ശാരീരികമായും മാനസികമായും വൈകാരികമായും തളര്‍ന്ന ഞാന്‍ എന്റെ ചാരുകസേരയില്‍ ചുരുണ്ടു കിടന്നു. ഞങ്ങളുടെ കുടുംബം ദൈവത്തിന്റെ നടത്തിപ്പനുസരിച്ച്് തെലങ്കാനയില്‍ നിന്ന് കര്‍ണാടകയിലേക്ക് മാറിയിരുന്നു. ഞങ്ങള്‍ എത്തിയതിനുശേഷം ഞങ്ങളുടെ കാര്‍ കേടുവന്നു, രണ്ട് മാസത്തേക്ക് വാഹനമില്ലാതെ ഞങ്ങള്‍ ഭാരപ്പെട്ടു. അതേസമയം, അപ്രതീക്ഷിതമായ ഒരു ശസ്ത്രക്രിയയ്ക്ക് ശേഷം എന്റെ ഭര്‍ത്താവിന് നടക്കാന്‍ കഴിയാതെവന്നതും എന്റെ വിട്ടുമാറാത്ത വേദനയും ഞങ്ങളുടെ വീട്ടുസാധനങ്ങള്‍ പഴയപടിയാക്കുന്ന ജോലിയെ പ്രയാസകരമാക്കി. ഞങ്ങള്‍ പുതുതായി പാര്‍ക്കാനാരംഭിച്ച പഴയ വീട്ടിലെ വലിയ പ്രശ്‌നങ്ങള്‍ ഞങ്ങള്‍ കണ്ടെത്തി. ഞങ്ങളുടെ മുതിര്‍ന്ന നായ ആരോഗ്യപ്രശ്‌നങ്ങളാല്‍ വലഞ്ഞു. ഞങ്ങളുടെ പുതിയ നായ്ക്കുട്ടി വലിയ സന്തോഷം നല്‍കിയിട്ടുണ്ടെങ്കിലും, അവന്റെ വര്‍ദ്ധിച്ച ഊര്‍ജ്ജസ്വലത പ്രതീക്ഷിച്ചതിലും വലിയ ജോലി ഞങ്ങള്‍ക്കു നല്‍കി. എന്റെ മനോഭാവം കൈപ്പുള്ളതായി. കാഠിന്യത്തിന്റെ കുണ്ടും കുഴിയും ഉള്ള ഒരു വഴിയില്‍ സഞ്ചരിക്കുമ്പോള്‍ എനിക്ക് എങ്ങനെ അചഞ്ചലമായ വിശ്വാസം ഉള്ളവളായിരിക്കാന്‍ കഴിയും?

ഞാന്‍ പ്രാര്‍ത്ഥിച്ചപ്പോള്‍, സങ്കീര്‍ത്തനക്കാരനെക്കുറിച്ച് ദൈവം എന്നെ ഓര്‍മ്മപ്പെടുത്തി – അവന്റെ സ്തുതി സാഹചര്യങ്ങളെ ആശ്രയിച്ചായിരുന്നില്ല. ദാവീദ് തന്റെ വികാരങ്ങള്‍ ദൈവസന്നിധിയില്‍ പകര്‍ന്നു, പലപ്പോഴും വലിയ ദുര്‍ബലതയോടെ, ദൈവസന്നിധിയില്‍ അഭയം തേടി (സങ്കീര്‍ത്തനം 16:1). ദൈവത്തെ ദാതാവും സംരക്ഷകനുമായി അംഗീകരിച്ച അവന്‍ (വാ. 5-6) അവനെ സ്തുതിക്കുകയും അവന്റെ ഉപദേശങ്ങള്‍ പാലിക്കുകയും ചെയ്തു (വാ. 7). ‘യഹോവയെ എപ്പോഴും എന്റെ മുമ്പില്‍ വച്ചിരിക്കുന്നതിനാല്‍” താന്‍ കുലുങ്ങുകയില്ലെന്ന് ദാവീദ് ഉറപ്പിച്ചു (വാ. 8). അതിനാല്‍, അവന്‍ സന്തോഷിക്കുകയും ദൈവസാന്നിധ്യത്തിന്റെ സന്തോഷത്തില്‍ സുരക്ഷിതനായി വിശ്രമിക്കുകയും ചെയ്തു (വാ. 9-11).

നമ്മുടെ സമാധാനം നമ്മുടെ ഇന്നത്തെ സാഹചര്യത്തെ ആശ്രയച്ചല്ലെന്ന് അറിയുന്നതില്‍ നമുക്കും സന്തോഷിക്കാം. മാറ്റമില്ലാത്ത നമ്മുടെ ദൈവത്തിന് അവന്‍ ആരാണെന്നും എല്ലായ്‌പ്പോഴും നമ്മോടൊപ്പം ഉണ്ടായിരിക്കുമെന്നതിനും നാം നന്ദി പറയുമ്പോള്‍, അവിടുത്തെ സാന്നിദ്ധ്യം നമ്മുടെ അചഞ്ചലമായ വിശ്വാസത്തെ ജ്വലിപ്പിക്കും.