പുറത്തു നടക്കാന്‍പോകുമ്പോള്‍, മിക്ക രാത്രിയിലും തന്റെ നാല് നായ്ക്കളുമായി നടക്കുന്ന ഒരാളെ ഞാന്‍ കണ്ടിട്ടുണ്ട്. നായ്ക്കളില്‍ മൂന്നെണ്ണം കുതിച്ചോടും, എന്നാല്‍ ഒന്ന് അതിന്റെ ഉടമസ്ഥന്റെ അടുത്തു തന്നെ വട്ടത്തില്‍ ഓടിക്കൊണ്ടിരിക്കും. ഒടുവില്‍ ഞാന്‍ അദ്ദേഹത്തെ സമീപിച്ച് ഈ വിചിത്രമായ പെരുമാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍, തന്റെ ജീവിതത്തിന്റെ ഭൂരിഭാഗവും ഒരു കൂട്ടില്‍ പൂട്ടിയിട്ടിരുന്ന ഈ നായയെക്കുറിച്ചു വിശദീകരിച്ചു. ഒരു ഇടുങ്ങിയ കൂട്ടില്‍ ആണ് താന്‍ ഇപ്പോഴും എന്നതുപോലെ നായ വട്ടത്തില്‍ ഓടുന്നത് തുടര്‍ന്നു.

ദൈവം നമ്മെ രക്ഷിക്കുന്നില്ലെങ്കില്‍ നാം കുടുങ്ങിക്കിടക്കുകയാണെന്നും പ്രതീക്ഷയറ്റവരാണെന്നും തിരുവെഴുത്തു വെളിപ്പെടുത്തുന്നു. സങ്കീര്‍ത്തനക്കാരന്‍ ഒരു ശത്രുവിനാല്‍ പീഡിപ്പിക്കപ്പെടുന്നതിനെക്കുറിച്ചും ”മരണത്തിന്റെ കെണിയില്‍” ”മരണ പാശങ്ങളാല്‍” വലയം ചെയ്യപ്പെടുന്നതിനെക്കുറിച്ചും സംസാരിച്ചു (സങ്കീ. 18:4-5). അടയ്ക്കപ്പെട്ട് ചങ്ങലയിലകപ്പെട്ട അവന്‍ സഹായത്തിനായി ദൈവത്തോട് നിലവിളിച്ചു (വാ. 6). ഇടിമുഴക്കത്തോടെ അവന്‍ ഇറങ്ങിവന്നു ”കൈനീട്ടി എന്നെ പിടിച്ചു’ (വാ. 16).

നമുക്കുവേണ്ടിയും അങ്ങനെ ചെയ്യാന്‍ ദൈവത്തിന് കഴിയും. ചങ്ങലകള്‍ തകര്‍ക്കാനും നമ്മുടെ കൂടുകളില്‍ നിന്ന് നമ്മെ മോചിപ്പിക്കാനും അവനു കഴിയും. നമ്മെ സ്വതന്ത്രരാക്കാനും ”വിശാലമായ സ്ഥലത്തേക്ക്” കൊണ്ടുപോകാനും അവനു കഴിയും (വാ. 19). അവന്‍ അങ്ങനെ ചെയ്തതിനുശേഷവും ഇപ്പോഴും നാം നമ്മുടെ പഴയ തടവറയില്‍ ആണെന്ന ചിന്തയില്‍ ചെറിയ വൃത്തങ്ങളില്‍ ഓടിക്കൊണ്ടിരിക്കുന്നത് എത്ര സങ്കടകരമാണ്. അവന്റെ ശക്തിയില്‍, നാം ഇനി ഭയം, ലജ്ജ, പീഡനം എന്നിവയാല്‍ ബന്ധിക്കപ്പെടരുത്. മരണത്തിന്റെ കൂടുകളില്‍ നിന്ന് ദൈവം നമ്മെ രക്ഷിച്ചു. നമുക്ക് സ്വതന്ത്രരായി ഓടാന്‍ കഴിയും.