ജോലിയിലെ സംതൃപ്തി
തിന്നു കുടിച്ചു തന്റെ പ്രയത്നത്താൽ സുഖം അനുഭവിക്കുന്നതല്ലാതെ മനുഷ്യന്നു മറ്റൊരു നന്മയുമില്ല; അതും ദൈവത്തിന്റെ കയ്യിൽനിന്നുള്ളതു എന്നു ഞാൻ കണ്ടു. [ സഭാപ്രസംഗി 2:24 ]
ജോലിയിലെ സംതൃപ്തി
ഡോക്ടർമാർക്കു തങ്ങളുടെ ജോലി അർത്ഥവത്തായി തോന്നുന്നുണ്ടോ എന്നു മനസിലാക്കാനായി, വെല്ലൂരിലെ ക്രിസ്ത്യൻ മെഡിക്കൽ കോളേജിലെ ഗവേഷകർ രണ്ടു പഠനങ്ങൾ നടത്തി. സമ്മർദ്ദം നിറഞ്ഞതാണെങ്കിലും മിക്ക ഡോക്ടർമാരും തങ്ങളുടെ ജോലി അർത്ഥവത്തായി കാണുന്നതായി രണ്ടു പഠനങ്ങളും കണ്ടെത്തി. അവരുടെ ജോലി സംതൃപ്തിക്കു കാരണം എന്താണെന്നു ചോദിച്ചപ്പോൾ, തൊഴിൽ സുരക്ഷ, ഉത്തരവാദിത്വത്തിന്റെ നിലവാരം, സ്വാതന്ത്ര്യം, പാർപ്പിടം, സഹപ്രവർത്തകർ അവരെ കാണുന്ന വിധം, അവരുടെ കഴിവുകൾ ഉപയോഗിക്കാനും പഠിപ്പിക്കാനും പുതിയ കാര്യങ്ങൾ പഠിക്കാനുമുള്ള അവസരങ്ങൾ തുടങ്ങിയ കാരണങ്ങൾ അവർ പറഞ്ഞു.
സഭാപ്രസംഗിയുടെ എഴുത്തുകാരനും ജോലിയിലെ അർത്ഥത്തെക്കുറിച്ചു ചിന്തിച്ചിരുന്നു. “സൂര്യന്നു കീഴെ പ്രയത്നിക്കുന്ന സകലപ്രയത്നംകൊണ്ടും ഹൃദയപരിശ്രമംകൊണ്ടും മനുഷ്യന്നു എന്തു ഫലം?” (വാ. 22) എന്ന് അവൻ ചോദിക്കുന്നു. നാം ദിവസം മുഴുവൻ “ദുഃഖവും വ്യസനവും അനുഭവിച്ചുകൊണ്ടു” പ്രയത്നം ചെയ്യുന്നു. തുടർന്ന്, രാത്രിയിൽ നമ്മുടെ ”ഹൃദയത്തിന്നു സ്വസ്ഥതയില്ല” (വാ.23). അവിടെത്തന്നെ, പ്രയത്നം അർത്ഥശൂന്യമാണെന്ന് അവൻ ഉപസംഹരിക്കുന്നു (വാ.23). എന്നിരുന്നാലും, കഴിക്കാനും കുടിക്കാനും നമ്മുടെ ജോലിയിൽ സംതൃപ്തി കണ്ടെത്താനും കഴിയുന്നതു യഥാർത്ഥത്തിൽ ദൈവത്തിന്റെ കയ്യിൽനിന്നുള്ള ദാനമാണെന്ന് അവൻ മനസ്സിലാക്കുന്നു (വാ. 24). “അവൻ നല്കീട്ടല്ലാതെ ആർ ഭക്ഷിക്കും ആർ അനുഭവിക്കും?” (വാ. 25).
