ടോമിന്റെയും മാര്‍ക്കിന്റെയും ശുശ്രൂഷ ജീവിതങ്ങള്‍ക്കു പുതുക്കം വരുത്തുന്നതാണ്. ഇക്കാര്യങ്ങള്‍ അവര്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ നിന്നു വ്യക്തമാണ്. അതില്‍ ഒരു കൂട്ടം കുട്ടികള്‍ പൂര്‍ണ്ണമായ വസ്ത്രത്തോടുകൂടെ പൊതുസ്ഥലത്തെ ഒരു ഷവറിനു കീഴില്‍ നി്ന്ന് ചിരിക്കുകയും നൃത്തം ചെയ്യുകയും ചെയ്യുന്നതു കാണാം. ആദ്യമായിട്ടാണ് ആ കുട്ടികള്‍ ഒരു ഷവറിനു കീഴില്‍ നില്‍ക്കുന്നത്. ഹെയ്ത്തിയിലെ കിണറുകളില്‍ ജലശുദ്ധീകരണ സംവിധാനം സ്ഥാപിക്കാന്‍ പ്രാദേശിക സഭകളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്ന ആ മനുഷ്യര്‍ മലിനജലത്തിലൂടെ പകരുന്ന രോഗങ്ങള്‍ക്കു തടയിട്ടുകൊണ്ട്് ജീവിതം സുഗമമാക്കുകയും ദീര്‍ഘിപ്പിക്കുകയും ചെയ്യുന്നു. ശുദ്ധജലത്തിന്റെ ലഭ്യത ജനങ്ങള്‍ക്ക് ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ നല്കുന്നു.
ഉന്മേഷത്തിന്റെ നിലയ്ക്കാത്ത ഉറവ എന്ന ആശയം ഉള്‍ക്കൊണ്ടുകൊണ്ട് ‘ജീവനുള്ള വെള്ളത്തെ” യേശു യോഹന്നാന് 4 ല്‍ പരാമര്‍ശിക്കുന്നു. തളര്‍ന്നും ദാഹിച്ചുമിരുന്ന യേശു ശമര്യക്കാരിയായ ഒരു സ്ത്രീയോട് കുടിക്കാന്‍ ചോദിക്കുന്നു (വാ. 4-8). ഇത് ഒരു സംഭാഷണത്തിലേക്കു നയിക്കുകയും യേശു ആ സ്ത്രീക്ക് ‘ജീവനുള്ള വെള്ളം” വാഗ്ദാനം ചെയ്യുകയും ചെയ്യുന്നു (വാ. 9-15) – ‘നിത്യജീവങ്കലേക്കു പൊങ്ങിവരുന്ന നീരുറവു” (വാ. 14) പോലെ അതില്‍ തന്നെ ജീവന്റെ സ്രോതസ്സും പ്രത്യാശയും ഉള്ള വെള്ളം.
‘ദാഹിക്കുന്നവന് എല്ലാം എന്റെ അടുക്കല്‍ വന്ന് കുടിക്കട്ടെ” എന്നും വിശ്വസിക്കുന്നവന്റെ ഉള്ളില്‍ നിന്നും ‘ജീവജലത്തിന്റെ നദികള്‍ ഒഴുകും” എന്നും യേശു പറയുന്നതില്‍ നിന്നും ഈ ജീവനുള്ള വെള്ളം എന്താണെന്ന് യോഹന്നാനില്‍ പിന്നീട് നാം കാണുന്നുണ്ട്. ‘ആത്മാവിനെക്കുറിച്ച് ആകുന്നു” അവന് പറഞ്ഞത് എന്നു യോഹന്നാന് വിശദീകരിക്കുന്നു (7:37-39).
ആത്മാവിലൂടെ വിശ്വാസികള്‍ ക്രിസ്തുവില്‍ ഐക്യപ്പെടുകയും ദൈവത്തില്‍ ലഭ്യമാകുന്ന അളവില്ലാത്ത ശക്തിക്കും പ്രത്യാശയ്ക്കും സന്തോഷത്തിനും അര്‍ഹരാകുകയും ചെയ്യുന്നു. ജീവനുള്ള വെള്ളംപോലെ, ആത്മാവു വിശ്വാസികളുടെ ഉള്ളില്‍ വസിച്ച് നമുക്കു നവോന്മേഷം നല്‍കുകയും നമ്മെ പുതുക്കുകയും ചെയ്യുന്നു.
പ്രിയ ദൈവമേ, അങ്ങയുടെ ആത്മാവിനെ ഞങ്ങള്‍ക്കു തന്നതിനു നന്ദി. ഞങ്ങളുടെ ജീവിതങ്ങള്‍ മറ്റുള്ളവര്‍ക്ക് അങ്ങയെ ചൂണ്ടിക്കാണിച്ചു കൊടുക്കുന്നതാകുവാന് തക്കവണ്ണം ഞങ്ങളില്‍ പ്രവര്‍ത്തിക്കണമേ.