‘നിങ്ങളുടെ പേരെന്താണ്?” ഇറാനിയന്‍ വിദ്യാര്‍ത്ഥിയായ അര്‍മാന്‍ ചോദിച്ചു. എന്റെ പേര് എസ്റ്റേറാ എന്നാണെന്ന് ഞാന്‍ പറഞ്ഞുകഴിഞ്ഞപ്പോള്‍ വിടര്‍ന്ന മുഖത്തോടെ അവന്‍ പറഞ്ഞു, ‘ഞങ്ങള്‍ക്ക് ഫാര്‍സിയില്‍ സമാനമായ ഒരു പേരുണ്ട്, സെറ്റാറെ എന്നാണ്.” ആ ചെറിയ ബന്ധം അതിശയകരമായ ഒരു സംഭാഷണത്തിനു വഴി തുറന്നു. പേര്‍ഷ്യയിലെ (ഇന്നത്തെ ഇറാന്‍) യെഹൂദാ രാജ്ഞിയായിരുന്ന ‘എസ്‌തേര്‍” എന്ന ബൈബിള്‍ കഥാപാത്രത്തിന്റെ പേരാണ് എനിക്കിട്ടതെന്ന് ഞാന്‍ അവനോട് പറഞ്ഞു. അവളുടെ കഥയില്‍ തുടങ്ങി യേശുക്രിസ്തുവിന്റെ സുവിശേഷം ഞാന്‍ പങ്കുവെച്ചു. ഞങ്ങളുടെ സംഭാഷണ ഫലമായി, ക്രിസ്തുവിനെക്കുറിച്ചു കൂടുതല്‍ പഠിക്കുന്നതിനായി ആഴ്ചതോറുമുള്ള ഒരു ബൈബിള്‍ പഠന ക്ലാസ്സില്‍ അര്‍മാന്‍ ചേര്‍ന്നു.
യേശുവിന്റെ ശിഷ്യന്മാരിലൊരാളായ ഫിലിപ്പൊസ്, പരിശുദ്ധാത്മ നിയോഗത്താല്‍, തന്റെ രഥത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന എത്യോപ്യന്‍ ഉദ്യോഗസ്ഥനുമായി ഒരു ചോദ്യം ചോദിച്ചുകൊണ്ട് സംഭാഷണമാരംഭിച്ചു: ”നീ വായിക്കുന്നതു ഗ്രഹിക്കുന്നുവോ?” (പ്രവൃത്തികള്‍ 8:30).
എത്യോപ്യക്കാരന്‍ യെശയ്യാപ്രവചനത്തില്‍ നിന്നൊരു ഭാഗം വായിച്ച് ആത്മീയ ഉള്‍ക്കാഴ്ച തിരയുകയായിരുന്നു. അതുകൊണ്ട് ഫിലിപ്പൊസിന്റെ ചോദ്യം തക്കസമയത്താണുണ്ടായത്. അവന്‍ ഫിലിപ്പൊസിനെ തന്റെ കൂടെ രഥത്തില്‍ കയറ്റുകയും താഴ്മയോടെ ശ്രദ്ധിക്കുകയും ചെയ്തു. എത്ര അതിശയകരമായ അവസരമാണു തനിക്ക് ലഭിച്ചതെന്നു മനസ്സിലാക്കിയ ഫിലിപ്പൊസ്, ‘ഈ തിരുവെഴുത്തു ആധാരമാക്കി അവനോട് യേശുവിനെക്കുറിച്ചുള്ള സുവിശേഷം അറിയിപ്പാന്‍ തുടങ്ങി” (വാ.35).
ഫിലിപ്പൊസിനെപ്പോലെ, നമുക്കും പറയാനൊരു സുവിശേഷം ഉണ്ട്. നമ്മുടെ ജോലി സ്ഥലത്തും, പലചരക്കു കടയിലും അല്ലെങ്കില്‍ അയല്‍പക്കങ്ങളിലും ലഭിക്കുന്ന ദൈനംദിന അവസരങ്ങള്‍ പ്രയോജനപ്പെടുത്തുക. നമ്മുടെ ചുവടുകള്‍ നിയന്ത്രിക്കാനും യേശുവിലുള്ള നമ്മുടെ പ്രത്യാശയും സന്തോഷവും പങ്കിടാനുള്ള വാക്കുകള്‍ നല്‍കാനും പരിശുദ്ധാത്മാവിനെ അനുവദിക്കുക.
ദൈവമേ, യേശുവില്‍ നിന്നു മാത്രം ലഭിക്കുന്ന പ്രത്യാശ ആവശ്യമായിരിക്കുന്ന ഒരുവന്റെ അടുത്തേക്ക് ഇന്ന് എന്റെ കാലുകളെ നടത്തേണമേ.
നമ്മുടെ കാലടികളെ നിയന്ത്രിക്കുവാന്‍ നമുക്ക് പരിശുദ്ധാത്മാവിനെ അനുവദിക്കാം.