ശാരീരിക അധ്വാനമോ മാനസിക പ്രയത്നമോ ഉപയോഗിച്ചുകൊണ്ടു സ്വഭവനത്തിലോ പുറത്തോ ജോലി ചെയ്യാൻ കഴിയുന്നത് ഒരു ബഹുമതിയാണ്. നമ്മളിൽ ഭൂരിഭാഗവും ഒരു പ്രവൃത്തി ദിനത്തിന്റെ അവസാനം സംതൃപ്തി തേടുന്നു. ചിലർ സേവന പ്രവർത്തനങ്ങളിലോ പണലാഭത്തിലൂടെയോ സൗഹൃദത്തിലൂടെയോ ഈ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ, ജോലിയെ ദൈവം നൽകിയ പദവിയായി കാണാൻ കഴിയാത്ത മറ്റു പലരും സംതൃപ്തി നേടാനാവാതെ ഉഴലുന്നു (ഉല്പത്തി 2:15). എപ്പോഴെങ്കിലും നമുക്ക് അസംതൃപ്തി തോന്നിയാൽ നമുക്കു ദൈവത്തിങ്കലേക്കു തിരിയാം. കാരണം, ഒരു ജോലിക്കും പൂർണ്ണ സംതൃപ്തി നൽകാൻ കഴിയില്ല എന്നതാണു സത്യം. എന്നാൽ നമ്മുടെ പ്രയത്നത്തിൽ അർത്ഥം കണ്ടെത്താൻ ദൈവത്തിനു നമ്മെ സഹായിക്കാനാകും. ആൻ ഹരികീർത്തൻ
നിങ്ങളുടെ ജോലിയിൽ സംതൃപ്തിയുളവാക്കുന്നത് എന്താണ്? നിങ്ങൾക്ക് എങ്ങനെ നന്ദി പറയാനും നിങ്ങളുടെ ജോലിയിൽ സംതൃപ്തി കണ്ടെത്താനും കഴിയും?
പിതാവേ, ജോലി, ജോലിയിലെ സംതൃപ്തി എന്നീ ദാനങ്ങൾക്കു നന്ദി. ഞാൻ ചെയ്യുന്ന കാര്യങ്ങളിൽ അങ്ങയെ പ്രസാദിപ്പിക്കാൻ എന്നെ സഹായിക്കേണമേ. എന്റെ കർത്തവ്യങ്ങൾ നന്നായി നിറവേറ്റാനുള്ള ജ്ഞാനം എനിക്കു നൽകേണമേ

ഒരു അമ്മക്കരടിയെപ്പോലെ
കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും. [ ഹോശേയ 13:8 ]
ഒരു അമ്മക്കരടിയെപ്പോലെ
നായ്ക്കളെ എനിക്ക് എക്കാലത്തും ഭയമായിരുന്നു. എന്നാൽ, ഞാൻ ബാലനായിരുന്നപ്പോൾ, ഞങ്ങളുടെ അയൽക്കാരന് ഒരു ജർമ്മൻ ഷെപ്പേർഡ് ഉണ്ടായിരുന്നു. എനിക്കറിയാവുന്നതിൽ വച്ചു ഏറ്റവും സൗമ്യനായ നായയായിരുന്നു അത്. എന്നാൽ, ഒരു ദിവസം അത് അക്രമാസക്തയായി, മുരണ്ടുകൊണ്ട് ചീറുകയും വീട്ടിലെ ഒരു മുറിയിൽ നിന്ന് ആളുകളെ അകറ്റി നിർത്താൻ തുടങ്ങുകയും ചെയ്തു. ഞാൻ വീണ്ടും ഭയപ്പെടുന്നതു കണ്ടപ്പോൾ, തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കാനാണു നായ അങ്ങനെ പെരുമാറുന്നതെന്ന് എന്റെ അയൽക്കാരൻ എനിക്കു വിശദീകരിച്ചുതന്നു.
