ആര്‍ട്ടിസ്റ്റ് ഡഫ് മെര്‍ക്കിയുടെ ‘റൂത്ത്ലെസ് ട്രസ്റ്റ്” (നിഷ്‌കരുണമായ ആശ്രയം) എന്ന മാസ്റ്റര്‍പീസ് ശില്പം, വാല്‍നട്ട് മരംകൊണ്ടുള്ള കുരിശിനെ ആശയറ്റ നിലയില്‍ കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ഒരു മനുഷ്യന്റെ പിത്തള രൂപമാണ്. അദ്ദേഹം എഴുതുന്നു, ജീവിതത്തിനുവേണ്ടിയുള്ള നമ്മുടെ നിരന്തരവും അനുയോജ്യവുമായ ശാരീരിക നിലയുടെ ലളിതമായ ആവിഷ്‌കാരമാണിത് – മൊത്തത്തില്‍, ക്രിസ്തുവിലും സുവിശേഷത്തിലും ഉള്ള വിലങ്ങുകളില്ലാത്ത ദൃഢമൈത്രിയും ആശ്രയത്വവും ആണത്.”

അത്തരത്തിലുള്ള ആശ്രയമാണ് മര്‍ക്കൊസ് 5:25-34 ല്‍ കാണുന്ന പേരുപറയാത്ത സ്ത്രീയുടെ പ്രവൃത്തികളിലും വാക്കുകളിലും വെളിപ്പെടുന്നത്. പന്ത്രണ്ടു വര്‍ഷമായി അവളുടെ ജീവിതം തകര്‍ച്ചയിലായിരുന്നു (വാ. 25). ‘പല വൈദ്യന്‍മാരാലും ഏറിയൊന്നു സഹിച്ചു തനിക്കുള്ളതൊക്കെയും ചെലവഴിച്ചിട്ടും ഒട്ടും ഭേദം വരാതെ ഏറ്റവും പരവശയായി തീര്‍ന്നിരുന്നു” (വാ. 26). എന്നാല്‍ യേശുവിനെക്കുറിച്ചു കേട്ടപ്പോള്‍, അവള്‍ അവന്റെയടുത്തേക്ക് തിക്കിത്തിരക്കിച്ചെന്നു അവനെ തൊട്ടു ‘ബാധ മാറി സ്വസ്ഥയായി” വാ. 27-29).

നിങ്ങളുടെ ജീവിതത്തില്‍ അന്ത്യത്തില്‍ നിങ്ങള്‍ എത്തിയിട്ടുണ്ടോ? നിങ്ങളുടെ സ്രോതസ്സുകള്‍ മുഴുവനും വറ്റിയിരിക്കുന്നുവോ? ഉത്ക്കണ്ഠാകുലരും നിരാശരും നഷ്ടപ്പട്ടവരും നിരാശ്രയരും ആയ ആളുകള്‍ ഹതാശയരാകേണ്ട കാര്യമില്ല. മെര്‍ക്കിയുടെ ശില്പത്തില്‍ ചിത്രീകരിച്ചിരിക്കുന്ന നിലയിലുള്ളതും ഇവിടെ കാണുന്ന സ്ത്രീയുടെ കാര്യത്തിലും കാണുന്നതുപോലെ ആശയറ്റ വിശ്വാസത്തോട് കര്‍ത്താവായ യേശു ഇന്നും പ്രതികരിക്കുന്നു. ഗാനരചയിതാവായ ചാള്‍സ് വെസ്ലിയുടെ വാക്കുകളില്‍ ഈ വിശ്വാസം പ്രകടിപ്പിക്കുന്നു: ‘പിതാവേ, ഞാന്‍ എന്റെ കരം അങ്ങയിലേക്കു നീട്ടുന്നു; മറ്റൊരു സഹായത്തെക്കുറിച്ചും എനിക്കറിയില്ല.’ അത്തരത്തിലുള്ള വിശ്വാസം ഇല്ലേ? അവനെ ആശ്രയിക്കുന്നതിനു നിങ്ങളെ സഹായിക്കാന്‍ ദൈവത്തോടപേക്ഷിക്കുക. ഈ പ്രാര്‍ത്ഥനയോടെയാണ് വെസ്ലിയുടെ ഗാനം ഉപസംഹരിക്കുന്നത്: വിശ്വാസത്തിന്റെ നായകനേ, അങ്ങയിലേക്കു ഞാനെന്റെ തളര്‍ന്ന കണ്ണുകളാല്‍ വാഞ്ഛയോടെ നോക്കുന്നു; ഇപ്പോള്‍ എനിക്കാ ദാനം ലഭിച്ചെങ്കില്‍, അതില്ലാതെ എന്റെ ആത്മാവ് മരിക്കുന്നു.”