ഒരു നിർദ്ദിഷ്ട ജോലി നിമിത്തം, എനിക്കും എന്‍റെ സഹപ്രവർത്തകനും കൂടി 250 മൈൽ യാത്ര ചെയ്യേണ്ടതായി വന്നു, എന്നാൽ ഭവനത്തിൽ നിന്നും യാത്ര ആരംഭിച്ചപ്പോൾ തന്നെ വളരെ വൈകിയിരുന്നു. പ്രായമായ കണ്ണുകളുള്ള വാർദ്ധക്യം ബാധിച്ച ശരീരവും കൊണ്ട്, രാത്രി വാഹനമോടിക്കുന്നത് എനിക്ക് അൽപ്പം പ്രയാസകരമായി തോന്നി: എന്നിരുന്നാലും, ഞാൻ ആദ്യം വാഹനമോടിക്കുവാൻ തീരുമാനിച്ചു. എന്‍റെ കൈകൾ സ്റ്റിയറിംഗ് വീൽ മുറുകെപിടിക്കുകയും എന്‍റെ കണ്ണുകൾ, മങ്ങിയ വെളിച്ചം പതിഞ്ഞ പാതകളിലേക്ക് ഉറ്റു നോക്കുകയും ചെയ്തിരുന്നു. എന്‍റെ പുറകിലെ വാഹനങ്ങളിൽ നിന്നുള്ള പ്രകാശത്താൽ, മുന്നോട്ടുള്ള എന്‍റെ പാത എനിക്ക് കൂടുതൽ വ്യക്തതയോടെ കാണുവാൻ കഴിയുന്നു എന്ന് വാഹനം ഓടിച്ചു കൊണ്ടിരുന്നപ്പോൾ ഞാൻ കണ്ടെത്തി. എന്‍റെ സുഹൃത്ത്  വാഹനത്തിന്‍റെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ എനിക്ക് വളരെ ആശ്വാസം തോന്നി. അപ്പോഴാണ്, ഞാൻ വാഹനം ഓടിച്ചിരുന്നത് ഹെഡ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ആയിരുന്നില്ല, പകരം ഫോഗ് ലൈറ്റിന്‍റെ വെളിച്ചത്തിൽ ആയിരുന്നുവെന്ന്  അദ്ദേഹം കണ്ടെത്തിയത്!

നമ്മുടെ അനുദിന ജീവിതത്തിനുള്ള വെളിച്ചം ദൈവവചനം നമുക്കു നൽകുന്നുവെന്ന് ഗ്രഹിച്ച ഒരു വ്യക്തിയുടെ പ്രധാന രചനയാണ് സങ്കീർത്തനം 119. (വാക്യം 105). എന്നിരുന്നാലും,  ഹൈവേയിലെ എന്‍റെ അസുഖകരമായ രാത്രിയ്ക്ക് സമാനമായ സാഹചര്യങ്ങളിൽ നമ്മൾ പലപ്പോഴും അകപ്പെട്ടു പോകുന്നുണ്ടോ?  കാണുന്നതിനായ് നാം അനാവശ്യമായ ആയാസങ്ങൾ ഏറ്റെടുക്കുകയും ദൈവവചനത്തിന്‍റെ പ്രകാശം ഉപയോഗിക്കുന്നതിന് നാം മറന്നുപോകുന്നതിനാൽ, ശ്രേഷ്ഠമായ പാതകളിൽനിന്ന് നാം ചിലപ്പോഴൊക്കെ അകന്നുപോകുകയും ചെയ്യുന്നു. “ലൈറ്റ് സ്വിച്ച്” പ്രവർത്തിപ്പിക്കുന്നതിനെക്കുറിച്ച് നാം മനഃപൂർവമായി ബോധമുള്ളവരായിരിക്കണമെന്ന് സങ്കീർത്തനം 119 പ്രോത്സാഹിപ്പിക്കുന്നു. നാം അപ്രകാരം ചെയ്യുമ്പോൾ എന്തു സംഭവിക്കും? വിശുദ്ധിക്ക് അനിവാര്യമായ ജ്ഞാനം നാം കണ്ടെത്തുന്നു (വാക്യം 9-11); വഴിമാറിപ്പോകാതിരിക്കുന്നതിനുള്ള നവ പ്രചോദനവും പ്രോത്സാഹനവും നമ്മൾ കണ്ടെത്തുന്നു (വാക്യം 101-102). പ്രകാശം പരത്തിക്കൊണ്ട് നാം ജീവിക്കുമ്പോൾ, സങ്കീർത്തനക്കാരന്‍റെ സ്തുതി നമ്മുടെ സ്തുതിയായിത്തീരുവാനിടയുണ്ട്: “നിന്‍റെ ന്യായപ്രമാണം എനിക്കു എത്രയോ പ്രിയം;  ഇടവിടാതെ അത് എന്‍റെ ധ്യാനമാകുന്നു “(വാക്യം 97).