ഹോശേയ 13:8 വായിക്കുമ്പോൾ ഇതാണു ഞാൻ ഓർക്കാറുള്ളത്. തന്റെ കുഞ്ഞുങ്ങളെ തേടുന്ന ഒരു അമ്മക്കരടിയുമായി ദൈവം സ്വയം താരതമ്യം ചെയ്യുന്നു. ദൈവത്തിന്റെ നീതിയുടെ ഉഗ്രരൂപമാണത്. ദൈവം തങ്ങൾക്കു ചെയ്തവയെല്ലാം മറന്നു യിസ്രായേലിന്റെയും എഫ്രയീമിന്റെയും ഹൃദയം നിഗളിച്ചു പോയതിനാൽ ദൈവത്തിന്റെ കോപം അവരുടെ മേൽ ജ്വലിച്ചു (വാ. 6). തങ്ങളുടെ രക്ഷകനായി ദൈവത്തെ അംഗീകരിക്കുന്നതിനുപകരം, അവർ വിഗ്രഹങ്ങളെ ആരാധിക്കുകയും “അധികമധികം” പാപങ്ങളിലേക്കു നീങ്ങി നരബലി അർപ്പിക്കുക പോലും ചെയ്തു (വാ. 1-4). ഈ സന്ദർഭത്തിൽ, “കുട്ടികൾ പൊയ്പോയ കരടിയെപ്പോലെ ഞാൻ അവരെ എതിരിട്ടു അവരുടെ ഹൃദയത്തിന്റെ നെയ്വല കീറിക്കളയും” (വാ.8) എന്നു ദൈവം പറഞ്ഞു. തന്റെ സംരക്ഷണത്തിൻ കീഴിലുള്ളവരുടെ കാര്യത്തിൽ ദൈവം തീക്ഷ്ണതയുള്ളവനാണ്. ഒരു അമ്മക്കരടിയെപ്പോലെ, അവൻ അവർക്കുവേണ്ടി പ്രതിരോധിക്കുകയും അവരെ പോറ്റുകയും പരിപാലിക്കുകയും നയിക്കുകയും ചെയ്യുന്നു (വാ. 4-8).
ബലഹീനതയും ദുർബലതയും അനുഭവപ്പെടുമ്പോൾ, നമുക്കു സംഭവിക്കുന്ന അനീതികൾ ദൈവം ശ്രദ്ധിക്കുന്നുണ്ടെന്നു നമുക്ക് ഉറപ്പിക്കാം. സഹായത്തിനായുള്ള നമ്മുടെ നിലവിളി അവൻ കാണുകയും കേൾക്കുകയും ചെയ്യുന്നു. ഒരു അമ്മ തന്റെ കുഞ്ഞുങ്ങളെ സംരക്ഷിക്കുന്നതുപോലെ നമ്മെ സംരക്ഷിക്കാൻ അവൻ ഇടപെടുന്നു. ജീവിതത്തിന്റെ ദുർഘടവും കഠിനവുമായ പ്രായണത്തിൽ നമുക്കു ദൈവത്തിന്റെ അഭയം നല്കുന്ന കരങ്ങളിൽ സുരക്ഷിതമായി വിശ്രമിക്കാം (വാ. 13-14). നമ്മുടെ ജീവിതത്തിൽ ദൈവത്തിന്റെ കരുതലുള്ള ഇടപെടലിനു നമുക്കു നന്ദിയുള്ളവരായിരിക്കാം (വാ. 9). ദൈവത്തെയും തന്റെ ആലയത്തിൽ ദയയും ന്യായവും നിലനിൽക്കണമെന്ന അവന്റെ ആഗ്രഹത്തെയും നമുക്കു മാനിക്കാം (ഹോശേയ 12:6). ദൈവത്തിന്റെ സഹായം ലഭിച്ച നാം നമ്മുടെ സഹായം ആവശ്യമുള്ളവരെ സംരക്ഷിക്കാനായി എഴുന്നേൽക്കാം. ആൻ ഹരികീർത്തൻ
നിങ്ങളുടെ ജീവിതത്തിൽ ദൈവത്തിന്റെ വലിയ സംരക്ഷണം നിങ്ങൾ അനുഭവിച്ചറിഞ്ഞത് എങ്ങനെയാണ്? ദൈവം നിങ്ങൾക്കുവേണ്ടി എന്തു ചെയ്തുവെന്നു ഓർമിക്കാനും അംഗീകരിക്കാനും നിങ്ങൾക്ക് എന്തു ചെയ്യാനാകും?
പ്രിയ ദൈവമേ, ഒരു അമ്മക്കരടിയെപ്പോലെ എന്നെ നയിച്ചതിനും പ്രതിരോധിച്ചതിനും നന്ദി. എല്ലാ ദിവസവും അങ്ങയെ ഓർത്തു ബഹുമാനിക്കാൻ എന്നെ സഹായിക്കേണമേ.

