കാം,"

സൂസൻ പറയുന്നു.