തന്റെ മക്കളോടുകൂടി ഏകയായി വിമാനം കയറിയ ഒരു യുവതിയായ മാതാവ്്, തൊഴിക്കുകയും കരയുകയും ചെയ്തുകൊണ്ടിരുന്ന തന്റെ മൂന്നുവയസ്സുകാരിയായ മകളെ ശാന്തായാക്കാന്‍ ഏറെ പാടുപെട്ടു. ആ സമയം നാലു മാസം പ്രായമുള്ള മകന്‍ വിശന്നു കരയാന്‍ തുടങ്ങി.

പെട്ടെന്ന് അടുത്ത സീറ്റിലിരുന്ന യാത്രക്കാരന്‍ കുഞ്ഞിനെ പിടിക്കാമെന്ന് ഏറ്റു-ആ സമയം ജെസിക്കാ മകളെ ശാന്തയാക്കി, സീറ്റ് ബെല്‍റ്റിട്ടിരുത്തി. തുടര്‍ന്ന് ജെസീക്ക കുഞ്ഞിനു പാലുകൊടുത്തുകൊണ്ടിരുന്നപ്പോള്‍ ആ യാത്രക്കാരന്‍ – ഒരു പിതാവെന്ന നിലയിലുള്ള തന്റെ ആരംഭകാലത്തെ ഓര്‍ത്തുകൊണ്ട് – മകളെ ചിത്രത്തിനു നിറം കൊടുക്കാന്‍ സഹായിച്ചു. അടുത്ത കണക്ടിംഗ് ഫ്ളൈറ്റിലും ആവശ്യമെങ്കില്‍ തന്റെ സഹായം ആ മനുഷ്യന്‍ വാഗ്ദാനം ചെയ്തു.

‘ഇതില്‍ ദൈവത്തിന്റെ കരം ഞാന്‍ കണ്ടു’ ജെസിക്കാ അയവിറക്കി. ആരുടെയെങ്കിലും അടുത്ത് ഞങ്ങളെ ഇരുത്താമായിരുന്നു, എങ്കിലും ഞാന്‍ കണ്ടുമുട്ടിയതില്‍വെച്ചേറ്റവും നല്ല മനുഷ്യന്റെ അടുത്താണ് ഞങ്ങളെ ഇരുത്തിയത്.’

2 ശമൂവേല്‍ 9 ല്‍, മനപ്പൂര്‍വ്വമായ ദയ എന്നു ഞാന്‍ വിളിക്കുന്ന കാര്യത്തിന്റെ മറ്റൊരു ഉദാഹരണം നാം വായിക്കുന്നു. ശൗല്‍ രാജാവും അവന്റെ മകന്‍ യോനാഥാനും കൊല്ലപ്പെട്ടശേഷം, തന്റെ സിംഹാസനത്തിനു വെല്ലുവിളിയായിത്തീര്‍ന്നേക്കാവുന്ന എല്ലാവരെയും ദാവീദ് കൊല്ലുമെന്ന് ചിലര്‍ പ്രതീക്ഷിച്ചു. പകരം അവന്‍ ചോദിച്ചത്, ‘ഞാന്‍ ദൈവത്തിന്റെ ദയ കാണിക്കേണ്ടതിന് ശൗലിന്റെ കുടുംബത്തില്‍ ആരെങ്കിലും ഉണ്ടോ?” എന്നാണ് (വാ. 3). തുടര്‍ന്ന് യോനാഥാന്റെ മകനായ മെഫീബോശെത്തിനെ ദാവീദിന്റെ മുമ്പില്‍ കൊണ്ടുവരികയും ദാവീദ് അവന്റെ അവകാശം അവനു പുനഃസ്ഥാപിച്ചു കൊടുക്കുകയും – അവനെ സ്വന്ത മകന്‍ എന്നപോലെ – തന്റെ മേശയിങ്കല്‍ ഭക്ഷണം കഴിക്കാന്‍ ക്ഷണിക്കുകയും ചെയ്തു (വാ. 11).

ദൈവത്തിന്റെ അളവറ്റ ദയയുടെ ഗുണഭോക്താക്കള്‍ എന്ന നിലയില്‍ മറ്റുള്ളവര്‍ക്ക് മനപ്പൂര്‍വ്വമായ ദയ കാണിക്കുന്നതിനുള്ള അവസരങ്ങള്‍ നമുക്കന്വേഷിക്കാം (ഗലാത്യര്‍ 6:10).