കാന്‍സര്‍ സെന്ററില്‍ എന്റെ അമ്മയുടെ പരിചാരികയായി ഞാന്‍ സേവനം അനുഷ്ഠിച്ചപ്പോള്, ഹാളിന്റെ അങ്ങേയറ്റത്തുള്ള മുറിയില്‍ തന്റെ ഭര്‍ത്താവ് ഫ്രാങ്കിനെ പരിചരിക്കാന്‍ നിന്ന ലോറിയെ ഞാന്‍ പരിചയപ്പെട്ടു. കൂട്ടിരുപ്പുകാര്ക്കുള്ള പൊതുവായ മുറിയില്‍ ഞങ്ങള്‍ ഒരുമിച്ച് സംസാരിക്കുകയും ചിരിക്കുകയും കരയുകയും പ്രാര്‍ത്ഥിക്കുകയും ചെയ്തു. ഞങ്ങള്‍ ഞങ്ങളുടെ പ്രിയപ്പെട്ടവരെ പരിചരിക്കുന്ന ജോലിയില്‍ പരസ്പരം പിന്താങ്ങുന്നതില് ഞങ്ങള്‍ സന്തോഷം കണ്ടെത്തി.
ഒരു ദിവസം, പച്ചക്കറി വാങ്ങുവാന്‍ പോകുന്നതിനുള്ള സൗജന്യ വാഹനം എനിക്കു കിട്ടിയില്ല. അന്നു വൈകിട്ട് തന്റെ കാറില്‍ എന്നെ കടയില്‍ കൊണ്ടുപോകാമെന്ന് ലോറി വാഗ്ദാനം ചെയ്തു. കൃതജ്ഞതാ പൂര്‍വ്വം കണ്ണു നിറഞ്ഞ് ഞാനതു സ്വീകരിച്ചു. “നീ ആയിരിക്കുന്നതില്‍ നന്ദി” ഞാന്‍ പറഞ്ഞു. അവള് ഒരു സ്നേഹിതയെന്ന നിലയില്‍ എന്നെ സഹായിച്ചതിനല്ല, ഒരു വ്യക്തിയെന്ന നിലയില്‍ അവള് ആരായിരിക്കുന്നു എന്നതിനാണ് ഞാന്‍ നന്ദിയുള്ളവളായിരുന്നത്.
ദൈവം എന്തു ചെയ്യുന്നു എന്നതിനല്ല, അവന് ആരായിരിക്കുന്നു എന്നതിനുള്ള കൃതജ്ഞതയാണ് സങ്കീര്‍ത്തനം 100 വെളിപ്പെടുത്തുന്നത്. “സകല ഭൂവാസികളെയും” (വാ. 1) “സന്തോഷത്തോടെ യഹോവയെ സേവിക്കുവാന്‍” (വാ. 2) “യഹോവ തന്നെ ദൈവം” (വാ. 3) എന്നറിയുവാനും സങ്കീര്ത്തനക്കാരന് ആഹ്വാനം ചെയ്യുന്നു. “അവനു സ്തോത്രം ചെയ്ത് അവന്റെ നാമത്തെ വാഴ്ത്തുവാന്‍” (വാ. 4) നമ്മുടെ സ്രഷ്ടാവ് നമ്മെ തന്റെ സന്നിധിയിലേക്കു ക്ഷണിക്കുന്നു. “അവന് നല്ലവനും അവന്റെ ദയ എന്നേക്കുമുള്ളതും” “അവന്റെ വിശ്വസ്തത തലമുറതലമുറയായി ഇരിക്കുന്നതിനാലും” (വാ. 5) നമ്മുടെ കര്‍ത്താവ് നമ്മുടെ തുടര്‍മാനമായ നന്ദികരേറ്റലിന് അര്‍ഹനാണ്.
ദൈവം എല്ലായ്പോഴും പ്രപഞ്ചത്തിന്റെ സ്രഷ്ടാവും സംരക്ഷകനും നമ്മെ ആഴമായി സ്നേഹിക്കുന്ന പിതാവും ആണ്. നമ്മുടെ ഹൃദയംഗമവും സന്തോഷപൂരിതവുമായ കൃതജ്ഞത അവന് അര്‍ഹിക്കുന്നു.
ഇന്ന് ആരോടാണ് ദൈവത്തിന്റെ സ്നേഹം നിങ്ങള്‍ക്കു പങ്കുവയ്ക്കാന്‍ കഴിയുന്നത്?