നിയന്ത്രണാതീതമായ ഒരു കാട്ടുതീയുടെ സമയത്ത് ഒരു മനുഷ്യന്‍ റോഡിനരികില്‍ മുട്ടുകുത്തിയിരിക്കുന്നത് വീഡിയോയില്‍ കാണാം. അയാള്‍ കൈകൊട്ടിക്കൊണ്ട് എന്തിനെയോ മാടിവിളിക്കുകയാണ്. എന്താണത്? ഒരു നായ? നിമിഷങ്ങള്‍ക്കകം ഒരു മുയല്‍ ചാടിവന്നു. അയാള്‍ ഭയന്നു വിറയ്ക്കുന്ന മുയലിനെ കോരിയെടുത്ത് സുരക്ഷിത സ്ഥാനത്തേക്കോടി.

ഇത്തരം ചെറിയ ഒന്നിന്റെ രക്ഷിക്കല്‍ എങ്ങനെയാണ് ദേശീയ വാര്‍ത്തയാകുന്നത്? കാരണം അതാണ്. ഏറ്റവും ചെറിയതിനോടുപോലും കാണിക്കുന്ന മനസ്സലിവില്‍ പ്രിയതരമായ ഒന്നുണ്ട്. ഏറ്റവും ചെറിയ ജീവികള്‍ക്ക് ഇടം കൊടുക്കണമെങ്കില്‍ വലിയ ഹൃദയം വേണം.

സ്വര്‍ഗ്ഗരാജ്യം, ഒരു മനുഷ്യന്‍ വിരുന്നൊരുക്കിയിട്ട് വരുവാന്‍ മനസ്സുള്ള എല്ലാവര്‍ക്കും ഇടം കൊടുത്തതു പോലെയാണെന്ന് യേശു പറഞ്ഞു. പദവിയും സ്വാധീനവും ഉള്ളവരെ മാത്രമല്ല, ‘ദരിദ്രന്മാര്‍, അംഗഹീനന്മാര്‍, കുരുടന്മാര്‍, മുടന്തന്മാര്‍’ (ലൂക്കൊസ് 14:21) തുടങ്ങി ബലഹീനരെയും അപ്രധാനരെന്നു തോന്നുന്നവരെയും എല്ലാം ദൈവം ലക്ഷ്യം വയ്ക്കുന്നു എന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്, കാരണം അല്ലായിരുന്നുവെങ്കില്‍ എനിക്കിടം കിട്ടുമായിരുന്നില്ല. പൗലൊസ് പറഞ്ഞു, ‘ജ്ഞാനികളെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ഭോഷത്തമായതു തിരഞ്ഞെടുത്തു; ബലമുള്ളതിനെ ലജ്ജിപ്പിക്കുവാന്‍ ദൈവം ലോകത്തില്‍ ബലഹീനമായതു തിരഞ്ഞെടുത്തു…ദൈവസന്നിധിയില്‍ ഒരു ജഡവും പ്രശംസിക്കാതിരിക്കേണ്ടതിനു തന്നേ’ (1 കൊരിന്ത്യര്‍ 1:27-29).

എന്നെപ്പോലെയുള്ള ചെറിയ ആളുകളെ രക്ഷിക്കണമെങ്കില്‍ ദൈവത്തിന്റെ ഹൃദയം എത്ര വലുതായിരിക്കണം. പ്രത്യുപകരമായി, എന്റെ ഹൃദയം എത്ര വലുതായി വളരണം? ‘പ്രധാന ആളുകളെ’ എങ്ങനെ ഞാന്‍ പ്രീതിപ്പെടുത്തുന്നു എന്നതിലൂടെയല്ല, ഏറ്റവും അപ്രധാനരെന്നു സമൂഹം കരുതുന്നവരെ എങ്ങനെ ഞാന്‍ സേവിക്കുന്നു എന്നതിലൂടെ എന്ന് എനിക്ക് എളുപ്പത്തില്‍ പറയാന്‍ കഴിയും.