ആരാണ് ഞാൻ? മൈക് ഇങ്ക്പെൻ രചിച്ച, കുട്ടികൾക്കായുള്ള “നത്തിംഗ്” എന്ന പുസ്തകത്തിൽ മങ്ങിയതും മൃദുവായ വസ്തുക്കൾ നിറച്ചതുമായ ഒരു ജീവി സ്വയം ചോദിക്കുന്ന ചോദ്യമാണിത്. മാളികപ്പുരയിലെ പൊടിപിടിച്ച ഒരു മൂലയിൽ ഉപേക്ഷിക്കപ്പെട്ട  ആ ജീവി, വസ്തുക്കൾ നീക്കുന്നവർ അവനെ “നിസ്സാരൻ” എന്നു വിളിക്കുന്നത് കേൾക്കുമ്പോൾ, തന്‍റെ പേരാണ് ഇത്, എന്നു സ്വയം കരുതുന്നു.

മറ്റു മൃഗങ്ങളുമായുള്ള സംസർഗ്ഗം ഓർമ്മകളെ ഉണർത്തുന്നു. അപ്പോൾ, നിസ്സാരന്, തനിക്ക് ഒരു വാലും, മീശയും, വരകളും ഉണ്ടായിരുന്നുവെന്ന തിരിച്ചറിവ് ലഭിക്കുന്നു. എന്നാൽ തന്‍റെ സ്വന്ത വീട് കണ്ടെത്തുവാൻ സഹായിച്ച ഒരു വരയൻ പൂച്ചയെ കണ്ടുമുട്ടുന്നതുവരെ, താൻ വാസ്തവത്തിൽ ആരാണെന്ന് നിസ്സാരൻ ഓർത്തിരുന്നില്ല: താൻ, പതുപതുത്ത വസ്തുക്കൾ നിറച്ച ടോബി എന്നു പേരുള്ള ഒരു പൂച്ചയായിരുന്നു. അവന്‍റെ ഉടമ സ്നേഹപൂർവം അവനെ തിരികെ സ്വീകരിക്കുകയും, പുതിയ ചെവികൾ, വാൽ, മീശകൾ, വരകൾ എന്നിവ തുന്നിച്ചേർക്കുകയും ചെയ്തു.

ഈ പുസ്തകം വായിക്കുമ്പോഴെല്ലാം, ഞാൻ എന്‍റെ സ്വന്തം വ്യക്തിത്വത്തെക്കുറിച്ച് ചിന്തിക്കുന്നു. ആരാണ് ഞാൻ? യോഹന്നാൻ വിശ്വാസികൾക്ക് എഴുതുന്നതിൽ, ദൈവം നമ്മെ തന്‍റെ മക്കൾ എന്നു വിളിച്ചിരിക്കുന്നതായി പറഞ്ഞിരിക്കുന്നു. (1 യോഹന്നാൻ 3:1). നാം ആ വ്യക്തിത്വത്തെ പൂർണ്ണമായി ഗ്രഹിക്കുന്നില്ല, എന്നാൽ യേശു നമുക്കു വെളിപ്പെടുമ്പോൾ,  നാം അവനെപ്പോലെയാകും (വാക്യം 2). പാപത്താൽ ഭംഗി നഷ്ടപ്പെട്ടിരുന്ന നാം, നമുക്കായ് വിഭാവന ചെയ്തിരിക്കുന്ന, നമ്മുടെ യഥാർത്ഥ വ്യക്തിത്വത്തിലേയ്ക്ക്, ടോബി എന്ന പൂച്ചയെപ്പോലെ,  ഒരിക്കൽ പുനഃസ്ഥാപിക്കപ്പെടും. ഇപ്പോൾ, ആ വ്യക്തിത്വത്തെക്കുറിച്ച് നമുക്ക് അംശമായി മനസ്സിലാക്കുവാനും, കൂടാതെ, നമ്മിലുള്ള ദൈവീകസ്വരൂപങ്ങളെ പരസ്പരം തിരിച്ചറിയുവാനും കഴിയും. എന്നാൽ ഒരു ദിവസം, നാം യേശുവിനെ കാണുമ്പോൾ നമുക്കുവേണ്ടി ദൈവം ഉദ്ദേശിച്ചിട്ടുള്ള വ്യക്തിത്വത്തിലേയ്ക്ക് നാം പൂർണമായും പുനഃസ്ഥാപിക്കപ്പെടും. നാം പുതുക്കപ്പെടും.