ക്രിസ്തുമസിന്റെ അത്ഭുതം
ഒരു ആദായവില്പനയിൽ, ഒരു കാർഡ്‌ബോർഡ് ബോക്‌സിൽ ഒരു തിരുപ്പിറവി സെറ്റ് ഞാൻ കണ്ടെത്തി. കുഞ്ഞ് യേശുവിനെ എടുത്തപ്പോൾ, കുഞ്ഞിന്റെ ശരീരത്തിന്റെ സൂക്ഷ്മമായ ശിൽപ വൈദഗ്ധ്യം ഞാൻ ശ്രദ്ധിച്ചു. ഈ നവജാതശിശു ഒരു പുതപ്പിനുള്ളിൽ കണ്ണടച്ചു കിടക്കുകയായിരുന്നില്ല - അവൻ ഉണർന്നിരുന്നു, കൈകൾ നീട്ടി, കൈകൾ വിരിച്ച് “ഞാൻ ഇവിടെയുണ്ട്!’’ എന്നു പറയുന്നതായി തോന്നി.
ക്രിസ്തുമസിന്റെ അത്ഭുതം - ദൈവം തന്റെ പുത്രനെ മനുഷ്യശരീരത്തിൽ ഭൂമിയിലേക്ക് അയച്ചുവെന്നത് - ആ ശില്പം ചിത്രീകരിച്ചു. യേശുവിന്റെ ശൈശവ ശരീരം പക്വത പ്രാപിച്ചപ്പോൾ, അവന്റെ ചെറിയ കൈകൾ കളിപ്പാട്ടങ്ങളുമായി കളിച്ചു, പിന്നീട് തോറയെ കൈയിലെടുത്തു, തുടർന്ന് അവന്റെ ശുശ്രൂഷ ആരംഭിക്കുന്നതിന് മുമ്പ് ഫർണിച്ചറുകൾ രൂപപ്പെടുത്തി. ജനനസമയത്ത് തുടുത്തതും പൂർണതയുള്ളതുമായ അവന്റെ പാദങ്ങൾ, പഠിപ്പിക്കാനും സൗഖ്യമാക്കുവാനും അവനെ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാൻ തക്കവിധം വളർന്നു. അവന്റെ ജീവിതാവസാനം, ഈ മാനുഷിക കൈകളും കാലുകളും ക്രൂശിനോടു ചേർത്ത്് ആണിയടിക്കപ്പെട്ടു.
ആ ശരീരത്തിൽ, “ദൈവം തന്റെ പുത്രനെ നമ്മുടെ പാപങ്ങൾക്കുവേണ്ടി ഒരു യാഗമായി അർപ്പിച്ചുകൊണ്ട് നമ്മുടെ മേലുള്ള പാപത്തിന്റെ നിയന്ത്രണം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു,’’ റോമർ 8:3, (NLT) പറയുന്നു. നമ്മുടെ എല്ലാ തെറ്റുകൾക്കുമുള്ള ശിക്ഷയായി യേശുവിന്റെ ബലി സ്വീകരിക്കുകയും നമ്മുടെ ജീവിതം അവനു സമർപ്പിക്കുകയും ചെയ്താൽ, പാപത്തിന്റെ അടിമത്തത്തിൽ നിന്ന് നമുക്ക് ആശ്വാസം ലഭിക്കും. ഒരു യഥാർത്ഥ, ചലിക്കുന്ന, കൈകാലിട്ടടിക്കുന്ന ഒരു ശിശുവായി ദൈവപുത്രൻ നമുക്കായി ജനിച്ചിനാൽ ദൈവവുമായി സമാധാനവും അവനുമായി ഒരു നിത്യതയുടെ ഉറപ്പും ഉണ്ടായിരിക്കാൻ ഒരു മാർഗം നമുക്കു തുറന്നു കിട്ടി.

