ഒരു മ്യൂസിയത്തില്‍, പുരാതന വിളക്കുകള്‍ പ്രദര്‍ശിപ്പിച്ചിരിക്കുന്നതിനു ചുറ്റും ഞാന്‍ നടന്നു. അവ യിസ്രായേലില്‍ നിന്നുള്ളവയാണെന്ന് അവിടെ എഴുതിവെച്ചിരുന്നു. കൊത്തുപണിചെയ്ത അലങ്കാരങ്ങളുള്ള ദീര്‍ഘവൃത്താകൃതിയുള്ള ഈ മണ്‍വിളക്കുകള്‍ക്ക് രണ്ട് ദ്വാരങ്ങളുണ്ടായിരുന്നു-ഒന്ന് എണ്ണ ഒഴിക്കാനും മറ്റേത് തിരിയിടാനും. യിസ്രായേല്യര്‍ ഭിത്തിയിലെ ദ്വാരങ്ങളിലാണ് അവ സാധാരണയായി വെച്ചിരുന്നത് എങ്കിലും ഓരോന്നും ഒരു മനുഷ്യന്റെ കൈക്കുമ്പിളില്‍ ഒതുങ്ങിയിരിക്കാവുന്നത്ര ചെറുതായിരുന്നു.

ഒരുപക്ഷേ ഇത്തരത്തിലൊരു ചെറിയ വിളക്കായിരിക്കും, ‘യഹോവേ, നീ എന്റെ ദീപം ആകുന്നു; യഹോവ എന്റെ അന്ധകാരത്തെ പ്രകാശമാക്കും” (2 ശമൂവേല്‍ 22:29) എന്ന സ്തുതിഗീതം എഴുതുവാന്‍ ദാവീദിനെ പ്രചോദിപ്പിച്ചത്. യുദ്ധത്തില്‍ ദൈവം അവനു വിജയം നല്‍കിയതിനുശേഷമാണ് ദാവീദ് ഇതെഴുതിയത്. അകത്തും പുറത്തുമുള്ള എതിരാളികള്‍ അവനെ കൊല്ലുവാന്‍ ആഗ്രഹിച്ച് അവനോടെതിര്‍ക്കുകയായിരുന്നു. ദൈവവുമായുള്ള അവന്റെ ബന്ധം നിമിത്തം ദാവീദ് നിഴലില്‍ ഒളിച്ചില്ല. ശത്രു എതിരിടുന്ന ഇടത്തേക്ക്, ദൈവസാന്നിധ്യത്തിന്റെ ധൈര്യത്തില്‍ അവന്‍ നേരെ ചെന്നു ദൈവത്തിന്റെ സഹായത്താല്‍ കാര്യങ്ങളെ വ്യക്തമായി കാണാന്‍ അവനു കഴിയുകയും തനിക്കുവേണ്ടിയും തന്റെ സൈന്യത്തിനുവേണ്ടിയും തന്റെ രാജ്യത്തിനുവേണ്ടിയും ശരിയായ തീരുമാനമെടുക്കുവാന്‍ അവനു കഴിയുകയും ചെയ്തു.

ദാവീദ് തന്റെ ഗീതത്തില്‍ പരാമര്‍ശിക്കുന്ന അന്ധകാരം, ബലഹീനതയെക്കുറിച്ചും പരാജയത്തെക്കുറിച്ചും മരണത്തെക്കുറിച്ചും ഉള്ള ഭീതി ഉള്‍പ്പെട്ടതായിരിക്കാം. നമ്മില്‍ അനേകരും സമാനമായ ആകുല ചിന്തകളുള്ളവരായിരിക്കാം, അത് ഉത്ക്കണ്ഠയും സമ്മര്‍ദ്ദവും സൃഷ്ടിക്കുന്നതാകാം. അന്ധകാരം നമ്മെ വലയം ചെയ്യുമ്പോള്‍, ദൈവം നമ്മോടുകൂടെയുണ്ട് എന്ന അറിവില്‍ നിന്ന് നമുക്കു സമാധാനം കണ്ടെത്താന്‍ കഴിയും. യേശുവിനെ നാം മുഖാമുഖം കാണുന്നതുവരെ നമ്മുടെ പാതയെ പ്രകാശമാനമാക്കുവാന്‍ പരിശുദ്ധാത്മാവിന്റെ ദിവ്യമായ ജ്വാല നമ്മില്‍ ജീവിക്കുന്നു.