ഒരു തുറന്ന, ഔദാര്യ ഹൃദയം
ഇനി നന്നാക്കാന്‍ കഴിയാത്ത വിധം വിക്കിയുടെ പഴയ ബൈക്ക് കേടായപ്പോള്‍, അവള്‍ മറ്റൊരു വാഹനത്തിനായി ചെറിയ തുകകള്‍ വീതം ശേഖരിക്കാന്‍ തുടങ്ങി. വിക്കി ജോലി ചെയ്യുന്ന റെസ്റ്റോറന്റിലെ പതിവ് കസ്റ്റമറായ ക്രിസ്, അവള്‍ക്ക് ഒരു ബൈക്ക് വേണമെന്ന് പറയുന്നതു ഒരു ദിവസം കേട്ടു. ''എനിക്ക് അതിനെക്കുറിച്ച് ചിന്തിക്കുന്നത് നിര്‍ത്താന്‍ കഴിഞ്ഞില്ല,'' ക്രിസ് പറഞ്ഞു. ''എനിക്ക് എന്തെങ്കിലും ചെയ്യേണ്ടതുണ്ടായിരുന്നു.'' അദ്ദേഹം തന്റെ മകന്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങി (മകന്‍ അത് വില്‍പ്പനയ്ക്ക് വച്ചിരുന്നു), അത് തൂത്തുതുടച്ച്, വിക്കിക്കു താക്കോല്‍ കൈമാറി. വിക്കി ഞെട്ടിപ്പോയി. 'ആര്. . . ഇത് ചെയ്യും?' അവള്‍ ആശ്ചര്യത്തോടും നന്ദിയോടും കൂടെ പറഞ്ഞു.
നമുക്ക് കഴിയുന്നത്ര സൗജന്യമായി നല്‍കിക്കൊണ്ട് - ആവശ്യത്തിലിരിക്കുന്നവര്‍ക്ക് ഏറ്റവും മികച്ചത് നല്‍കിക്കൊണ്ട് - തുറന്ന കൈകളോടെ ജീവിക്കാന്‍ തിരുവെഴുത്തുകള്‍ നമ്മെ ആഹ്വാനം ചെയ്യുന്നു. തിമൊഥെയൊസിനോടു പറയുന്നതുപോലെ: 'ഈ ലോകത്തിലെ ധനികരോട് നന്മ ചെയ്യാനും സല്‍പ്രവൃത്തികളില്‍ സമ്പന്നരായി ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുവാന്‍ കല്‍പ്പിക്കുക'' (1 തിമൊഥെയൊസ് 6:18). നാം ഇവിടെയും അവിടെയും വല്ലപ്പോഴും ഒരു ദയാ പ്രവൃത്തി ചെയ്യുകയല്ല, മറിച്ച് ദാനം ചെയ്യുന്നതില്‍ സന്തോഷമുള്ളവരായി ജീവിക്കുകയാണ് വേണ്ടത്. വിശാല ഹൃദയം നമ്മുടെ സാധാരണ ജീവിത രീതി ആയിരിക്കണം. ''ദാനശീലരും ഔദാര്യമുള്ളവരുമായിരിക്കുക'' എന്നു നമ്മോടു പറഞ്ഞിരിക്കുന്നു (വാ. 18).
തുറന്നതും ഔദാര്യമുള്ളതുമായ ഹൃദയത്തോടെ നാം ജീവിക്കുമ്പോള്‍, നമുക്ക് ആവശ്യമുള്ളത് തീര്‍ന്നുപോകുമെന്ന് ഭയപ്പെടേണ്ടതില്ല. മറിച്ച്, നമ്മുടെ അനുകമ്പയുള്ള ഔദാര്യത്തില്‍ നാം 'സാക്ഷാലുള്ള ജീവനെ പിടിക്കുകയാണ്'' എന്ന് ബൈബിള്‍ പറയുന്നു (വാ. 19). ദൈവത്തോടൊപ്പം, യഥാര്‍ത്ഥ ജീവിതമെന്നാല്‍ നമ്മുടെ പക്കലുള്ളതിന്മേല്‍ ഉള്ള നമ്മുടെ പിടി അയച്ചുവിടുകയും മറ്റുള്ളവര്‍ക്ക് സൗജന്യമായി നല്‍കുകയും ചെയ്യുക എന്നതാണ്.

