ഏഷ്യയില്‍ സഞ്ചരിക്കുമ്പോള്‍, എന്റെ ഐ-പാഡ് – എനിക്ക് വായിക്കുവാനുള്ള പുസ്തകങ്ങളും ജോലി സംബന്ധമായ രേഖകളും അടങ്ങിയിരിക്കുന്ന – പെട്ടെന്ന് നിശ്ചലമായി. ആ അവസ്ഥയെ ‘മരണത്തിന്റെ കറുത്ത സ്‌ക്രീന്‍’ എന്നാണ് വിളിക്കുന്നത്. സഹായം തേടി ഒരു കംപ്യൂട്ടര്‍ ഷോപ്പിലെത്തിയപ്പോള്‍ മറ്റൊരു പ്രശ്‌നം നേരിട്ടു – എനിക്ക് ചൈനീസ് ഭാഷ അറിയില്ല, ടെക്‌നീഷ്യനു ഇംഗ്ലീഷും അറിയില്ല. പരിഹാരം? ചൈനീസില്‍ ടൈപ്പ് ചെയ്യുമ്പോള്‍ എനിക്കത് ഇംഗ്ലീഷില്‍ വായിക്കാവുന്ന ഒരു സോഫ്റ്റ്വെയര്‍ അയാള്‍ ഓപ്പണ്‍ ചെയ്തു. എനിക്ക് പറയേണ്ടി വരുമ്പോള്‍ ഞാനത് ഇംഗ്ലീഷില്‍ ടൈപ്പ് ചെയ്യുകയും അയാള്‍ക്കത് ചൈനീസില്‍ വായിക്കാന്‍ കഴിയുകയും ചെയ്യും. വ്യത്യസ്ത ഭാഷക്കാരായിട്ടും ശരിയായി ആശയ വിനിമയം നടത്താന്‍ സോഫ്റ്റ്വെയര്‍ ഞങ്ങളെ സഹായിച്ചു.

ചില സമയങ്ങളില്‍, എന്റെ സ്വര്‍ഗ്ഗീയ പിതാവിനോടു പ്രാര്‍ത്ഥിക്കുമ്പോള്‍ എന്റെ ഹൃദയത്തിലെ കാര്യങ്ങള്‍ ആശയവിനിമയം ചെയ്യാനും വെളിപ്പെടുത്താനും കഴിയുന്നില്ല എന്നെനിക്കു തോന്നാറുണ്ട് – ഇക്കാര്യത്തില്‍ ഞാന്‍ ഒറ്റയ്ക്കല്ല. നമ്മില്‍ പലരും പ്രാര്‍ത്ഥനയില്‍ ഈ വെല്ലുവിളി നേരിടാറുണ്ട് എന്നാല്‍ അപ്പൊസ്‌തോലന്‍ എഴുതുന്നു, ‘ആത്മാവ് നമ്മുടെ ബലഹീനതയ്ക്കു തുണ നില്‍ക്കുന്നു. വേണ്ടുംപോലെ പ്രാര്‍ത്ഥിക്കേണ്ടത് എന്തെന്നു നാം അറിയുന്നില്ലല്ലോ. ആത്മാവു തന്നേ ഉച്ചരിച്ചുകൂടാത്ത ഞരക്കങ്ങളാല്‍ നമുക്കുവേണ്ടി പക്ഷവാദം ചെയ്യുന്നു. എന്നാല്‍ ആത്മാവു വിശുദ്ധര്‍ക്കുവേണ്ടി ദൈവഹിതപ്രകാരം പക്ഷവാദം ചെയ്യുന്നതുകൊണ്ട് ആത്മാവിന്റെ ചിന്ത ഇന്നതെന്നു ഹൃദയങ്ങളെ പരിശോധിക്കുന്നവന്‍ അറിയുന്നു’ (റോമര്‍ 3:26-27).

പരിശുദ്ധാത്മാവ് എന്ന ദാനം എത്ര അതിശയകരമാണ്! ഏതൊരു കംപ്യൂട്ടര്‍ പ്രോഗ്രാമിനെക്കാളും നന്നായി, അവന്‍ പിതാവിന്റെ ഉദ്ദേശ്യത്തിനനുസൃതമായി എന്റെ ചിന്തകളും ആഗ്രഹങ്ങളും അവനെ അറിയിക്കും. ആത്മാവിന്റെ പ്രവൃത്തി പ്രാര്‍ത്ഥനയെ പ്രവര്‍ത്തന ക്ഷമമാക്കുന്നു!