എന്റെ സ്നേഹിതയുടെ പിതാവിന് ഭയാനകമായ ഒരു പരിശോധനാ ഫലമാണ് ലഭിച്ചത് – ക്യാന്‍സര്‍. എങ്കിലും കീമോ ചികിത്സയ്ക്കിടയില്‍ അദ്ദേഹം ഒരു യേശു വിശ്വാസിയായിത്തീരുകയും രോഗം ക്രമേണ ഭേദമാകുകയും ചെയ്തു. പതിനെട്ടു മാസത്തോളം അദ്ദേഹം ക്യാന്‍സര്‍ വിമുക്തനായി ജീവിച്ചെങ്കിലും അത് മടങ്ങിവന്നു – മുമ്പത്തേക്കാളും കഠിനമായ നിലയില്‍. മടങ്ങിവന്ന ക്യാന്‍സര്‍ എന്ന യാഥാര്‍ത്ഥ്യത്തെ അദ്ദേഹവും ഭാര്യയും ഉത്കണ്ഠയോടെയും ചോദ്യങ്ങളോടെയുമാണ് നേരിട്ടത് എന്നിരുന്നാലും ആദ്യസമയത്ത് അതിനെ താന്‍ കണ്ട രീതി നിമിത്തം ദൈവത്തില്‍ അദ്ദേഹം വിശ്വസ്ത ആശ്രയം വയ്ക്കുകയുണ്ടായി.
എന്തുകൊണ്ടാണ് പരിശോധനകളിലൂടെ നാം കടന്നു പോകുന്നത് എന്ന് നമുക്ക് എപ്പോഴും മനസ്സിലാകുകയില്ല. ഇയ്യോബിന്റെ കാര്യത്തില്‍ ഇത് തീര്‍ച്ചയായിരുന്നു: അവന് ഭയാനകവും വിശദീകരിക്കാനാവാത്തതുമായ കഷ്ടതയും നഷ്ടവും അഭിമുഖീകരിച്ചു. എന്നിട്ടും തന്റെ നിരവധി ചോദ്യങ്ങളുടെ നടുവിലും ഇയ്യോബ് 12 ല്‍ ദൈവം സര്‍വ്വശക്തനാണെന്നവന്‍ പ്രഖ്യാപിക്കുന്നു: ‘അവന് ഇടിച്ചുകളഞ്ഞാല്‍ ആര്‍ക്കും പണിതുകൂടാ” (വാ. 14), ‘അവന്റെ പക്കല്‍ ശക്തിയും സാഫല്യവും ഉണ്ട്’ (വാ. 16), ‘അവന് ജാതികളെ വര്‍ദ്ധിപ്പിക്കുകയും നശിപ്പിക്കുകയും ചെയ്യുന്നു’ (വാ. 23). വിശാലമായ തന്റെ പട്ടികയിലുടനീളം, വേദനയുടെയും കഷ്ടതയുടെയും പിന്നിലെ ദൈവോദ്ദേശ്യമെന്തെന്നോ എന്തുകൊണ്ട് അവനത് അനുവദിക്കുന്നു എന്നോ ഇയ്യോബ് പറയുന്നില്ല. ഇയ്യോബിന് ഉത്തരമില്ലായിരുന്നു. എന്നാല്‍ എല്ലാറ്റിനുമപ്പുറത്ത് ആത്മവിശ്വാസത്തോടെ അവന് പറയുന്നു, ‘ജ്ഞാനവും ശക്തിയും അവന്റെ പക്കല്‍; ആലോചനയും വിവേകവും അവനുള്ളത്’ (വാ. 13).
നമ്മുടെ ജീവിതത്തില്‍ എന്തുകൊണ്ടാണ് ചില പ്രതിസന്ധികള്‍ ദൈവം അനുവദിക്കുന്നത് എന്നു നമുക്ക് മനസ്സിലായെന്നു വരികയില്ല, എങ്കിലും എന്റെ സ്നേഹിതയുടെ മാതാപിതാക്കളെപ്പോലെ, നമുക്ക് അവനില്‍ ആശ്രയിക്കാന്‍ കഴിയും. കര്‍ത്താവ് നമ്മെ സ്നേഹിക്കുകയും നമ്മെ തന്റെ കരങ്ങളില്‍ വഹിക്കുകയും ചെയ്യുന്നു (വാ. 10; 1 പത്രൊസ് 5:7). ജ്ഞാനവും ശക്തിയും വിവേകവും അവനുള്ളത്!
കര്‍ത്താവേ, അങ്ങു ചെയ്യുന്നത് എന്തെന്ന് എനിക്കു മനസ്സിലാകാതെയിരിക്കുമ്പോള് പോലും അങ്ങയെ ആശ്രയിക്കുവാന്‍ എന്നെ സഹായിക്കണമേ. അങ്ങ് എന്നെ അങ്ങയുടെ സ്നേഹമേറിയ കരങ്ങളില്‍ പിടിച്ചിരിക്കുന്നതിനാല്‍ നന്ദി.