പുരാവസ്തു ഗവേഷകനായ ഡോ. വാര്‍വിക്ക് റോഡ്വെല്‍ വിരമിക്കാനുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്ന സമയത്താണ് ഇംഗ്ലണ്ടിലെ ലീച്ഫീല്‍ഡ് കത്തീഡ്രലില്‍ അസാധാരണമായ ഒരു കണ്ടെത്തല്‍ നടത്തിയത്. മുന്‍കാല നിര്‍മ്മിതികള്‍ കണ്ടെത്തുന്നതിനായി പണിക്കാര് ശ്രദ്ധാപൂര്‍വ്വം പള്ളിയുടെ തറയുടെ ഒരു ഭാഗത്ത് ഗവേഷണം നടത്തിക്കൊണ്ടിരിക്കുമ്പോള്‍, 1200 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഗബ്രിയേല്‍ ദൂതന്റെ ഒരു പ്രതിമ അവര്‍ കണ്ടെത്തി. ഡോ. റോഡ്വെല്ലിന് തന്റെ വിരമിക്കല്‍ പദ്ധതികള്‍ മാറ്റിവയ്ക്കേണ്ടി വന്നു. കാരണം ഈ കണ്ടെത്തല്‍, ആവേശകരവും തിരക്കേറിയതുമായ ഒരു പുതിയ സീസണിലേക്ക് അദ്ദേഹത്തെ നയിച്ചു.
മോശയ്ക്ക് എണ്പതു വയസ്സുള്ളപ്പോഴാണ്, അവന്റെ ജീവിതത്തെ എന്നേക്കുമായി മാറ്റിമറിച്ച തീവ്രമായ ഒരു കണ്ടെത്തല്‍ അവന് നടത്തിയത്. മിസ്രയീമ്യ രാജകുമാരിയുടെ ദത്തുപുത്രന് ആയിരുന്നിട്ടും, തന്റെ എബ്രായ പൈതൃകം അവന് മറന്നില്ലെന്നു മാത്രമല്ല, തന്റെ സഹോദരന്മാര്ക്കെതിരെ നടക്കുന്നതായി താന്‍ സാക്ഷ്യം വഹിച്ച അതിക്രമം അവനെ കോപിപ്പിക്കുകയും ചെയ്തു (പുറപ്പാട് 2:11-12). എബ്രായനെ തല്ലിയ ഒരു മിസ്രയീമ്യനെ മോശ കൊന്നു എന്നറിഞ്ഞ ഫറവോന്, മോശയെ കൊല്ലുവാന്‍ പദ്ധതിയിട്ടു. ഇതറിഞ്ഞ മോശ മിദ്യാനിലേക്ക് ഓടിപ്പോയി അവിടെ പാര്‍ത്തു (വാ. 13-15).
നാല്പതു വര്‍ഷത്തിനുശേഷം, അവന് എണ്പതു വയസ്സായപ്പോള്‍, മോശ തന്റെ അമ്മായിയപ്പന്റെ ആടുകളെ മേയിച്ചു കൊണ്ടിരുന്നപ്പോള്‍, യഹോവയുടെ ദൂതന് ഒരു മുള്‍പ്പടര്‍പ്പിന്റെ നടുവില്‍ നിന്ന് അഗ്നിജ്വാലയില്‍ അവനു പത്യക്ഷനായി. അവന് നോക്കിയപ്പോള്‍ മുള്‍പ്പടര്‍പ്പു തീ പിടിച്ചു കത്തുന്നതും മുള്‍പ്പടര്‍പ്പു വെന്തുപോകാതിരിക്കുന്നതും കണ്ടു’ (3:2). ആ നിമിഷത്തില്‍, മിസ്രയീമ്യ അടിമത്വത്തില്‍ നിന്ന് യിസ്രായേല്യരെ വിടുവിച്ചു കൊണ്ടുവരാനായി ദൈവം മോശയെ വിളിച്ചു (വാ. 3-25).
നിങ്ങളുടെ ജീവിതത്തിന്റെ ഈ നിമിഷത്തില്‍, ദൈവം തന്റെ ഉന്നതമായ ഉദ്ദേശ്യത്തിനുവേണ്ടി എന്തു ചെയ്യുന്നതിനായിരിക്കും നിങ്ങളെ വിളിക്കുന്നത്? എന്ത് പുതിയ പദ്ധതിയാണ് അവന് നിങ്ങളുടെ പാതയില്‍ വയ്ക്കുന്നത്?
മോശെയില്നിന്നും അവനു ലഭിച്ച ദൈവിക വിളിയില്‍ നിന്നും നിങ്ങള്‍ എന്താണു പഠിക്കുന്നത്? അവന് നിങ്ങളുടെ ജീവിതത്തില്‍ ചെയ്യുന്ന ഒരു പുതിയ കാര്യത്തോട് തുറന്ന മനോഭാവം പുലര്‍ത്തുന്നത് നിര്‍ണ്ണായകമായിരിക്കുന്നത് എന്തുകൊണ്ടാണ്?