Month: ഏപ്രിൽ 2019

വിശുദ്ധന്മാരുടെയും പാപികളുടെയും

ഈജിപ്തിലെ മേരി (എ.ഡി. 344-421) യോഹന്നാന്‍ സ്‌നാപകന്റെ കാല്‍ച്ചുവടുകളെ പിന്തുടര്‍ന്ന് മരുഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, അവിശുദ്ധ സുഖങ്ങള്‍ അന്വേഷിച്ചും പുരുഷന്മാരെ വശീകരിച്ചും ആയിരുന്നു തന്റെ യൗവനം ചിലവഴിച്ചിരുന്നത്. തന്റെ നീചമായ തൊഴിലിന്റെ ധാര്‍ഷ്ട്യത്തില്‍ തീര്‍ത്ഥാടകരെ മലിനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവള്‍ യെരുശലേമിലേക്കു യാത്ര ചെയ്തു. എന്നാല്‍ അവിടെ വച്ച് തന്റെ പാപത്തെക്കുറിച്ച് ആഴമായ ബോധ്യം അവള്‍ക്കുണ്ടാകുകയും അതിനെത്തുടര്‍ന്ന് മരുഭൂമിയിലേക്ക് പോയി അനുതാപത്തിന്റെയും ഏകാന്തതയുടെയും ജീവിതം നയിക്കുകയും ചെയ്തു. ദൈവത്തിന്റെ കൃപയുടെ വ്യാപ്തിയെയും ക്രൂശിന്റെ യഥാസ്ഥാപന ശക്തിയെയും ആണ് മേരിയുടെ സമൂല പരിവര്‍ത്തനം വെളിവാക്കുന്നത്.

ശിഷ്യനായ പത്രൊസ് യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു. തള്ളിപ്പറയലിനു ചില മണിക്കൂറുകള്‍ക്കു മുമ്പ് യേശുവിനോടൊപ്പം മരിക്കാനുള്ള തന്റെ ഒരുക്കം അവന്‍ പ്രഖ്യാപിച്ചിരുന്നു (ലൂക്കൊസ് 22:23). അതിനാല്‍ തന്റെ പരാജയത്തെക്കുറിച്ചുള്ള ബോധ്യം കനത്ത പ്രഹരമായിരുന്നു (വാ. 61-62). യേശുവിന്റെ മരണത്തിനും ഉയിര്‍ത്തെഴുന്നേല്‍പ്പിനും ശേഷം, ശിഷ്യന്മാരില്‍ ചിലരോടൊപ്പം പത്രൊസ് മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍, യേശു അവര്‍ക്ക് പ്രത്യക്ഷനായി, മൂന്ന് പ്രാവശ്യം തന്നോടുള്ള അവന്റെ സ്‌നേഹം പ്രഖ്യാപിക്കുവാന്‍ പത്രൊസിന് യേശു അവസരം നല്‍കി - ഓരോ തള്ളിപ്പറയലിനും ഓരോ ഏറ്റുപറച്ചില്‍ വീതം (യോഹന്നാന്‍ 21:1-3). തുടര്‍ന്ന് ഓരോ പ്രഖ്യാപനത്തിനുമൊപ്പം, തന്റെ ജനത്തെ പരിപാലിക്കാന്‍ യേശു പത്രൊസിനെ ചുമതലപ്പെടുത്തുന്നു (വാ. 15-17). കൃപയുടെ ഈ ഞെട്ടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഫലം, സഭയുടെ പണിയില്‍ പത്രൊസ് നിര്‍ണ്ണായക സ്ഥാനം വഹിച്ചു എന്നതാണ്; ഒടുവിലായി ക്രിസ്തുവിനു വേണ്ടി അവന്‍ തന്റെ ജീവന്‍ കൊടുത്തു.

നമ്മിലാരുടെയും ജീവചരിത്രം ആരംഭിക്കാന്‍ കഴിയുന്നത് വീഴ്ചയുടെയും പരാജയത്തിന്റെയും കഥയിലൂടെയായിരിക്കും. എന്നാല്‍ ദൈവത്തിന്റെ കൃപ എല്ലായ്‌പ്പോഴും വ്യത്യസ്തമായ ഒരു അന്ത്യത്തിന് അനുവദിക്കുന്നു. അവന്റെ കൃപയാല്‍ അവന്‍ നമ്മെ വീണ്ടെടുക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.

