ഒരു വിശ്വസ്ത വനിതയുടെ ശവസംസ്‌കാരത്തില്‍ പങ്കെടുത്തപ്പോള്‍ എന്റെ ഹൃദയം നിറഞ്ഞു. അവളുടെ ജീവിതം ശ്രദ്ധിക്കപ്പെടുന്നതായിരുന്നില്ല. അവളുടെ സഭയുടെയോ അയല്‍ക്കാരുടെയോ സ്‌നേഹിതരുടെയോ അപ്പുറത്തേക്ക് അവള്‍ അറിയപ്പെട്ടിരുന്നില്ല. പക്ഷേ അവള്‍ യേശുവിനെയും അവളുടെ ഏഴു മക്കളെയും ഇരുപത്തിയഞ്ച് കൊച്ചുമക്കളെയും സ്‌നേഹിച്ചിരുന്നു. അവള്‍ എളുപ്പത്തില്‍ ചിരിക്കുകയും ഔദാര്യമായി ശുശ്രൂഷിക്കുകയും ചെയ്തു. ഒരു സോഫ്റ്റ് ബോള്‍ നീട്ടിയടിക്കാന്‍ അവള്‍ക്ക് കഴിയുമായിരുന്നു.

സഭാപ്രസംഗി പറയുന്നു, ‘വിരുന്നു വീട്ടില്‍ പോകുന്നതിനേക്കാള്‍ വിലാപഭവനത്തില്‍ പോകുന്നത് നല്ലത്” (7:2). ‘ജ്ഞാനികളുടെ ഹൃദയം വിലാപഭവനത്തില്‍ ഇരിക്കുന്നു’ കാരണം അവിടെയാണ് നാം കൂടുതല്‍ ഗൗരവമായ കാര്യം പഠിക്കുന്നത് (7:4). ന്യൂയോര്‍ക്ക് ടൈംസിലെ കോളമിസ്റ്റ് ഡേവിഡ് ബ്രൂക്ക് പറയുന്നത്, രണ്ടു തരത്തിലുള്ള ഉല്‍കൃഷ്ട ഗുണങ്ങളുണ്ടെന്നാണ്: നിങ്ങളുടെ റെസ്യുമെയില്‍ നിങ്ങള്‍ എടുത്തു പറയുന്നവയും നിങ്ങളുടെ ചരമ പ്രസംഗത്തില്‍ ആളുകള്‍ പറയണമെന്ന് നിങ്ങള്‍ ആഗ്രഹിക്കുന്നവയും. ചിലപ്പോള്‍ ഇവ രണ്ടും പരസ്പരം കവിഞ്ഞു കിടന്നേക്കാം എങ്കിലും അവ പരസ്പര പുരകമാണ്. സംശയം തോന്നുമ്പോള്‍ എല്ലായ്‌പ്പോഴും അനുശോചന വാക്കുകള്‍ തിരഞ്ഞെടുക്കുക.

ശവപ്പെട്ടിയിലെ സ്ത്രീക്ക് ഒരു റെസ്യുമെ ഉണ്ടായിരുന്നില്ല, എങ്കിലും അവള്‍ സദൃശവാക്യങ്ങള്‍ 31 നെയും അതിലെ ദൈവഭക്തയായ സ്ത്രീയെയും പോലെ ജീവിച്ചു എന്ന് അവളുടെ മക്കള്‍ സാക്ഷ്യം പറഞ്ഞു. യേശുവിനെ സ്‌നേഹിക്കാനും മറ്റുള്ളവരെ കരുതാനും അവള്‍ അവരെ പ്രചോദിപ്പിച്ചു. ‘ഞാന്‍ ക്രിസ്തുവിന്റെ അനുകാരി ആയിരിക്കുന്നതുപോലെ നിങ്ങള്‍ എന്റെ അനുകാരികള്‍ ആകുവിന്‍’ (1 കൊരിന്ത്യര്‍ 11:1) എന്നു പൗലൊസ് പറഞ്ഞതുപോലെ അവരുടെ അമ്മ യേശുവിനെ അനുകരിച്ചതുപോലെ അവളുടെ ജീവിതം അനുകരിപ്പാന്‍ അവര്‍ നമ്മെ ആഹ്വാനം ചെയ്യുന്നു.

നിങ്ങളുടെ ശവസംസ്‌കാരത്തില്‍ ആളുകള്‍ എന്തായിരിക്കും പറയുക? എന്ത് പറയണമെന്നാണ് നിങ്ങള്‍ ആഗ്രഹിക്കുന്നത്? ശവസംസ്‌കാരത്തില്‍ പറയാനുള്ള ഗുണങ്ങള്‍ വളര്‍ത്തിയെടുക്കാന്‍ സമയം കഴിഞ്ഞു പോയിട്ടില്ല. യേശുവില്‍ വിശ്രമിക്കുക. ഏറ്റവും പ്രധാനപ്പെട്ടതിനു വേണ്ടി ജീവിക്കാന്‍ അവന്റെ രക്ഷ നമ്മെ സ്വതന്ത്രരാക്കിയിരിക്കുന്നു.