ഏണസ്റ്റ് ഷാക്കിള്‍ട്ടണ്‍ (1874-1922) 1914-ല്‍ നടത്തിയ അന്റാര്‍ട്ടിക്ക പര്യവേഷണം പരാജയപ്പെട്ടു. എന്‍ഡുറന്‍സ് എന്ന് പേരിട്ടിരുന്ന അദ്ദേഹത്തിന്റെ കപ്പല്‍ വെഡ്ഡല്‍ കടലില്‍ കനത്ത ഹിമത്തില്‍ കുടുങ്ങിയപ്പോള്‍, അതിജീവിക്കാനുള്ള ഒരു സഹിഷ്ണുത ഓട്ടമായി ഇത് മാറി. ലോകത്തിന്റെ മറ്റു ഭാഗങ്ങളുമായി ആശയവിനിമയം നടത്താന്‍ യാതൊരു മാര്‍ഗവുമില്ലാതെ, ഏറ്റവും അടുത്ത തീരത്ത് – എലഫന്റ് ദ്വീപ് – എത്താന്‍ ഷാക്കിള്‍ട്ടണും സംഘവും ലൈഫ് ബോട്ടുകള്‍ ഉപയോഗിച്ചു. ഭൂരിഭാഗം ജോലിക്കാരെയും ദ്വീപില്‍ വിട്ടിട്ട്, ഷാക്കിള്‍ട്ടണും അഞ്ച് ജോലിക്കാരും സഹായം തേടി രണ്ടാഴ്ച കൊണ്ട് സമുദ്രത്തിന് കുറുകെ 800 മൈല്‍ യാത്ര ചെയ്ത് സൗത്ത് ജോര്‍ജിയയിലെത്തി. ഷാക്കിള്‍ട്ടന്റെ സംഘത്തിലെ എല്ലാവരും രക്ഷപ്പെട്ടപ്പോള്‍ ”പരാജയപ്പെട്ട” പര്യവേഷണം ചരിത്രപുസ്തകങ്ങളിലെ വിജയകരമായ ഒരു സംഭവമായി മാറി – അവരുടെ ധൈര്യത്തിന്റെയും സഹിഷ്ണുതയുടെയും പേരില്‍.

സഹിക്കേണ്ടതിന്റെ അര്‍ത്ഥമെന്താണെന്ന് അപ്പൊസ്തലനായ പൗലൊസിന് അറിയാമായിരുന്നു. യേശുവിലുള്ള വിശ്വാസത്തിന്റെ പേരില്‍ വിചാരണ നേരിടാന്‍ റോമിലേക്കുള്ള കടല്‍ യാത്രയ്ക്കിടെ, കൊടുങ്കാറ്റിലകപ്പെട്ട് കപ്പല്‍ മുങ്ങുമെന്ന് പൗലൊസ് ഒരു ദൈവദൂതനില്‍ നിന്ന് മനസ്സിലാക്കി. കപ്പല്‍ നഷ്ടപ്പെട്ടിട്ടും എല്ലാവരും രക്ഷപ്പെടുമെന്ന ദൈവത്തിന്റെ വാഗ്ദാനത്തിന് നന്ദി പറഞ്ഞുകൊണ്ട് അപ്പൊസ്തലന്‍ കപ്പലിലുള്ള ആളുകളെ ധൈര്യപ്പെടുത്തി (പ്രവൃത്തികള്‍ 27:23-24).

ദുരന്തമുണ്ടാകുമ്പോള്‍, ദൈവം ഉടനടി എല്ലാം മികച്ചതാക്കണമെന്ന് നാം ആഗ്രഹിക്കുന്നു. എന്നാല്‍ സഹിഷ്ണുതയിലൂടെ വളര്‍ച്ച പ്രാപിക്കാനുള്ള വിശ്വാസം ദൈവം നമുക്കു നല്‍കുന്നു. പൗലൊസ് റോമാക്കാര്‍ക്ക് എഴുതിയതുപോലെ, ”കഷ്ടത സഹിഷ്ണുതയെ ഉളവാക്കുന്നു” (റോമര്‍ 5:3). അത് അറിയുന്നതിലൂടെ, പ്രയാസകരമായ സമയങ്ങളില്‍ ദൈവത്തെ ആശ്രയിക്കാന്‍ നമുക്ക് പരസ്പരം പ്രോത്സാഹിപ്പിക്കാം.