ഭൂതക്കണ്ണാടിയും ചെറുചവണകളുമായി പ്രവർത്തിക്കുമ്പോൾ ഫിലിപ്പ് എന്ന സ്വിസ് ഘടികാരനിർമ്മാതാവ്, താൻ എങ്ങനെയാണ് പ്രത്യേക യാന്ത്രിക ഘടികാരങ്ങളുടെ സൂക്ഷ്മമായ വിവിധ ഭാഗങ്ങൾ, ഇളക്കി മാറ്റുന്നതും വൃത്തിയാക്കുന്നതും പുനഃസംഘടിപ്പിക്കുന്നതും എന്ന് എനിക്ക് വിശദമായി വിവരിച്ചു തന്നു.
എല്ലാ സങ്കീർണ്ണമായ ഭാഗങ്ങളും വീക്ഷിച്ചുകൊണ്ട്, ഘടികാരത്തിന്‍റെ പരമപ്രധാനമായ ഘടകമായ മെയിൻസ്പ്രിംഗ്, ഫിലിപ്പ് എനിക്ക് കാണിച്ചു തന്നു. മെയിൻസ്പ്രിംഗാണ് എല്ലാ ഗീയറുകളെയും ചലിപ്പിച്ചു കൊണ്ട് സമയം സൂക്ഷിക്കുവാൻ അനുവദിക്കുന്നത്. വളരെ വിദഗ്ദ്ധമായി രൂപകൽപ്പന ചെയ്ത വാച്ചുകൾ പോലും, അതിനെ കൂടാതെ പ്രവർത്തിക്കുകയില്ല.
യേശുവിലൂടെ ദൈവം ആകാശത്തെയും ഭൂമിയെയും സൃഷ്ടിച്ചിരിക്കുന്നതിനാൽ, എബ്രായർക്കുള്ള പുസ്തകത്തിലെ സുന്ദരമായ ഒരു പുതിയനിയമ വചനത്തിൽ, രചയിതാവ് യേശുവിനെ പ്രാഗത്ഭ്യത്തോടെ പ്രശംസിക്കുന്നു. ഒരു പ്രത്യേകതരം ഘടികാരത്തിന്‍റെ സങ്കീർണ്ണത പോലെ, പ്രപഞ്ചത്തിലെ സകല വിശദാംശങ്ങളും യേശുവിനാൽ സൃഷ്ടിക്കപ്പെട്ടു (എബ്രായർ 1:2). സൗരയൂഥത്തിന്‍റെ വിശാലത മുതൽ നമ്മുടെ വിരലടയാളങ്ങളുടെ നിസ്തുല്യത വരെ, സകലവും അവനാൽ രചയിതമായി.
എന്നാൽ സ്രഷ്ടാവിനേക്കാൾ ഉപരിയായി, സൃഷ്ടിയുടെ പ്രവർത്തനക്ഷമതയ്ക്കും ഔന്നത്യത്തിനും, ഒരു ക്ലോക്കിന്‍റെ മെയിൻസ്പ്രിംഗ് പോലെ, യേശുവും അത്യാവശ്യമാണ്. അവന്‍റെ സാന്നിധ്യം എല്ലായ്പ്പോഴും “സകലത്തേയും തന്‍റെ ശക്തിയുള്ള വചനത്താൽ വഹിക്കുകയും” (വാക്യം 3), താൻ സൃഷ്ടിച്ച സകലതിനെയും അതിന്‍റെ അതിശയകരമായ സങ്കീർണ്ണതയിൽ ഒരുമിച്ച് പ്രവർത്തനക്ഷമമായി സൂക്ഷിക്കുകയും ചെയ്യുന്നു.
നിങ്ങൾക്ക് ഇന്ന് സൃഷ്ടിയുടെ സൌന്ദര്യം അനുഭവവേദ്യമാക്കുവാൻ അവസരമുള്ളപ്പോൾ, “അവൻ സകലത്തിനും ആധാരമായിരിക്കുന്നു” എന്ന് ഓർക്കുക (കൊലൊസ്സ്യർ 1:17). പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതിലും നിലനിർത്തുന്നതിലും ഉള്ള യേശുവിന്‍റെ മുഖ്യപങ്കിനെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മിൽ സന്തോഷമുള്ള ഒരു ഹൃദയവും, നമുക്കായുള്ള അവന്‍റെ നിരന്തര കരുതലിനെക്കുറിച്ചുള്ള തിരിച്ചറിവ് നമ്മിൽ സ്തുതിയുടെ പ്രതികരണവും ഉളവാക്കട്ടെ.
യേശുവേ, നീ കരുതുന്ന വഴികൾക്കായും സൃഷ്ടിയുടെ പരിപാലനത്തിനായും, നിനക്കു നന്ദി.