രണ്ടു ലക്ഷ്യങ്ങളോടുകൂടിയാണ് 54-ാമത്തെ വയസ്സില്‍ ഞാന്‍ മില്‍വോക്കി മാരത്തണില്‍ ചേര്‍ന്നത് – ഒന്ന്, ഓട്ടം പൂര്‍ത്തിയാക്കുക, രണ്ട് അത് അഞ്ചു മണിക്കൂറില്‍ താഴെയുള്ള സമയം കൊണ്ട് പൂര്‍ത്തിയാക്കുക. ഒന്നാം പാദം പോലെ രണ്ടാം പാദത്തിലെ 13.1 മൈല്‍ നന്നായി പോയിരുന്നെങ്കില്‍ എന്റെ സമയം മികച്ചതാകുമായിരുന്നു. എന്നാല്‍ ഓട്ടം കഠിനമായിരുന്നു, രണ്ടാം പാദത്തില്‍ കിട്ടുമെന്ന് ഞാന്‍ വിചാരിച്ച ശക്തി ഒരിക്കലും കിട്ടിയില്ല. ഫിനിഷ് ലൈനിനോടു ഞാന്‍ സമീപിച്ചപ്പോള്‍ എന്റെ ഉറച്ച ചുവടുകള്‍ കേവലം വേദനാജനകമായ നടത്തമായി മാറിയിരുന്നു.
കാലുകള്‍ ഉപയോഗിച്ചുള്ള ഓട്ടത്തില്‍ മാത്രമല്ല രണ്ടാം പാദ ശക്തി ആവശ്യമായിരിക്കുന്നത് – ജീവിത ഓട്ടത്തിനും വേണം. ക്ഷീണിച്ച, തളര്‍ന്ന ആളുകള്‍ക്ക് മുന്നോട്ട് പോകാന്‍ ദൈവത്തിന്റെ സഹായം വേണം. മുന്നോട്ട് പോകാന്‍ ബലം ആവശ്യമായിരിക്കുന്ന ജനത്തെ ഉത്തേജിപ്പിക്കുന്നതിനും ആശ്വസിപ്പിക്കുന്നതിനുമായി യെശയ്യാവ് 40:27-31, കവിതയും പ്രവചനവും മനോഹരമായി കൂട്ടിയിണക്കിയിരിക്കുന്നു. തളര്‍ന്നും നിരാശപ്പെട്ടും ഇരിക്കുന്ന ജനത്തോട് കര്‍ത്താവ് അകന്നു നില്‍ക്കുന്നവനോ കരുതലില്ലാത്തവനോ അല്ലെന്നും നമ്മുടെ കഷ്ടപ്പാടുകളെ അവന് ശ്രദ്ധിക്കാതെ പോകുന്നില്ലെന്നും ഈ കാലാതിവര്‍ത്തിയായ വചനങ്ങള്‍ പറയുന്നു (വാ. 27). ഈ വാക്കുകള്‍ ആശ്വാസവും ഉറപ്പും പകരുകയും ദൈവത്തിന്റെ അപരിമിതമായ ബലത്തെയും അടികാണാത്ത ജ്ഞാനത്തെയും നമ്മെ ഓര്‍മ്മിപ്പിക്കുകയും ചെയ്യുന്നു (വാ. 28).
വാ. 29-31 ല്‍ വിവരിച്ചിരിക്കുന്ന രണ്ടാം പാദ ശക്തി നമുക്ക് പര്യാപ്തമായതാണ് – നമ്മുടെ കുടുംബത്തിനുവേണ്ടി കരുതാനുള്ള ശ്രമത്തിലാണ് നാമെങ്കില്‍, ഭൗതികവും സാമ്പത്തികവുമായ ഭാരത്തിനു കീഴില്‍ പ്രയാസപ്പെടുകയാണ് നിങ്ങളെങ്കില്‍, അല്ലെങ്കില്‍ ബന്ധത്തിലെ തകര്‍ച്ച മൂലം നിരാശപ്പെടുകയോ അല്ലെങ്കില്‍ ആത്മീയ പോരാട്ടമനുഭവിക്കുകയോ ചെയ്യുന്നെങ്കില്‍. യഹോവയെ കാത്തിരിക്കുന്നവര്‍ക്ക് – തിരുവചന ധ്യാനത്തിലൂടെയും പ്രാര്‍ത്ഥനയുടെയും – ലഭിക്കുന്ന ശക്തി അതാണ്.
കര്‍ത്താവേ, എന്റെ ബലഹീനതയിലും ക്ഷീണിതാവസ്ഥയിലും ഞാന്‍ നിന്നിലേക്കു വരുന്നു. എനിക്കു പുതുശക്തിയെ തരേണമേ.