എന്റെ സുഹൃത്ത് ബാർബറ, എനിക്ക് അനേക വർഷങ്ങളായി, എണ്ണമറ്റ പ്രോത്സാഹന കാർഡുകളും ചിന്തോദ്ദീപകമായ സമ്മാനങ്ങളും നൽകിയിട്ടുണ്ട്. ഞാൻ യേശുവിനെ എന്റെ രക്ഷകനായി സ്വീകരിച്ചിരിക്കുന്നു എന്ന് പറഞ്ഞുകഴിഞ്ഞപ്പോൾ, അവൾ എനിക്ക് ഇതുവരെ നൽകിയിട്ടുള്ളതിൽ ഏറ്റവും മഹത്തായ സമ്മാനം – എന്റെ ആദ്യ ബൈബിൾ – നൽകി. അവൾ എന്നോട് ഇങ്ങനെ പറഞ്ഞു, “ദൈവത്തോട് കൂടുതൽ അടുത്തു വളരുവാനും, അനുദിന കൂടിക്കാഴ്ച, വേദവായന, പ്രാർത്ഥന, അവനിലുള്ള ആശ്രയം, അനുസരണം എന്നിവയിലൂടെ ആത്മീക പക്വത പ്രാപിക്കുവാനും നിങ്ങൾക്കു കഴിയും. ദൈവത്തെ കൂടുതൽ അറിയുന്നതിനായ് ബാർബറ, എന്നെ ക്ഷണിച്ചപ്പോൾ എന്റെ ജീവിതത്തിന് മാറ്റം ഉണ്ടായി.
ബാർബറ, അപ്പൊസ്തലനായ ഫിലിപ്പോസിന്റെ സ്മരണ, എന്നിൽ ഉരുവാക്കുന്നു. തന്നെ അനുഗമിക്കാൻ യേശു ഫിലിപ്പോസിനെ ക്ഷണിച്ചശേഷം (യോഹന്നാൻ 1:43), അപ്പൊസ്തലൻ ഉടനെ തന്റെ സ്നേഹിതനായ നഥനയേലിനോട് യേശുവിനെക്കുറിച്ച്, ഇങ്ങനെ പറഞ്ഞു, “ന്യായപ്രമാണത്തിൽ മോശെയും പ്രവാചകന്മാരും എഴുതിയിരിക്കുന്നവൻ” (വാക്യം 45). നഥനയേൽ സംശയം പ്രകടിപ്പിച്ചപ്പോൾ, ഫിലിപ്പോസിനോട് തർക്കിക്കുകയോ, വിമർശിക്കുകയോ, തന്റെ സുഹൃത്തിനെ ഉപേക്ഷിക്കുകയോ ചെയ്തില്ല. പകരം, യേശുവിനെ മുഖാമുഖം കാണുവാൻ അവൻ ക്ഷണിച്ചു. “വന്നു കാണുക,” എന്ന് അവൻ പറഞ്ഞു (വാക്യം 46).
നഥനയേൽ യേശുവിനെ “ദൈവപുത്രൻ” എന്നും “യിസ്രായേലിന്റെ രാജാവ്” എന്നും പ്രഖ്യാപിച്ചപ്പോൾ (വാക്യം 49), ഫിലിപ്പോസിനുണ്ടായ സന്തോഷം, എനിക്ക് വിഭാവന ചെയ്യുവാൻ കഴിയും. അവർ കാണുമെന്ന് യേശു വാഗ്ദാനം ചെയ്ത “വലിയ കാര്യങ്ങൾ”, തന്റെ സുഹൃത്തിന് നഷ്ടമാകുകയില്ല എന്നറിയുന്നത്, എത്ര അനുഗ്രഹകരമാണ് (വാക്യങ്ങൾ 50-51).
പരിശുദ്ധാത്മാവാണ്, ദൈവവുമായുള്ള നമ്മുടെ ഉറ്റബന്ധം തുടങ്ങിവെക്കുന്നത്, തദനന്തരം വിശ്വാസത്തിൽ പ്രതികരിക്കുന്ന എല്ലാവരിലും ജീവിക്കുന്നു. വ്യക്തിപരമായി അവനെ അറിയുന്നതിനും, അവന്റെ ആത്മാവിനാലും തിരുവെഴുത്തുകളാലും അവനെ അനുദിനം കണ്ടുമുട്ടുവാൻ മറ്റുള്ളവരെ ക്ഷണിക്കുന്നതിനും അവൻ നമ്മെ പ്രാപ്തരാക്കുന്നു. പ്രാപിക്കുന്നതിനും നൽകുന്നതിനുമുള്ള ഏറ്റവും ശ്രേഷ്ഠമായ ഒരു ദാനമാണ്, യേശുവിനെ കൂടുതൽ നന്നായി അറിയുവാനുള്ള ഒരു ക്ഷണം.
യേശുവിനെ അറിയുക എന്നതാണ്, നമുക്ക് സ്വീകരിക്കുവാൻ സാധിക്കുന്ന ഏറ്റവും മഹത്തായ സമ്മാനം; അവനെ പകർന്നു കൊടുക്കുക എന്നതാണ്, നമുക്കു നൽകുവാൻ കഴിയുന്ന ഏറ്റവും മഹത്തായ സമ്മാനം.