എന്നെ ഉപയോഗിക്കണമേ
പ്രശംസിക്കുന്നവൻ കർത്താവിൽ പ്രശംസിക്കട്ടെ. [1 കൊരിന്ത്യർ 1:31 ]
എന്നെ ഉപയോഗിക്കണമേ
ജെയിംസ് മോറിസിനെ ഒരിക്കൽ “നിരക്ഷരനെങ്കിലും ജ്വലിക്കുന്ന ഹൃദയമുള്ള” വ്യക്തി എന്ന് വിശേഷിപ്പിച്ചിരുന്നു. ടോപ്ലാഡിയെ രക്ഷയിലേക്ക് നയിക്കാൻ ദൈവം അവനെ ഉപയോഗിച്ചു. എക്കാലത്തെയും മികച്ച ഗാനമായ “റോക്ക് ഓഫ് ഏജസ്” ന്റെ രചയിതാവായ, പതിനെട്ടാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന ടോപ്ലാഡി മോറിസ് പ്രസംഗിക്കുന്നത് കേട്ടു: “സ്വന്തം പേര് ഉച്ചരിക്കാൻ പോലും കഴിയാത്ത ഒരാളുടെ നേതൃത്വത്തിൽ ഒരുപിടി ആളുകൾ ഒരു കളപ്പുരയിൽ ഒത്തുകൂടി. അവിടെവച്ച് അസാധാരണമാംവിധം ഞാൻ ദൈവസന്നിധിയിലേക്ക് വലിച്ചടുപ്പിക്കപ്പെട്ടു. തീർച്ചയായും ഇത് കർത്താവിന്റെ പ്രവൃത്തിയാണ്, അത് അത്ഭുതകരമാണ്.”
തീർച്ചയായും, ദൈവം അത്ഭുതങ്ങൾ പ്രവർത്തിക്കുന്നത് അസംഭവ്യമായ സ്ഥലങ്ങളിലും “യോഗ്യതയില്ലാത്തവർ” അല്ലെങ്കിൽ സാധാരണക്കാർ എന്ന് നാം വിലയിരുത്തുന്നവരിലൂടെയുമാണ്. 1 കൊരിന്ത്യർ 1 ൽ, യേശുവിലുള്ള വിശ്വാസികൾ അത്ര ആകർഷണീയരല്ലെന്ന് പൗലൊസ് അവരെ ഓർമ്മിപ്പിച്ചു: “സഹോദരന്മാരേ, നിങ്ങളുടെ വിളിയെ നോക്കുവിൻ: ലോകാഭിപ്രായപ്രകാരം ജ്ഞാനികൾ ഏറെയില്ല, ബലവാന്മാർ ഏറെയില്ല, കുലീനന്മാരും ഏറെയില്ല” (വാ. 26). കൊരിന്ത്യ വിശ്വാസികൾ വളരെ സാധാരണക്കാരായിരുന്നു എങ്കിലും അവർ കൃപാവരത്തിലും ദൈവത്തിനുവേണ്ടി പ്രയോജനപ്പെടുന്നതിലും കുറവുള്ളവരായിരുന്നില്ല (വാ. 7 കാണുക). ദൈവം—പൊങ്ങച്ചക്കാരെ അവരുടെ സ്ഥാനത്ത് എങ്ങനെ നിർത്തണമെന്ന് അറിയാവുന്ന ദൈവം (വാ. 27-29)—അവർക്കിടയിലും അവരിലൂടെയും പ്രവർത്തിച്ചു.
