വളരെ പ്രതിഭാസമ്പന്നരും സമചിത്തരുമായ ആളുകളുമായി ഇടപെടുന്നതിന്, എന്‍റെ കോർപറേറ്റ് ലോകത്തിലെ ജോലി എനിക്ക് വഴിയൊരുക്കി. എന്നിരുന്നാലും, ഒരു പ്രത്യേക പ്രോജക്റ്റിന് നേതൃത്വം നൽകിയിരുന്ന, പട്ടണത്തിനു പുറത്തുനിന്നുള്ള ഒരു ഉദ്യോഗസ്ഥൻ ഇതിന് ഒരു അപവാദമായിരുന്നു. ഞങ്ങളുടെ ടീമിന്‍റെ പുരോഗതി പരിഗണിക്കാതെ, ഈ മാനേജർ ഞങ്ങളുടെ പ്രവർത്തനങ്ങളെ രൂക്ഷമായി വിമർശിക്കുകയും പ്രതിവാര സ്ഥിതി വിലയിരുത്തൽ സമയത്ത് ഞങ്ങളോട് കൂടുതൽ പരിശ്രമം ആവശ്യപ്പെടുകയും ചെയ്തു. ഈ നിരന്തരമായ ഓട്ടം എന്നെ നിരുത്സാഹപ്പെടുത്തുകയും എന്നിൽ ഭയമുളവാക്കുകയും ചെയ്തു. ചില സമയങ്ങളിൽ, ഞാൻ എല്ലാം ഉപേക്ഷിച്ചു പോകുവാൻ ആഗ്രഹിച്ചു.

ഇരുട്ടിന്‍റെ ബാധ ഉണ്ടായ വേളയിൽ ഫറവോനുമായുള്ള കൂടിക്കാഴ്ച മോശെയിലും, എല്ലാം ഉപേക്ഷിച്ചു പോകുവാനുള്ള ചിന്ത ഉളവാക്കിയിരിക്കാം. ദൈവം എട്ട് ബാധകൾ വർഷിച്ച് ഈജിപ്തിനെ മുടിച്ചുകളഞ്ഞു. അവസാനം ഫറവോൻ പൊട്ടിത്തെറിച്ചു: “[മോശെ] എന്‍റെ അടുക്കൽ നിന്നു പോക. ഇനി എന്‍റെ മുഖം കാണാതിരിപ്പാൻ സൂക്ഷിച്ചുകൊൾക. എന്‍റെ മുഖം കാണുന്ന നാളിൽ നീ മരിക്കും”(പുറപ്പാട് 10:28).

ഈ ഭീഷണി ഉണ്ടായിരുന്നിട്ടും, ഫറവോന്‍റെ നിയന്ത്രണത്തിൽനിന്നു ഇസ്രായേല്യരെ മോചിപ്പിക്കുവാൻ ദൈവം മോശെയെ ഉപയോഗിച്ചു.  “വിശ്വാസത്താൽ അവൻ അദൃശ്യദൈവത്തെ കണ്ടതുപോലെ ഉറെച്ചുനിൽക്കയാൽ രാജാവിന്‍റെ കോപം ഭയപ്പെടാതെ മിസ്രയീം വിട്ടുപോന്നു.” (എബ്രായർ 11:27). വിമോചനത്തെക്കുറിച്ചുള്ള വാഗ്ദത്തം ദൈവം കാത്തുസൂക്ഷിക്കുമെന്നുള്ള വിശ്വാസമാണ്, ഫറവോനെ ജയിക്കുവാൻ മോശെയെ സഹായിച്ചത് (പുറ. 3:17).

ഇന്ന്, എല്ലാ സാഹചര്യത്തിലും ദൈവം നമ്മോടൊപ്പമുണ്ട് എന്നും അവന്‍റെ പരിശുദ്ധാത്മാവിലൂടെ നമ്മെ പിന്തുണക്കും എന്നുമുള്ള വാഗ്ദത്തത്തിൽ, നമുക്കു ആശ്രയിക്കാൻ സാധിക്കും. ഭീഷണികളുടെ സമ്മർദ്ദവും അതിനോടുള്ള തെറ്റായ പ്രതികരണങ്ങളും ചെറുക്കുന്നതിന്, നമുക്ക് അമാനുഷിക ശക്തി, സ്നേഹം, ആത്മനിയന്ത്രണം എന്നിവ നൽകി അവൻ നമ്മെ സഹായിക്കുന്നു (2 തിമോഥിയോസ് 1:7). മുന്നോട്ടുള്ള ഗമനത്തിനും നമ്മുടെ ജീവിതത്തിലെ ദൈവീക നടത്തിപ്പിനും ആവശ്യമായ ധൈര്യം, പരിശുദ്ധാത്മാവ് നമുക്കു നൽകുന്നു.