എലെയ്ൻ ക്യാൻസറിന്റെ സങ്കീർണ്ണമായി അവസ്ഥയിലാണെന്നു കണ്ടെത്തിയപ്പോൾ, അവൾ യേശുവിനോടൊപ്പം ചേരാൻ അധികനാളില്ല എന്ന് അവൾക്കും അവളുടെ ഭർത്താവ് ചക്കിനും മനസ്സിലായി. തങ്ങളുടെ അമ്പത്തിനാല് വർഷത്തെ ഏറ്റവും ആഴമേറിയതും പ്രയാസമേറിയതുമായ താഴ്‌വരയിലൂടെ ഒരുമിച്ചുള്ള യാത്രയിൽ ദൈവം തങ്ങളോടൊപ്പം ഉണ്ടായിരിക്കുമെന്ന സങ്കീർത്തനം 23-ലെ വാഗ്ദത്തത്തെ ഇരുവരും നിധിപോലെ സൂക്ഷിച്ചിരുന്നു. ദശാബ്ദങ്ങൾക്കുമുമ്പ് യേശുവിൽ വിശ്വാസം അർപ്പിച്ച എലെയ്ൻ യേശുവിനെ കാണാൻ ഒരുക്കമായിരുന്നു എന്ന വസ്തുതയിൽ അവർ പ്രത്യാശ പ്രകടിപ്പിച്ചു.

തന്റെ ഭാര്യയുടെ അനുസ്മരണ ചടങ്ങിൽ, താൻ ഇപ്പോഴും “മരണനിഴൽ താഴ്‌വരയിലൂടെ’’ സഞ്ചരിക്കുകയാണെന്ന് ചക്ക് പറഞ്ഞു (സങ്കീർത്തനം 23:4). ഭാര്യയുടെ സ്വർഗ്ഗ ജീവിതം അപ്പോഴേക്കും തുടങ്ങിയിരുന്നു. എന്നാൽ “മരണത്തിന്റെ നിഴൽ’’ അപ്പോഴും അദ്ദേഹത്തോടും എലെയ്‌നെ അത്യധികം സ്‌നേഹിച്ചിരുന്ന മറ്റുള്ളവരോടും ഒപ്പമുണ്ടായിരുന്നു.

മരണനിഴൽ താഴ് വരയിലൂടെ സഞ്ചരിക്കുമ്പോൾ, നമ്മുടെ വെളിച്ചത്തിന്റെ ഉറവിടം എവിടെ കണ്ടെത്താനാകും? അപ്പൊസ്തലനായ യോഹന്നാൻ പ്രഖ്യാപിക്കുന്നു: ”ദൈവം വെളിച്ചം ആകുന്നു; അവനിൽ ഇരുട്ടു ഒട്ടും ഇല്ല” (1 യോഹന്നാൻ 1:5). യോഹന്നാൻ 8:12-ൽ യേശു ഇങ്ങനെ പ്രഖ്യാപിച്ചു: ”ഞാൻ ലോകത്തിന്റെ വെളിച്ചം ആകുന്നു; എന്നെ അനുഗമിക്കുന്നവൻ ഇരുളിൽ നടക്കാതെ ജീവന്റെ വെളിച്ചമുള്ളവൻ ആകും.”

യേശുവിൽ വിശ്വസിക്കുന്നവരെന്ന നിലയിൽ നാം “അവന്റെ മുഖപ്രകാശത്തിൽ നടക്കുന്നു’’ (സങ്കീർത്തനം 89:15). ഇരുണ്ട നിഴലിലൂടെ നാം സഞ്ചരിക്കുമ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നും പ്രകാശത്തിന്റെ ഉറവിടമാകുമെന്നും നമ്മുടെ ദൈവം വാഗ്ദത്തം ചെയ്തിട്ടുണ്ട്.