നിങ്ങൾ സ്വയം ഒരു “സാധാരണക്കാരൻ,” “കഴിവില്ലാത്തവൻ,” അല്ലെങ്കിൽ “കുറഞ്ഞവൻ” ആയിട്ടാണോ കാണുന്നത്? വിഷമിക്കേണ്ട. നിങ്ങൾക്ക് യേശു ഉണ്ടെങ്കിൽ, അവനാൽ ഉപയോഗിക്കപ്പെടാൻ നിങ്ങൾ തയ്യാറാണെങ്കിൽ, നിങ്ങൾ തികഞ്ഞവനാണ്. നിങ്ങളുടെ ഹൃദയത്തിന്റെ പ്രാർത്ഥന ഇതായിരിക്കട്ടെ: “ദൈവമേ, എന്നെ ഉപയോഗിക്കണമേ!” ആർതർ ജാക്സൺ
നിശബ്ദമായും എന്നാൽ ഫലപ്രദമായും ദൈവത്താൽ ഉപയോഗിക്കപ്പെടുന്ന ഒരാളെക്കുറിച്ച് ചിന്തിക്കുമ്പോൾ ആരാണ് മനസ്സിൽ വരുന്നത്? നിങ്ങൾക്ക് എന്തുണ്ട് അല്ലെങ്കിൽ എന്തില്ല എന്ന ചിന്തയിൽ നിന്ന് ദൈവത്തിന് നിങ്ങളെ എങ്ങനെ ഉപയോഗിക്കാൻ കഴിയും എന്നതിലേക്ക് എങ്ങനെ നിങ്ങളുടെ ചിന്തയെ മാറ്റാൻ കഴിയും?
സ്വർഗ്ഗസ്ഥനായ പിതാവേ, അങ്ങയിലേക്കു നോക്കാതെ എന്നിൽ തന്നെ ശ്രദ്ധ കേന്ദ്രീകരിച്ചതിന് എന്നോട് ക്ഷമിക്കണമേ, ഞാൻ എവിടെയാണോ അവിടെ അങ്ങയുടെ വിശുദ്ധ സേവനത്തിനായി എന്നെ ഉപയോഗിക്കണമേ

പുതിയതും ഉറപ്പുള്ളതും
അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു. [ വിലാപങ്ങൾ 3:22-23 ]
പുതിയതും ഉറപ്പുള്ളതും
മൂന്ന് വർഷമായി, വീട്ടാവശ്യങ്ങൾക്കല്ലാതെ, സൂസൻ തനിക്കായി ഒന്നും വാങ്ങിയില്ല. കോവിഡ്-19 മഹാമാരി എന്റെ സുഹൃത്തിന്റെ വരുമാനത്തെ ബാധിച്ചു, അവൾ ലളിതമായ ഒരു ജീവിതശൈലി സ്വീകരിച്ചു. അവൾ പറഞ്ഞു, “ഒരു ദിവസം, എന്റെ അപ്പാർട്ട്മെന്റ് വൃത്തിയാക്കുന്നതിനിടയിൽ, എന്റെ സാധനങ്ങൾ എത്ര മോശവും നിറം മങ്ങിയതുമാണെന്ന് ഞാൻ ശ്രദ്ധിച്ചു, അപ്പോഴാണ് എനിക്ക് പുതിയ സാധനങ്ങൾ ഒന്നും ഇല്ലാത്തതിന്റെ സങ്കടം തുടങ്ങിയത്. പുതിയ സാധനങ്ങൾ കിട്ടുമ്പോഴുള്ള സന്തോഷവും ആവേശവും ഇല്ലാതെയായി. എന്റെ ചുറ്റുമുള്ളതെല്ലാം പഴകിയതും, ശോഭയില്ലാത്തതുമായി തോന്നി. പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് എനിക്ക് തോന്നി.”
അപ്രതീക്ഷിതമായി ബൈബിളിലെ ഒരു പുസ്തകത്തിൽ സൂസൻ പ്രോത്സാഹനം കണ്ടെത്തി. യെരൂശലേം ബാബിലോണിന്റെ കീഴിലായതിനുശേഷം യിരെമ്യാവ് എഴുതിയ ‘വിലാപങ്ങൾ’ പ്രവാചകനും ജനങ്ങളും അനുഭവിച്ച ദുഃഖത്തിന്റെ ഭീകരത വിവരിക്കുന്നു. എന്നിരുന്നാലും, ദുഃഖത്തിന്റെയും നിരാശയുടെയും നടുവിൽ പ്രത്യാശയ്ക്ക് ഒരു കാരണമുണ്ട്—ദൈവസ്നേഹം. യിരെമ്യാവ് പറഞ്ഞു, “അവന്റെ കരുണ തീർന്നു പോയിട്ടില്ലല്ലോ; അതു രാവിലെതോറും പുതിയതും നിന്റെ വിശ്വസ്തത വലിയതും ആകുന്നു” (വിലാ. 3:22-23).