സമാധാനത്തിന്റെ ഉപകരണങ്ങള്‍
1914 ല്‍ ഒന്നാം ലോക മഹായുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ ബ്രിട്ടീഷ് രാഷ്ട്രതന്ത്രജ്ഞന്‍ സര്‍ എഡ്വേര്‍ഡ് ഗ്രേ ഇങ്ങനെ പ്രഖ്യാപിച്ചു, ''യൂറോപ്പിലുടനീളം വിളക്കുകള്‍ അണയുന്നു; നമ്മുടെ ജീവിതകാലത്ത് അവ വീണ്ടും കത്തിക്കുന്നത് നാം കണ്ടെന്നുവരില്ല'' ഗ്രേ പറഞ്ഞത് ശരിയായിരുന്നു. ''എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കാനുള്ള യുദ്ധം'' അവസാനിച്ചപ്പോള്‍ ഏകദേശം 20 ദശലക്ഷം പേര്‍ കൊല്ലപ്പെട്ടു (അവരില്‍ 10 ദശലക്ഷം പേര്‍ സാധാരണക്കാരായിരുന്നു). മറ്റൊരു 21 ദശലക്ഷം പേര്‍ക്ക് പരിക്കേറ്റു.
ഇതേ അളവിലോ വലുപ്പത്തിലോ അല്ലെങ്കിലും, നമ്മുടെ വ്യക്തിപരമായ ജീവിതത്തിലും നാശം സംഭവിക്കാം. നമ്മുടെ വീട്, ജോലിസ്ഥലം, സഭ അല്ലെങ്കില്‍ അയല്‍പക്കം എന്നിവയെയും സംഘര്‍ഷത്തിന്റെ ഇരുണ്ട ഭൂതം മറച്ചേക്കാം. ലോകത്തിന് വ്യത്യാസമുണ്ടാക്കുന്നവരാകാന്‍ ദൈവം നമ്മെ വിളിക്കുന്നതിന്റെ ഒരു കാരണം ഇതാണ്. എന്നാല്‍ അങ്ങനെ ചെയ്യാന്‍ നാം അവന്റെ ജ്ഞാനത്തില്‍ ആശ്രയിക്കണം. അപ്പൊസ്തലനായ യാക്കോബ് എഴുതി, ''ഉയരത്തില്‍നിന്നുള്ള ജ്ഞാനമോ ഒന്നാമതു നിര്‍മ്മലവും പിന്നെ സമാധാനവും ശാന്തതയും അനുസരണവുമുള്ളതും കരുണയും സല്‍ഫലവും നിറഞ്ഞതും പക്ഷപാതവും കപടവും
ഇല്ലാത്തതുമാകുന്നു. എന്നാല്‍ സമാധാനം ഉണ്ടാക്കുന്നവര്‍ സമാധാനത്തില്‍ വിതച്ചു നീതി എന്ന ഫലം കൊയ്യും' (യാക്കോബ് 3:17-18).
സമാധാന നിര്‍മ്മാതാവിന്റെ പങ്ക് പ്രധാനമായിരിക്കുന്നത് അതിന്റെ കൊയ്ത്തു കാരണമാണ്. നീതി എന്ന വാക്കിന്റെ അര്‍ത്ഥം ''ശരിയായ നില'' അല്ലെങ്കില്‍ ''ശരിയായ ബന്ധം'' എന്നാണ്. ബന്ധങ്ങള്‍ പുനഃസ്ഥാപിക്കാന്‍ സമാധാനം ഉണ്ടാക്കുന്നവര്‍ക്ക് കഴിയും . ''സമാധാനം ഉണ്ടാക്കുന്നവര്‍ ഭാഗ്യവാന്മാര്‍; അവര്‍ ദൈവത്തിന്റെ പുത്രന്മാര്‍ എന്നു വിളിക്കപ്പെടും'' (മത്തായി 5:9) എന്ന് യേശു പറഞ്ഞതില്‍ അതിശയിക്കാനില്ല. അവന്റെ മക്കള്‍, അവന്റെ ജ്ഞാനത്തില്‍ ആശ്രയിച്ച്, സമാധാനം ഏറ്റവും ആവശ്യമായിരിക്കുന്നിടത്ത് അതു നിര്‍മ്മിക്കുന്ന ഉപകരണങ്ങളായി മാറുന്നു.


