അമേരിക്കയിലെ എന്റെ സംസ്ഥാനത്ത് ശൈത്യകാലം ക്രൂരമാണ് – പൂജ്യം ഡിഗ്രിയില്‍ താഴെയുള്ള ഊഷ്മാവും അവസാനിക്കാത്ത മഞ്ഞുവീഴ്ചയും. അതികഠിനമായ തണുപ്പുള്ള ഒരു ദിവസം, ആയിരാമത്തെ തവണ എന്നു പറയാവുന്ന രീതിയില്‍ ഞാന്‍ മഞ്ഞു നീക്കിക്കൊണ്ടിരിക്കുമ്പോള്‍, ഞങ്ങളുടെ പോസ്റ്റുമാന് കുശലം അന്വേഷിക്കുവാന്‍ തിരിഞ്ഞു നിന്നു. എനിക്കു ശൈത്യകാലം ഇഷ്ടമല്ലെന്നും കഠിനമായ മഞ്ഞു കാരണം വലഞ്ഞിരിക്കുന്നുവെന്നും ഞാന്‍ പറഞ്ഞു. ഈ കഠിനമായ കാലാവസ്ഥയില്‍ അദ്ദേഹത്തിന്റെ ജോലി പ്രയാസകരമായിരിക്കുമല്ലോ എന്നു കൂടി ഞാന്‍ പറഞ്ഞു. അദ്ദേഹത്തിന്റെ പ്രതികരണം ഇപ്രകാരമായിരുന്നു, ”യാ, പക്ഷേ എനിക്ക് ഒരു ജോലിയെങ്കിലും ഉണ്ടല്ലോ. അതില്ലാത്ത ധാരാളം ആളുകളുണ്ട്. ജോലി ചെയ്യാന്‍ കഴിയുന്നതില്‍ ഞാന്‍ നന്ദിയുള്ളവനാണ്.’
അദ്ദേഹത്തിന്റെ കൃതജ്ഞതാ മനോഭാവത്തില്‍ നിന്ന് എനിക്ക് ഒരു ബോധ്യം ലഭിച്ചു എന്നു ഞാന്‍ സമ്മതിക്കുന്നു. സാഹചര്യങ്ങള്‍ സന്തോഷകരമല്ലാതിരിക്കുമ്പോള്‍ നമുക്കു നന്ദി പറയാന്‍ കാരണങ്ങളുള്ള നിരവധി കാര്യങ്ങളെക്കുറിച്ച് എത്രയെളുപ്പമാണ് നം മറന്നുപോകുന്നത്.
കൊലൊസ്യയിലുള്ള ക്രിസ്തുശിഷ്യന്മാരോട് പൗലൊസ് പറഞ്ഞു, ‘ക്രിസ്തുവിന്റെ സമാധാനം നിങ്ങളുടെ ഹൃദയങ്ങളില്‍ വാഴട്ടെ; അതിനാലല്ലോ നിങ്ങള്‍ ഏകശരീരമായി വിളിക്കപ്പെട്ടിരിക്കുന്നത്; നന്ദിയുള്ളവരായും ഇരിപ്പിന്” (കൊലൊസ്യര്‍ 3:15). തെസ്സലൊനീക്യര്‍ക്ക് അവന് എഴുതി, ‘എല്ലാറ്റിനും സ്തോത്രം ചെയ്യുവിന്‍;
ഇതല്ലോ നിങ്ങളെക്കുറിച്ചു ക്രിസ്തുയേശുവില്‍ ദൈവേഷ്ടം” (1 തെസ്സലൊനീക്യര്‍ 5:17-18).
യഥാര്‍ത്ഥമായ പോരാട്ടങ്ങളുടെയും വേദനയുടെയും സമയങ്ങളില്‍ പോലും നമുക്കു ദൈവത്തിന്റെ സമാധാനം അറിയുവാനും അതു നമ്മുടെ ഹൃദയങ്ങളെ വാഴുന്നതിന് അനുവദിക്കുവാനും കഴിയും. ആ സമാധാനത്തില്‍, ക്രിസ്തുവിലൂടെ നമുക്കു ലഭ്യമായിരിക്കുന്ന എല്ലാറ്റിനെയുംകുറിച്ചുള്ള ഓര്‍മ്മപ്പെടുത്തലുകള്‍ കണ്ടെത്തുവാനും നമുക്കു കഴിയും. അതിന് സത്യമായും നന്ദിയുള്ളവരാകാന്‍ നമുക്കു കഴിയും.
ദൈവമേ, എത്ര കൂടെക്കൂടെയാണ് ഞാന്‍ എന്റെ അസൗകര്യങ്ങളെക്കുറിച്ച് പരാതി പറയാറുള്ളത്. അങ്ങയുടെ നന്മകളെ കാണാതെ പോകാതിരിക്കാന്‍ എന്നെ സഹായിക്കണമേ. നന്ദി നിറഞ്ഞ ഒരു ഹൃദയം എനിക്കു തരണമേ.