കാലിഫോര്‍ണിയയിലെ ബാജായ്ക്കടുത്ത് സമുദ്രത്തില്‍ നാലായിരം അടി താഴ്ചയില്‍, അപൂര്‍വ്വമായി മാത്രം കാണപ്പെടുന്ന ഒരു ജെല്ലിഫിഷ് ജലപ്രവാഹത്തിനനുസരിച്ച് തുള്ളിക്കളിച്ചു. ഇരുണ്ടിരുന്ന ജലത്തിന്റെ പശ്ചാത്തലത്തില്‍ അതിന്റെ ശരീരം നീലയുടെയും പര്‍പ്പിളിന്റെയും പിങ്കിന്റെയും ഇരുട്ടത്തു തിളങ്ങുന്ന നിറങ്ങളില്‍ ജ്വലിച്ചു. അതിന്റെ ചാരുതയാര്‍ന്ന സ്പര്‍ശനികള്‍ സുന്ദരമായി ചലിപ്പിച്ചുകൊണ്ട് മണിയുടെ ആകൃതിയിലുള്ള ശിരസ്സ് ചുരുങ്ങുകയും വികസിക്കുകയും ചെയ്തു. നാഷണല്‍ ജ്യോഗ്രഫിക് വീഡിയോയില്‍ ഹാലിട്രെഫെസ് മാസി എന്ന ഈ ജെല്ലിഫിഷിനെക്കുറിച്ചുള്ള വിസ്മയകരമായ ചിത്രീകരണം കണ്ടുകൊണ്ടിരുന്നപ്പോള്‍ ഈ സുന്ദരമായ പശപോലെയുള്ള ജീവിക്ക് എങ്ങനെ ഈ പ്രത്യേക രൂപകല്പന ദൈവം തിരഞ്ഞെടുത്തു എന്ന് ഞാന്‍ ചിന്തിച്ചു. ഒക്ടോബര്‍ 2017 വരെ ശാസ്ത്രജ്ഞന്മാര്‍ തിരിച്ചറിഞ്ഞ മറ്റ് 2000 ഇനത്തില്‍പെട്ട ജെല്ലി ഫിഷുകളെയും അവന്‍ രൂപപ്പെടുത്തിയതാണ്.

ദൈവത്തെ സ്രഷ്ടാവായി നാം അംഗീകരിക്കുന്നുവെങ്കിലും, ബൈബിളിന്റെ ഒന്നാം അദ്ധ്യായത്തില്‍ വെളിപ്പെടുത്തിയിരിക്കുന്ന അടിസ്ഥാനപരമായ സത്യം യഥാര്‍ത്ഥമായി മനസ്സിലാക്കുന്നതിനായി നാം സമയം കണ്ടെത്തുന്നുണ്ടോ? തന്റെ വചനത്തിന്റെ ശക്തിയാല്‍ താന്‍ രൂപം കൊടുത്ത സൃഷ്ടിപരമായി വൈവിധ്യമുള്ള ലോകത്തിലേക്ക് നമ്മുടെ അത്ഭുതവാനായ ദൈവം വെളിച്ചവും ജീവനും കൊണ്ടുവന്നു. ”വലിയ തിമിംഗലങ്ങളെയും വെള്ളത്തില്‍ കൂട്ടമായി ജനിച്ചു ചരിക്കുന്ന അതതു തരം ജീവജന്തുക്കളെയും” അവന്‍ രൂപപ്പെടുത്തി (ഉല്പത്തി 1:21). ആദിയില്‍ ദൈവം സൃഷ്ടിച്ച അതിശയകരമായ ജീവജാലങ്ങളുടെ ഒരു ഭാഗം മാത്രമേ ശാസ്ത്രജ്ഞന്മാര്‍ കണ്ടെത്തിയിട്ടുള്ളു.

ലോകത്തിലെ ഓരോ വ്യക്തിയെയും ദൈവം മനഃപൂര്‍വ്വം മെനഞ്ഞെടുക്കുകയും നാം ആദ്യശ്വാസമെടുക്കുന്നതിന് മുമ്പേ നമ്മുടെ ജീവിതത്തിലെ ഓരോ ദിവസത്തിനും ഉദ്ദേശ്യം നല്‍കുകയും ചെയ്തു (സങ്കീര്‍ത്തനം 139:13-16). കര്‍ത്താവിന്റെ സൃഷ്ടിപരതയെ നാം ആഘോഷിക്കുമ്പോള്‍ തന്നേ അവന്റെ മഹത്വത്തിനായി അവനോടു ചേര്‍ന്ന് സങ്കല്പിക്കാനും സൃഷ്ടിക്കാനും അവന്‍ നമ്മെ സഹായിക്കുന്ന അനവധി വഴികളെ ഓര്‍ത്ത് സന്തോഷിക്കുവാനും നമുക്ക് കഴിയും.