ധീര പ്രവൃത്തികള്‍
ജോണ്‍ ഹാര്‍പ്പര്‍ തന്റെ ആറുവയസ്സുള്ള മകളോടൊപ്പം ടൈറ്റാനിക്കില്‍ യാത്ര ആരംഭിക്കുമ്പോള്‍ എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അദ്ദേഹത്തിന് അറിയില്ലായിരുന്നു. എന്നാല്‍ ഒരു കാര്യം അദ്ദേഹത്തിനറിയാമായിരുന്നു: താന്‍ യേശുവിനെ സ്‌നേഹിക്കുന്നുവെന്നും മറ്റുള്ളവരും അവനെ അറിയണമെന്നുള്ള അതിയായ ദാഹം തനിക്കുണ്ടെന്നും. കപ്പല്‍ ഒരു മഞ്ഞുമലയില്‍ തട്ടി അതില്‍ വെള്ളം കയറാന്‍ തുടങ്ങിയ ഉടന്‍, വിഭാര്യനായ ഹാര്‍പ്പര്‍ തന്റെ കൊച്ചു മകളെ ഒരു ലൈഫ് ബോട്ടില്‍ കയറ്റിയശേഷം കഴിയുന്നത്ര ആളുകളെ രക്ഷിക്കാനായി ആ ബഹളത്തിനിടയിലേക്കു നീങ്ങി. ലൈഫ് ജാക്കറ്റുകള്‍ വിതരണം ചെയ്യുമ്പോള്‍, ''സ്ത്രീകളും കുട്ടികളും രക്ഷിക്കപ്പെടാത്തവരും ലൈഫ് ബോട്ടുകളിലേക്ക് കയറാന്‍ അനുവദിക്കുക'' എന്ന് അദ്ദേഹം വിളിച്ചുപറഞ്ഞു. അവസാന ശ്വാസം വരെ ഹാര്‍പ്പര്‍ യേശുവിനെക്കുറിച്ച് ചുറ്റുമുള്ള എല്ലാവരുമായും പങ്കിട്ടു. മറ്റുള്ളവര്‍ ജീവിക്കാനായി ജോണ്‍ മനസ്സോടെ തന്റെ ജീവന്‍ നല്‍കി.
നിങ്ങള്‍ക്കും എനിക്കും ഈ ജീവിതത്തില്‍ മാത്രമല്ല, നിത്യതയിലും ജീവിക്കാന്‍ കഴിയേണ്ടതിന് രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുമ്പ് തന്റെ ജീവിതം സൗജന്യമായി സമര്‍പ്പിച്ച ഒരാള്‍ ഉണ്ടായിരുന്നു. യേശു പെട്ടെന്നൊരു ദിവസം ഉണര്‍ന്നിട്ട് താന്‍ മനുഷ്യരാശിയുടെ പാപത്തിന്റെ ശിക്ഷയായ മരണം എറ്റെടുക്കുകയാണെന്ന് തീരുമാനിച്ചതല്ല. അതവന്റെ ജീവിത ദൗത്യമായിരുന്നു. ഒരു ഘട്ടത്തില്‍ അവന്‍ യെഹൂദ മതനേതാക്കളുമായി സംസാരിക്കുമ്പോള്‍ ''ഞാന്‍ എന്റെ ജീവനെ കൊടുക്കുന്നു'' എന്ന് ആവര്‍ത്തിച്ചു പറഞ്ഞു (യോഹന്നാന്‍ 10:11, 15, 17, 18). അവന്‍ ഈ വാക്കുകള്‍ കേവലം പറയുക മാത്രമായിരുന്നില്ല, മറിച്ച് ക്രൂശില്‍ ഭയാനകമായ ഒരു മരണം വരിച്ചുകൊണ്ട് അതു പ്രാവര്‍ത്തികമാക്കുകയും ചെയ്തു. പരീശന്മാര്‍ക്കും യോഹന്നാനും ഹാര്‍പ്പര്‍ക്കും നമുക്കും ''ജീവന്‍
ഉണ്ടാകുവാനും, സമൃദ്ധിയായി ഉണ്ടാകുവാനും അത്രേ'' അവന്‍ വന്നത് (വാ. 10).