ദൈവത്തിന്റെ അഗാധമായ സ്നേഹം ഓരോ ദിവസവും പുതുതായി കടന്നുവരുന്നു എന്ന് സൂസൻ മനസ്സിലാക്കി. ഇനി പ്രതീക്ഷിക്കാൻ ഒന്നുമില്ലെന്ന് തോന്നിപ്പിക്കുന്ന സാഹചര്യങ്ങളിൽ, നമുക്ക് അവന്റെ വിശ്വസ്തതയെയും കരുതലിനെയും ഓർത്തുകൊണ്ട് പ്രത്യാശയോടെ ജീവിക്കുവാൻ കഴിയും. നമുക്ക് ദൈവത്തിൽ ആത്മവിശ്വാസത്തോടെ പ്രത്യാശിക്കാം (വാ. 24-25). നമ്മുടെ പ്രത്യാശ ഒരിക്കലും വ്യർത്ഥമാകുകയില്ല, കാരണം, അത് അവന്റെ അചഞ്ചലമായ സ്നേഹത്തിലും അനുകമ്പയിലും അടിസ്ഥാനപ്പെട്ടതാണ്.
“ദൈവസ്നേഹം ഓരോ ദിവസവും ‘പുതിയതാണ്,’ എനിക്ക് പ്രതീക്ഷയോടെ മുന്നോട്ട് നോക്കാം,” സൂസൻ പറയുന്നു. കാരെൻ ഹുവാങ്ങ്
ഒരു പ്രതീക്ഷയും ഇല്ല എന്ന് തോന്നിപ്പിച്ച സാഹചര്യം ഉണ്ടായിട്ടുണ്ടോ?
“രാവിലെ തോറും പുതിയതായ” ദൈവസ്നേഹത്തിന്റെ
വാഗ്ദാനം പ്രത്യാശ നല്കുന്നില്ലേ?
പ്രിയ ദൈവമേ, ഓരോ ദിവസവും അങ്ങയുടെ സ്ഥിരമായ
സ്നേഹം നല്കുന്നതിന് നന്ദി.

ദൃഷ്ടിദോഷത്തെ പരാജയപ്പെടുത്തുക
ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു ദൈവഭക്തിക്കു തക്കവണ്ണം അഭ്യാസം ചെയ്ക. [ 1 തിമൊഥെയൊസ് 4:7 ]
ദൃഷ്ടിദോഷത്തെ പരാജയപ്പെടുത്തുക
മാലതി വീട്ടിൽ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോഴെല്ലാം, പ്രത്യേകിച്ചു പ്രത്യേക സന്ദർഭങ്ങളിൽ നന്നായി വസ്ത്രം ധരിച്ചുകൊണ്ടു ഇറങ്ങുമ്പോൾ, അവളുടെ അമ്മ ആധിപിടിക്കാറുണ്ടായിരുന്നു. മാലതിയോടു ബഹളം കൂട്ടി അവളുടെ മുഖത്ത് എവിടെയെങ്കിലും ഒരു കറുത്ത പുള്ളി അവർ വരയ്ക്കും. അവളെ നിരന്തരം നിരീക്ഷിച്ചുകൊണ്ടു അവളുടെ അമ്മ “ദൃഷ്ടിദോഷം” അകറ്റാനായി ചടങ്ങുകളിൽ ഏർപ്പെട്ടുകൊണ്ടിരുന്നു. തമിഴിൽ ദൃഷ്ടിയെന്നും ഹിന്ദിയിൽ നസർ എന്നും വിളിക്കപ്പെടുന്ന “ദൃഷ്ടിദോഷം” ഇന്ത്യയിലും ലോകത്തിന്റെയും വിവിധ ഭാഗങ്ങളിലും ഭയപ്പെടുന്ന ഒന്നാണ്. മാലതിയുടെ അമ്മയെപ്പോലെ, ആരെങ്കിലും അസൂയയോടെ തങ്ങളെ നോക്കുമ്പോഴെല്ലാം ഏതെങ്കിലും തരത്തിലുള്ള ഹാനി തങ്ങൾക്കു സംഭവിച്ചേക്കാമെന്ന് പലരും ഭയപ്പെടുന്നു.
