‘ഓ, അത് കേവലം ഒരു ജിപ്സി ബാലന്‍ ആണ്.” 1877 ല്‍ ഒരു ആരാധനാ മദ്ധ്യേ ക്രിസ്തുവിനെ സ്വീകരിക്കാനായി റോഡ്‌നി സ്മിത്ത് ചാപ്പലിനു മുമ്പിലേക്ക് ചെന്നപ്പോള്‍ ആരോ അവജ്ഞതയോടെ മന്ത്രിച്ചു. നിരക്ഷരരായ മാതാപിതാക്കളുടെ മകനായ ഈ കൗമാരക്കാരനെ ആരും ഗൗരവമായെടുത്തില്ല. എന്നാല്‍ ആ ശബ്ദങ്ങളൊന്നും റോഡ്നി ശ്രദ്ധിച്ചില്ല. തന്റെ ജീവിതത്തെക്കുറിച്ചു ദൈവത്തിന് ഒരു ഉദ്ദേശ്യമുണ്ടെന്ന് അവനുറപ്പായിരുന്നു. അതിനാല്‍ അവന്‍ ഒരു ബൈബിളും ഒരു ഇംഗ്ലീഷ് ഡിക്ഷ്ണറിയും വാങ്ങി വായിക്കാനും എഴുതാനും പഠിച്ചു. ഒരിക്കലദ്ദേഹം പറഞ്ഞു, ‘യേശുവിങ്കലേക്കുള്ള വഴി കേംബ്രിഡ്ജോ, ഹാവാര്‍ഡോ, യേലോ, കവികളോ അല്ല. അത്…. കാല്‍വറി എന്നു വിളിക്കപ്പെടുന്ന പഴയ ഫാഷനിലുള്ള കുന്നാണ്.’ സകല തടസ്സങ്ങളെയും മറികടന്ന് അമേരിക്കയിലും ഇംഗ്ലണ്ടിലും അനേകരെ യേശുവിങ്കലേക്കു കൊണ്ടുവരുവാന്‍ ദൈവം ഉപയോഗിച്ച സുവിശേഷകനായി റോഡ്നി മാറി.

‘എന്നെ അനുഗമിക്ക’ എന്നു പറഞ്ഞ് യേശു വിളിച്ചപ്പോള്‍ (മത്തായി 4:19) പത്രൊസും ഒരു സാധാരണക്കാരനായിരുന്നു – റബ്ബിമാരുടെ മതപാഠശാലകളില്‍ പഠിച്ചിട്ടില്ലാത്ത (പ്രവൃ 4:13), ഗലീലിയില്‍ നിന്നുള്ള മുക്കുവന്‍. എങ്കിലും ഇതേ പത്രൊസ്, അവന്റെ ജീവിത പശ്ചാത്തലവും ജീവിതത്തില്‍ നേരിട്ട പരാജയങ്ങളും എല്ലാമുണ്ടായിട്ടും പില്‍ക്കാലത്ത് ഉറപ്പിച്ചു പറഞ്ഞത്, യേശുവിനെ അനുഗമിക്കുന്നവര്‍, ‘തിരഞ്ഞെടുക്കപ്പെട്ട ഒരു ജാതിയും രാജകീയ പുരോഹിത വര്‍ഗ്ഗവും വിശുദ്ധ വംശവും സ്വന്ത ജനവും ആകുന്നു’ എന്നാണ് (1 പത്രൊസ് 2:9).

യേശുക്രിസ്തുവിലൂടെ സകല മനുഷ്യരും – അവരുടെ വിദ്യാഭ്യാസവും, വളര്‍ന്ന പശ്ചാത്തലവും, ലിംഗവും, ജാതിയും എന്തായിരുന്നാലും – ദൈവത്തിന്റെ ഭവനത്തിന്റെ ഭാഗമാകാനും അവനാല്‍ ഉപയോഗിക്കപ്പെടാനും കഴിയും. ‘ദൈവത്തിന്റെ പ്രത്യേക സമ്പത്ത്’ ആകുക എന്നത് യേശുവില്‍ വിശ്വസിക്കുന്ന ഏവര്‍ക്കും സാധ്യമാണ്.