തെറ്റായ ആത്മവിശ്വാസം
കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ്, എന്റെ ആരോഗ്യത്തെക്കുറിച്ച് ഡോക്ടര്‍ എനിക്ക് കര്‍ശനമായ ഒരു നിര്‍ദ്ദേശം നല്‍കി. അദ്ദേഹത്തിന്റെ വാക്കുകള്‍ ഞാന്‍ ഹൃദയംഗമായി സ്വീകരിച്ച് ജിമ്മില്‍ പോകാനും എന്റെ ഡയറ്റ് ക്രമീകരിക്കാനും തുടങ്ങി. കാലക്രമേണ, എന്റെ കൊളസ്‌ട്രോളും ശരീരഭാരവും കുറഞ്ഞു, എന്റെ ആത്മാഭിമാനം വര്‍ദ്ധിച്ചു. എന്നാല്‍ അത്ര നല്ലതല്ലാത്ത ഒരു കാര്യം സംഭവിച്ചു: മറ്റുള്ളവരുടെ ഭക്ഷണ ശീലങ്ങള്‍ ഞാന്‍ ശ്രദ്ധിക്കുകയും അവരെ വിധിക്കാനാരംഭിക്കുകയും ചെയ്തു. പലപ്പോഴും നമ്മെ മികച്ച രീതിയില്‍ വിലയിരുത്തുന്ന ഒരു സ്‌കോറിംഗ് സംവിധാനം കണ്ടെത്തുമ്പോള്‍, സ്വയം ഉയര്‍ത്താനും മറ്റുള്ളവരെ താഴ്ത്താനും നാം അതുപയോഗിക്കുന്നു എന്നത് തമാശയല്ലേ? സ്വയം ന്യായീകരിക്കാനുള്ള ശ്രമത്തില്‍ സ്വയം നിര്‍മ്മിത മാനദണ്ഡങ്ങളില്‍ പറ്റിനില്‍ക്കാനുള്ള സ്വതസിദ്ധമായ മനുഷ്യ പ്രവണതയാണിതെന്ന് തോന്നുന്നു - അതായത് സ്വയം ന്യായീകരിക്കാനും, കുറ്റബോധത്തെ കൈകാര്യം ചെയ്യാനുമുള്ള ഒരു സംവിധാനം.
അത്തരം കാര്യങ്ങള്‍ ചെയ്യുന്നതിനെക്കുറിച്ച് പൗലൊസ് ഫിലിപ്പിയ വിശ്വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കി. ചിലര്‍ ആത്മീയമായ പ്രകടനത്തിലോ സാംസ്‌കാരിക അനുരൂപതയിലോ ആണ് തങ്ങളുടെ ആത്മവിശ്വാസം ഉറപ്പിച്ചത്. അത്തരം കാര്യങ്ങളെക്കുറിച്ച് പ്രശംസിക്കാന്‍ തനിക്ക് കൂടുതല്‍ കാരണമുണ്ടെന്ന് പൗലൊസ് അവരോട് പറഞ്ഞു: 'പക്ഷേ എനിക്കു ജഡത്തിലും ആശ്രയിക്കുവാന്‍ വകയുണ്ട്; മറ്റാര്‍ക്കാനും ജഡത്തിലും ആശ്രയിക്കാം എന്ന് തോന്നിയാല്‍ എനിക്ക് അധികം'' (3:4) . എന്നിട്ടും, ''ക്രിസ്തുവിനെ അറിയുന്നതുമായി'' താരതമ്യപ്പെടുത്തുമ്പോള്‍ തന്റെ വംശാവലിയും പ്രകടനവും കേവലം ''ചവറ്്'' ആണെന്നു പൗലൊസ് അറിഞ്ഞു (വാ. 8). യേശു മാത്രമേ നാം ആയിരിക്കുന്ന നിലയില്‍ നമ്മെ സ്‌നേഹിക്കുകയും രക്ഷിക്കുകയും അവനെപ്പോലെ കൂടുതല്‍ ആകാനുള്ള ശക്തി നല്‍കുകയും ചെയ്യുന്നുള്ളു. ഒന്നും നേടേണ്ടതില്ല; സ്‌കോര്‍ സൂക്ഷിക്കല്‍ സാധ്യമല്ല.
പ്രശംസിക്കുന്നത് അതില്‍ തന്നെ മോശമാണ്, തെറ്റായ ആത്മവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ഒരു പ്രശംസ അതിദാരുണമാണ്. സുവിശേഷം തെറ്റായ ആത്മവിശ്വാസത്തില്‍ നിന്ന് നമ്മെ അകറ്റുകയും നമ്മെ സ്‌നേഹിക്കുകയും നമുക്കുവേണ്ടി തന്നെത്തന്നെ നല്‍കുകയും ചെയ്യുന്ന ഒരു രക്ഷകനുമായുള്ള കൂട്ടായ്മയിലേക്ക് വിളിക്കുകയും ചെയ്യുന്നു.

