ഞങ്ങളുടെ കൊച്ചുമകന്‍ ജെയ് കൊച്ചുകുട്ടിയായിരുന്നപ്പോള്‍ അവന്റെ ജന്മദിനത്തില്‍ അവന്റെ മാതാപിതാക്കള്‍ അവനൊരു ടീഷര്‍ട്ട് നല്‍കി. അവനത് അപ്പോള്‍ത്തന്നെ ധരിക്കയും അന്ന് മുഴുവന്‍ അഭിമാനത്തോടെ അത് ധരിക്കയും ചെയ്തു.

പിറ്റേന്ന് അതേ ടീഷര്‍ട്ട് ധരിച്ച് അവന്‍ എത്തിയപ്പോള്‍ അവന്റെ ഡാഡി ചോദിച്ചു, ‘ജെയ്, ആ ഷര്‍ട്ട് നിന്നെ സന്തോഷിപ്പിക്കുന്നോ?’

‘ഇന്നലത്തെയത്രയും ഇല്ല’ എന്നായിരുന്നു മറുപടി.

ഭൗതിക നേട്ടങ്ങളുടെ പ്രശ്‌നമാണത്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ക്ക്, നാം ശക്തിയായി ആഗ്രഹിക്കുന്ന ആഴമേറിയതും നിലനില്‍ക്കുന്നതുമായ സന്തോഷം നല്‍കാന്‍ കഴികയില്ല. നമുക്ക് അനേക സമ്പാദ്യങ്ങള്‍ ഉണ്ടെങ്കിലും സന്തോഷമില്ലാത്തവരായിരിക്കും നാം.

ഭൗതിക വസ്തുക്കളുടെ സമ്പാദ്യത്തിലൂടെയുള്ള സന്തോഷമാണ് ലോകം വാഗ്ദാനം ചെയ്യുന്നത്: പുതിയ വസ്ത്രങ്ങള്‍, പുതിയ വാഹനം, നമ്മുടെ ഫോണിന് അല്ലെങ്കില്‍ വാച്ചിന് പുതിയ അപ്‌ഡേറ്റ് ആദിയായവ. എന്നാല്‍ ഒരു ഭൗതിക സമ്പാദ്യവും ഇന്നലത്തെയത്രയും ഇന്ന് നമ്മെ സന്തോഷിപ്പിക്കയില്ല. അതിന്റെ കാരണം നാം ദൈവത്തിനുവേണ്ടി സൃഷ്ടിക്കപ്പെട്ടവരാണ്, അതില്‍ കുറഞ്ഞതൊന്നും നമ്മെ സന്തോഷിപ്പിക്കുകയില്ല.

ഒരു ദിവസം, യേശു ഉപവസിക്കുമ്പോള്‍ വിശപ്പുകൊണ്ട് തളര്‍ന്നു. സാത്താന്‍ അവനെ സമീപിച്ചത്, അപ്പമുണ്ടാക്കി വിശപ്പടക്കാന്‍ അവനെ പ്രലോഭിപ്പിച്ചു. യേശു ആവര്‍ത്തനം 8:3 ഉദ്ധരിച്ച് പരീക്ഷയെ ജയിച്ചു: ‘മനുഷ്യന്‍ അപ്പംകൊണ്ടു മാത്രമല്ല, ദൈവത്തിന്റെ വായില്‍ക്കൂടി വരുന്ന സകല വചനം കൊണ്ടും ജീവിക്കുന്നു’ (മത്തായി 4:4).

നാം അപ്പം കൊണ്ട് മാത്രം ജീവിക്കണം എന്നല്ല യേശു അര്‍ത്ഥമാക്കിയത്. മറിച്ച് ഒരു വസ്തുത അവന്‍ ഉറപ്പിക്കുകയായിരുന്നു. നാം ആത്മീയ ജീവികളാണ്, നമുക്ക് ഭൗതിക വസ്തുക്കള്‍ കൊണ്ടുമാത്രം ജീവിക്കാന്‍ കഴികയില്ല.