ലോസ് ആഞ്ചലസിലെ തെരുവുകളില്‍, മയക്കുമരുന്നിനടിമപ്പെട്ട ഭവനരഹിതനായ ഒരു മനുഷ്യന് ദി മിഡ്നൈറ്റ് മിഷനില്‍ കയറിച്ചെന്ന് സഹായം അഭ്യര്‍ത്ഥിച്ചു. അങ്ങനെ ബ്രിയാന്റെ വിടുതലിലേക്കുള്ള നീണ്ട യാത്ര ആരംഭിച്ചു.
ആ പ്രക്രിയയില്‍ സംഗീതത്തോടുള്ള തന്റെ ഇഷ്ടം ബ്രിയാന്‍ വീണ്ടും കണ്ടെത്തി. ക്രമേണ അവന്, ഭവന രഹിതര്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന പ്രൊഫഷണല്‍ സംഗീത ഗ്രൂപ്പായ സ്ട്രീറ്റ് സിംഫണിയില്‍ ചേര്‍ന്നു. അവര്‍ ബ്രിയാനോട് ഹാന്‍ഡെലിന്റെ മശിഹായിലെ ‘ഇരുട്ടില്‍ നടന്ന ജനം’ എന്ന ഗാനം ആലപിക്കാന്‍ ആവശ്യപ്പെട്ടു. യിസ്രായേലിന്റെ ചരിത്രത്തിലെ അന്ധകാര കാലഘട്ടത്തില്‍ പ്രവാചകനായ യെശയ്യാവ് എഴുതിയ വാക്കുകളില്‍ അവന് പാടി, ‘ഇരുട്ടില്‍ നടന്ന ജനം വലിയൊരു വെളിച്ചം കണ്ടു’ (യെശയ്യാവ് 9:2). ദി ന്യൂയോര്‍ക്കര്‍ മാസികയ്ക്കു വേണ്ടി ഒരു സംഗീത നിരൂപകന് എഴുതിയത്, ബ്രിയാന്‍ ‘തന്റെ സ്വന്ത ജീവിതത്തില്‍ നിന്നും എടുത്തത് പോലെയാണ് ആ വരികള്‍ പാടിയത്’ എന്നാണ്.
സുവിശേഷ രചയിതാവായ മത്തായി അതേ വേദഭാഗം ഉദ്ധരിച്ചു. തന്റെ സഹയിസ്രായേല്യരെ ചതിച്ചുകൊണ്ടിരുന്ന ഒരു ജീവിതത്തില്‍ നിന്നും യേശുവിന്റെ വിളികേട്ടിറങ്ങിയ മത്തായി, യേശു തന്റെ രക്ഷയെ ‘യോര്‍ദാനക്കരെയും’ ‘ജാതികളുടെ ഗലീലിയിലും’ (മത്തായി 4:13-15) എത്തിച്ചുകൊണ്ട് എങ്ങനെയാണ് യെശയ്യാവിന്റെ പ്രവചനം നിവര്‍ത്തിച്ചതെന്ന് വിവരിക്കുന്നു.
കൈസറിന്റെ ചുങ്കം പിരിവുകാരനായ കള്ളന്മാരില് ഒരുവനും (മത്തായി 9:9 കാണുക) ബ്രിയാനെപ്പോലെയുള്ള ഒരു തെരുവ് മയക്കുമരുന്നടിമയ്ക്കും അല്ലെങ്കില്‍ നമ്മെപ്പോലെയുള്ള ആളുകള്‍ക്കും നമ്മുടെ സ്വന്തജീവിതത്തില് വെളിച്ചവും ഇരുളും തമ്മിലുള്ള വ്യത്യാസം കാണിച്ചുകൊടുക്കാന്‍ ഒരവസരം ലഭിക്കുമെന്ന് ആരു വിചാരിച്ചു?
ക്രിസ്തുവിന്റെ വെളിച്ചം എങ്ങനെയാണ് നിങ്ങളെ സ്വാധീനിച്ചത്? ഏതെല്ലാം വഴികളിലാണ് അതു നിങ്ങള്‍ മറ്റുള്ളവര്‍ക്കു പ്രതിഫലിപ്പിക്കുന്നത്?