ജീവിതത്തിന്റെ പരിശോധനകളെ മനസിലാക്കുക

എന്റെ സ്‌നേഹിതയുടെ പിതാവിന് ഭയാനകമായ ഒരു പരിശോധനാ ഫലമാണ് ലഭിച്ചത് - ക്യാന്‍സര്‍. എങ്കിലും കീമോ ചികിത്സയ്ക്കിടയില്‍ അദ്ദേഹം ഒരു യേശു വിശ്വാസിയായിത്തീരുകയും രോഗം ക്രമേണ ഭേദമാകുകയും ചെയ്തു. പതിനെട്ടു മാസത്തോളം അദ്ദേഹം ക്യാന്‍സര്‍ വിമുക്തനായി ജീവിച്ചെങ്കിലും അത് മടങ്ങിവന്നു - മുമ്പത്തേക്കാളും കഠിനമായ നിലയില്‍. മടങ്ങിവന്ന ക്യാന്‍സര്‍ എന്ന യാഥാര്‍ത്ഥ്യത്തെ അദ്ദേഹവും ഭാര്യയും ഉത്കണ്ഠയോടെയും ചോദ്യങ്ങളോടെയുമാണ് നേരിട്ടത് എന്നിരുന്നാലും ആദ്യസമയത്ത് അതിനെ താന്‍ കണ്ട രീതി നിമിത്തം ദൈവത്തില്‍ അദ്ദേഹം വിശ്വസ്ത ആശ്രയം വയ്ക്കുകയുണ്ടായി.

എന്തുകൊണ്ടാണ് പരിശോധനകളിലൂടെ നാം കടന്നു പോകുന്നത് എന്ന് നമുക്ക് എപ്പോഴും മനസ്സിലാകുകയില്ല. ഇയ്യോബിന്റെ കാര്യത്തില്‍ ഇത് തീര്‍ച്ചയായിരുന്നു: അവന്‍ ഭയാനകവും വിശദീകരിക്കാനാവാത്തതുമായ കഷ്ടതയും നഷ്ടവും അഭിമുഖീകരിച്ചു. എന്നിട്ടും തന്റെ നിരവധി ചോദ്യങ്ങളുടെ നടുവിലും ഇയ്യോബ് 12 ല്‍ ദൈവം സര്‍വ്വശക്തനാണെന്നവന്‍ പ്രഖ്യാപിക്കുന്നു: 'അവന്‍ ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ'' (വാ. 14), 'അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ട്' (വാ. 16), 'അവന്‍ ജാതികളെ വര്‍ദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു' (വാ. 23). വിശാലമായ തന്റെ പട്ടികയിലുടനീളം, വേദനയുടെയും കഷ്ടതയുടെയും പിന്നിലെ ദൈവോദ്ദേശ്യമെന്തെന്നോ എന്തുകൊണ്ട് അവനത് അനുവദിക്കുന്നു എന്നോ ഇയ്യോബ് പറയുന്നില്ല. ഇയ്യോബിന് ഉത്തരമില്ലായിരുന്നു. എന്നാല്‍ എല്ലാറ്റിനുമപ്പുറത്ത് ആത്മവിശ്വാസത്തോടെ അവന്‍ പറയുന്നു, 'ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍; ആലോചനയും വിവേകവും അവനുള്ളത്' (വാ. 13).

നമ്മുടെ ജീവിതത്തില്‍ എന്തുകൊണ്ടാണ് ചില പ്രതിസന്ധികള്‍ ദൈവം അനുവദിക്കുന്നത് എന്നു നമുക്ക് മനസ്സിലായെന്നു വരികയില്ല, എങ്കിലും എന്റെ സ്‌നേഹിതയുടെ മാതാപിതാക്കളെപ്പോലെ, നമുക്ക് അവനില്‍ ആശ്രയിക്കാന്‍ കഴിയും. കര്‍ത്താവ് നമ്മെ സ്‌നേഹിക്കുകയും നമ്മെ തന്റെ കരങ്ങളില്‍ വഹിക്കുകയും ചെയ്യുന്നു (വാ. 10; 1 പത്രൊസ് 5:7). ജ്ഞാനവും ശക്തിയും വിവേകവും അവനുള്ളത്!

