വിമാനത്തിൽ കയറുന്നതിനുള്ള വരിയിൽ ഞാൻ നിൽക്കവേ, ആരോ ഒരാൾ എന്‍റെ തോളിൽ തട്ടി. ഞാൻ തിരിഞ്ഞപ്പോൾ എനിക്ക്, ഊഷ്മളമായ അഭിവാദ്യം ലഭിച്ചു. “എലീസാ! നീ എന്നെ ഓർമ്മിക്കുന്നുണ്ടോ? ഞാൻ ജോവാൻ ആകുന്നു! അപ്പോൾ എന്‍റെ മനസ്സിൽ എനിക്കറിയാവുന്ന എല്ലാ “ജോവാനെ”ക്കുറിച്ചും ഞാൻ തിരഞ്ഞു കൊണ്ടിരുന്നു. “ജോവാനെ” എനിക്ക് അറിയാം, എന്നാൽ അവളെ കൃത്യമായി ഓർത്തെടുക്കുവാൻ എനിക്കു കഴിഞ്ഞില്ല. അവൾ എന്‍റെ മുൻ അയൽവാസിയായിരുന്നുവോ? മുൻകാല സഹപ്രവർത്തകയായിരുന്നുവോ? ഓ പ്രിയേ . . . എനിക്കറിയില്ല.

എന്‍റെ സംഘര്‍ഷം മനസിലാക്കിയ ജോവാൻ പ്രതികരിച്ചു, “എലിസാ, നമുക്കു ഹൈസ്കൂളിൽ വച്ച് പരസ്പരം അറിയാം.” ഒരു ഓർമ്മ ഉണർന്നുവന്നു: വെള്ളിയാഴ്ച രാത്രിയിലെ ഫുട്ബോൾ ഗെയിമുകളിൽ, കാണികളുടെ ഇടയിൽനിന്ന് ഉത്സാഹം പകർന്നിരുന്നു. സന്ദർഭം വ്യക്തമായിക്കഴിഞ്ഞപ്പോൾ, ഞാൻ ജോവാനെ തിരിച്ചറിഞ്ഞു.

യേശുവിന്‍റെ മരണശേഷം, മഗ്ദലനക്കാരി മറിയ അതിരാവിലെ കല്ലറയ്ക്കൽ പോയപ്പോൾ, അവിടെ കല്ല് ഉരുട്ടി മാറ്റിയിരിക്കുന്നതും, അവന്‍റെ ശരീരം അപ്രത്യക്ഷമായതും അവൾ കണ്ടു. (യോഹ 20:1-2). അവൾ പത്രോസിനെയും യോഹന്നാനെയും അറിയിക്കുവാനായി ഓടുകയും അവർ അവളോടൊപ്പം മടങ്ങി വന്നു ഒഴിഞ്ഞ കല്ലറ കാണുകയും ചെയ്തു (വാക്യം 3-10). എന്നാൽ മറിയ തന്‍റെ ദുഃഖത്തിൽ അവിടെ പുറത്തു തന്നെ നിന്നു (വാക്യം 11). യേശു അവിടെ പ്രത്യക്ഷപ്പെട്ടപ്പോൾ, “അവൻ യേശു ആണെന്ന് അവൾക്കു മനസ്സിലായില്ല” (വാക്യം 14). അവൻ തോട്ടക്കാരനാണെന്ന് അവൾ കരുതി (വാക്യം 15).

അവൾക്ക് യേശുവിനെ തിരിച്ചറിയുവാൻ സാധിക്കാതിരുന്നതെന്തു കൊണ്ടാണ്?  അവനെ തിരിച്ചറിയുവാൻ പ്രയാസമുളവാകും വിധം അവന്‍റെ പുനരുത്ഥാന ശരീരത്തിന് മാറ്റം വന്നിരുന്നുവോ? അവളുടെ ദുഃഖം, അവന്‍റെ സ്വത്വത്തെ അവളുടെ കണ്ണിൽ നിന്നു മറച്ചിരുന്നുവോ? അല്ലെങ്കിൽ, ഒരുപക്ഷേ, എന്നെപ്പോലെ, യേശുവും “പശ്ചാത്തലത്തിനു പുറത്തു”നിന്നായിരുന്നോ? കാരണം, കല്ലറയിൽ മരിച്ചു കിടക്കേണ്ടതിനു പകരം യേശു ജീവനോടെ തോട്ടത്തിൽ നിന്നതുകൊണ്ടാണോ അവൾക്ക് അവനെ. തിരിച്ചറിയുവാൻ കഴിയാതിരുന്നത്?

യേശു നമ്മുടെ ദിനങ്ങളിലേയ്ക്ക് വരുമ്പോൾ, നാം യേശുവിനെ വിട്ടു പോകുവാനിടയുണ്ടോ? – നമ്മുടെ പ്രാർഥനാ വേളയിൽ അല്ലെങ്കിൽ ബൈബിൾ വായനയിൽ, അല്ലെങ്കിൽ ഹൃദയത്തിൽ മന്ത്രിക്കുമ്പോൾ?