ന്യൂസ്‌ബോയ്‌സിന്റെ മുന്‍ മുഖ്യ ഗായകന്‍ പീറ്റര്‍ ഫര്‍ലര്‍, ബാല്‍സിന്റെ ‘അവന്‍ വാഴുന്നു’ എന്ന സ്തുതിഗീതം ആലപിക്കുന്നതിനെക്കുറിച്ചു വിവരിക്കുന്നു. എല്ലാ ഗോത്രങ്ങളില്‍ നിന്നും രാജ്യങ്ങളില്‍ നിന്നുമുള്ള വിശ്വാസികള്‍ ഐക്യതയോടെ ദൈവത്തെ ആരാധിക്കുവാന്‍ ഒരുമിച്ചു കൂടുന്നതിന്റെ ഉജ്ജലമായ ചിത്രം ആ ഗാനം വരച്ചു കാട്ടുന്നു. ന്യൂസ്‌ബോയ്‌സ് ആ ഗാനം ആലപിക്കുമ്പോഴൊക്കെയും കൂടിവന്ന വിശ്വാസികള്‍ക്കിടയില്‍ പരിശുദ്ധാത്മാവിന്റെ ഒരു ചലനം അനുഭവിക്കാന്‍ തനിക്ക് കഴിഞ്ഞിട്ടുണ്ടെന്ന് ഫര്‍ലര്‍ നിരീക്ഷിച്ചു.

‘അവന്‍ വാഴുന്നു’ എന്ന ഗാനത്തോടുള്ള ബന്ധത്തില്‍ ഫര്‍ലറുടെ വിവരണം, പെന്തെക്കോസ്തു നാളില്‍ യെരുശലേമില്‍ കൂടിവന്ന ജനക്കൂട്ടത്തോട് സാമ്യമുള്ളതാണ്. ശിഷ്യന്മാര്‍ പരിശുദ്ധാത്മാവ് നിറഞ്ഞവരായപ്പോള്‍ (പ്രവൃത്തികള്‍ 2:4). ഏതൊരുവന്റെയും അനുഭവത്തിനപ്പുറമായ കാര്യങ്ങള്‍ സംഭവിക്കാന്‍ തുടങ്ങി. തല്‍ഫലമായി, സകല രാജ്യങ്ങളില്‍ നിന്നുമുള്ള യെഹൂദന്മാര്‍ ചിന്താക്കുഴപ്പമുള്ളവരായി ഒരുമിച്ചുകൂടി, കാരണം ഓരോരുത്തരും അവരവരുടെ ഭാഷയില്‍ ദൈവത്തിന്റെ വന്‍ കാര്യങ്ങള്‍ വര്‍ണ്ണിക്കുന്നതാണ് കേട്ടത് (വാ. 5-6, 11). ‘സകല ജഡത്തിന്മേലും ഞാന്‍ എന്റെ ആത്മാവിനെ പകരും’ (വാ.17) എന്ന് ദൈവം അരുളിച്ചെയ്ത പഴയ നിയമ പ്രവചനത്തിന്റെ നിവൃത്തിയാണിത് എന്ന് പത്രൊസ് പുരുഷാരത്തിന് വിവരിച്ചു കൊടുത്തു.

ദൈവത്തിന്റെ അത്ഭുതാവഹമായ ശക്തിയുടെ ഈ സകലവും ഉള്‍ക്കൊള്ളുന്ന പ്രദര്‍ശനം, പത്രൊസിന്റെ സുവിശേഷ പ്രഖ്യാപനം സ്വീകരിക്കുവാന്‍ ജനത്തെ പ്രേരിപ്പിക്കുകയും, ആ ഒറ്റ ദിവസത്തില്‍ മൂവായിരം പേര്‍ സ്‌നാനമേല്‍ക്കുകയും ചെയ്തു (വാ. 41). ഈ ശ്രദ്ധേയമായ തുടക്കത്തെത്തുടര്‍ന്ന്, ഈ പുതിയ വിശ്വാസികള്‍ ലോകത്തിന്റെ വിവിധ കോണുകളിലേക്ക് സുവിശേഷ ദൂതുമായി മടങ്ങിപ്പോയി.

സകല ജനത്തിനും പ്രത്യാശ നല്‍കുന്ന ദൈവിക സന്ദേശമായ സുവിശേഷം ഇന്നും അലയടിച്ചുകൊണ്ടിരിക്കുന്നു. നാം ഒരുമിച്ചു ദൈവത്തെ സ്തുതിക്കുമ്പോള്‍, അവന്റെ ആത്മാവ് നമ്മുടെയിടയില്‍ ചലിക്കുകയും എല്ലാ രാജ്യങ്ങളില്‍ നിന്നുമുള്ള ആളുകളെ അതിശയകരമായ ഐക്യതയില്‍ ഒരുമിച്ചു കൂട്ടുകയും ചെയ്യും. അവന്‍ വാഴുന്നു!