ദൈവത്തിന്റെ വിരമിക്കല്‍ പദ്ധതി

പുരാവസ്തു ഗവേഷകനായ ഡോ. വാര്‍വിക്ക് റോഡ്വെല്‍ വിരമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയത്താണ് ഇംഗ്ലണ്ടിലെ ലീച്ഫീല്‍ഡ് കത്തീഡ്രലില്‍ അസാധാരണമായ ഒരു കണ്ടെത്തല്‍ നടത്തിയത്. മുന്‍കാല നിര്‍മ്മിതികള്‍ കണ്ടെത്തുന്നതിനായി പണിക്കാര്‍ ശ്രദ്ധാപൂര്‍വ്വം പള്ളിയുടെ തറയുടെ ഒരു ഭാഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഗബ്രിയേല്‍ ദൂതന്റെ ഒരു പ്രതിമ അവര്‍ കണ്ടെത്തി. ഡോ. റോഡ്‌വെല്ലിന് തന്റെ വിരമിക്കല്‍ പദ്ധതികള്‍ മാറ്റിവയ്ക്കേണ്ടി വന്നു. കാരണം ഈ കണ്ടെത്തല്‍, ആവേശകരവും തിരക്കേറിയതുമായ ഒരു പുതിയ സീസണിലേക്ക് അദ്ദേഹത്തെ നയിച്ചു.

മോശയ്ക്ക് എണ്‍പതു വയസ്സുള്ളപ്പോഴാണ്, അവന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റിമറിച്ച തീവ്രമായ ഒരു കണ്ടെത്തല്‍ അവന്‍ നടത്തിയത്. മിസ്രയീമ്യ രാജകുമാരിയുടെ ദത്തുപുത്രന്‍ ആയിരുന്നിട്ടും, തന്റെ എബ്രായ പൈതൃകം അവന്‍ മറന്നില്ലെന്നു മാത്രമല്ല, തന്റെ സഹോദരന്മാര്‍ക്കെതിരെ നടക്കുന്നതായി താന്‍ സാക്ഷ്യം വഹിച്ച അതിക്രമം അവനെ കോപിപ്പിക്കുകയും ചെയ്തു (പുറപ്പാട് 2:11-12). എബ്രായനെ തല്ലിയ ഒരു മിസ്രയീമ്യനെ മോശ കൊന്നു എന്നറിഞ്ഞ ഫറവോന്‍, മോശയെ കൊല്ലുവാന്‍ പദ്ധതിയിട്ടു. ഇതറിഞ്ഞ മോശ മിദ്യാനിലേക്ക് ഓടിപ്പോയി അവിടെ പാര്‍ത്തു (വാ. 13-15).

നാല്‍പതു വര്‍ഷത്തിനുശേഷം, അവന് എണ്‍പതു വയസ്സായപ്പോള്‍, മോശ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരുന്നപ്പോള്‍, യഹോവയുടെ ദൂതന്‍ ഒരു മുള്‍പ്പടര്‍പ്പിന്റെ നടുവില്‍ നിന്ന് അഗ്നിജ്വാലയില്‍ അവനു പത്യക്ഷനായി. അവന്‍ നോക്കിയപ്പോള്‍ മുള്‍പ്പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പ്പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു' (3:2). ആ നിമിഷത്തില്‍, മിസ്രയീമ്യ അടിമത്വത്തില്‍ നിന്ന് യിസ്രായേല്യരെ വിടുവിച്ചു കൊണ്ടുവരാനായി ദൈവം മോശയെ വിളിച്ചു (വാ. 3-25).

നിങ്ങളുടെ ജീവിതത്തിന്റെ ഈ നിമിഷത്തില്‍, ദൈവം തന്റെ ഉന്നതമായ ഉദ്ദേശ്യത്തിനുവേണ്ടി എന്തു ചെയ്യുന്നതിനായിരിക്കും നിങ്ങളെ വിളിക്കുന്നത്? എന്ത് പുതിയ പദ്ധതിയാണ് അവന്‍ നിങ്ങളുടെ പാതയില്‍ വയ്ക്കുന്നത്?

സൗന്ദര്യം ആസ്വദിക്കുക

ഒരു പ്രകാശരശ്മി പോലെ പെയിന്റിംഗ് എന്റെ കണ്ണില്‍പ്പെട്ടു. ഒരു വലിയ സിറ്റി ഹോസ്പിറ്റലിലെ നീണ്ട ഹാളില്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്ന ആ ചിത്രത്തിന്റെ കടുത്ത നിറങ്ങളും നവാജോ പ്രാദേശിക അമേരിക്കന്‍ രൂപങ്ങളും സവിശേഷ ശ്രദ്ധയാകര്‍ഷിക്കുന്നതായതിനാല്‍ അതു വീക്ഷിക്കുന്നതിനായി ഞാന്‍ നിന്നു. 'അത് നോക്കൂ' ഞാന്‍ എന്റെ ഭര്‍ത്താവ് ഡാനിയോട് പറഞ്ഞു.

