ഒരു പ്രൊഫസര്‍ എന്ന നിലയില്‍, വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി ശുപാര്‍ശക്കത്തുകള്‍ എഴുതുവാന്‍ അവര്‍ കൂടെക്കൂടെ ആവശ്യപ്പെടാറുണ്ട്-നേതൃസ്ഥാനങ്ങള്‍ക്കുവേണ്ടി, വിദേശ പഠന പദ്ധതികള്‍ക്കുവേണ്ടി, ഗ്രാഡ്വേറ്റ് സ്കൂളുകള്‍ക്ക്, ചിലപ്പോള്‍ ജോലിക്കുപോലും. ഓരോ കത്തിലും വിദ്യാര്‍ത്ഥിയുടെ സ്വാഭവത്തെയും യോഗ്യതകളെയും കുറിച്ചു പുകഴ്ത്തിപ്പറയുവാന്‍ എനിക്കവസരം ലഭിക്കാറുണ്ട്.
ക്രിസ്ത്യാനികള്‍ പുരാതന ലോകത്തില്‍ സഞ്ചരിച്ചുകൊണ്ടിരുന്നപ്പോള്‍, അവര്‍ പലപ്പോഴും സഭകളില്‍നിന്നുള്ള ഇത്തരത്തിലുള്ള ‘ശുപാര്‍ശക്കത്തുകള്‍” കൊണ്ടുനടന്നിരുന്നു. സഞ്ചാരിയായ സഹോദരന് അല്ലെങ്കില്‍ സഹോദരി അതിഥിയായി സ്വീകരിക്കപ്പെടും എന്ന് ആ കത്തുകള്‍ ഉറപ്പാക്കിയിരുന്നു.
കൊരിന്തിലെ സഭയോടു സംസാരിക്കുമ്പോള്‍ അപ്പൊസ്തലനായ പൗലൊസിന് ഒരു ശുപാര്‍ശക്കത്തിന്റെ ആവശ്യമില്ലായിരുന്നു – അവര്‍ക്കവനെ അറിയാമായിരുന്നു. ആ സഭയ്ക്കുള്ള അവന്റെ രണ്ടാമത്തെ കത്തില്‍, താന്‍ സുവിശേഷം പ്രസംഗിച്ചത് വ്യക്തിപരമായ നേട്ടത്തിനുവേണ്ടിയല്ല ആത്മാര്‍ത്ഥയോടെയാണെന്ന് അവന് എഴുതി (2 കൊരിന്ത്യര്‍ 2:17). എന്നിട്ടവന്‍ അത്ഭുതപ്പെടുന്നത്, പ്രസംഗത്തിലെ തന്റെ ഉദ്ദേശ്യത്തെ താന്‍ സാധൂകരിക്കുമ്പോള്, താന്‍ തനിക്കുവേണ്ടിത്തന്നെ ഒരു ശുപാര്‍ശക്കത്ത് എഴുതുകയാണോ എന്ന് തന്റെ വായനക്കാര്‍ തെറ്റിദ്ധരിക്കുമോ എന്നാണ്.
തനിക്ക് അങ്ങനെയൊരു കത്തിന്റെ ആവശ്യമില്ല കാരണം കൊരിന്തിലെ സഭയിലെ ആളുകള്‍ തന്നെ അവനുള്ള ശുപാര്‍ശക്കത്താണ് എന്നവന് പറഞ്ഞു. അവരുടെ ജീവിതത്തിലെ ക്രിസ്തുവിന്റെ ദൃശ്യമായ പ്രവൃത്തികള്‍ ‘മഷികൊണ്ടല്ല, ജീവനുള്ള ദൈവത്തിന്റെ ആത്മാവിനാല്‍” (3:3) എഴുതപ്പെട്ട ഒരു കത്തിനു തുല്യമാണ്. പൗലൊസ് അവരോടു പ്രസംഗിച്ച സത്യസുവിശേഷത്തെ അവരുടെ ജീവിതം സാക്ഷ്യപ്പെടുത്തുന്നു- അവരുടെ ജീവിതം ‘സകല മനുഷ്യരും അറിയുന്നതും വായിക്കുന്നതുമായ” ശുപാര്‍ശക്കത്ത് ആകുന്നു (3:2). നാം യേശുവിനെ അനുഗമിക്കുമ്പോള്‍, ഇതു നമ്മെ സംബന്ധിച്ചും സത്യമായിത്തീരുന്നു-നമ്മുടെ ജീവിതങ്ങള്‍ സുവിശേഷത്തിന്റെ കഥ പറയുന്നതായി മാറുന്നു.
യേശുവേ, എന്റെ ജീവിതത്തിലൂടെ മറ്റുള്ളവര്‍ അങ്ങയെ കാണണമെന്നു ഞാനാഗ്രഹിക്കുന്നു. ഞാന്‍ കുറയട്ടെ അങ്ങു വളരട്ടെ.