അജ്ഞാതമായതിനെ സംബന്ധിച്ചുള്ള ഭയം നമ്മെ തളർത്തുമ്പോൾ, അന്ധവിശ്വാസത്തെ അടിസ്ഥാനമാക്കിയുള്ള ദ്രുത പരിഹാര മാർഗ്ഗങ്ങൾ നാം തേടിയേക്കാം. എന്നാൽ, ഇവ ദുഷ്ടനാൽ പ്രേരിതമായ പ്രവൃത്തിയാണെന്നാണ് (വാ. 1)തിമൊഥെയൊസിയോസിനോട് ലേഖന കർത്താവു പറയുന്നത്. “ഭക്തിവിരുദ്ധമായ കിഴവിക്കഥകളെ ഒഴിച്ചു“(വാ. 7) ജീവിക്കാൻ ലേഖകൻ വിശ്വാസികൾക്കു മുന്നറിയിപ്പു നൽകുന്നു. അന്ധവിശ്വാസ കഥകൾ പോലെ ഭയത്തിനു കാരണമാകുന്ന ഇത്തരത്തിലുള്ളവ യേശുവിൽ വിശ്വസിക്കുന്ന നമ്മുടെ ഭാഗമാകാൻ പാടില്ല (വാ. 3-7). പകരം, ദൈവഭക്തിയിൽ നിലനിൽക്കാനും ദൈവത്തിൽ ആശ്രയിക്കാനും നാം സ്വയം അഭ്യാസം ചെയ്യണം (വാ. 7). തന്റെ മരണത്തിലൂടെയും പുനരുത്ഥാനത്തിലൂടെയും സാത്താന്റെ മേൽ ക്രിസ്തു ജയം നേടിയപ്പോൾ അവൻ അന്ധകാരത്തിന്റെ ശക്തികളെ എന്നെന്നേക്കുമായി പരാജയപ്പെടുത്തി. നമ്മൾ ഭയപ്പെടേണ്ടതില്ല, കാരണം “നാം സകലമനുഷ്യരുടെയും പ്രത്യേകം വിശ്വാസികളുടെയും രക്ഷിതാവായ ജീവനുള്ള ദൈവത്തിൽ ആശവെച്ചു അദ്ധ്വാനിച്ചും പോരാടിയും വരുന്നു.”
അതിനാൽ, എഫെസ്യലേഖനത്തിൽ പൗലൊസ് പറയുന്നതുപോലെ, ദുഷ്ടന്റെ തീയമ്പുകളെ കെടുക്കുവാൻ തക്കതായ വിശ്വാസം എന്ന പരിച ഉൾപ്പെടെയുള്ള ദൈവത്തിന്റെ സർവ്വായുധവർഗ്ഗം (എഫെസ്യർ 6:14-17) നമുക്കു ധരിക്കാം. ശത്രുവിനു നമ്മെ കീഴടക്കാൻ കഴിയില്ല. ശത്രുവിനെ പരാജയപ്പെടുത്തിയ യേശു ജയാളിയായതിനാൽ (1 യോഹന്നാൻ 5:18) അനിശ്ചിതത്വം നിറഞ്ഞ ഒരു ഭാവിയെ ഓർത്തു നാം ഭയപ്പെടേണ്ടതില്ല. മിന്നി എബ്രഹാം
നിങ്ങളുടെ ചുറ്റുമുള്ള നിഷേധാത്മകതയോ തിന്മയോ നിങ്ങൾ
എപ്രകാരമാണു കൈകാര്യം ചെയ്യാറുള്ളത്? നിങ്ങളുടെ പക്ഷത്തുള്ളത്
ആരെന്നു ഓർമ്മിക്കാനായി നിങ്ങൾക്ക് എന്തു ചെയ്യാനാകും?
കർത്താവേ, തിന്മ എന്നെ ഭയപ്പെടുത്തുന്നുണ്ടെങ്കിലും, അങ്ങ് എന്നെ എല്ലാ
തിന്മകളിൽ നിന്നും വിടുവിക്കുന്നുവെന്ന് ഓർക്കാൻ എനിക്കു ധൈര്യം പകരേണമേ.