നമുക്കു കഴിഞ്ഞിരുന്നു എങ്കില്‍
ശക്തിയേറിയ കൊടുങ്കാറ്റില്‍ അവരുടെ തോട്ടത്തിലെ വലിയ വൃക്ഷം ആടിയുലഞ്ഞു. വേനല്‍ക്കാലത്ത് ജ്വലിക്കുന്ന സൂര്യനില്‍ നിന്ന് അഭയം നല്‍കുക മാത്രമല്ല, കുടുംബത്തിന് തണലും നല്‍കുന്ന ആ വൃക്ഷത്തെ റെജി ഇഷ്ടപ്പെട്ടിരുന്നു. ഇപ്പോള്‍ ശക്തമായ കൊടുങ്കാറ്റ് നിലത്തു നിന്ന് അതിന്റെ വേരുകളെ പറിച്ചുകളയുകയായിരുന്നു. റെജി, വേഗം പതിനഞ്ചു വയസ്സുള്ള മകനോടൊപ്പം വൃക്ഷത്തെ രക്ഷിക്കാന്‍ ശ്രമിച്ചു. അവളുടെ കൈകളും തൊണ്ണൂറ് റാത്തല്‍ ഭാരമുള്ള ശരീരവും അതിനെതിരെ ശക്തമായി ഊന്നിക്കൊണ്ട് അവളും മകനും അത് വീഴാതിരിക്കാന്‍ ശ്രമിച്ചു. പക്ഷേ, അവര്‍ അതിനു തക്ക ശക്തരായിരുന്നില്ല.
മറ്റൊരു തരത്തിലുള്ള കൊടുങ്കാറ്റിന്റെ നടുവില്‍ ദാവീദ് രാജാവ് വിളിച്ചപേക്ഷിച്ചപ്പോള്‍ ദൈവം അവന്റെ ബലമായിരുന്നു (സങ്കീര്‍ത്തനം 28:8). അവന്റെ ലോകം കാല്‍ക്കീഴെ തകര്‍ന്നുകൊണ്ടിരുന്ന ഒരു കാലഘട്ടത്തിലാണ് അവന്‍ ഇത് എഴുതിയതെന്ന് ചില വ്യാഖ്യാതാക്കള്‍ പറയുന്നു. സ്വന്തം മകന്‍ അവനെതിരെ മത്സരിച്ച് സിംഹാസനം തട്ടിയെടുക്കാന്‍ ശ്രമിച്ചു (2 ശമൂവേല്‍ 15). ദൈവം നിശബ്ദനായിരിക്കുമെന്നും താന്‍ മരിക്കുമെന്നും അവന്‍ ഭയപ്പെട്ടതിനാല്‍ താന്‍ ബലഹീനനും ക്ഷീണിതനും ആയി അവന് അനുഭവപ്പെട്ടു (സങ്കീര്‍ത്തനം 28:1). 'ഞാന്‍ നിന്നോടു നിലവിളിക്കുമ്പോള്‍ എന്റെ യാചനകളുടെ ശബ്ദം കേള്‍ക്കണമേ'' എന്നവന്‍ ദൈവത്തോട് പറഞ്ഞു (വാ. 2). മകനുമായുള്ള ബന്ധം ഒരിക്കലും മെച്ചപ്പെട്ടില്ലെങ്കിലും ദൈവം ദാവീദിന് മുന്നോട്ട് പോകാന്‍ ശക്തി നല്‍കി.
മോശം കാര്യങ്ങള്‍ സംഭവിക്കുന്നത് തടയാന്‍ നാം എത്രത്തോളം ആഗ്രഹിച്ചുപോകാറുണ്ട്! നമുക്കതു കഴിഞ്ഞിരുന്നു എങ്കില്‍. . .. എന്നാല്‍ നമ്മുടെ ബലഹീനതയില്‍, നമ്മുടെ പാറയായിരിക്കാന്‍ അവനെ എപ്പോഴും വിളിക്കാമെന്ന് ദൈവം വാഗ്ദാനം ചെയ്യുന്നു (വാ. 1-2). നമുക്ക് ശക്തിയില്ലാത്തപ്പോള്‍, അവന്‍ നമ്മുടെ ഇടയനാണ്, അവന്‍ നമ്മെ എന്നെന്നേക്കും വഹിക്കും (വാ. 8-9).