ജോലി കഴിഞ്ഞു വീട്ടിലെത്തിയപ്പോൾ എന്റെ അമ്മ എന്നോട് പറഞ്ഞു: “എസ്റ്ററ, നമ്മുടെ സുഹൃത്ത് ഹെലനിൽ നിന്ന് നിനക്ക് ഒരു സമ്മാനം കിട്ടിയിട്ടുണ്ട്!” വളർന്നു വന്ന കാലയളവിൽ അധികം സമ്മാനങ്ങൾ ലഭിച്ചിരുന്നില്ല, അതിനാൽ ഇപ്രകാരം ഒരു സമ്മാനം തപാലിൽ ലഭിക്കുന്നത് ഒരു രണ്ടാം ക്രിസ്തുമസ് പോലെയായിരുന്നു. ഈ വിലപ്പെട്ട സ്ത്രീയിലൂടെ ഞാൻ ദൈവത്താൽ സ്നേഹിക്കപ്പെട്ടതായും, സ്മരിക്കപ്പെട്ടതായും, വിലമതിക്കപ്പെട്ടതായും എനിക്ക് തോന്നിയിരുന്നു.
തബീഥ (ദോർക്കാസ്) ഉണ്ടാക്കിയിരുന്ന വസ്ത്രങ്ങൾ ലഭിച്ച ദരിദ്രയായ വിധവകൾക്കും ഇതേ തോന്നൽ തന്നെ ഉണ്ടായിരുന്നിരിക്കണം. യോപ്പയിൽ ജീവിച്ചിരുന്ന അവൾ യേശുവിന്റെ ശിഷ്യയായിരുന്നു. അവൾ തന്റെ സൽപ്രവൃത്തികൾ നിമിത്തം സമൂഹത്തിൽ വളരെ പ്രസിദ്ധയായിരുന്നു. അവൾ “എല്ലായ്പോഴും നന്മ പ്രവർത്തിക്കുകയും ദരിദ്രരെ സഹായിക്കുകയും ചെയ്യുമായിരുന്നു” (അപ്പോ. അപ്പോ 9:36). പിന്നീട് അവൾ രോഗ ബാധിതയായി മരിച്ചുപോയി. അക്കാലത്ത് പത്രോസ് അടുത്തുള്ള ഒരു പട്ടണത്തെ സന്ദർശിക്കുകയായിരുന്നു. അതിനാൽ രണ്ടുപേർ അവനെ അനുഗമിച്ചു. അവർ യോപ്പയിലേക്കു വരുവാൻ അവനോട് അപേക്ഷിച്ചു.
പത്രോസ് എത്തിയപ്പോൾ, തബീഥ സഹായിച്ചിരുന്ന വിധവകൾ അവളുടെ സൽപ്രവൃത്തികളുടെ തെളിവുകളായ “കുപ്പായങ്ങളും മറ്റു വസ്ത്രങ്ങളും” (വാക്യം.39) അവനെ കാണിച്ചു. പത്രോസിനോട് ഇടപെടുവാൻ അവർ ആവശ്യപ്പെട്ടുവോ എന്നു നമുക്കുക്കറിഞ്ഞുകൂടാ. എന്നാൽ പരിശുദ്ധാത്മാവിന്റെ പ്രേരണയാൽ പത്രോസ് പ്രാർഥിച്ചു; ദൈവം അവളെ ജീവനിലേക്കു തിരികെ കൊണ്ടുവന്നു! “ഇതു യോപ്പയിലെങ്ങും പ്രസിദ്ധമായി, പലരും കർത്താവിൽ വിശ്വസിച്ചു” (വാക്യം 42), ഇതായിരുന്നു ദൈവീക കരുണയുടെ അനന്തരഫലം.
നമുക്കു ചുറ്റുമുള്ളവരോട് നമ്മൾ ദയ കാണിക്കുമ്പോൾ, അവർ ദൈവത്തിങ്കലേയ്ക്കു തിരിയുകയും, ദൈവത്താൽ സ്വയം വിലമതിക്കപ്പെടുകയും ചെയ്യുന്നു.
ദൈവീക കരുണയുടെ സചേതനപ്രതീകമാകുക; നിന്റെ മുഖത്തും, കണ്ണുകളിലും, പുഞ്ചിരിയിലും കരുണയുണ്ടായിരിക്കട്ടെ. മദർ തെരേസ.