ഈജിപ്തിലെ മേരി (എ.ഡി. 344-421) യോഹന്നാന് സ്നാപകന്റെ കാല്‍ച്ചുവടുകളെ പിന്തുടര്ന്ന് മരുഭൂമിയില്‍ ജീവിക്കാന്‍ തുടങ്ങുന്നതിന് മുമ്പ്, അവിശുദ്ധ സുഖങ്ങള്‍ അന്വേഷിച്ചും പുരുഷന്മാരെ വശീകരിച്ചും ആയിരുന്നു തന്റെ യൗവനം ചിലവഴിച്ചിരുന്നത്. തന്റെ നീചമായ തൊഴിലിന്റെ ധാര്ഷ്ട്യത്തില് തീര്‍ത്ഥാടകരെ മലിനപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ അവള് യെരുശലേമിലേക്കു യാത്ര ചെയ്തു. എന്നാല്‍ അവിടെ വച്ച് തന്റെ പാപത്തെക്കുറിച്ച് ആഴമായ ബോധ്യം അവള്‍ക്കുണ്ടാകുകയും അതിനെത്തുടര്‍ന്ന് മരുഭൂമിയിലേക്ക് പോയി അനുതാപത്തിന്റെയും ഏകാന്തതയുടെയും ജീവിതം നയിക്കുകയും ചെയ്തു. ദൈവത്തിന്റെ കൃപയുടെ വ്യാപ്തിയെയും ക്രൂശിന്റെ യഥാസ്ഥാപന ശക്തിയെയും ആണ് മേരിയുടെ സമൂല പരിവര്‍ത്തനം വെളിവാക്കുന്നത്.
ശിഷ്യനായ പത്രൊസ് യേശുവിനെ മൂന്ന് പ്രാവശ്യം തള്ളിപ്പറഞ്ഞു. തള്ളിപ്പറയലിനു ചില മണിക്കൂറുകള്‍ക്കു മുമ്പ് യേശുവിനോടൊപ്പം മരിക്കാനുള്ള തന്റെ ഒരുക്കം അവന് പ്രഖ്യാപിച്ചിരുന്നു (ലൂക്കൊസ് 22:23). അതിനാല്‍ തന്റെ പരാജയത്തെക്കുറിച്ചുള്ള ബോധ്യം കനത്ത പ്രഹരമായിരുന്നു (വാ. 61-62). യേശുവിന്റെ മരണത്തിനും ഉയിര്ത്തെഴുന്നേല്പ്പിനും ശേഷം, ശിഷ്യന്മാരില് ചിലരോടൊപ്പം പത്രൊസ് മീന്‍ പിടിച്ചുകൊണ്ടിരുന്നപ്പോള്‍, യേശു അവര്‍ക്ക് പ്രത്യക്ഷനായി, മൂന്ന് പ്രാവശ്യം തന്നോടുള്ള അവന്റെ സ്നേഹം പ്രഖ്യാപിക്കുവാന്‍ പത്രൊസിന് യേശു അവസരം നല്കി – ഓരോ തള്ളിപ്പറയലിനും ഓരോ ഏറ്റുപറച്ചില്‍ വീതം (യോഹന്നാന് 21:1-3). തുടര്‍ന്ന് ഓരോ പ്രഖ്യാപനത്തിനുമൊപ്പം, തന്റെ ജനത്തെ പരിപാലിക്കാന്‍ യേശു പത്രൊസിനെ ചുമതലപ്പെടുത്തുന്നു (വാ. 15-17). കൃപയുടെ ഈ ഞെട്ടിപ്പിക്കുന്ന പ്രദര്‍ശനത്തിന്റെ ഫലം, സഭയുടെ പണിയില്‍ പത്രൊസ് നിര്‍ണ്ണായക സ്ഥാനം വഹിച്ചു എന്നതാണ്; ഒടുവിലായി ക്രിസ്തുവിനു വേണ്ടി അവന് തന്റെ ജീവന് കൊടുത്തു.
നമ്മിലാരുടെയും ജീവചരിത്രം ആരംഭിക്കാന്‍ കഴിയുന്നത് വീഴ്ചയുടെയും പരാജയത്തിന്റെയും കഥയിലൂടെയായിരിക്കും. എന്നാല്‍ ദൈവത്തിന്റെ കൃപ എല്ലായ്പ്പോഴും വ്യത്യസ്തമായ ഒരു അന്ത്യത്തിന് അനുവദിക്കുന്നു. അവന്റെ കൃപയാല്‍ അവന് നമ്മെ വീണ്ടെടുക്കുകയും രൂപാന്തരപ്പെടുത്തുകയും ചെയ്യുന്നു.
ദൈവത്തിന്റെ കൃപ പാപികളായ നമ്മെ വിശുദ്ധന്മാരായി രൂപാന്തരപ്പെടുത്തുന്നു.