ഉഗാണ്ടയിലെ കമ്പാലയിലുള്ള ഹോട്ടലില്‍നിന്നു ഞാന്‍ പുറത്തിറങ്ങിയപ്പോള്‍, സെമിനാറിലേക്ക് എന്നെ കൊണ്ടുപോകാന്‍ വന്ന എന്റെ ആതിഥേയ എന്നെ നോക്കി തമാശയായി ചിരിച്ചു. “എന്താ ഇത്ര ചിരിക്കാന്‍?” ഞാന്‍ ചോദിച്ചു. അവള് ചിരിച്ചുകൊണ്ടു ചോദിച്ചു, “താങ്കള്‍ മുടി ചീകിയോ?” ഈ പ്രാവശ്യം ഞാനാണ് ചിരിച്ചത്. ഞാന്‍ എന്റെ മുടി ചീകാന്‍ മറന്നുപോയി. ഞാന്‍ എന്റെ രൂപം ഹോട്ടലിലെ കണ്ണാടിയില്‍ നോക്കി. ഞാന്‍ കണ്ട കാഴ്ച ഞാന്‍ ശ്രദ്ധിക്കാതെ പോയതെങ്ങനെയാണ്?
ഒരു പ്രത്യേക രൂപകത്തിലൂടെ, നമ്മുടെ തിരുവചന പഠനം കൂടുതല്‍ പ്രയോജനകരമാക്കുന്നതിന്റെ ഉപയോഗപ്രദമായ ഒരു തലം യാക്കോബ് നല്കുന്നു. എന്തെങ്കിലും തിരുത്തല്‍ വരുത്തണോ – മുടി ചീകണോ, മുഖം കഴുകണോ, ഷര്‍ട്ടിന്റെ ബട്ടണ്‍ ശരിയായി ഇട്ടോ – എന്നറിയാന്‍ നാം നമ്മുടെ രൂപം കണ്ണാടിയില്‍ പരിശോധിക്കുന്നു. ഒരു കണ്ണാടിപോലെ, നമ്മുടെ സ്വഭാവവും മനോഭാവവും ചിന്തകളും പെരുമാറ്റവും പരിശോധിക്കാന്‍ ബൈബിള്‍ നമ്മെ സഹായിക്കുന്നു (യാക്കോബ് 1:23-24). ദൈവം വെളിപ്പെടുത്തിയ പ്രമാണങ്ങള്‍ക്കനുസരണമായി നമ്മുടെ ജീവിതങ്ങളെ ക്രമീകരിക്കാന്‍ ഇതു നമ്മെ സഹായിക്കുന്നു. നാം നമ്മുടെ നാവുകള്‍ക്ക് “കടിഞ്ഞാണ്‍ ഇടണം” (വാ. 26), “വിധവകളെയും അനാഥരെയും സഹായിക്കണം” (വാ. 27). നമ്മുടെ ഉള്ളില്‍ വസിക്കുന്ന പരിശുദ്ധാത്മാവിനു നാം ചെവികൊടുക്കുകയും “ലോകത്താലുള്ള കളങ്കം പറ്റാതെ” നമ്മെത്തന്നെ കാക്കുകയും വേണം (വാ. 27).
നാം “സ്വാതന്ത്ര്യത്തിന്റെ തികഞ്ഞ ന്യായപ്രമാണം ഉറ്റുനോക്കി” അവയെ നമ്മുടെ ജീവിതത്തില്‍ പാലിക്കുമ്പോള്‍ നാം ചെയ്യുന്നതില്‍ നാം കൃതാര്‍ത്ഥരാകും (വാ. 25). തിരുവചനമാകുന്ന കണ്ണാടിയില്‍ നാം നോക്കുമ്പോള്‍, നമ്മില്‍ “ഉള്‍നട്ട ദൈവവചനത്തെ നമുക്കു താഴ്മയോടെ” കൈക്കൊള്ളാന്‍ കഴിയും (വാ. 21).
ഒരു കണ്ണാടി നമ്മുടെ രൂപത്തെ പ്രതിഫലിപ്പിക്കുന്നതുപോലെ, ബൈബിള്‍ നമ്മുടെ അകത്തെ മനുഷ്യനെ വെളിപ്പെടുത്തുന്നു.