കവി കാള്‍ സാന്‍ഡ്ബര്‍ഗ്, മുന്‍ അമേരിക്കന്‍ പ്രസിഡന്റ് എബ്രഹാം ലിങ്കണെക്കുറിച്ച് ഇപ്രകാരം എഴുതി: ‘തന്റെ ഹൃദയത്തിലും മനസ്സിലും ഭയാനകമായ കൊടുങ്കാറ്റിന്റെയും വിവരണാതീതവും സമ്പൂര്‍ണ്ണവുമായ സമാധാനത്തിന്റെയും വൈരുദ്ധ്യം വഹിക്കുന്ന, ഒരേസമയം ഉരുക്കും വെല്‍വെറ്റുമായിരിക്കുന്ന ഒരു മനുഷ്യന്‍ മനുഷ്യചരിത്രത്തില്‍ അപൂര്‍വ്വമായി മാത്രമേ ഭൂമിയില്‍ പിറക്കാറുള്ളു.’ ‘ഉരുക്കും വെല്‍വെറ്റും’ എന്നത് എപ്രകാരമാണ് ലിങ്കണ്‍ തന്റെ പദവിയും സ്വാതന്ത്ര്യം ആഗ്രഹിക്കുന്ന മനുഷ്യന്റെ വാഞ്ഛയും സന്തുലനപ്പെടുത്തിയിരുന്നത് എന്നു വിവരിക്കുന്നു.

എക്കാലത്തെയും ചരിത്രത്തില്‍ ഒരു മനുഷ്യന്‍ മാത്രമേ ശക്തിയും മൃദുത്വവും, അധികാരവും മനസ്സലിവും സന്തുലനപ്പെടുത്തിയിട്ടുള്ളു. ആ മനുഷ്യന്‍ യേശുക്രിസ്തു ആണ്. യോഹന്നാന്‍ 8 ല്‍, കുറ്റക്കാരിയായ ഒരു സ്ത്രീക്ക് ശിക്ഷ വിധിക്കാനുള്ള ആവശ്യവുമായി മതനേതാക്കന്മാര്‍ വന്നപ്പോള്‍, യേശു ഒരേസമയം ഉരുക്കും വെല്‍വെറ്റും പ്രദര്‍ശിപ്പിച്ചു. രക്തദാഹികളായ പുരുഷാരത്തിന്റെ ആവശ്യത്തെ ചെറുത്തുനില്‍ക്കുകയും അവരുടെ വിമര്‍ശനക്കണ്ണുകളെ അവരിലേക്കു തന്നെ തിരിക്കുകയും ചെയ്തുകൊണ്ട് അവന്‍ ഉരുക്ക് പ്രദര്‍ശിപ്പിച്ചു. അവന്‍ അവരോടു പറഞ്ഞു, ‘നിങ്ങളില്‍ പാപമില്ലാത്തവന്‍ അവളെ ഒന്നാമത് കല്ലെറിയട്ടെ’ (വാ. 7). എന്നിട്ട് ‘ഞാനും നിനക്കു ശിക്ഷ വിധിക്കുന്നില്ല: പോകുക, ഇനി പാപം ചെയ്യരുത്’ (വാ. 11) എന്നു സ്ത്രീയോടു പറഞ്ഞുകൊണ്ട് അവന്‍ വെല്‍വെറ്റിനു മാതൃക കാണിച്ചു.

മറ്റുള്ളവരോടുള്ള നമ്മുടെ പ്രതികരണത്തില്‍ അവന്റെ ‘ഉരുക്കും വെല്‍വെറ്റും’ പ്രതിഫലിപ്പിക്കുന്നത്, നമ്മെ യേശുവിനു സദൃശ്യരാക്കാനുള്ള പിതാവിന്റെ പ്രവൃത്തിയെ വെളിപ്പെടുത്തും. അങ്ങനെ കരുണയുടെ വെല്‍വെറ്റിനും നീതിയുടെ ഉരുക്കിനും വാഞ്ഛിക്കുന്ന ലോകത്തിന് അവന്റെ ഹൃദയം കാണിച്ചുകൊടുക്കുവാന്‍ നമുക്കു കഴിയും.