അദ്ദേഹം മുമ്പില്‍ നടക്കുകയായിരുന്നു എങ്കിലും ഭിത്തിയിലെ മറ്റു പെയിന്റിംഗുകള്‍ എല്ലാം അവഗണിച്ച് ഇതിനെ മാത്രം ഞാന്‍ ശ്രദ്ധിച്ചു, 'മനോഹരം' ഞാന്‍ മന്ത്രിച്ചു.

ജീവിതത്തിലെ അനേക സംഗതികള്‍ തീര്‍ച്ചയായും സുന്ദരങ്ങളാണ്. മികച്ച പെയിന്റിംഗുകള്‍, സുന്ദരമായ പ്രകൃതി ദൃശ്യങ്ങള്‍, കലാരൂപങ്ങള്‍. അതുപോലെ തന്നെയാണ് ഒരു കുഞ്ഞിന്റെ പുഞ്ചിരി. ഒരു സുഹൃത്തിന്റെ അഭിവാദ്യം. ഒരു റോബിന്റെ നീല മുട്ട. കടല്‍ ചിപ്പിയുടെ ബലമുള്ള തോട്. ജീവിത ഭാരങ്ങള്‍ ലഘൂകരിക്കുന്നതിനായി 'അവന്‍ സകലവും അതതിന്റെ സമയത്തു ഭംഗിയായി ചെയ്തു' (സഭാപ്രസംഗി 3:11). അത്തരം സൗന്ദര്യത്തില്‍ ദൈവസൃഷ്ടിയുടെ പരിപൂര്‍ണ്ണതയുടെ ഒരു കാഴ്ച - വരാനിരിക്കുന്ന അവന്റെ തികവാര്‍ന്ന ഭരണത്തിന്റെ മഹത്വവും - നമുക്ക് ലഭിക്കുന്നു എന്നു വേദപണ്ഡിതന്മാര്‍ വിശദീകരിക്കുന്നു.

അത്തരം പരിപൂര്‍ണ്ണതയെ സങ്കല്‍പ്പിക്കാനേ നമുക്ക് കഴിയൂ, അതിനാല്‍ ജീവിതത്തിന്റെ മനോഹാരിതയിലൂടെ അതിന്റെ ഒരു മുന്‍രുചി ദൈവം നമുക്ക് നല്‍കുന്നു. ഈ വിധത്തില്‍, ദൈവം 'നിത്യതയും മനുഷ്യരുടെ ഹൃദയത്തില്‍ വെച്ചിരിക്കുന്നു' (വാ. 11). ചില ദിവസങ്ങളില്‍ ജീവിതം നിറം കെട്ടതും നിഷ്പ്രയോജനവുമായി തോന്നാം. എങ്കിലും ദൈവം കരുണയോടെ സുന്ദരനിമിഷങ്ങള്‍ നമുക്ക് പ്രദാനം ചെയ്യുന്നു.
ഞാന്‍ ആസ്വദിച്ച പെയിന്റിംഗിന്റെ കലാകാരന്‍ ജെറാര്‍ഡ് കര്‍ട്ടിസ് ഡെലാനോ അത് മനസ്സിലാക്കിയിരുന്നു. 'സൗന്ദര്യം സൃഷ്ടിക്കുന്നതിനായി ഒരു കഴിവ് ദൈവം എനിക്ക് നല്‍കി,' അദ്ദേഹം ഒരിക്കല്‍ പറഞ്ഞു, 'ഇതാണ് ഞാന്‍ ചെയ്യാന്‍ അവനാഗ്രഹിച്ചത്.'

അത്തരം സൗന്ദര്യം കാണുമ്പോള്‍ എങ്ങനെ നമുക്ക് പ്രതികരിക്കാന്‍ കഴിയും? നാം കണ്ടുകഴിഞ്ഞ മഹത്വം ആസ്വദിക്കാന്‍ തയ്യാറായിക്കൊണ്ടു തന്നെ വരാനിരിക്കുന്ന നിത്യതയ്ക്കായി ദൈവത്തിനു നന്ദി പറയാന്‍ നമുക്ക് കഴിയും.

