കഴുകി ശുദ്ധീകരിക്കപ്പെട്ടത് എനിക്കതു വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഒരു നീല ജെല്‍ പേന എന്റെ വെള്ള ടവ്വലിന്റെ മടക്കുകള്‍ക്കുള്ളില്‍ ഒളിച്ചിരുന്ന് വാഷിംഗ് മെഷീനെ അതിജീവിച്ചെങ്കിലും ഡ്രയറില്‍ വെച്ച് അതു പൊട്ടിത്തെറിച്ചു. വൃത്തികെട്ട നീല കറകള്‍ എല്ലായിടത്തും വ്യാപിച്ചു. എന്റെ വെള്ള ടവലുകള്‍ നശിച്ചു. എത്ര തന്നെ ബ്ലീച്ച് ഉപയോഗിച്ചാലും കറുത്ത കറകള്‍ പോകുമായിരുന്നില്ല.
മടിയോടെ ചവറ്റുകൂട്ടയിലേക്ക് ടവലുകള്‍ എറിയാന്‍ തുടങ്ങുമ്പോള്‍, പാപത്തിന്റെ നശീകരണ ഫലത്തെക്കുറിച്ച് വിവരിക്കുന്ന പഴയനിയമ പ്രവാചകനായ യിരെമ്യാവിന്റെ വിലാപങ്ങള്‍ എനിക്കോര്‍മ്മ വന്നു. ദൈവത്തെ ഉപേക്ഷിച്ച് വിഗ്രഹങ്ങളിലേക്ക് തിരിഞ്ഞതിലൂടെ (യിരെമ്യാവ് 2:13), യിസ്രായേല്‍ ജനം ദൈവവുമായുള്ള അവരുടെ ബന്ധത്തില്‍ സ്ഥിരമായ കറ ഉളവാക്കി എന്ന് യിരെമ്യാവ് പ്രഖ്യാപിച്ചു: ‘നീ ധാരാളം ചവര്‍ക്കാരം തേച്ചു ചാരവെള്ളംകൊണ്ടു കഴുകിയാലും നിന്റെ അകൃത്യം എന്റെ മുമ്പില്‍ മലിനമായിരിക്കുന്നു എന്നു യഹോവയായ കര്‍ത്താവിന്റെ അരുളപ്പാട്’ (വാ.22). തങ്ങള്‍ വരുത്തിവെച്ച നാശത്തെ പരിഹരിക്കാന്‍ അവര്‍ അശക്തരാണ്.
നമ്മുടെ കാര്യത്തിലും നമ്മുടെ പാപത്തിന്റെ കറ മായ്ക്കുക അസാധ്യമാണ്. എന്നാല്‍ നമുക്ക് കഴിയാത്തത് യേശു ചെയ്തു. തന്റെ മരണ, പുനരുത്ഥാനങ്ങളുടെ ശക്തിയാല്‍ അവന്, ‘സകല പാപവും പോക്കി നമ്മെ ശുദ്ധീകരിക്കുന്നു’ (1 യോഹന്നാന് 1:7).
വിശ്വസിക്കുവാന്‍ പ്രയാസമായി തോന്നിയാലും മനോഹരമായ സത്യത്തെ മുറുകെപ്പിടിക്കുക – യേശുവിനു പൂര്‍ണ്ണമായി നീക്കുവാന്‍ കഴിയാത്ത പാപത്തിന്റെ ഒരു നാശവും ഇല്ല. തന്നിലേക്ക് മടങ്ങിച്ചെല്ലാന്‍ മനസ്സുള്ള ആരുടെയും പാപത്തിന്റെ ഭവിഷ്യത്തുകള്‍ കഴുകിക്കളയുവാന്‍ ദൈവം മനസ്സുള്ളവനും ഒരുക്കമുള്ളവനുമാണ് (വാ. 9). ക്രിസ്തുവിലൂടെ നമുക്ക് ഓരോ ദിവസവും സ്വാതന്ത്ര്യത്തിലും പ്രത്യാശയിലും ജീവിക്കാം.
യേശുവിന്റെ രക്തം പാപത്തിന്റെ കറകളെ കഴുകിക്കളയുന്നു.