2018 ല്‍, ഒരു അമേരിക്കന്‍ അത്ലറ്റായ കോളിന് ഓ’ബ്രാഡി മുമ്പൊരിക്കലും ചെയ്തിട്ടില്ലാത്ത ഒരു നടപ്പ് നടന്നു. ഒരു തന്റെ സാധനങ്ങള്‍ നിറച്ച ഒരു സ്ലെഡ് വലിച്ചുകൊണ്ട് ഓ’ബ്രാഡി അന്റാര്‍ട്ടിക്കയില്‍ ഒറ്റയ്ക്ക് യാത്രചെയ്തു – 54 ദിവസംകൊണ്ട് 932 മൈലുകള്‍. അര്‍പ്പണബോധത്തിന്റെയും ധൈര്യത്തിന്റെയും ഒരു സുപ്രധാന യാത്രയായിരുന്നു അത്.
മഞ്ഞ്, തണുപ്പ്, ഭയാനകമായ ദൂരം എന്നിവയെ ഏകനായി നേരിട്ടതിനെക്കുറിച്ച് ഓ’ബ്രാഡി പറഞ്ഞു, ”ആഴത്തിലുള്ള ഒഴുക്കിന്റെ അവസ്ഥയില്‍ ഞാന്‍ തളച്ചിടപ്പെട്ടു (പരിശ്രമത്തില്‍ പൂര്‍ണ്ണമായും മുഴുകി). മുഴുവന്‍ സമയവും ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിച്ചതോടൊപ്പം ഈ യാത്രയില്‍ ലഭിച്ച ആഴത്തിലുള്ള പാഠങ്ങള്‍ അയവിറക്കാന്‍ എന്റെ മനസ്സിനെ അനുവദിച്ചു.’
യേശുവില്‍ വിശ്വാസം അര്‍പ്പിച്ചവരായ നമ്മെ സംബന്ധിച്ച്, ആ പ്രസ്താവന പരിചിതമായി തോന്നാം. വിശ്വാസികളെന്ന നിലയില്‍ നമ്മുടെ വിളിയെയാണ് ഇത് ഓര്‍പ്പിക്കുന്നത്: അതായത് ദൈവത്തെ മഹത്വപ്പെടുത്തുകയും അവനെ മറ്റുള്ളവര്‍ക്കു വെളിപ്പെടുത്തുകയും ചെയ്യുന്ന വിധത്തില്‍ ജീവിക്കുക എന്ന ലക്ഷ്യത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കുക. പ്രവൃത്തികള്‍ 20:24-ല്‍, അപകടകരമായ യാത്രകള്‍ അപരിചിതമല്ലാത്ത പൗലൊസ് പറഞ്ഞു, ”എങ്കിലും ഞാന്‍ എന്റെ പ്രാണനെ വിലയേറിയതായി എണ്ണുന്നില്ല; എന്റെ ഓട്ടവും ദൈവകൃപയുടെ സുവിശേഷത്തിനു സാക്ഷ്യം പറയേണ്ടതിനു കര്‍ത്താവായ യേശു തന്ന ശുശ്രൂഷയും തികയ്ക്കേണം എന്നേ എനിക്കുള്ളു.’
യേശുവുമായുള്ള ബന്ധത്തില്‍ നാം മുന്നോട്ടുപോകുമ്പോള്‍, നമ്മുടെ യാത്രയുടെ ഉദ്ദേശ്യത്തെക്കുറിച്ച് നമുക്കറിയാവുന്ന കാര്യങ്ങള്‍ തിരിച്ചറിഞ്ഞ് നമ്മുടെ രക്ഷകനെ മുഖാമുഖം കാണുന്ന ദിവസം വരെ മുന്നോട്ടു പോകാം.
പ്രിയ സ്വര്‍ഗ്ഗീയ പിതാവേ, ഞങ്ങള്‍ ജീവിതത്തിലൂടെ നടക്കുമ്പോള്‍, ഞങ്ങള്‍ ചെയ്യുന്ന എല്ലാ കാര്യങ്ങളിലും അങ്ങയെ ബഹുമാനിക്കാന്‍ ഞങ്ങളെ സഹായിക്കണമേ. അങ്ങയോടൊപ്പം യാത്ര ചെയ്യാന്‍ മറ്റുള്ളവരെ പ്രോത്സാഹിപ്പിക്കുന്നതിനു ഞങ്ങളെ സഹായിക്കണമേ.