1994-ലെ രണ്ടു മാസ കാലയളവില്‍, റുവാണ്ടയില്‍ ഒരു ദശലക്ഷം ടുട്സികളെ ഹുട്ടു ഗോത്രക്കാര്‍ വധിച്ചു. ഈ ഭയാനകമായ വംശഹത്യയുടെ പശ്ചാത്തലത്തില്‍, ബിഷപ്പ് ജെഫ്രി റുബുസിസി തങ്ങളുടെ പ്രിയപ്പെട്ടവര്‍ നഷ്ടപ്പെട്ട സ്ത്രീകളെ സന്ധിക്കുന്നതിനെക്കുറിച്ച് തന്റെ ഭാര്യയുമായി ആലോചിച്ചു. ”എനിക്ക് ചെയ്യേണ്ടത് കരയുക മാത്രമാണ്” എന്നായിരുന്നു മേരിയുടെ മറുപടി. അവള്‍ക്കും അവളുടെ കുടുംബത്തിലെ അംഗങ്ങളെ നഷ്ടപ്പെട്ടു. ബുദ്ധിമാനായ ഒരു നേതാവും കരുതലുള്ള ഭര്‍ത്താവും എന്ന നിലയിലായിരുന്നു ബിഷപ്പിന്റെ പ്രതികരണം: ”മേരീ, സ്ത്രീകളെ ഒരുമിച്ചുകൂട്ടി അവരോടൊപ്പം കരയുക.” ഭാര്യയുടെ വേദന മറ്റുള്ളവരുടെ വേദനയില്‍ അതുല്യമായി പങ്കുചേരാന്‍ അവളെ ഒരുക്കിയിട്ടുണ്ടെന്ന് അദ്ദേഹത്തിനറിയാമായിരുന്നു.

ദൈവത്തിന്റെ കുടുംബമായ സഭ, ജീവിതത്തിലെ എല്ലാക്കാര്യങ്ങളും പങ്കിടാന്‍ കഴിയുന്ന ഇടമാണ് – നല്ല കാര്യങ്ങളും അത്ര നല്ലതല്ലാത്ത കാര്യങ്ങളും. നമ്മുടെ പരസ്പര ആശ്രയത്വം മനസ്സിലാക്കാന്‍ പുതിയ നിയമത്തില്‍ ‘അന്യോന്യം” എന്ന വാക്കുകള്‍ ഉപയോഗിക്കുന്നു. ”സഹോദരപ്രീതിയില്‍ തമ്മില്‍ സ്ഥായിപൂണ്ടു ബഹുമാനിക്കുന്നതില്‍ അന്യോന്യം
മുന്നിട്ടുകൊള്ളുവിന്‍…തമ്മില്‍ ഐകമത്യമുള്ളവരായി വലിപ്പം ഭാവിക്കാതെ എളിയവരോടു ചേര്‍ന്നുകൊള്‍വിന്‍” (റോമര്‍ 12:10, 16). നമ്മുടെ ബന്ധത്തിന്റെ വ്യാപ്തി 15-ാം വാക്യത്തില്‍ പ്രകടിപ്പിച്ചിരിക്കുന്നു: ”സന്തോഷിക്കുന്നവരോടുകൂടെ സന്തോഷിക്കുകയും കരയുന്നവരോടുകൂടെ കരയുകയും ചെയ്യുവിന്‍.’

വംശഹത്യക്കിരയായവരുമായി താരതമ്യപ്പെടുത്തുമ്പോള്‍ നമ്മുടെ വേദനയുടെ ആഴവും വ്യാപ്തിയും നിസ്സാരമായിരുന്നേക്കാം, എന്നിരുന്നാലും ഇത് വ്യക്തിപരവും യഥാര്‍ത്ഥവുമാണ്. മേരിയുടെ വേദനയില്‍ അവള്‍ ചെയ്്തതു പോലെ, ദൈവം നമുക്കുവേണ്ടി ചെയ്തതുകൊണ്ട് മറ്റുള്ളവരുടെ സുഖത്തിനും നന്മയ്ക്കും വേണ്ടി അത് സ്വീകരിക്കാനും പങ്കിടാനും നമുക്കു കഴിയും.