ദൈവം കാണുന്നത്

അതിരാവിലെ, ഞങ്ങളുടെ വീടിന്റെ പിറകിലുള്ള വനപ്രദേശത്തേക്കു തുറക്കുന്ന കുടുംബ മുറിയുടെ ജനാലയിലൂടെ ഞാന്‍ പുറത്തേക്കു നോക്കി. മിക്കപ്പോഴും, ഒരു മരത്തിലിരുന്ന് പ്രദേശമാകെ നിരീക്ഷിക്കുന്ന ഒരു കഴുകനെയോ മൂങ്ങയെയോ ഞാന്‍ കാണാറുണ്ട്. ഒരു പ്രഭാതത്തില്‍, ഒരു കഷണ്ടിത്തലയന്‍ കഴുകന്‍ ഒരു ഉയര്‍ന്ന മരക്കൊമ്പിലിരുന്ന് ആ പ്രദേശമാകെ തന്റേതാണെന്ന മട്ടില്‍ നിരീക്ഷണം നടത്തുന്നത് കണ്ട് ഞാന്‍ അത്ഭുതപ്പെട്ടു. അവന്‍ 'പ്രഭാത ഭക്ഷണം' തിരയുകയായിരുന്നു. അവന്റെ സകലത്തെയും ആവാഹിക്കുന്ന നോട്ടം രാജകീയമായിരുന്നു.

2 ദിനവൃത്താന്തങ്ങള്‍ 16 ല്‍ ദര്‍ശകനായ (ദൈവത്തിന്റെ പ്രവാചകന്‍) ഹനാനി ഒരു രാജാവിനോട് അവന്റെ ചെയ്തികളെല്ലാം ഒരു രാജകീയ ദൃഷ്ടികള്‍ക്കു കീഴിലാണെന്ന് പറഞ്ഞു. യെഹൂദാരാജാവായ ആസയോട് അവന്‍ പറഞ്ഞു, 'നീ നിന്റെ ദൈവമായ യഹോവയില്‍ ആശ്രയിക്കാതെ അരാംരാജാവില്‍ ആശ്രയിച്ചു' (വാ.7). തുടര്‍ന്നു ഹനാനി വിശദീകരിച്ചു, 'യഹോവയുടെ കണ്ണു തങ്കല്‍ ഏകാഗ്രചിത്തന്മാരായിരിക്കുന്നവര്‍ക്കു വേണ്ടി തന്നെത്താന്‍ ബലവാനെന്നു കാണിക്കേണ്ടതിനു ഭൂമിയിലെല്ലായിടവും ഊടാടിക്കൊണ്ടിരിക്കുന്നു' (വാ.9). ആസയുടെ തെറ്റായ ആശ്രയം മൂലം, അവന് എക്കാലവും യുദ്ധമുണ്ടായിരിക്കും.

ഈ വാക്കുകള്‍ വായിക്കുമ്പോള്‍, നമ്മെ ഒരു റാഞ്ചന്‍ പക്ഷിയെപ്പോലെ ആക്രമിക്കേണ്ടതിന് ദൈവം എപ്പോഴും നമ്മെ നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണെന്ന തെറ്റായ തോന്നല്‍ നമുക്കുണ്ടായേക്കാം. എന്നാല്‍ ഹനാനിയുടെ വാക്കുകള്‍ സാധകാത്മക അര്‍ത്ഥത്തിലാണ്. അവന്‍ പറഞ്ഞത്, നമ്മുടെ ആവശ്യ സമയങ്ങളില്‍ നാം അവനെ വിളിച്ചപേക്ഷിക്കുന്നത് നോക്കി നമ്മുടെ ദൈവം സദാ കാത്തിരിക്കുന്നു എന്നാണ്.

എന്റെ വീട്ടിനു പിന്നിലെ കഷണ്ടിത്തലയന്‍ കഴുകനെപ്പോലെ, എന്നിലും നിങ്ങളിലുമുള്ള വിശ്വസ്തത കാണുവാനായി നമ്മുടെ ദൈവത്തിന്റെ കണ്ണുകള്‍ നമ്മുടെ ലോകത്തിനു മീതെ ഇപ്പോള്‍ പോലും ഊടാടിക്കൊണ്ടിരിക്കുകയല്ലേ? എങ്ങനെയായിരിക്കും നമുക്കാവശ്യമായിരിക്കുന്ന പ്രത്യാശയും സഹായവും അവന്‍ നമുക്ക് നല്‍കുന്നത്?