ആവശ്യമുള്ളതു മാത്രം
ഫിഡ്‌ലർ ഓൺ ദി റൂഫ് എന്ന സിനിമയിൽ, തന്റെ മൂന്ന് പെൺമക്കളെ വിവാഹം കഴിക്കാൻ ശ്രമിക്കുന്ന ഒരു പാവപ്പെട്ട കർഷകനായ ടെവി, അവന്റെ സാമ്പത്തികാവസ്ഥയെക്കുറിച്ച് ദൈവത്തോട് സത്യസന്ധമായി സംസാരിക്കുന്നു: “അങ്ങു നിരവധി ദരിദ്രരെ സൃഷ്ടിച്ചു. ദരിദ്രനായിരിക്കുന്നതിൽ ലജ്ജയില്ല എന്ന് ഞാൻ മനസ്സിലാക്കുന്നു. പക്ഷേ അതു വലിയ ബഹുമതിയുമല്ല! ഇപ്പോൾ, എനിക്ക് ഒരു ചെറിയ ഭാഗ്യം ഉണ്ടായിരുന്നെങ്കിൽ അതു ഭീകരമാകുമായിരുന്നോ! . . . ഞാൻ ഒരു ധനികനായിരുന്നെങ്കിൽ, വിശാലവും ശാശ്വതവുമായ എന്തെങ്കിലും പദ്ധതിയെ അത് നശിപ്പിക്കുമായിരുന്നോ?’’
എഴുത്തുകാരനായ ഷോലെം അലൈഷെം ഈ സത്യസന്ധമായ വാക്കുകൾ ടെവിയുടെ നാവിൽ വയ്ക്കുന്നതിന് അനേക നൂറ്റാണ്ടുകൾക്ക് മുമ്പ്, സദൃശവാക്യങ്ങളുടെ പുസ്തകത്തിൽ അഗൂർ ദൈവത്തോട് സമാനമായ നിലയിൽ സത്യസന്ധമായതും എന്നാൽ കുറച്ച് വ്യത്യസ്തവുമായ ഒരു പ്രാർത്ഥന നടത്തി. തനിക്ക് ദാരിദ്ര്യമോ സമ്പത്തോ നൽകരുതെന്ന് അഗൂർ ദൈവത്തോട് ആവശ്യപ്പെട്ടു - പകരം “നിത്യവൃത്തി’’ നൽകണം (30:8). “വളരെയധികം’’ ഉള്ളത് അവനെ അഹങ്കാരിയാക്കുകയും ദൈവത്തിന്റെ സ്വഭാവത്തെ നിഷേധിക്കുന്ന ഒരു പ്രായോഗിക നിരീശ്വരവാദിയാക്കി മാറ്റുകയും ചെയ്യുമെന്ന് അവനറിയാമായിരുന്നു. മാത്രമല്ല, താൻ “ദരിദ്രനാകാൻ’’ അനുവദിക്കരുതെന്നും അവൻ ദൈവത്തോട് ആവശ്യപ്പെട്ടു, കാരണം അത് മറ്റുള്ളവരിൽ നിന്ന് മോഷ്ടിച്ചുകൊണ്ട് ദൈവത്തിന്റെ നാമത്തെ അപമാനിക്കാൻ ഇടയാക്കിയേക്കാം (വാ. 9). ആഗൂർ ദൈവത്തെ തന്റെ ഏക ദാതാവായി തിരിച്ചറിഞ്ഞു, തന്റെ ദൈനംദിന ആവശ്യങ്ങൾക്ക് “ആവശ്യമുള്ളതു മാത്രം’’ ദൈവത്തോട് ആവശ്യപ്പെട്ടു. അവന്റെ പ്രാർത്ഥന, ദൈവത്തെയും അവനിൽ മാത്രം കണ്ടെത്തുന്ന സംതൃപ്തിയെയും പിന്തുടരുന്ന മനോഭാവത്തെ വെളിപ്പെടുത്തി.
നമുക്കുള്ള എല്ലാറ്റിന്റെയും ദാതാവായി ദൈവത്തെ അംഗീകരിക്കുന്ന ആഗൂരിന്റെ മനോഭാവം നമുക്കുണ്ടാകട്ടെ. അവന്റെ നാമത്തെ ബഹുമാനിക്കുന്ന സാമ്പത്തിക കാര്യനിർവഹണം പിന്തുടരുമ്പോൾ, നമുക്ക് അവന്റെ മുമ്പാകെ –“ആവശ്യമുള്ളതു മാത്രം’’ അല്ല, ആവശ്യത്തിലധികവും പ്രദാനം ചെയ്യുന്നവന്റെ മുമ്പാകെ - സംതൃപ്തിയിൽ ജീവിക്കാൻ കഴിയും.